UPDATES

വിദേശം

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ക്ക് അവഗണന: ജി-20 രാജ്യങ്ങൾ കൽക്കരി വൈദ്യുതി നിലയങ്ങള്‍ക്ക് സബ്‌സിഡി മൂന്നിരട്ടിയാക്കി

എല്ലാ ഫോസിൽ ഇന്ധന സബ്സിഡികളും ഒഴിവാക്കുമെന്ന് പ്രധാന സാമ്പത്തിക ശക്തികളെല്ലാം ഒരു ദശകം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡികൾ ഏകദേശം മൂന്നിരട്ടിയാക്കി ജി-20 രാജ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ഉദ്വമനം വെട്ടിക്കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത കൂടുതല്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ തീരുമാനവും എന്നത് ശ്രദ്ധേയമാണ്. എല്ലാ ഫോസിൽ ഇന്ധന സബ്സിഡികളും ഒഴിവാക്കുമെന്ന് പ്രധാന സാമ്പത്തിക ശക്തികളെല്ലാം ഒരു ദശകം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

കൽക്കരിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ പ്രധാനി ജപ്പാനാണ്. എന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ അബെ നിരന്തരം പറയുന്ന ഒരു കാര്യമാണ് ‘കാലാവസ്ഥാ വ്യതിയാനം എല്ലാ തലമുറകളുടെയും ജീവൻ അപകടത്തിലാക്കുകയാണ്. അതിനെതിരെ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വേണം’ എന്നത്. വാർഷിക ജി-20 യോഗം വെള്ളിയാഴ്ച ജപ്പാനിൽ ആരംഭിക്കും.

ചൈനയും ഇന്ത്യയുമാണ് കൽക്കരിക്ക് ഏറ്റവും കൂടുതൽ സബ്‌സിഡി നൽകുന്നത്. ജപ്പാൻ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, യു.എസ് എന്നിവര്‍ തൊട്ടുപിറകെയുമുണ്ട്. കൽക്കരി പൂര്‍ണ്ണമായും ഉപേക്ഷിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് യു.കെ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഫോസിൽ ഇന്ധന ഊര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് പൗണ്ട് സഹായമായി നല്‍കുന്ന അവരുടെ നയത്തെ പാർലമെന്ററി റിപ്പോർട്ട് ശക്തമായി വിമർശിക്കുന്നു.

കടുത്ത വരൾച്ച, വെള്ളപ്പൊക്കം, ചൂട്, ദാരിദ്ര്യം തുടങ്ങിയ ദുരന്തങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കാന്‍ അടുത്ത ദശകത്തിനുള്ളില്‍ ആഗോള ഉദ്വമനം പകുതിയായി കുറക്കേണ്ടതുണ്ട്. എന്നാല്‍ മലിനീകരണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങലാണ് 2018-ല്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍