UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നയം വ്യക്തമാക്കിയ ജി കെ

Avatar

ഷെറിന്‍ വര്‍ഗീസ്

ഒന്നു നോക്കിയാല്‍ വളരെ സൗമ്യനായൊരാള്‍… ഒന്നുകൂടി നോക്കിയാലോ അങ്ങേയറ്റം തീക്ഷ്ണതയുള്ളൊരാള്‍. അതായിരുന്നു ജി കാര്‍ത്തികേയന്‍. വെളുപ്പും കറുപ്പും കലര്‍ന്ന വെട്ടിയൊതുക്കാത്ത താടിരോമങ്ങളുള്ള കാളിമയാര്‍ന്ന ആ മുഖത്ത്, ലോകത്തെ എന്തിനോടുമുള്ള ഒരു കൗതുകം നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപവും ശരീര ഭാഷയും ഒരു ഡിപ്ലോമാറ്റിക് പൊളിറ്റീഷ്യന്റെതായിരുന്നില്ല. മുന്നിലും പിന്നിലും അണികളില്ലാത്ത താരപരിവേഷമില്ലാത്ത ഒരു സാധാരണക്കാരന്റെതായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു തുളസിക്കതിരിന്റെ ഹൃദയനൈര്‍മല്യമുള്ള ഒരാളായിരുന്നു കാര്‍ത്തികേയന്‍ എന്നതായിരുന്നു വാസ്തവം.

ജി കാര്‍ത്തികേയന്‍ എന്ന രാഷ്ട്രീയനേതാവ് അദ്ദേഹത്തിന്റെ മുറിയില്‍ ജ്ഞാനപ്പാനയിലെ നാലു വരികള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു എപ്പോഴും. കൂടിയല്ല ജനിക്കുന്ന നേരത്തും/ കൂടിയല്ല മരിക്കുന്ന നേരത്തും/ മധ്യേയിങ്ങനെ കാണുന്ന നേരത്തും/ മത്സരിക്കുന്നതനെന്തിനു നാം വൃഥ! ഈ അവസാന വരി ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് മാതൃകയാക്കേണ്ടതാണോ എന്നു നാം സംശയിച്ചു പോകും. എന്നാല്‍ കാര്‍ത്തികേയന്റെ ജീവിതം ആ തത്വത്തിലധിഷ്ഠിതമായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസില്‍ എക്കാലത്തും ഗ്രൂപ്പ് രാഷ്ട്രീയം സജീവമായിരുന്നു. ഈ ഗ്രൂപ്പുകളൊക്കെ ഉണ്ടായതിന് പല കാരണങ്ങളുമുണ്ട്. ബഹുഭൂരിപക്ഷം ഗ്രൂപ്പുകളും ഉണ്ടായത് ചില നേതാക്കന്മാര്‍ക്ക് അവര്‍ക്കര്‍ഹതപ്പെട്ടത് ലഭിക്കാതെ വന്നപ്പോഴായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് ഉണ്ടായത് ജി കാര്‍ത്തികേയന്‍ എന്ന നേതാവിന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയായിരുന്നില്ല. ‘തിരുത്തല്‍വാദ’ പ്രസ്ഥാനം ഉടലെടുക്കുന്നത് കരുണാകരനോടുള്ള വിദ്വേഷം കൊണ്ടുമാത്രമല്ല, മറിച്ച് അതിലൂടെ കോണ്‍ഗ്രസിനകത്ത് ഒരു തിരുത്തല്‍ പ്രക്രിയ ആവശ്യമാണെന്ന നിലപാട് കാര്‍ത്തികേയന്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. അന്ന് കാര്‍ത്തികേയനോടൊപ്പമുണ്ടായിരുന്നു രമേശ് ചെന്നിത്തലയ്ക്കും എം ഐ ഷാനവാസിനും ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരത്തെ രാഷ്ട്രീയത്തില്‍ വളരെ സുരക്ഷിതനായിരുന്ന കാര്‍ത്തികേയന് കരുണാകരനെ വെല്ലുവിളിച്ച് ഒരു പുതിയ ഗ്രൂപ്പ് ഉണ്ടാക്കേണ്ടതിന്റെ യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍, ജി കാര്‍ത്തികേയന്റെ നിലപാടുകള്‍, അതാണ് ഉത്തരം.

കോണ്‍ഗ്രസിന് കാര്‍ത്തികേയനെ പോലൊരു നേതാവ് അനിവാര്യമായിരുന്നു.എന്നാല്‍ അദ്ദേഹത്തെ എത്രത്തോളം തിരിച്ചറിഞ്ഞു എന്നത് വേറെകാര്യം. സ്വാതതന്ത്ര്യസമരം നയിച്ചപ്പോഴും മൂന്നു പത്രങ്ങളുടെ പത്രാധിപരായിരുന്ന ഗാന്ധിയെപ്പോലെയും രാഷ്ട്രീയത്തിനൊപ്പം പുസ്തകങ്ങളെ സ്‌നേഹിച്ച നെഹ്‌റുവിനെപ്പോലെയും ഉള്ളൊരു നേതാവായിരുന്നു കാര്‍ത്തികേയനും. അതൊന്നും പുതിയ തലമുറ എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നറിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ ഇടവേളകളും മാറിനില്‍ക്കലുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും പരാജയപ്പെട്ടൊരു രാഷ്ട്രീയക്കാരനായിരുന്നില്ല ജി കെ.

താരപരിവേഷങ്ങളൊടെ ഒരിക്കലും ജി കെ അവതരിച്ചിരുന്നില്ല.സൗമ്യനായി ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു ജി കെ. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തിളച്ച എണ്ണയിലേക്ക് കടുകിടുമ്പോള്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളല്ലായിരുന്നു. മറിച്ച് ആഴമുള്ള, സത്തയുള്ള കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ന് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം ഒരു ഏകത സ്വഭാവം ഉണ്ട്. യാത്ര ചെയ്യുന്ന വാഹനം, മുണ്ടുവാങ്ങുന്നയിടം, തേപ്പുകാരന്‍, പോകുന്ന അമ്പലങ്ങളില്‍ തുടങ്ങി നേതാവിനെ അനുകരിക്കുന്ന സംസാര മിമിക്രിയില്‍ വരെയെത്തുന്ന ഏകത. ഒരു നല്ല രാഷ്ട്രീയനേതാവിന്റെ ഗുണങ്ങളെന്തൊക്കെ എന്ന് ഇപ്പോഴുള്ളവരോട് ചോദിച്ചാല്‍, ഏതു പാതിരാത്രിക്കും വിളിച്ചാല്‍ ഫോണില്‍ കിട്ടുന്നയാള്‍, എന്ത് ആവശ്യമുണ്ടായാലും പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുന്നയാള്‍ എന്നൊക്കെയായിരിക്കും ഉത്തരം. എന്നാല്‍ കാര്‍ത്തികേയന് എന്ന നേതാവിന്റെ ക്വാളിറ്റി ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നില്ല. അങ്ങനെയുള്ളൊരു രാഷ്ട്രീയക്കാരനല്ല താനെന്ന് ജി കെ തെളിയിച്ചിട്ടുമുണ്ട്. അതുല്യമായ ഭാഷാശേഷി, ആശയവിനിമയത്തിന്റെ കരുത്ത്, ചരിത്രബോധം,എടുത്തനിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ്, ജാതിമതസംഘടനകള്‍ക്ക് മുന്നില്‍ അടിയറവ് പറയാത്ത ചങ്കൂറ്റം; ജി കാര്‍ത്തികേയന് എന്തു ലഭിച്ചാലും ഇല്ലെങ്കിലും എന്‍എസ്എസോ എസ്എന്‍ഡിപിയോ അതേറ്റെടുത്തിരുന്നില്ല. കാര്‍ത്തികേയന്റെ ജാതി എന്താണെന്ന് പൊതുസമൂഹത്തിന് അറിയുകയുമില്ല. ഇതൊക്കെയായിരുന്നു ജി കാര്‍ത്തികേയന്റെ ഗുണങ്ങള്‍. അദ്ദേഹം പുലര്‍ത്തിയ പ്രതിപക്ഷ ബഹുമാനം, ധാര്‍ഷ്ഠ്യമില്ലാത്ത പെരുമാറ്റം, ഇതൊക്കെയാണ് ജി കെ യെ എന്നും വ്യത്യസ്തനാക്കിയിരുന്നതും. ആള്‍ക്കൂട്ടമല്ല പാര്‍ട്ടി എന്നു വിശ്വസിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കാര്‍ത്തികേയന്റെ ചിത്രം നമ്മുടെയെല്ലാം മനസിലുണ്ട്.

അപൂര്‍വങ്ങളായ ഇഷ്ടങ്ങളുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. നോവലുകളും ചെറുകഥകളും വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എം ടി വാസുദേവന്‍ നായരുടെയും മാധവിക്കുട്ടിയുടെയും എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ സിനിമകള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. വളരെ പരന്ന വായനയായിരുന്നു. എന്നാല്‍ അതൊരിക്കലും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ഒരു പുസ്തകം കൈയില്‍ കിട്ടിയാല്‍ അതുമായി എത്രനേരം ചെലവഴിക്കാനും മടിയില്ലാതിരുന്ന അദ്ദേഹത്തിന് സിനിമയും പ്രിയപ്പെട്ടതായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. ഭാര്യയുമൊത്ത് സെക്കന്‍ഡ് ഷോ കാണാന്‍ പോവുന്നതായിരുന്നു പതിവ്. പലപ്പോഴും വലിയ രാഷ്ട്രീയനേതാക്കന്മാര്‍ വൈകുന്നേരങ്ങളില്‍ വളരെ തിരക്കുപിടിച്ചോടുമ്പോള്‍ തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാനും സിനിമ കാണാന്‍ പോകാനുമൊക്കെ ജി കെ സമയം കണ്ടെത്തിയിരുന്നു. തന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ജ്ഞാനപ്പാനയിലെ വരികളെ അന്വര്‍ത്ഥമാക്കുന്നവിധം ‘മത്സരിക്കുന്നതെന്തിനു നാം വൃഥ’ എന്ന് സ്വയം ബോധ്യപ്പെട്ട ഒരു വ്യക്തിയായിരുന്നു ജി കാര്‍ത്തികേയന്‍. രാഷ്ട്രീയമായാലും ജീവിതമായാലും അതില്‍ സത്യസന്ധത പുലര്‍ത്താനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്.

കൊല്ലം എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് മേനോന്‍ ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ മമ്മൂട്ടി അവതരിപ്പിച്ച പി എസ് എന്ന നായക കഥാപാത്രം ജി കാര്‍ത്തികേയനായിരുന്നു. നിലപാടുകളോട് സന്ധി ചെയ്യാതിരുന്ന കാര്‍ത്തികേയന്‍. ശാന്തികൃഷ്ണ ചെയ്ത വേഷം സുലേഖ ടീച്ചറുടെയും. യൂത്ത് കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ തന്റെയടുക്കല്‍ സഹായത്തിനായെത്തിയ മൂന്നു പെണ്‍കുട്ടികളിലൊരാളായിരുന്നു പിന്നീട് തന്റെ ജീവിതത്തിന്റെ എല്ലാമായി തീര്‍ന്ന സുലേഖയെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ താന്‍ ബുദ്ധിപൂര്‍വം എടുത്ത ഏക തീരുമാനവും ജോലിയുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയാക്കുക എന്നതായിരുന്നുവെന്നും ചിരിയോടെ ഓര്‍ക്കുമായിരുന്നു കാര്‍ത്തികേയന്‍. ശരിയാണ്, എല്ലായിപ്പോഴും ജി കെ തീരുമാനങ്ങളെടുത്തിരുന്നത് വൈകാരികമായിരുന്നു, ഹൃദയത്തില്‍ തൊട്ടായിരുന്നു.

മുഖത്തെ താടിയെ കുറിച്ചും അദ്ദേഹത്തിനൊരു കഥ പറയാനുണ്ടായിരുന്നു. കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന കെഎസ്‌യു-എസ്എഫ്‌ഐ സംഘട്ടനത്തില്‍ കാര്‍ത്തികേയന്റെ രണ്ടുകൈകളും ഒടിഞ്ഞു. മൂന്നുമാസത്തോളം ആ ആവസ്ഥയില്‍ കിടക്കേണ്ടി വന്നു. മുഖത്ത് വളരുന്ന രോമങ്ങള്‍ ക്ഷൗരം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ. അങ്ങനെ വളര്‍ന്നതാണ് ആ താടി. പിന്നീടത് വടിച്ചുകളയുകയും ചെയ്തില്ല. ‘ഞാന്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴൊക്കെ, എനിക്ക് തിരിച്ചടികളുണ്ടായപ്പോഴൊക്കെ കണ്ണാടിയില്‍ ചെന്നു നോക്കുമ്പോള്‍ എനിക്കെന്റെ പഴയ സമരകാലഘട്ടം ഓര്‍ക്കാന്‍ ഈ താടി ഞാന്‍ സൂക്ഷിക്കുകയാണ്’- ജി കെ തന്റെ താടിയുടെ ചരിത്രം പറയുന്നതിങ്ങനെയായിരുന്നു. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന എത്രപേര്‍ക്ക് ഇതിന്റെ റൊമാന്റിസം മനസിലാകുമെന്ന് അറിയില്ല. എന്നാല്‍ കാര്‍ത്തികേയന് അതിലൊരു കാല്‍പ്പനികതയുണ്ടായിരുന്നു. വസ്ത്രാക്ഷേപത്തിന്റെ കനലുകളാറാതെ സൂക്ഷിക്കാനായി മുടികെട്ടാതിരുന്ന ദ്രൗപദിയെപോലെ ചില റൊമാന്റിസങ്ങള്‍ പിന്തുടര്‍ന്ന അദ്ദേഹം ഇതൊക്കെ തന്റെ ബോധ്യങ്ങളായും മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമായും കരുതി.

ഇപ്പോള്‍ തോന്നുന്നു, ജി കാര്‍ത്തികേയന്‍ ജീവിച്ചിരുന്ന കാലഘട്ടം തെറ്റായിപ്പോയെന്ന്. ആള്‍ക്കൂട്ടമാണ് പാര്‍ട്ടി എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് കാര്‍ത്തികേയന്‍ ജീവിച്ചത്. യഥാര്‍ത്ഥത്തില്‍ പുതിയകാലത്ത് ജീവിക്കേണ്ടിയിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടി എത്രത്തോളം അദ്ദേഹത്തെ ഉപയോഗപ്പെടുത്തി എന്ന് ചോദ്യം, ഒരു ക്ലീഷേ ആയതുകൊണ്ട് അതിവിടെ പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ ഒന്നു പറയാം, പുതിയരാഷ്ട്രീയത്തിന്റെ പുതിയകാലത്തിന്റെ പ്രതിനിധികളായ അടുത്ത തലമുറയ്ക്ക് നേതൃത്വം കൊടുക്കേണ്ട വ്യക്തിത്വം ജി കാര്‍ത്തികേയന്‍ എന്ന നേതാവ് പുലര്‍ത്തിയിരുന്നു.

(യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍