UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജി സുധാകരൻ സാറിന് (പിന്നെ ഭാഷാപോഷിണിക്കും) ഒരു മേഘദൂത്

Avatar

ദീപ പ്രവീൺ

ബഹുമാനപ്പെട്ട സുധാകരൻ സാറിലെ കവിയ്ക്ക്,

അങ്ങയുടെ ‘എനിക്കുറങ്ങണം എന്ന കവിത’ വായിച്ചു. ഇഷ്ടമായി. 

ചിലരൊക്കെ അങ്ങയുടെ കവിതയെ സമൂഹ്യമാധ്യമങ്ങളിൽ വിമർശിച്ചു കണ്ടു അതുകൊണ്ടു കൂടിയാണ് ഈ കുറിപ്പ്.

ഈ വിമർശിച്ചവരിൽ പലരും പല കാലങ്ങളിൽ തുടങ്ങി ഇപ്പോഴും  തങ്ങളുടെ സാമൂഹ്യവലയങ്ങളിലുള്ളവരുടേയും, പിന്നെ ആസ്ഥാന കവികളായി ‘സ്വയവും’ ‘ഉപജാപകവൃന്ദവും’ കൊട്ടിഘോഷിക്കുന്നവരുടെയും അറു ബോറൻ കൃതികൾ ലൈക് അടിച്ചും ‘ലൗ’ സിംബലടിച്ചും, പ്രോത്‌സാഹിപ്പിക്കുന്നവരാണ്. അവരെന്തിനാണ് സാർ താങ്കളുടെ സൃഷ്ടിയെ  തള്ളിപ്പറയുന്നത്?

ഓരോ കവിതയും ഉടലെടുക്കുന്നത് തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് എന്നാണല്ലോ പണ്ഡിത മതം. ‘ഉറക്കം നഷ്ടപ്പെടുന്ന’ രാഷ്ട്രീയം ജീവിത മാർഗ്ഗമാക്കിയ അങ്ങു  ‘sleep deprivation’ എന്ന വളരെ ഗുരുതരമായ ഒരു മാനസിക അവസ്ഥയെകുറിച്ചു കുറിച്ചപ്പോ അതിനു നേരിടേണ്ടി വന്നതു പുച്ഛം. ലോകത്തിലെ തന്നെ ഏറ്റവും ‘ഉറക്കമില്ലാത്ത ജനത’ ഇന്ത്യയിലാണ് എന്നു പഠനങ്ങൾ പറയുന്നു. അതനുസരിച്ചു 93 % ജനങ്ങളും ഉറക്കമില്ലാത്തവരോ, അല്ലെങ്കിൽ 8 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരോ ആണ്. ഇത് വഴിവെയ്‌ക്കുന്നത്‌ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങളിലേക്കാണ്‌, എന്ന് മനസിലാക്കി അനുവാചകർക്ക്‌ ഈ വിഷയത്തിലേക്കു കൂടി വെളിച്ചം വീശാനാണ് അങ്ങീ കവിതയെഴുതിയതു എന്ന് ഞാൻ അനുമാനിക്കുന്നു.

അങ്ങേയ്ക്കു മുൻപും ഈ വിഷയത്തെ സ്പർശിച്ചവർ അനവധിയാണ്. 

‘ഉറക്കമാണ് ഏറ്റവും സുന്ദരമായ ധ്യാനം’ എന്ന് ദലൈ ലാമ ഫിലോസഫിക്കലായും  ‘ഞാൻ എന്റെ ഉറക്കത്തെ സ്നേഹിക്കുന്നു , ഉണർവിന്റെ നിമിഷങ്ങളിൽ എന്റെ ജീവിതം ചിതറി തെറിക്കുന്നതായി തോന്നുന്നു’ എന്ന്  ഏണസ്റ്റ് ഹെമിംഗ്വേ റൊമാന്റിക്കായും എന്തിനു ‘രാത്രി ശുഭരാത്രി’ എന്ന വരികളിലൂടെ മലയാളികളുടെ സ്വന്തം പണ്ഡിറ്റ് ശ്രീ സന്തോഷും ഈ വിഷയത്തെ സമീപിച്ചതിനെ രണ്ടും കൈയും നീട്ടി സ്വീകരിച്ച അനുവാചക ലോകത്തിൽ താങ്കളുടെ രചനയ്ക്ക് മാത്രം എന്താണ് ഒരു തൊട്ടു കൂടായ്മ?

ജി. സുധാകരനും, സന്തോഷ് പണ്ഡിറ്റിനും, പിന്നെ എഴുതുന്ന എല്ലാവർക്കും ഒരേ വീഞ്ഞുവിളമ്പുന്ന അത്താഴസദ്യയുള്ള കിനാശ്ശേരിയാണെന്‍റെ സങ്കൽപ്പങ്ങളിൽ.

രചനകളുടെ ഉൾകാമ്പുകൾ ചർച്ച ചെയ്യാം, ഓരോ കവിയ്ക്കും ആവിഷ്കാര സ്വാതന്ത്യമുണ്ട് എന്ന കാതലായ സത്യം ആംഗീകരിച്ചു കൊണ്ടാവണം പരസ്യ വിചാരണ എന്ന് മാത്രം. ഒപ്പം ഒരു കവിയും കവിതയുടെ പേരിൽ ക്രൂശിക്കപ്പെടരുത്.

വെര്‍ജീനിയ വൂള്‍ഫ് ഒരിക്കൽ പറഞ്ഞു, “Writing is like sex. First you do it for love, then you do it for your friends, and then you do it for money.”

പല അഭിനവ സോഷ്യൽ മീഡിയ എഴുത്തുകാരും/കാരികളും (എല്ലാരുമല്ല) ഇന്ന് ഈ പാതയിലാണ് എന്ന് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ താങ്കളിതിൽ ഏതു കടവിൽ എത്തിനിൽക്കുന്നു എന്ന് എനിക്കറിയില്ല. എന്തായാലും ഭാഷാപോഷിണി രണ്ടു മൂന്നു പ്രതികളെങ്കിലും അധികം ചിലവായി മനോരമയുടെ അക്കൗണ്ടിലും, ഇന്നത്തെ കാലത്തു  അതിലേറെ പ്രധാനമായ സോഷ്യൽ മീഡിയ ഫുട് പ്രിന്റിലും അങ്ങയുടെ കവിത ഇളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മലയാളത്തിലെ പല പ്രമുഖകവികളേയും ആദ്യം വായിച്ചതു ഭാഷാപോഷിണിയിലായിരുന്നു. പിന്നീട് സാമാന്യം നന്നായി എഴുതുന്ന യൂണിവേഴ്‌സിറ്റിതലത്തിൽ ഒക്കെ സമ്മാനം വാങ്ങിയ പല കൂട്ടുകാരും അവരുടെ കവിതകൾ  ഭാഷാപോഷിണിക്ക് അയക്കുകയും അത് ശരം വിട്ടതുപോലെ തിരിച്ചു വരുകയും ചെയ്തു കണ്ടിട്ടുണ്ട്. സ്റ്റാമ്പിനു കാശു കളയാൻ മടിയായതുകൊണ്ട് മനോരമയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന എഴുത്തു പെട്ടിയിൽ വെള്ള കടലാസ്സിൽ കുറിച്ചു രണ്ടു മൂന്നു കവിതകൾ ആ കാലത്തു ഞാനും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നും വെളിച്ചം കണ്ടില്ല. (അതിന്റെ കുശുമ്പോ കൊതിക്കെറുവോ ഒന്നുമായി ഈ കുറിപ്പ് വായിക്കരുത്).

ഭാഷാപോഷിണിയുടെ നവമാദ്ധ്യമ കവിതക്കുള്ള ബെഞ്ച് മാർക്കാണ്    അങ്ങയുടെ കവിത. ഞങ്ങളുടെ ആരുടേയും സൃഷ്ടികൾ ആ ലെവലിൽ എത്തുന്നതായി അന്നവർക്കു   തോന്നിയിരിക്കില്ല. അല്ലെങ്കിലും കവിത്വം നിശ്ചയിക്കുന്നത് എഡിറ്റോറിയൽ ബോർഡുകളുടെ പങ്ക് പണ്ടേ പ്രസിദ്ധമാണല്ലോ!

എന്തായാലും അങ്ങെഴുതണം ഇനിയും ഒരു പാട് എഴുതണം.

സോഷ്യൽമീഡിയ ഒരു വലിയ പുളകച്ചുഴിയാണ് സാർ, എങ്കിലും അവിടെ അങ്ങയുടെ പൂച്ചഉറക്കങ്ങൾക്കു താമസിയാതെ ഒരിടവും, പൊൻതളികയിൽ തന്നെ പാലും, കഴുത്തിൽ ഒരു തങ്കമണിയും (സാഹിത്യ അക്കാഡമി അവാർഡ് തന്നെയായിക്കോട്ടെ) കിട്ടുമെന്നു പ്രത്യാശിക്കുന്നു.

എന്ന് അങ്ങയുടെ തുടർ രചനകൾക്കായി ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്ന ആരാധിക. 

(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും,  ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli  Womens  Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍