UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിളക്കണച്ച് സംഘികള്‍ക്ക് വഴികാട്ടല്ലേ സുധാകരന്‍ മന്ത്രീ…

Avatar

കെ എ ആന്റണി

നമ്മുടെ സുധാകരന്‍ മന്ത്രിക്ക് ഇതെന്തുപറ്റി? മലയാള ചെറുകഥാലോകത്തെ കുലപതി ടി പദ്മാനഭനും എം മുകുന്ദനുമൊക്കെ അടുത്തിടെ മന്ത്രിയെ വാനോളം പുകഴ്ത്തിയിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനു പുതുജീവന്‍ നല്‍കിയതിന്റെ പേരിലായിരുന്നു ഇത്. അവര്‍ വായടച്ച ഉടന്‍ വന്നു മന്ത്രി വക ഒരു വിവാദ പ്രസ്താവന. ‘സര്‍ക്കാര്‍ പരിപാടികളില്‍ ഒന്നും ഇനി മേലാല്‍ ആരും നിലവിളക്കു കൊളുത്താന്‍ പാടില്ല’ എന്ന്. ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങള്‍ക്കു മാത്രം സ്വന്തം എന്ന്‍ സംഘികള്‍ വാശി പിടിക്കുന്ന വേളയിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.

പണ്ടൊരിക്കല്‍ നിലവിളക്കു കൊളുത്തില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ ചൊല്ലി ഉണ്ടായ വിവാദം നമ്മുടെ സുധാകരന്‍ മന്ത്രി മറന്നു പോയിട്ടുണ്ടാവും . കുഞ്ഞാലിക്കുട്ടിയെ കണക്കറ്റു വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ അന്നു കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു. ചില മുസ്ലിം ലീഗ് നേതാക്കളും നിലവിളക്കു തങ്ങള്‍ക്കു ഹറാം അല്ലെന്നു പറഞ്ഞു. മലപ്പുറത്തെ ചില പുരാതന പള്ളികളില്‍ നിലവിളക്കു കൊളുത്താറുണ്ടായിരുന്നു എന്ന വാദം ചില ചരിത്ര പണ്ഡിതന്മാരും ഉന്നയിച്ചു. എന്നിട്ടും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമൊക്കെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അബ്ദുറബ്ബ് മന്ത്രിയും നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ചു.

സുധാകരന്‍ മന്ത്രി നല്ലൊരു കമ്മ്യൂണിസ്റ്റുകാരനൊക്കെ തന്നെ. അല്പം കവിതാ ഭ്രാന്തും ഉണ്ട്. പണ്ട് അക്കിത്തം ‘വെളിച്ചം ദുഃഖമണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന് എഴുതിയതിന്റെ പേരില്‍ ഏറെ വിമര്‍ശനം ചൊരിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍. പു ക സ ക്കാര്‍ മുതല്‍ എസ് എഫ് ഐ ക്കാര്‍വരെ അക്കിത്തത്തിനെതിരേ ആഞ്ഞടിച്ചു. അക്കിത്തം ഇരുട്ടു കൊണ്ട് ഓട്ട അടക്കാന്‍ നോക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.

നിലവിളക്കെന്നല്ല, ഏതു വിളക്കു കൊളുത്തുമ്പോഴും ഉണ്ടാകുന്നത് പ്രകാശമാണ്. പുരോഗനമവാദിയും കവിയുമൊക്കെയായ നമ്മുടെ സുധാകരന്‍ മന്ത്രി എന്തിനാണു നിലവിളക്കിനെ ഭയക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. അദ്ദേഹം പ്രൊമിത്യൂസിന്റെ കഥകേട്ടിരിക്കുമെന്നു കരുതുന്നു. അന്ധകാരത്തില്‍ ആണ്ടുപോയ മനുഷ്യര്‍ക്ക് ദേവലോകത്തു നിന്നും അഗ്നി മോഷ്ടിച്ചു കൊണ്ടുവന്നു നല്‍കിയ ദേവനാണ് പ്രൊമിത്യൂസ്. അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. സുധാകരന്‍ മന്ത്രിയും അങ്ങനെ വല്ല ശിക്ഷയും ഭയക്കുന്നുണ്ടോ ആവോ?

ക്ഷേത്രസമുച്ചയങ്ങള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തപ്പെട്ടിരുന്ന കലാരൂപങ്ങളെ തെരുവിലേക്ക് ആനയിച്ച്, ജനകീയമാക്കാനുള്ള ഒരു മഹായജ്ഞത്തില്‍ തന്റെ പാര്‍ട്ടിയും അതിന്റെ പോഷകസംഘടനകളും ഏര്‍പ്പെട്ടിരിക്കുന്ന കാര്യം സുധാകരനെപോലെ തലമുതിര്‍ന്ന ഒരു കമ്യൂണിസ്റ്റ് നേതാവ് മറക്കാന്‍ പാടില്ലാത്തതാണ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച സാംസ്‌കാരികഘോഷയാത്രയില്‍ തിടമ്പ് നൃത്തവും കടന്നുകൂടിയതില്‍ പിടിച്ച്, സംഘപരിവാര്‍ വല്ലാത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന കാര്യം മന്ത്രി മറക്കാതിരുന്നാല്‍ നന്ന്. കേരള നാടന്‍കല അക്കാദമിയുമായി സഹകരിച്ച് പഠനത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള രണ്ടു കോളേജുകളില്‍ പടയണി അവതരിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനെതിരേ ഇക്കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നു. ക്ഷേത്രാംഗണത്തില്‍ അല്ലാതെ പൊതുവേദിയില്‍ പടയണി അവതരിപ്പിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ ഭീഷണി മുഴക്കിയെന്നാണു കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്. ഇനിയങ്ങോട്ട് ക്ഷേത്രാചാരങ്ങളെയും ക്ഷേത്രകലകളെയും ചൊല്ലി സംഘികളും കമ്യൂണിസ്റ്റുകാരും കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നുവെന്നാണ് സൂചന.

നിലവിളക്ക് ക്ഷേത്രങ്ങളിലോ ഹിന്ദു വീടുകളിലോ മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നല്ല, ക്രൈസ്തവദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ക്ക് നിലവിളക്ക് ഉപയോഗിക്കാറുണ്ട്. വധുവിനെ വീട്ടിലേക്കു വരന്റെ അമ്മ കൊളുത്തിയ നിലവിളക്കുമായാണ് എതിരേല്‍ക്കുന്നത്. സുധാകരന്‍ മന്ത്രി കൂടി നിലവിളക്ക് വേണ്ടെന്നു പറഞ്ഞാല്‍ സംഘികള്‍ അതും തങ്ങളുടെ സ്വന്തമാക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍