UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡനങ്ങള്‍ കുറയ്ക്കാന്‍ നാട്ടുകാര്‍ കൃഷിപ്പണി ചെയ്യണം; മന്ത്രി സുധാകരന്റെ പുതിയ കണ്ടെത്തലുകള്‍

വഴിനീളെ ഫോണില്‍ സംസാരിക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നും മന്ത്രി

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ പോംവഴികളുമായി മന്ത്രി ജി സുധാകരന്‍. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ നാട്ടുകാരെല്ലാം കൃഷിപ്പണി ചെയ്യണമെന്നാണ് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍. വഴിനീളെ ഫോണില്‍ സംസാരിക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീഡനങ്ങള്‍ ഉപേക്ഷിക്കാന്‍ നല്ല വഴി കൃഷിയാണ്. കൃഷിപ്പണിയില്‍ മുഴുകി കഴിയുന്ന ഒരാള്‍ക്ക് എവിടെയാണ് പീഡിപ്പിക്കാന്‍ സമയം കിട്ടുക. സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പോലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്നും എന്നാല്‍ താന്‍ അത് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ അടിയന്തര പ്രമേയം നേരിടാന്‍ തനിക്ക് വയ്യെന്നും അദ്ദേഹം വ്യക്തമാക്കി. വഴിയരികിലൂടെ ഫോണില്‍ സംസാരിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവും ഇല്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയില്ല. ഫോണില്‍ മാത്രമാണ് ഇവരുടെ ശ്രദ്ധ.

ഇത്തരം സാഹചര്യങ്ങളെയാണ് സമൂഹത്തില്‍ മുതലാക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ പല കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണം. ഇനിയും പല കാര്യങ്ങളുമുണ്ട്. എല്ലാം പറഞ്ഞ് പൊല്ലാപ്പ് പിടിക്കാന്‍ താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വലിയ ആവേശമാണ്. എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ അവര്‍ തയ്യാറാകുന്നില്ല. സുധാകരന്റെ പ്രസംഗം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍