UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി പതനത്തിന്റെ പാതയിലാണ്; അത്ഭുതങ്ങള്‍ക്ക് സാധ്യതയുമില്ല

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ഓരോ മണിക്കൂറിലും ഡല്‍ഹിയിലെ ചൂട് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച താപനില അസഹനീയമായ 40-കള്‍ കടന്നു എന്ന് മാത്രമല്ല, ഇവിടുത്തുകാരുടെ ജീവിതം കൂടുതല്‍ വഷളാകും എന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ക്ഷാമം, ക്ഷമയില്ലായ്മ, രോഗപീഢ തുടങ്ങി പ്രശ്‌നങ്ങള്‍ വേറെയും.

എന്നാല്‍ എല്ലാ സുഖസൗകര്യങ്ങളും സ്വന്തം കാല്‍ച്ചുവട്ടില്‍ ഉണ്ടായിട്ടും, ഏഴ് റെയ്‌സ് കോഴ്‌സ് റോഡിലെ ഏക അന്തേവാസിയുടെ വേനല്‍ അസാധാരണമാം വിധം അസ്വസ്ഥമായിട്ടാണ് കാണുന്നത്. മാത്രമല്ല, ഏകാന്തത അദ്ദേഹത്തെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്യുന്നു.

 

അധികാരത്തിലേക്കുള്ള തന്റെ വിജയയാത്രയുടെ പ്രഭാവം ഇത്രവേഗം പൊലിഞ്ഞുപോയ കഥ പറയുന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാവില്ല. കഴിഞ്ഞ വേനലില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ തരത്തിലുള്ള തിളക്കമാര്‍ന്ന വിജയത്തിന് ശേഷം തൊട്ടടുത്ത വേനലില്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി നിരാശയുടെ പടുകുഴിയിലാണ്. എന്ന് മാത്രമല്ല, അടുത്ത നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാരും പാര്‍ട്ടിയും ഗണ്യമായ കലാപങ്ങളില്‍ പെട്ടുപോയാല്‍ അത്ഭുതത്തിന് അവകാശവുമില്ല. മാന്ത്രികമായ രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബിജെപി ബിഹാറില്‍ പരാജയപ്പെടും. അതോടെ മോദിക്കും സംഘത്തിനുമെതിരെ എതിര്‍പ്പിന്റെ പടവാളുകള്‍ ഉയര്‍ന്ന് വരികയും ചെയ്യും.

രാഷ്ട്രീയ കൂശാഗ്രബുദ്ധിയുടെ പേരില്‍ പലരും അദ്ദേഹത്തെ വാഴ്ത്തുന്നുണ്ടെങ്കിലും, രാഷ്ട്രീയ പക്വതയില്ലായ്മയുടെ പ്രാമാണ്യ ലക്ഷണങ്ങളെല്ലാം മോദി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലൂടെ തന്റെ അധികാരത്തിന്റെ ആദ്യ നാളുകളെ തന്നെ താറുമാറാക്കിയ മോദി വാസ്തവത്തില്‍ ഒരു ഹരാ-കിരിയാണ് നടത്തിയിരിക്കുന്നത്. ഇത്രയും സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു മനുഷ്യന് ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ക്കിടിയിലുള്ള ഭൂമിയുടെ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന തരത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പിലാക്കുന്നത് ആത്മഹത്യപരമാണെന്ന തിരിച്ചറിവെങ്കിലും അദ്ദേഹത്തിന് ഉണ്ടാവേണ്ടിയിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നതില്‍ തല്‍പരനല്ല എന്നതിനാല്‍ തന്നെ ഇതല്ലെങ്കില്‍ വേറൊരു മണ്ടത്തരം അദ്ദേഹം കാണിക്കുമെന്ന് ഉറപ്പായിരുന്നു.

ആ വലിയ മണ്ടത്തരത്തിലൂടെ ഗ്രാമീണ കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടുള്ള മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും സംസ്ഥാത്തിലെ ഗ്രാമങ്ങളിലെയോ അല്ലെങ്കില്‍ ഡല്‍ഹിയില്‍ റാലിയില്‍ പങ്കെടുക്കുകയോ ചെയ്യുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഒന്ന് ഇറങ്ങി നോക്കിയാല്‍ അവരുടെ ഇപ്പോഴത്തെ വില്ലന്‍ നരേന്ദ്ര മോദിയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഈ അഭിപ്രായഗതിമാറ്റത്തെ സ്വതവേ മടിയനായ യുവ ഗാന്ധികുടുംബാംഗം പോലും മുതലാക്കി എന്ന് പറയാതെ തരമില്ല. ഈ ആഴ്ച പാര്‍ലമെന്റില്‍ ‘സൂട്ട്-ബൂട്ടുകാരുടെ സര്‍ക്കാര്‍’ എന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ രാഹുല്‍ വിശേഷിപ്പിച്ചത്. കോര്‍പ്പറേറ്റ് അനുകൂല സമീപനങ്ങളും വര്‍ണാഭമായ സൂട്ടുകളും വിദേശ യാത്രകളുമെല്ലാം മോദിയുടെ നിയന്ത്രണത്തിന് അതീതമായ പ്രതികൂല പ്രതിഛായ സൃഷ്ടിച്ചിട്ടുണ്ട്.

മോദിയുടെ വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്ന മറ്റ് നിരവധി പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. ഇപ്പോള്‍ മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ആദായ നികുതി വിപുലീകരിക്കാനുള്ള നീക്കവും വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (Foreign Institutional Investors) ഏര്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സമാന്തര നികുതിയുമൊക്കെ (MAT -Minimum Alternative Tax) തിരിച്ചടിക്കുകയാണ്. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് മാറ്റ് ഏര്‍പ്പെടുത്താന്‍ ധനമന്ത്രാലയം തീരുമാനിച്ചതോടെ ഓഹരി കമ്പോളത്തിലെ കുതിച്ച് കയറ്റം ഇനി പ്രതീക്ഷിക്കാനുമാവില്ല.

സര്‍ക്കാരില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ ഭീതിജനകമായ എണ്ണത്തെ കുറിച്ചോ, തങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വിലാപത്തെ കുറിച്ചോ, മോദി സര്‍ക്കാരിന്റെ പൂര്‍ണ്ണമായും മുകളില്‍ നിന്നും താഴേക്ക് എന്ന സമീപനത്തെ കുറിച്ചോ ഞങ്ങള്‍ സംസാരിക്കുന്നത് പോലുമില്ല. അയല്‍ക്കാരായ ചൈനയുടെ ചിലവില്‍ യുഎസില്‍ അഭയം കണ്ടെത്താനുള്ള മോദിയുടെ ആപല്‍ക്കരമായ ശ്രമങ്ങള്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുന്നില്ല. മോദിയുടെ സ്വന്തം സാംഘികളുടെ ന്യൂനപക്ഷ വിരുദ്ധ ആക്രോശങ്ങളെ കുറിച്ചോ ബീഫ് നിരോധനത്തെ കുറിച്ചോ ഞങ്ങള്‍ സംസാരിക്കുന്നില്ല.

ബുധനാഴ്ച ജന്ദര്‍ മന്ദിറിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ച ഗജേന്ദ്ര സിംഗ് എന്ന 41 കാരന്റെ ആത്മാവ് അരവിന്ദ് കെജ്രിവാളിനെ പിന്തുടരില്ലായിരിക്കും. റാലിയിലെ അദ്ദേഹത്തിന്റെ പ്രകടനം അത്ര പ്രശംസനീയവുമായിരുന്നില്ല. എന്നാല്‍ സിംഗിന്റെ ഏകാന്തമരണവും ഇന്ത്യയുടെ വടക്കും പടിഞ്ഞാറും തുടര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകളും മോദി സര്‍ക്കാരിനെ വേട്ടയാടുക തന്നെ ചെയ്യും. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ സമാധാനത്തോടെ ഭരിച്ച സര്‍ക്കാരാവും നരേന്ദ്ര മോദിയുടേത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍