UPDATES

പ്രവാസം

ഗള്‍ഫാര്‍ മുഹമ്മദലിയുടെ ജീവിതം; ജയിലിലും പുറത്തും

Avatar

അഴിമുഖം പ്രതിനിധി

മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി. റമദാന്‍ മാസത്തോടനുബന്ധിച്ച് ഭരണകൂടം നല്‍കിയ പൊതുമാപ്പാണ് മുഹമ്മദലിയുടെ മോചനത്തിനു വഴിയൊരുക്കിയത്.

സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്ന മലയാളികളായ  പ്രവാസി വ്യവസായികള്‍ വേറെയുമുണ്ടെങ്കിലും അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രമുഖരായിരുന്നു  ഗള്‍ഫാര്‍ മുഹമ്മദലിയും അറ്റ്ലസ് രാമചന്ദ്രനും. 

ലോകത്തിനു മുന്നിലേക്ക് വളര്‍ന്നുകൊണ്ടിരുന്ന രണ്ടു ബിസിനസ് ടൈക്കൂണുകളുടെ പതനം അവരുടെ വളര്‍ച്ചയെക്കാള്‍ അത്ഭുതത്തോടെയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. കോടികളുടെ സാമ്രാജ്യത്തിന്റെ അധിപരായി വാണിരുന്നവര്‍ പെട്ടെന്നൊരു ദിവസം ജയലഴികള്‍ക്കു പിന്നില്‍ അകപ്പെടുന്നത് സിനിമാക്കഥപോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു.

പി മുഹമ്മദലിയില്‍ നിന്നും ഗള്‍ഫാര്‍ മുഹമ്മദലിയിലേക്ക്
സിവില്‍ എഞ്ചിനീയറിംഗ് പാസായശേഷം തൃശൂര്‍ തളിക്കുളം സ്വദേശിയായ പി മുഹമ്മദലി 1971 ല്‍ ആണ് ഒമാനില്‍ എത്തുന്നത്. അവിടെവച്ചാണ് ഷെയ്ഖ് ഡോക്ടര്‍ സലിം അല്‍ ഫന്ന എല്‍ അരിമിയുമായി പരിചയപ്പെടുന്നത്. ഇരുവരുടെയും ബന്ധം ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് എന്ന കമ്പനിയുടെ രൂപീകരണത്തിനു കാരണമായി. ചെറിയ രീതിയില്‍ തുടങ്ങിയ കമ്പനി ഒമാനിലെ ഒന്നാം കിടകമ്പനിയായി വളരാന്‍ അധികകാലമൊന്നും എടുത്തില്ല. ഒരു കാലത്ത്‌ ഒമാനിലെ സ്വകാര്യമേഖലയില്‍ ഏറ്റവും അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നത് ഗള്‍ഫാര്‍ കമ്പനി ആയിരുന്നു.  കമ്പനി വളര്‍ന്നതിനൊപ്പം മുഹമ്മദാലിയും വളര്‍ന്നു. അങ്ങനെ തളിക്കുളത്തുകാരന്‍ പി മുഹമ്മദലി ഗള്‍ഫാര്‍ മുഹമ്മദലിയുമായി.

ഓയില്‍-ഗ്യാസ് ഇന്‍ഡസ്ട്രി, പാലങ്ങള്‍, മറൈന്‍ ഇന്‍ഡസ്ട്രിഎന്നിങ്ങനെ ഗള്‍ഫാര്‍ കൈ വയ്ക്കാത്ത മേഖലകള്‍ കുറവായിരുന്നു. 40വര്‍ഷത്തോളം ഒമാനിലെ ബിസിനസ് മേഖലയുടെ അവിഭാജ്യഘടകമായി നില്‍ക്കുകയായിരുന്നു ഗള്‍ഫാര്‍. തുടര്‍ന്ന് തന്റെ ബിസിനസ് സാമ്രാജ്യം അബുദാബി, ഖത്തര്‍, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഒമാന്‍ സ്വദേശികള്‍ക്കും മലയാളികള്‍ക്കും തന്‍റെ കമ്പനികളില്‍ മുഹമ്മദലി അവസരം നല്‍കിയിരുന്നു.

ഒമാനിലെ വിദ്യാഭ്യാസമേഖലയിലും മുഹമ്മദലിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. 3500ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്കൂള്‍, കാലിഡോണിയന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സിഎസ്എം സെന്‍ട്രല്‍ സ്കൂള്‍, ഒമാന്‍ മെഡിക്കല്‍-ഡെന്റല്‍ കോളേജുകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന രണ്ട് ഓപ്പറേറ്റെഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. കൂടാതെ കേരളത്തില്‍ ഇസ്ലാമിക് ഫിനാന്‍സ് സംരഭമായ അല്‍ബറക ഫിനാന്‍സിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു മുഹമ്മദലി.

ആ ബിസിനസുകാരന്റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളും. 1998 ല്‍ ഒമാന്‍ സര്‍ക്കാരിന്റെ ബിസിനസ് മാന്‍ അവാര്‍ഡ് മുതല്‍ 2013ല്‍ ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ് വരെ പത്തോളം ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004 ല്‍ രാഷ്ട്രം നല്‍കിയപ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരവും ഇതില്‍പ്പെടും.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവളത്തെ ഇന്ത്യാ ടൂറിസം ഡവലപ്മെന്റ്‌ കോർപ്പറേഷന്റെ നക്ഷത്ര ഹോട്ടൽ മുഹമ്മദലി വാങ്ങിയത് ഏറെ വിവാദമായിരുന്നു. വാജ്പേയ്‌ സർക്കാരിന്റെ ഭരണകാലത്ത്‌ ഈ ഹോട്ടൽ ഗൾഫാർ മുഹമ്മദലിക്ക്‌ കൈമാറാൻ ഒരു പ്രമുഖ ബിജെപി നേതാവും, അന്ന്‌ കോൺഗ്രസ്‌ എംപിയായിരുന്ന കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരംഗവും ചേർന്ന്‌ ദശലക്ഷങ്ങൾ കോഴ വാങ്ങിയെന്ന്‌ ആരോപണം ഉയർന്നിരുന്നു. ഹോട്ടൽ തരപ്പെടുത്തിയശേഷം സമീപത്തെ സംസ്ഥാന സർക്കാർ വക കോവളം കൊട്ടാരവും തട്ടിയെടുക്കാൻ ഗൾഫാർ മുഹമ്മദലി നീക്കം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. അക്കാരണത്താല്‍ ഹോട്ടല്‍ ലീലാ ഗ്രൂപ്പിനു കൈമാറുകയായിരുന്നു. പിന്നീട് പ്രവാസി വ്യവസായിയായ രവി പിള്ള ഹോട്ടല്‍ ഏറ്റെടുത്തെങ്കിലും കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.

ജയില്‍വാസം

എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് കൈക്കൂലിക്കേസില്‍ മുഹമ്മദലിയുടെ പേര് ഉയര്‍ന്നു വന്നത്.

2011ല്‍ ആയിരുന്നു അത്.

സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡവലപ്മെന്റിൽ നിന്നും കമ്പനിയ്ക്ക് 2011-ൽ ലഭിച്ച കരാർ കാലാവധി നീട്ടിക്കിട്ടാൻ മുഹമ്മദലി ടെന്‍ഡര്‍ മേധാവി ജുമ അൽ ഹിയാനിയ്ക്ക് രണ്ട് ലക്ഷം ഒമാനി റിയാൽ കൈക്കൂലി നൽകി എന്നതായിരുന്നു കേസ്. തുടർന്ന് അൽ ഹിയാനിയുടെ വീട്ടിൽ അധികൃതര്‍ റെയ്ഡ് നടത്തുകയും തുക പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസില്‍ ഒമാൻ പ്രാഥമികകോടതി ഗൾഫാർ മുഹമ്മദാലിയ്ക്ക് മൂന്നു വർഷം തടവും ആറ് ലക്ഷം റിയാൽ (9.5 കോടി രൂപ) പിഴയും വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ജുമ അൽ ഹിയാനിയ്ക്കും മൂന്നുവർഷം തടവും ആറ് ലക്ഷം റിയാൽ പിഴയും ചുമത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായിരുന്ന മുഹമ്മദലി ജാമ്യമെടുത്തിരുന്നു.

എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. സമാനമായ അഞ്ചോളം കേസുകളില്‍ ഗള്‍ഫാര്‍ പ്രതിയായി.

അതില്‍ പ്രധാനപ്പെട്ട ഒന്നിലാണ് ഗള്‍ഫാറിന് 15വര്‍ഷം തടവും ആറു ലസ്ഖം ഒമാനി റിയാല്‍ പിഴയും മസ്കറ്റ് പ്രാഥമിക കോടതി വിധിച്ചത്. മുഹമ്മദലിയുടെ ബിസിനസ് മാനേജര്‍ അബ്ദുല്‍ മജീദ്‌ നൌഷാദിനു വിധിച്ചത് രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം ഒമാനി റിയാല്‍ പിഴയുമായിരുന്നു.

ബിസിനസ് രംഗത്തു നിന്നുണ്ടായ ചതിയാണോ സ്വന്തം പിഴവാണോ മുഹമ്മദലിയെ വീഴ്ത്തിയതെന്നു രണ്ടുതരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും മുഹമ്മദലിയുടെ അറസ്റ്റും ജയില്‍വാസവും ഒമാന്‍ ബിസിനസ് രംഗത്തെ ഇളക്കിമറിച്ചു.

ഒരു തുര്‍ക്കിഷ് കമ്പനിയാണ് ഗള്‍ഫാറിനെ ജയിലില്‍ കയറ്റിയ ഈ കേസ് രംഗത്തെത്തെത്തിക്കുന്നത്. ഗള്‍ഫാറിനു കോണ്‍ട്രാക്റ്റ് നല്‍കിയതിനാല്‍ തങ്ങള്‍ക്ക് ഭീമമായ ബാധ്യത ഉണ്ടായി എന്നും ഇടപാടുകള്‍ക്കായി മുഹമ്മദലി കൈക്കൂലി നല്‍കിയിട്ടുണ്ട് എന്നുള്ള അറ്റില ഡോഗന്‍ എന്ന ഈ കമ്പനിയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഒമാന്‍ ഭരണകൂടം അന്വേഷണത്തിനുത്തരവിടുന്നത്.

20ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ കമ്പനി ജീവനക്കാരെയും ചോദ്യം ചെയ്യുകയും മറ്റ് അന്വേഷണങ്ങളും നടത്തിയ ശേഷമാണ് കൈക്കൂലിക്കേസില്‍ മുഹമ്മദലിയെ കോടതി ശിക്ഷിക്കുന്നത്.

2014 മാര്‍ച്ചില്‍ ആയിരുന്നു കേസില്‍ വിധി വന്നത്. വന്‍ സ്വാധീനം ഉപയോഗിച്ചെങ്കിലും ഈ കേസില്‍ ഗള്‍ഫാറിന് ജാമ്യം ലഭിച്ചില്ല. ഭീമമായ തുക പിഴയും അദ്ദേഹത്തിന് അടയ്ക്കേണ്ടി വന്നു. എന്നാല്‍ ജയിലില്‍ പോകുന്നതിന് മുമ്പ് 950 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു ഗള്‍ഫാര്‍ മുഹമ്മദലിയുടെ ആസ്തി.

കേസില്‍പ്പെട്ടതോടെ മുഹമ്മദലി ഗൾഫാർ ഗ്രൂപ്പിൽ നിന്നും രാജിവച്ചിരുന്നു. ഗൾഫാർ ഗ്രൂപ്പിന്റെ എം ഡി സ്ഥാനവും ഡയറക്‌ടർ ബോർഡ് അംഗത്വവും പി മുഹമ്മദലി ഒഴിഞ്ഞു. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് തീരുമാനം എന്ന് വിശദീകരണം കമ്പനി നല്‍കുകയും ചെയ്തു. ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനി ഇക്കാര്യം ഓഹരി വിപണിയെ അറിയിക്കുകയും ചെയ്തിരുന്നു.

മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഗള്‍ഫാര്‍ തന്റെ ബിസിനസ് മേഖലയിലേക്ക് തിരികെ എത്തുകയുമാണ്‌.

ഭരണകൂടത്തിന്റെ ദാക്ഷിണ്യത്താല്‍ മുഹമ്മദലിയ്ക്ക് പുറത്തെത്താന്‍ സാധിച്ചു. അറ്റ്ലസ് രാമചന്ദ്രന്‍ ഇപ്പോഴും പുറം ലോകം കണ്ടിട്ടില്ല. അതുപോലെ പലരും.

ഈവസരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഒന്നുണ്ട്. സ്വന്തം നാട്ടില്‍ സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഇവരില്‍ പലരും വിദേശത്ത് ഗുരുതരമായ ക്രമക്കേടുകളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുകയോ കര്‍ശനശിക്ഷാനടപടികള്‍ക്കു വിധേയരാവുകയോ ചെയ്യപ്പെടുന്നു. ഇവരുടെ മാഹത്മ്യങ്ങളെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും ഒരു മുഹമ്മദലിയോ രാമചന്ദ്രനോ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ലോകം ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യാറ് എന്നതാണ് യാഥാര്‍ത്ഥ്യം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍