UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവളെ ആക്രമിച്ച് നിങ്ങള്‍ രാജ്യസ്‌നേഹം കാണിക്കണ്ട: ഗുര്‍മെഹറിനെ പരിഹസിച്ചവര്‍ക്കെതിരെ ഗംഭീര്‍

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ പരിഹസിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ എബിവിപി അക്രമങ്ങള്‍ക്കെതിരെയും നേരത്തെ യുദ്ധത്തിനെതിരെയും ഓണ്‍ലൈനില്‍ രംഗത്തെത്തിയതിന്റെ പേരില്‍, കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചവര്‍ക്കെതിരെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ പരിഹസിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യവും പരിപൂര്‍ണ്ണവും ആയിരിക്കണം അഭിപ്രായ പ്രകടനത്തിനുള്ള അവകാശം. ജീവിതത്തിലെ എല്ലാ കാര്യത്തിലും, എല്ലായ്പോഴും അത് പ്രാപ്യമാകണമെന്ന കാര്യം ഇപ്പോഴെങ്കിലും നാം മനസിലാക്കണമെന്നും ഗംഭീര്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

“ഇന്ത്യന്‍ സൈന്യത്തോട് വലിയ ബഹുമാനമുള്ള ആളാണ് ഞാന്‍. സമാനതകളില്ലാത്തതാണ് രാജ്യത്തിനും ജനതയ്ക്കും വേണ്ടിയുള്ള അവരുടെ സേവനം. എന്നാല്‍ അടുത്ത കാലത്തെ ചില സംഭവങ്ങള്‍ വലിയ നിരാശയുണ്ടാക്കി. ഒരു സ്വതന്ത്ര രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട്. സമാധാനം ലക്ഷ്യമിട്ട്, യുദ്ധ ഭീതിയെക്കുറിച്ച് പോസ്റ്റ് ഇടാന്‍, അച്ഛനെ നഷ്ടപ്പെട്ട ഒരു മകള്‍ക്ക് എല്ലാ വിധ അവകാശങ്ങളുമുണ്ട്. അവളെ വളഞ്ഞിട്ട് പരിഹസിച്ച് തങ്ങളുടെ രാജ്യസ്‌നേഹം എത്രത്തോളമുണ്ടെന്ന് പ്രകടമാക്കാനുള്ള അവസരമല്ല ഇത്. രാജ്യത്തെ എല്ലാ പൗരന്‍മാരേയും പോലെ അവള്‍ക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം, പക്ഷെ അതിന്റെ പേരില്‍ ഇത്തരത്തില്‍ പരിഹസിക്കുന്നത് നിന്ദ്യമാണ്” – ഗൗതം ഗംഭീര്‍ പറഞ്ഞു.

രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ വൈറലായിരുന്നു. ‘അതെ, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തായിരുന്നു ഗുര്‍മെഹറിന്റെ പ്രതിഷേധ പ്രകടനം. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ലെന്നും മറിച്ച് യുദ്ധമാണെന്നും ഗുര്‍മെഹര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഗുര്‍മെഹറിന്റെ ഈ പരാമര്‍ശങ്ങള്‍ വൈറലായതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗുര്‍മെഹറിനെ പരിഹസിച്ച് കൊണ്ടുള്ളപോസ്റ്റുകളാണ് അധികവും വന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും വിമര്‍ശകരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ല തന്റെ ബാറ്റാണെന്ന് പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടുളള ഫോട്ടോ ആയിരുന്നു സേവാഗിന്റെ ട്വീറ്റ്. സെവാഗിനെ അനുകൂലിച്ച് ജൂതരെ കൊന്നത് ഹിറ്റ്‌ലര്‍ അല്ല ഗ്യാസാണെന്നും, ഒസാമ ബിന്‍ലാദനല്ല ആളുകളെ കൊന്നത് ബോംബാണെന്നും, മാനിനെ കൊന്നത് സല്‍മാന്‍ ഖാനല്ലന്നും ബുള്ളറ്റാണെന്നും പറഞ്ഞുകൊണ്ടുള്ള പരിഹാസ ട്വീറ്റുകളും ട്വിറ്ററില്‍ നിറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍