UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാത്മാ ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആരാധകനായിരുന്നു: എംജിഎസ്

ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് ഭരണം തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്ന്‍ എംജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു

മഹാത്മാ ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആരാധകനായിരുന്നുവെന്ന് ചരിത്രകാരന്‍ ഡോ.എംജിഎസ് നാരായണന്‍. ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് ഭരണം തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്നും എംജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ‘പാഠഭേദം’ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു എംജിഎസ്.

ബ്രിട്ടീഷുകാര്‍ സംസ്‌കാരമുള്ളവരാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ഇന്ത്യക്കാര്‍ അങ്ങനെയല്ല എന്നാണ് അതിനര്‍ത്ഥം. ഇന്ത്യയെ വെട്ടിമുറിച്ചപ്പോള്‍ ഗാന്ധി ഒന്നും മിണ്ടിയില്ല. സങ്കടപ്പെടുകയും നിരാഹാരം കിടക്കുകയും മാത്രമേ ചെയ്തുള്ളൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയത് എ ഒ ഹ്യൂം ആണ്. കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും ഓടിക്കാനാണെന്ന് നമ്മളില്‍ പലരും വിശ്വസിച്ചു. ബ്രിട്ടീഷ് ഭരണം ലോകാവസാനം വരെ നിലനിര്‍ത്തണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് പട്ടാളക്കാരായ ഇന്ത്യക്കാരെ വേണമായിരുന്നു. പോരാടി മരിക്കാന്‍. യുദ്ധം കഴിഞ്ഞാല്‍ എല്ലാം സാധിച്ചുതരാമെന്നാണ് അവര്‍ പറഞ്ഞത്. യുദ്ധം കഴിഞ്ഞപ്പോള്‍ ഗാന്ധിജിയും കോണ്‍ഗ്രസും പ്രതിഷേധിച്ചില്ല.

ദേശവും ദേശീയതയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. ദേശീയത ഒരു സാങ്കല്‍പ്പിക സമൂഹമാണ്. ദേശമെന്നാല്‍ വളരെ ചെറിയ സ്ഥലമാണ്. ദേശീയത വലിയൊരു സ്വരൂപവും. ആ നിലയ്ക്ക് ഈ രണ്ട് വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്നും എംജിഎസ് ചോദിച്ചു. മറ്റ് പലതിനേയും പോലെ നമ്മുടെ ദേശീയതയും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണെന്നും എംജിഎസ് പറഞ്ഞു.

ദേശീയവാദം അവസാനിച്ചെന്ന് മാര്‍ക്സ് കരുതിയതാണ് അദ്ദേഹത്തിന് പറ്റിയ വിഡ്ഢിത്തം. പാര്‍ട്ടി വേണ്ട, പ്രസ്ഥാനം മതിയെന്നാണ് മാര്‍ക്സ് പറഞ്ഞത്. ലോകതൊഴിലാളികളോട് ഒന്നിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ലെനിന്‍ സ്വീകരിച്ച നിലപാട് ഇതിന് കടകവിരുദ്ധവും. പാര്‍ട്ടി വേണമെന്നും തൊഴിലാളികള്‍ക്ക് ഒറ്റയ്ക്ക് വിപ്ലവം നയിക്കാനാകില്ലെന്നും ആയിരുന്നു ലെനിന്റെ നിലപാട്. ലെനിനാണ് മാര്‍ക്സിസത്തെ കൊന്നതെന്നും എംജിഎസ് നാരായണന്‍ കുറ്റപ്പെടുത്തി.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍