UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിനവ ഗാന്ധിമാര്‍ ചൂലെടുക്കുന്നതിന് മുമ്പ്

Avatar

ടീം അഴിമുഖം

ബാലിശമല്ലാത്തൊരു ദൃഢതയോടെ ആ ചെറുപ്പക്കാരന്‍ നിങ്ങളുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കും. ശക്തമായൊരു ധാര്‍മികപുതപ്പില്‍ പൊതിഞ്ഞൊരു നിശ്ചയദാര്‍ഡ്യം. ഒരിക്കലൊരു തീരുമാനമെടുത്താല്‍ ചുറ്റുമുള്ളവരുടെ പ്രായോഗിക ചിന്തകള്‍ക്കയാള്‍ ചെവികൊടുക്കാറില്ല. അത്തരമൊരു സായാഹ്നത്തില്‍ തന്റെ ചെറിയ കാറില്‍ കയറി അയാള്‍ നഗരമധ്യത്തിലേക്ക് ഓടിച്ചു; പിറകെ കുറച്ചു അനുയായികളും. റെയ്സീന കുന്നിലേക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍, ആ ശൈത്യ സായാഹ്നത്തില്‍ വഴിയരുകില്‍ നിരാഹാരം തുടങ്ങി. മൊബൈല്‍ ഫോണുകളുടെയും, ആഡംബര കാറുകളുടെയും യുഗത്തില്‍ മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നപോലെ തോന്നിച്ച നാളുകള്‍. വാസ്തവത്തില്‍ അത് മഹാത്മാവായിരുന്നില്ല, പക്ഷേ അരവിന്ദ് കേജ്രിവാളായിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രി, ആം ആദ്മി പാര്‍ട്ടിയുടെ നേതാവ്.

 

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ കേജ്രിവാള്‍ ഗാന്ധിയന്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അതാദ്യമായിരുന്നില്ല, അവസാനത്തേതും. പക്ഷേ, വേണ്ടത്ര ജനകീയാടിത്തറയില്ലാതെ, പ്രവര്‍ത്തകരില്ലാതെ ദേശീയതലത്തില്‍ ഒരു ശക്തിയാകാന്‍ തങ്ങള്‍ക്കുള്ള ശക്തിക്കപ്പുറം ശ്രമിച്ചപ്പോള്‍, ഏതാനും ഗാന്ധിയന്‍ സമരമുറകള്‍ക്കൊണ്ട് മഹാത്മാവാവില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പോടെ അയാള്‍ക്ക് ബോധ്യമായി.

 

ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ കത്തിയാവാഡിലെ ബനിയയുടെ, ഏറ്റവും വിഖ്യാതനായ ഗുജറാത്തിയുടെ ശേഷിപ്പുകളുടെ പിന്മുറക്കാരനാകാന്‍, കേജ്രിവാളിന് ശേഷം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴമാണ് ഇത്. 

 

 

വാസ്തവത്തില്‍, മഹാത്മാവിനെക്കുറിച്ചോര്‍ക്കുന്ന വളരെക്കുറച്ചു പുതുതലമുറ രാഷ്ട്രീയക്കാരില്‍പ്പെട്ടവരാണ് കേജ്രിവാളും മോദിയും. അവരില്‍, ആധുനിക കാലത്തേക്ക്  ഗാന്ധിയെ പകര്‍ത്തുന്നതില്‍ കുറച്ചുകൂടി അടുത്തുനില്‍ക്കുന്നത് കേജ്രിവാളാണ്. അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ ദേശീയ നിരാഹാര സമരത്തിന്റെ സംഘാടകനായാണ് ദേശീയതലത്തിലേക്ക് ചുവടുവെച്ചെന്നതിനാല്‍ കേജ്രിവാളിന് തുടങ്ങാന്‍ അല്പംകൂടി എളുപ്പമായിരുന്നു. കാര്യങ്ങള്‍ പെട്ടന്നു പഠിക്കുന്ന, ബുദ്ധിമാനായൊരു വിദ്യാര്‍ത്ഥിയും കൂടിയായിരുന്നല്ലോ അദ്ദേഹം. 

 

ഗാന്ധിയെപ്പോലെ കേജ്രിവാളും തന്റെ സംവേദനങ്ങളില്‍ വ്യക്തിപരവും, അതേ സമയം തിടുക്കമുള്ളയാളുമാണ്. അതുകൊണ്ടു വയറിളക്കം വന്നാല്‍ അതും ട്വീറ്റ് ചെയ്യും. തന്റെ രോഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത്, ഒരു ദുര്‍ബ്ബലനെപ്പോലെ ദൈവത്തോട് പ്രാര്‍ത്ഥിക്കും. ഒരു തോര്‍ത്തുമുണ്ടുമുടുത്ത് നടക്കാന്‍ അയാള്‍ക്കാവില്ലല്ലോ. അതുകൊണ്ടയാള്‍ പാകമാകാത്ത കുപ്പായങ്ങള്‍ ധരിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, ദുര്‍ബ്ബലര്‍ക്കും വേണ്ടി സംസാരിക്കും. ഡല്‍ഹി മുഖ്യമന്ത്രിയായപ്പോള്‍ കേജ്രിവാള്‍ അതിനടുത്തെത്തി. അധികാരത്തിലെത്തിയതോടെ കേജ്രിവാളിന് ഗാന്ധിയന്‍ വേഷം പാകമല്ലാതായിത്തുടങ്ങി. അതാകെ കുഴഞ്ഞുമറിഞ്ഞു. ആദ്യമായി, അധികാരം ഒരുത്തരവാദിത്തമാണെന്നും രാഷ്ട്രീയഗരിമ വളര്‍ത്താനുള്ള മറ്റൊരു തുറുപ്പുശീട്ടല്ലെന്നും അയാള്‍ തിരിച്ചറിഞ്ഞില്ല. മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ അയാള്‍ ലോകസഭാ തെരഞ്ഞെടുപ്പിലേക്കിറങ്ങി.

 

ഒരു ദാവീദായി സ്വയം സങ്കല്‍പ്പിച്ച കേജ്രിവാള്‍ വാരണാസിയിലെത്തി. അത് മോദിയുടെ പാളയം വിരിച്ചൊരു കുരുക്കായിരുന്നില്ലെങ്കിലും കേജ്രിവാള്‍ അതില്‍ വീഴുകയായിരുന്നു. ആ പ്രക്രിയയില്‍ അയാള്‍ സ്വയമൊരു കോമാളിത്തമായി മാറി. ദേശീയതലത്തില്‍ കേജ്രിവാളിനൊരു പുനര്‍ജന്‍മം സാധ്യമാണോ എന്നു കണ്ടറിയാം. ഡല്‍ഹിയില്‍ അയാളിപ്പോഴും ശക്തമായൊരു രാഷ്ട്രീയ സാന്നിധ്യമാണ്.

 

 

കേജ്രിവാളിന്‍റെ ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ അവസാനം കണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. കാരണം ഗാന്ധിയന്‍ സന്ദേശങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന അടുത്ത കക്ഷി ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തിന്റെ അകക്കാമ്പിന്റെ കാര്യത്തില്‍ ആം ആദ്മി നേതാവിന്റെ അടുത്തൊന്നുമില്ല: രാഷ്ട്രീയ സന്ദേശത്തോടുള്ള വ്യക്തിപരമായ സത്യസന്ധതയാണത്.  നിങ്ങള്‍ പറയുന്നതിനോടുള്ള വ്യക്തിപരമായ സത്യസന്ധതയും, പ്രതിബദ്ധതയും ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ ആണിക്കല്ലുകളാണ്. അതുവെച്ചു നോക്കിയാല്‍ കേജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. മോദി അടുത്തിടെയായി ഗാന്ധിയന്‍ ആശയങ്ങളും മൂല്യങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ശ്രമത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നില്ല. സത്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സര്‍ദാര്‍ പട്ടേല്‍ ആയി നടിക്കാനായിരുന്നു മോദി ശ്രമിച്ചത്. എന്നാല്‍ ഡല്‍ഹിയിലെത്തിയതോടെ മറ്റ് സ്വാതന്ത്ര്യസമര നായകരെക്കാള്‍ ഒരാകാശം മുകളിലാണ് ഗാന്ധിയെന്ന് മോദി മനസ്സിലാക്കി.

 

അപ്പോള്‍ വളരെപ്പെട്ടന്ന് ശുചിത്വത്തോടുള്ള ഗാന്ധിയന്‍ പ്രതിബദ്ധത വളരെ വളരെ നിര്‍ണായകമാണെന്ന് അദ്ദേഹത്തിന് ഓര്‍മ്മ വന്നു. ഒരു പതിറ്റാണ്ടിലേറെ ഗുജറാത്ത് ഭരിച്ചപ്പോള്‍ മോദിക്ക് ഇക്കാര്യം ഓര്‍മ്മ വന്നിരുന്നില്ല. ഗുജറാത്ത് ഇപ്പൊഴും അഴുക്ക് നിറഞ്ഞ ഒരു സംസ്ഥാനമാണ്. അതവിടുത്തെ മുറുക്കിതുപ്പിയ കറ പടര്‍ന്ന ചുമരുകളും, മാലിന്യം നിറഞ്ഞ തെരുവുകളും കൊണ്ട് മാത്രമല്ല. ഗുജറാത്തിന്റെ ഒട്ടും സുഖകരമല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ ചീഞ്ഞുനാറുന്ന, മനുഷ്യരെ മറവുചെയ്ത വലിയ ശ്മശാനങ്ങളും അവിടെയുണ്ട്. മോദി സര്‍ക്കാര്‍ അവഗണിച്ച, ഈ പുതിയ ഗാന്ധിഭക്തന്റെ ഭൂരിപക്ഷ രാഷ്ട്രീയം അപമാനിച്ച, 2002-ലെ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് മുസ്ലീംങ്ങളെ മറവ് ചെയ്ത ജുഹാപുര അവിടെയാണ്. ഗുജറാത്തിലെ ആദിവാസി, ഖനന മേഖലകളില്‍ നിരവധിപേര്‍- കൂടുതലും ആദിവാസികള്‍- ദിവസേനെ മരിച്ചുവീഴുന്നു.

 

മോദി പറയുന്നത് ഗാന്ധിയുടെ രണ്ടു സന്ദേശങ്ങള്‍ സ്വാതന്ത്ര്യവും ശുചിത്വവുമാണെന്നാണ്. സ്വാഭാവികമായും അദേഹം സാമുദായിക സൌഹാര്‍ദവും സാമൂഹ്യ ഐക്യവും വിസ്മരിക്കും.

 

 

കഴിഞ്ഞയിടക്ക്, ‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’ എന്നു പറഞ്ഞ മോദിക്കിതൊന്നും എളുപ്പമാകില്ല. അയാള്‍ നനച്ചുവളര്‍ത്തുന്ന വര്‍ഗീയ വിദ്വേഷം നിറഞ്ഞ ‘ആണത്ത ഹിന്ദുത്വ’ത്തിന്റെ രാഷ്ട്രീയവും, മണ്ടന്‍ മായികതകളില്‍ അകപ്പെട്ട അക്രമാസക്തമായ ഇസ്ളാമിക പ്രത്യയശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടുന്ന ദിനങ്ങള്‍ വരാന്‍ പോകുന്നുണ്ട്. അപ്പോള്‍, ഗാന്ധിയുടെ പ്രത്യായശാസ്ത്രത്തോടുള്ള മോദിയുടെ പ്രതിബദ്ധത പരീക്ഷിക്കപ്പെടും. അദ്ദേഹം നവഖലിയിലേക്ക് നടക്കുമോ, അതോ ഇന്ദ്രപ്രസ്ഥത്തിലെ രാജാധികാരങ്ങളില്‍ വാണരുളുമോ?

 

ഇതുവരെയുള്ള അനുഭവം വെച്ചു  മോദി ഇക്കാര്യത്തില്‍ വിജയിക്കും എന്നതിന് തെളിവൊന്നുമില്ല. പൂനെ മുതല്‍ ഉത്തര്‍പ്രദേശ് വരെയും, അങ്ങ് മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍ വരെയും അയാളുടെ അനുയായികള്‍ അക്രമം നടത്തുമ്പോളൊക്കെ അതിനെയൊന്നപലപിക്കാതെ നിശ്ശബ്ദത പാലിച്ച മോദിയെങ്ങനെ ഒരു തുറന്ന സംഘര്‍ഷത്തില്‍ നീതി പുലര്‍ത്തും?

 

മോദിയൊരു പരിണാമത്തിന് വിധേയമായില്ലെങ്കില്‍ ഗാന്ധിയന്‍ പരീക്ഷണത്തില്‍ അദേഹവും പരാജയപ്പെടും. ആര്‍ക്കാണ് ആ പരീക്ഷണം നേരിടാനാവുക എന്നതാണു യഥാര്‍ത്ഥ ചോദ്യം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശരിക്കുള്ള ഒരു പുതുയുഗ ഗാന്ധിയുടെ വരവ് നമുക്ക് കാണാനാകുമോ? അതിനെ തള്ളിക്കളയേണ്ട. മഹാത്മാവായി സ്വയം നടിക്കുന്നവരുടെ വിരസമായ ആവര്‍ത്തനങ്ങള്‍ക്കപ്പുറം ഇന്ദ്രജാലങ്ങള്‍ക്കുള്ള ശേഷി ഈ സങ്കീര്‍ണമായ രാജ്യം എന്നും കരുതിവെക്കുന്നുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍