UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പരോക്ഷ ആഹ്വാനവുമായി ആര്‍ച്ച് ബിഷപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

അതേസമയം നല്ല നേതാക്കളെ തിരഞ്ഞെടുക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയും മോശമാക്കി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കത്തോലിക്ക വിശ്വാസികളോട് പരോക്ഷ ആഹ്വാനവുമായി ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ്. ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരും രാജ്യത്തെ തീവ്രദേശീയവാദ ശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നവരുമായവരെ തിരഞ്ഞെടുക്കുന്നതിനായി പ്രാര്‍ത്ഥിക്കണം എന്നാണ് വിശ്വാസികള്‍ക്കുള്ള കത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്റെ ആഹ്വാനം. ഇതേ തുടര്‍ന്ന് വിശദീകരണം തേടി ബിഷപ്പിന് ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇത് എന്തുകൊണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുന്നില്ല എന്ന് വിശദീകരിക്കണം എന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടനയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

നവംബര്‍ 21നാണ് ആര്‍ച്ച് ബിഷപ്പ് വിശ്വാസികള്‍ക്ക് കത്ത് നല്‍കിയത്. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ അപകടത്തിലാണെന്നും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ് പറയുന്നു. ഈ കത്ത് വോട്ടര്‍മാര്‍ക്കിടയില്‍ ഭീതി പടര്‍ത്താനും സമുദായാടിസ്ഥാനത്തിലടക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണെന്ന് പരാതിയില്‍ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി ആരോപിക്കുന്നു. ആര്‍ച്ച് ബിഷപ്പിനെതിരെ അടിയന്തരമായി നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതേസമയം നല്ല നേതാക്കളെ തിരഞ്ഞെടുക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയും മോശമാക്കി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍