UPDATES

അതേ, ഗാന്ധിസം നാടുനീങ്ങുകയാണ്

മിഖായേല്‍ ഗോര്‍ബ്ബച്ചേവ് ഭഗവത്ഗീത വായിച്ചതുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ ഇല്ലാതായതെന്ന് പറഞ്ഞാല്‍ അല്‍പ്പം കടന്നുപോകും. എന്നാല്‍ മഹാത്മാഗാന്ധിയെ അറിയാനും പഠിക്കാനും ശ്രമിച്ചത് വലിയൊരു വഴിത്തിരിവ് ആയി എന്ന് ഗോര്‍ബച്ചേവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസ്നോസ്റ്റും പെരിസ്‌ട്രോയിക്കയും ഗാന്ധിസത്തില്‍ നിന്ന് ഉടലെടുത്തവയാണെന്നല്ല. കമ്യൂണിസത്തിന്റെ പ്രയോഗം പിഴച്ചുപോയി എന്ന് മനസ്സിലാക്കാന്‍ മുന്‍ സോവിയറ്റ് പ്രസിഡന്റിനെ സഹായിച്ചതും സ്വാധീനിച്ചതും ഗാന്ധിജിയാണ്. ‘സത്യം ദൈവമാണ്’ എന്ന വലിയ തിരിച്ചറിവ് ആയിരുന്നു അത്.

മനുഷ്യരാശിയെ ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് ചേരിയാക്കി തിരിച്ച് മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും പേരില്‍ ലോകത്തുണ്ടാക്കിയ പിരിമുറുക്കം ഏഴര ദശാബ്ദങ്ങളോളം നീണ്ടുനിന്നു. മൂന്ന് തലമുറകള്‍ പരസ്പരം വര്‍ഗ്ഗശത്രുക്കളായി ഭാവിച്ച് മനോരോഗത്താല്‍ വശംകെട്ടു. മനുഷ്യരാശിയെ വിഭജിച്ച ആ ശത്രുതാഭാവത്തിന്റെ രണ്ട് നേതൃത്വം അമേരിക്കയും സോവിയറ്റ് യൂണിയനും ഏറ്റെടുത്തപ്പോള്‍ അത് ഭൂമിയിലെ അനന്തയുദ്ധമായിത്തീര്‍ന്നു. ‘ശീതയുദ്ധം’ എന്ന് വിളിക്കപ്പെട്ട ആ മാനസിക സംഘര്‍ഷത്തിന്റെ മരുന്ന് സത്യാന്വേഷിയായ ഗാന്ധിജിയുടെ ജീവിതപുസ്തകത്തിലുണ്ടായിരുന്നു എന്ന് ഇന്ത്യാക്കാരായതുകൊണ്ട് നമ്മളാരും അറിഞ്ഞിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് മഹാത്മജിയെ നിത്യവും കൊല്ലാനല്ലേ അറിയൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനോ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങോ നെല്‍സണ്‍ മണ്ടേലയോ പറഞ്ഞാലേ ഇന്ത്യക്കാര്‍ക്ക് ഗാന്ധിജിയുടെ മഹത്വം മനസ്സിലാകൂ. ദേശപ്രേമവും ആത്മാഭിമാനവും വേണ്ടത്ര ഉണ്ടെങ്കിലും കാര്യങ്ങളെ ചരിത്രബോധത്തോടെ മനസ്സിലാക്കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ മാറ്റുരച്ച് പരിശോധിക്കുന്നതില്‍ തോല്‍വിപറ്റിയതിനാല്‍ കള്ളനാണയങ്ങളെ തിരിച്ചറിയാതെ പോയി. കള്ളനാണയങ്ങള്‍ക്കിടയിലെ തങ്കനാണയത്തെ യഥാവിധി മനസ്സിലാക്കിയതുമില്ല. സുഭാഷ്ചന്ദ്രബോസിന്റെ അന്ത്യനാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ച് ആധുനിക ഇന്ത്യാചരിത്രത്തെ വഞ്ചിച്ചത് ആരായിരുന്നു എന്നും എന്തിനായിരുന്നു എന്നും അനുമാനിക്കാവുന്ന വിവരങ്ങള്‍ അല്‍പ്പാല്‍പ്പം പുറത്തുവന്നുകൊണ്ടിരിക്കുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 1945 ഡിസംബര്‍ 27 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമെന്റ് ആറ്റ്‌ലിക്ക് അയച്ച കത്ത് നോക്കുക:

Dear Mr. Attlee,
I understand from a reliable source that Subhash Chandra Bose, your war criminal, has been allowed to enter Russian territory by Stalin. This is a clear treachery and betrayal of faith by the Russians. As Russia has been on ally of the British-Americans, it should not have been done. Please take note of it and do what you consider proper and fit.

Yours sincerly
Jawaharlal Nehru

പ്രൊഫസര്‍ സമര്‍ഗുഹ എഴുതിയ ‘Netaji dead or alive?’ എന്ന കൃതിയില്‍ നിന്ന് ഉദ്ധരിക്കുന്നതാണ് നെഹ്രുവിന്റെ ഈ കത്ത്.

നേതാജിയുടെ തിരോധാന രഹസ്യത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് കമ്മീഷനുകള്‍ക്കു മുന്നില്‍ ഹാജരായി തെളിവ് നല്‍കുകയും സര്‍ക്കാര്‍ ഔദ്യോഗിക രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ മിക്കതും പാര്‍ലമെന്റിന്റെ പ്രത്യേക അനുമതിയോടെ പരിശോധിക്കുകയും ചെയ്തിട്ടുള്ള ലോക്‌സഭാ അംഗമായിരുന്നു സമര്‍ഗുഹ. തൈവാനിലെ തായ്‌പേ എന്ന സ്ഥലത്ത് വിമാനം തകര്‍ന്ന് 1945 ആഗസ്റ്റ് 18-ാം തീയതി സുഭാഷ് ചന്ദ്രബോസ് മരണമടഞ്ഞു എന്ന ‘വാര്‍ത്ത’ അടിസ്ഥാനരഹിതമാണെന്ന് നിരവധി തെളിവുകള്‍ നിരത്തി ലോക്‌സഭയില്‍ പ്രൊഫസര്‍ സമര്‍ഗുഹ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ യുക്തിയും അവതരിപ്പിച്ച തെളിവുകളുടെ സത്യസന്ധതയും മനസ്സിലാക്കിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമ്പരന്നുപോയിട്ടുണ്ടാകണം. പഞ്ചാബ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ജി.ഡി. ഘോസ്‌ല അദ്ധ്യക്ഷനായി ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ട് 1969 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് പിളര്‍പ്പ് കഴിഞ്ഞ് ഇന്ദിര വലിയ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്ന കാലമായിരുന്നു. സുഭാഷ്‌ബോസിന്റെ ആരാധകര്‍ മറുചേരിയില്‍ പോകാതെ നോക്കാനും അതേസമയംതന്നെ സുഭാഷിന്റെ തിരോധാന രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനും തല്‍ക്കാലം ഒരു അന്വേഷണ കമ്മീഷന്‍ ഇന്ദിരാഗാന്ധിക്ക് ആവശ്യമായിരുന്നു. നാല് വര്‍ഷക്കാലം ഘോസ്‌ല കമ്മീഷന്‍ തെളിവെടുത്തു എന്ന് വരുത്തിയശേഷം 1974 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ പാലിക്കേണ്ട കുറഞ്ഞ മര്യാദകള്‍ പോലും പാലിക്കാതെ ഇന്ദിരാഗാന്ധിയുടെ ഹിതാനുസാരിയായി ഒരു റിപ്പോര്‍ട്ട് എഴുതിയെന്നതിനു പുറമെ നേതാജിയുടെ കുടുംബാംഗങ്ങളെ തേജോവധം ചെയ്യാനും ഘോസ്‌ല കമ്മീഷന്‍ ശ്രമിച്ചു. പാര്‍ലമെന്റില്‍ അതേച്ചൊല്ലി ഒച്ചപ്പാടുയര്‍ന്നു. കല്‍ക്കത്ത ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് ഉത്ഭവിച്ചപ്പോള്‍ ജസ്റ്റിസ് ഘോസ്‌ല നിരുപാധികം മാപ്പുപറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന ഇത്തരം കോമാളിത്തരങ്ങളാണ് ചരിത്രപുരുഷനായ നേതാജിയുടെ ജീവിതാന്ത്യത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ ചെയ്തത്.

സത്യാന്വേഷണം ജീവിതപരീക്ഷണമാക്കിയ മഹാത്മാഗാന്ധിയുടെ രാജ്യം ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഊറ്റംകൊള്ളാറുണ്ട്. സുഭാഷ്‌ ബോസിന്റെ തിരോധാനമടക്കം നിരവധി വിഷയങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സത്യാന്വേഷണത്തിന് എന്തെങ്കിലും പരിഗണന നല്‍കിയിട്ടുണ്ടോ? ജനങ്ങളിവിടെ നിത്യവും വായിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മാധ്യമ വാര്‍ത്തകളിലെ സത്യം എത്രത്തോളമുണ്ടെന്ന് ആരു പരിശോധിക്കുന്നു? വാര്‍ത്തയും സത്യവും രണ്ട് വഴിക്കാണെന്ന് ശരിയായി മാധ്യമനിരീക്ഷണം നടത്തിയ വിഖ്യാത പത്രപ്രവര്‍ത്തകന്‍ വാള്‍ട്ടര്‍ ലിപ്മാന്‍ ഇങ്ങനെ എഴുതി: ”എം.കെ. ഗാന്ധി എന്റെ കണ്ണുതുറപ്പിച്ചു. പ്രത്യക്ഷാനുഭവം സത്യമാകണമെന്നില്ല. വാര്‍ത്തകളുടെ രൂപത്തില്‍ നിത്യവും വായിക്കുന്നത് ഏറെയും അര്‍ദ്ധസത്യങ്ങളോ പരമ അബദ്ധങ്ങളോ ആണ്. സംഭവങ്ങളുടെ ബാഹ്യ വിവരണങ്ങള്‍ മാത്രം. വസ്തുതകള്‍ അതായിരിക്കില്ല. സത്യമെന്താണെന്ന് ഗാന്ധിയെപ്പോലെ കഠിനമായി അന്വേഷിച്ചു കണ്ടെത്തേണ്ടി ഇരിക്കുന്നു. ഇന്ത്യയില്‍ നല്ല പത്രപ്രവര്‍ത്തനത്തിന്റെ മാതൃക എം.കെ. ഗാന്ധിയുടെ നവജീവന്‍, യംഗ് ഇന്ത്യ, ഹരിജന്‍ എന്നീ കാലിക പ്രസിദ്ധീകരണങ്ങളായിരുന്നു.” (Today and Tomorrow – Walter Lipman)

‘ശീതയുദ്ധം’ എന്ന പ്രയോഗം ലോകം ആദ്യമായി കേട്ടത് വാള്‍ട്ടര്‍ ലിപ്മാനില്‍ നിന്നാണ്. വാര്‍ത്തയും വസ്തുതയും രണ്ടാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഒക്‌ടോബര്‍ റവല്യൂഷെനെക്കുറിച്ച് പ്രമുഖ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമായിരുന്നു എന്ന് ലിപ്മാന്‍ പറഞ്ഞു. സോവിയറ്റ് ജനതയെ മനപ്പൂര്‍വം ശത്രുക്കളാക്കാന്‍ വേണ്ടി എഴുതപ്പെട്ടവ. ആ നുണകളെല്ലാം വിശ്വസിച്ച അമേരിക്കന്‍ ജനത വസ്തുതകള്‍ അറിയാതെ തെറ്റായ നിഗമനങ്ങളില്‍ എത്തിപ്പെടുകയും വികലമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന തീരുമാനങ്ങളായിരുന്നു അവ. വാര്‍ത്തയ്ക്കു പിന്നിലെ വസ്തുത കണ്ടുപിടിക്കാന്‍ പത്രപ്രവര്‍ത്തകര്‍ സൂക്ഷ്മമായ അന്വേഷണ സാമര്‍ത്ഥ്യം വളര്‍ത്തിയെടുക്കണമെന്ന് ലിപ്മാന്‍ ഉപദേശിച്ചു. വാട്ടര്‍ഗേറ്റ് വിവാദങ്ങളുടെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ വാഷിംഗ് ടണ്‍ പോസ്റ്റിന്റെ ലേഖകരായ ബോബ് വുഡ്‌വേര്‍ഡും കാള്‍ ബന്‍സ്റ്റീനും ആ ദൗത്യം ഏറ്റെടുത്ത് അമേരിക്കന്‍ ജനാധിപത്യത്തിന് കരുത്തുപകര്‍ന്നു. മാധ്യമവൃത്തിയില്‍ സത്യാന്വേഷണത്തിന്റെ ഉജ്വലമായ ഉദ്ഘാടനം ആയിരുന്നു അത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഒരു പ്രവണതയായി എല്ലാ ജനാധിപത്യ ലോകത്തേക്കും വളരാന്‍ അതു കാരണമായി. വാട്ടര്‍ഗേറ്റ് അന്വേഷണ പരമ്പരയുടെ ഉദ്വേഗം നിറഞ്ഞ അനുഭവങ്ങള്‍ ‘ആള്‍ ദ പ്രസിഡന്റ്‌സ് മെന്‍’ എന്ന ചലച്ചിത്രത്തിലൂടെ പുതിയ തലമുറയെ സാഹസികമായ പത്രപ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടാന്‍ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

സത്യാന്വേഷിയായ ഗാന്ധിജിയുടെ പ്രധാന കര്‍മ്മപഥമായിരുന്നു പത്രപ്രവര്‍ത്തനം. ജനങ്ങള്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്ന ലളിത പദങ്ങള്‍കൊണ്ട് അദ്ദേഹം എഴുതിയ ആശയങ്ങള്‍ രാജ്യമാകെ പടര്‍ന്നു. സത്യത്തിന്റെ തെളിഞ്ഞ ആകാശങ്ങളില്‍ മിന്നിത്തിളങ്ങിയ നക്ഷത്രങ്ങളെപ്പോലെ ഗാന്ധിജിയുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് വെളിച്ചവും വഴികാട്ടിയും ആയി. ഗാന്ധിജിയുടെ പത്രപ്രവര്‍ത്തന മാതൃക കേരളത്തില്‍ കെ. ബാലകൃഷ്ണന്‍ മുതല്‍ ഇ.എം.എസ്. വരെയുള്ളവര്‍ അനുകരിച്ചു. പരാജയത്തിന്റെ മൂല്യവും ഗഹനരഹസ്യങ്ങളുടെ നീലിമയും അടങ്ങിയ ഒരു അപൂര്‍വ സൗന്ദര്യം അതിനുണ്ടായിരുന്നു. അപൂര്‍വം എന്നാല്‍ മുമ്പ് ഇല്ലാത്തത് എന്നാണല്ലോ അര്‍ത്ഥം.

ആര്‍.കെ. ലക്ഷ്മണ്‍ ഒരു കാര്‍ട്ടൂണിലുടെ സ്വതന്ത്ര ഇന്ത്യയില്‍ മഹാത്മജിക്ക് സംഭവിക്കുന്ന ദുരന്തം ഒരിക്കല്‍ വരച്ചുകാട്ടി. ബോംബെ ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്തനായ ഒരു കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നു. ശ്രദ്ധേയമായ സ്ഥലത്ത് വിശേഷാലങ്കാരങ്ങളോടെ ഗാന്ധിജിയുടെ പോര്‍ട്രെയിറ്റ് അവിടെ സ്ഥാപിച്ചിരുന്നു. ഗാന്ധിത്തൊപ്പി ധരിച്ച കേന്ദ്രമന്ത്രി കുനിഞ്ഞു നിന്ന് ചിത്രം ആരുടേതാണെന്നറിയാന്‍ അടിക്കുറിപ്പ് വായിക്കാന്‍ ശ്രമിക്കുമ്പോള്‍ സെക്രട്ടറി ഓടിച്ചെന്ന് ചെവിയില്‍ ”ഗാന്ധിജി, സര്‍” എന്ന് പതുക്കെ പറഞ്ഞുകൊടുക്കുന്നു. കേന്ദ്ര ഭരണാധികാരികള്‍ക്ക് മഹാത്മജി അപരിചിതനാണെന്ന് പരിഹാസപൂര്‍വം ധ്വനിപ്പിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റിന്റെ ഭാവന സൃഷ്ടിച്ച ഈ വിമര്‍ശനം കൂടുതല്‍ അര്‍ത്ഥവത്തായിക്കൊണ്ടിരിക്കുന്നു. അതേസമയം ബൗദ്ധികലോകം ഗാന്ധിജിയെ അടുത്തറിയാന്‍ ആവേശപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. ഏഷ്യയുടെ വെളിച്ചമായിരുന്ന ബുദ്ധമതാശയങ്ങള്‍ ഇന്ത്യയില്‍ അണഞ്ഞുപോയതുപോലെ ഗാന്ധിസവും എന്നേക്കുമായി നാടുനീങ്ങിയെന്നു വരാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍