UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗണേഷ് കുമാര്‍ ആരുടെ ചാവേര്‍?

Avatar

വിഷ്ണു വി ഗോപാല്‍

ലീഗിനെ മെരുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കെ ബി ഗണേഷ് കുമാര്‍ ഇട്ട ബോംബില്‍ യുഡിഎഫില്‍ പൊട്ടലും ചീറ്റലും. യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച രീതിയില്‍ ഭരണം നടത്തുന്നതെന്ന്‍ കരുതുന്ന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേഷ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണം ലീഗിനെ കളങ്കപ്പെടുത്തുകയും സര്‍ക്കാരിനെ തന്നെ ഉലയ്ക്കുകയും ചെയ്തിരിക്കുകയാണ്. നാടകീയമായാണ് മന്ത്രിക്കെതിരെ ഗണേഷ് അഴിമതി ആരോപണം ഉന്നയിച്ചത്.   

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുവെന്നായിരുന്നു ആരോപണം. ശബരിമലയിലേക്കുള്ള പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ തകര്‍ച്ച പരിഹരിക്കാനാവശ്യപ്പെട്ടുള്ള ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കവേയാണ് ഭരണപക്ഷത്തെ ഞെട്ടിച്ച് ഗണേശ് മന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍ക്കെതിരെ അഴിമതിയാരോപണവുമായി രംഗത്തെത്തിയത്. പദ്ധതിയേതര ഫണ്ടില്‍ നിന്ന് തുക ചോദിച്ച തന്നോട് അങ്ങനെ ഫണ്ടില്ലെന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി പക്ഷേ സ്വന്തം മണ്ഡലത്തില്‍ 394 ഗ്രാമീണറോഡുകള്‍ ഇതേ ഫണ്ടുപയോഗിച്ച് പുനരുദ്ധരിച്ചെന്നും ഗണേശ് കുറ്റപ്പെടുത്തി. എന്നാല്‍, ഗണേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഇബ്രാഹിംകുഞ്ഞ്, ഗണേഷ് പറഞ്ഞു എന്നതുകൊണ്ട് താനത് തള്ളുന്നില്ലെന്നും ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. 

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ വിജിലന്‍സ് നടപടി ഉണ്ടായ വേളയില്‍ ഇതിനേക്കാള്‍ വലിയ കാട്ടുപോത്തുകളെ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് പ്രസംഗിച്ചിരുന്നു. കാട്ടുപോത്തുകളുടെ കഥ ഓര്‍മ്മിപ്പിച്ച് സംസാരിച്ചു തുടങ്ങിയ ഗണേഷ്, സൂരജ് ഒറ്റയ്ക്കല്ലെന്നും അഞ്ച് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചാല്‍ എല്ലാവരെയും പിടിക്കണമെന്നും പറഞ്ഞു. തുടര്‍ന്നാണ് മന്ത്രിയുടെ മൂന്ന് പെഴ്‌സണല്‍സ്റ്റാഫംഗങ്ങളെ പേരെടുത്ത് ആക്രമിച്ചത്. എം.എല്‍.എ എന്ന നിലയില്‍ തനിക്ക് അപമാനം സഹിക്കേണ്ടി വന്നു. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം.അബ്ദുള്‍റാഫി, അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഐ.എം. അബ്ദുള്‍റഹ്മാന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഓഫീസില്‍ അഴിമതി അരങ്ങേറുന്നതെന്നും ഗണേഷ് വെളിപ്പെടുത്തി. 

ആരോപണത്തില്‍ അമ്പരന്നുപോയ ഭരണപക്ഷം ഒന്നാകെ ഗണേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വൈകാരികമായാണ് ഗണേഷ് സംസാരിച്ചത്. ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ വേറൊരു മന്ത്രിക്ക് എതിരെയുള്ള തെളിവുകളുണ്ടെന്നായിരുന്നു മറുപടി. ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്ന ഗണേഷിന്റെ ആവശ്യം പ്രതിപക്ഷം ഏറ്റെടുത്തത്തോടെ സഭ സ്തംഭിക്കുകയായിരുന്നു.

ബാര്‍കോഴയില്‍ വഴുതി കേരളാ കോണ്‍ഗ്രസും കെ.എം. മാണിയും ഇടഞ്ഞതിന്റെ ക്ഷീണം മാറും മുന്‍പ് പുതിയ വിവാദം കോണ്‍ഗ്രസിലെ മുന്നണി ബന്ധത്തെ ഉലയ്ക്കുകയാണ്. ഗണേഷിനെ ഇറക്കി ലീഗിനെ ആരോപണമുനയില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയുടെ കളിയാണെന്നാണ് ലീഗ് ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ ലീഗ് പടയൊരുക്കം തുടങ്ങി. മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നിയമസഭയില്‍ ഉയര്‍ന്ന ആരോപണം ഉമ്മന്‍ചാണ്ടി കളിച്ച ചാണക്യ തന്ത്രമാണെന്ന് ലീഗ് ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ മുന്നണിയിലെ പ്രബലരായ രണ്ട് ഘടകക്ഷികളെ തന്‍റെ വരുതിയില്‍ നിലനിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രം ഇത്തവണ പൊളിയുന്നിടത്തേക്കാണ് കാര്യങ്ങളെത്തുന്നത്. 

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ആവശ്യം ശക്തമായപ്പോഴാണ് ബാര്‍ കോഴ വിവാദം പൊങ്ങി വന്നത്. ആരോപണമുന്നയിച്ചത് ഉമ്മന്‍ചാണ്ടിയുടെ അടുപ്പകാരനായിരുന്ന ബിജു രമേശും. കോടികള്‍ കൊടുത്ത് കോടികള്‍ കൊയ്യുന്ന മദ്യ വ്യവസായ മേഖലയില്‍ ഒരു കോടിയുടെ കോഴ വലിയ സംഭവമല്ല. എന്നാല്‍ മാണിയുടെ മുഖ്യമന്ത്രി മോഹത്തെയും എല്‍ഡിഎഫിലേക്ക് ചാടാനുള്ള നീക്കത്തെയും  ഉമ്മന്‍ചാണ്ടി വെട്ടി. ബാറുടമകളെ സ്വാധീനിച്ച് മാണിയെ കുടുക്കിയത് മുഖ്യമന്ത്രിയാണെന്ന് കേരളാകോണ്‍ഗ്രസ് തുടക്കത്തിലേ ആരോപിച്ചിരുന്നു. പി.സി. ജോര്‍ജ്ജടക്കം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വരുകയുണ്ടായി.

ബെസ്റ്റ് ഓഫ് അഴിമുഖം 

കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാന്‍ സുധീരനാകുമോ?
എന്നിട്ടും ഉമ്മന്‍ ചാണ്ടി ഭരിച്ചുകൊണ്ടേയിരിക്കുന്നു
ഇത് ടി.ഒ സൂരജ് സ്റ്റൈല്‍
സോളാര്‍ വഴിയേ ബാറും; ഇവരുടെ ഒത്തുതീര്‍പ്പുകള്‍ക്ക് നമ്മള്‍ നല്‍കുന്ന വില
ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!

ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ കുടിയിരുത്താനുള്ള മുഖ്യമന്ത്രിയുടെ മോഹം തട്ടിത്തെറിപ്പിച്ചത് മുസ്ലീംലീഗും രമേശ് ചെന്നിത്തലയുമാണ്. ലീഗിനെ വിരട്ടി നിര്‍ത്താന്‍ മുഖ്യമന്ത്രി നടത്തിയ തന്ത്രമാണ് ഗണേഷ്കുമാറിന്റെ അഴിമതി ആരോപണം. എന്തൊക്കെയോ കയ്യിലുണ്ടെന്ന് കാണിച്ച് വിരട്ടുക മാത്രമായിരുന്നു നിയമസഭയിലെ പ്രകടനം കൊണ്ട് ഗണേഷ്കുമാര്‍ ഉദ്ദേശിച്ചത്. കൂടുതല്‍ നടപടികളിലേക്ക് പോകാതെ ലീഗിനെ നിലയ്ക്ക് നിര്‍ത്താനുള്ള ആയുധം പക്കലുണ്ടെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അസമയത്തും ചട്ട വിരുദ്ധമായും ആരോപണം ഉന്നയിച്ചതെന്നത് വ്യക്തം. സഭയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കണമെങ്കില്‍ നേരത്തെ സ്പീക്കര്‍ക്ക് എഴുതിക്കൊടുക്കണമെന്ന് അറിയാത്ത ആളല്ല മുതിര്‍ന്ന എംഎല്‍എയും മന്ത്രിയുമായിരുന്ന ഗണേഷ്കുമാര്‍. സഭയില്‍ ചില കാട്ടുപോത്തുകളുടെ തൊലിയുരിക്കുമെന്ന് പരസ്യമായി പറഞ്ഞത് പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടപ്പാക്കുകയായിരുന്നു. ആരോപണം അതിരു കടന്നിട്ടും മുഖ്യമന്ത്രി ഗണേഷിനെ നിയന്ത്രിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ഇരുവരും ചേര്‍ന്നെടുത്ത അടവ് നയം കൊണ്ടാണെന്നാണ് ലീഗ് ആരോപിക്കുന്നത്. ലീഗ് അംഗങ്ങള്‍ ബഹളം വച്ചിട്ടും മുഖ്യമന്ത്രി ഗണേഷിനെ തടഞ്ഞില്ലെന്നും ലീഗ് കുറ്റപ്പെടുത്തുന്നു. ഗണേഷിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് യുഡിഎഫ് അടിയന്തര യോഗത്തില്‍ ലീഗ് ആവശ്യപ്പെട്ടുകഴിഞ്ഞു. ലീഗിനെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി മെനഞ്ഞ തന്ത്രം തിരിഞ്ഞ് കുത്താന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും ബാര്‍കോഴ വിവാദം കെട്ടടങ്ങിയപോലെ ലീഗിനെതിരായ നീക്കം കെട്ടടങ്ങില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കലാപത്തിന്‍റേതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.  

 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍