UPDATES

കേരളം

കാലിയ റഫീഖ്: മംഗളൂരു-മുംബൈ വഴി ദുബായ് വരെ നീളുന്ന അധോലോക സാമ്രാജ്യത്തിലെ പ്രധാനി

ചൊവ്വാഴ്ച രാത്രി 11.15യോടെ മംഗളൂരു കെ.സി റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഉള്ളാളിനടുത്ത് കാലിയയെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു

കുമ്പള മുതല്‍ മംഗലപുരം വരെയുള്ള അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവ്, മംഗളൂരു-മുംബൈ വഴി ദുബായ് വരെ എത്തിനില്‍ക്കുന്ന അധോലോക സാമ്രാജ്യത്തിലെ ഉപ്പളയിലെ പ്രധാനി; ഇങ്ങനെ പലതും കാലിയ റഫീഖ് എന്ന പേരിനൊപ്പം വായിക്കാമായിരുന്നു. കഴിഞ്ഞ ദിവസം അധോലോക കുടിപ്പകയില്‍ എരിഞ്ഞടങ്ങിയ കാലിയയുടെ ചരിത്രം ഏതോരു മാഫിയ തലവന്റെയും കഥയുടെ ആവര്‍ത്തനമാണ്.

ഉപ്പള മണിമുണ്ടയില്‍ ബപ്പായിതൊട്ടില്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് ഉപ്പള ഹിന്ദുസ്ഥാന്‍ സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ആറു കൊല്ലംകൊണ്ട് കാലിയ റഫീഖായി പേരെടുത്തു. ദാരിദ്ര്യം കാരണം തുടക്കത്തില്‍ കവര്‍ച്ചയില്‍ തുടങ്ങി ഗുണ്ടയായി മാറിയ കാലിയ 16-ാം വയസ്സില്‍ തന്നെ ജയിലില്‍ കയറി തുടങ്ങി. പിന്നീട് വാഹന കവര്‍ച്ചകളിലേക്കും നീങ്ങിയ കാലിയ മംഗലപുരം ഹൈവേയിലെ ചരക്കുലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുകയും വ്യാപാരികളില്‍ നിന്ന് ഹഫ്ത പിരിവ് നടത്തുകയും ചെയ്തിരുന്നു. പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍, വധശ്രമം, കൊലപാതകം, കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടുപോകല്‍ ഇങ്ങനെ പല കേസുകളും കാലിയയുടെ പേരിലുണ്ട്. 2000 മുതല്‍ 2009 വരെ 15 കേസുകളും 2010 മുതല്‍ 2016 എട്ടുകേസുകളുമാണ് നിലവില്‍ കാലിയയുടെ പേരിലുണ്ടായിരുന്നത്. ഇതുള്‍പ്പടെ കേരളത്തില്‍ രണ്ട് കൊലക്കേസടക്കം 35-ലധികം കേസുകളില്‍ പ്രതിയായിരുന്നു റഫീഖ്. പല കേസുകളും സ്വാധീനംകൊണ്ട് തേച്ചുമായ്ച്ചു കളയുകയായിരുന്നു ഇയാള്‍. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാലിയ്‌ക്കെതിരെ വേറെയും കേസുകളുണ്ട്. ഉപ്പളയിലെ ഗ്രൂപ്പില്‍ അംഗമായതോടെയാണ് കാലിയ റഫീഖ് എന്ന അപരനാമം ശരിക്കും ആധോലോകത്ത് പ്രസിദ്ധി നേടുന്നത്.

ഉപ്പളയിലെ ഗുണ്ടാസംഘത്തില്‍ പ്രധാനിയായി വന്നതോടെ ശത്രുകളും വര്‍ദ്ധിച്ചു. തനിക്കെതിരെയുള്ള കേസുകള്‍ക്ക് കാരണം കൂടെയുള്ളവരാണെന്ന് തിരിച്ചറിഞ്ഞ കാലിയ അവരെ വേട്ടയാടാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് സംഘ തലവന്‍ അബ്ദുല്‍ മുത്തലിബ് എന്നയാളെ കൊന്നതോടെ കാലിയ ഉപ്പള ഗുണ്ടാസംഘത്തിന്റെ നേതാവായി മാറി. മുത്തലിബിന്റെ കൊലപാതകതിന് പ്രതികാരമായി പലതവണയായി വധിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും പലപ്പോഴും ഭാഗ്യം കാലിയ്‌ക്കൊപ്പമായിരുന്നു. പോലീസിലും ഭരണത്തിലും സ്വന്തക്കാര്‍ ഉണ്ടായിരുന്നതും കാലിയയ്ക്ക് ഗുണകരമായി. എന്നാല്‍ അടുത്തകാലത്ത് പോലീസിലെ പുതിയ ഉദ്യോഗസ്ഥര്‍ വെല്ലുവിളി ഉയര്‍ത്തിയത്തോടെ കാസര്‍ഗോട്ടെ കാലിയയുടെ സാമ്രാജ്യത്തിന് ഇളക്കം തട്ടിതുടങ്ങി. സാധാരണക്കാരെ ഉപദ്രവിക്കാത്ത റഫീഖിന് ജനങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ടായിരുന്നുവെന്നാണ് പലകാര്യങ്ങളും തെളിയിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ കാലിയെ ആരും പോലീസിനെ ഒറ്റുകൊടുക്കാറില്ല. എന്നാല്‍ ഇത് കാലിയെ ഭയന്നാണെന്നും പറയാറുണ്ട്.

എന്തും ചെയ്യാനുള്ള തന്‍േറടവും ഏതു കാര്യവും കൃത്യതയോടെ നടത്താനുള്ള കഴിവുമായിരുന്നു കാലിയെ ഉപ്പള സംഘത്തില്‍ നിന്ന് ഉയര്‍ത്തിയത്. ദയാദാക്ഷിണ്യം ഇല്ലാതെ പകവെച്ചു ക്രൂരമായി പകപോകുന്ന പ്രത്യേക സ്വഭാവമാണ് എതിരാളികള്‍ കാലിയയെ ഭയപ്പെടാന്‍ കാരണം. 2016 ജനുവരി മുതല്‍ ജൂണ്‍ വരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ പ്രകാരം തടവില്‍ കഴിയുകയായിരുന്ന കാലിയ കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ഇതിനുശേഷം രണ്ടുതവണയാണ് ഇയാളെ വെടിവെച്ചു കൊല്ലാന്‍ ശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെടുകയായിരുന്നു. മുത്തലിബിനെ കൊന്ന വൈരാഗ്യത്തില്‍ നൂറലിയുടെ (മുത്തലബിന്റെ സഹോദരന്‍) സംഘാംഗങ്ങളാണ് ഇതിനുപിന്നില്‍ എന്നു കരുതുന്നത്. അതിക്രൂരമായിട്ടായിരുന്നു കാലിയ, മുത്തലിബിനെ കൊന്നത്. 2013 ഒക്ടോബര്‍ 24-ന് രാത്രി 10.40-ന് കോടേരി ഒരു ഫ്‌ളാറ്റില്‍ നിന്നിറങ്ങി കാറില്‍ വരികയായിരുന്ന മുത്തലബിനെ ഓട്ടോയില്‍ പിന്തുടര്‍ന്ന സംഘം കാറിന്റെ ടയറില്‍ വെടിവച്ച് നിര്‍ത്തി മൃഗീയമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു.


കാലിയയെ കൊലപ്പെടുത്തിയതിലും ഈയൊരു സാമ്യമുണ്ട്. ചൊവ്വാഴ്ച രാത്രി 11.15 മണിയോടെ മംഗളൂരു കെ.സി റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഉള്ളാളിനടുത്ത് കാലിയയെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കാസര്‍ഗോഡ് നിന്ന് മംഗലാപുരം ഭാഗത്തേക്ക് കാറില്‍ പോവുകയായിരുന്നു കാലിയയെ പിന്തുടര്‍ന്നെത്തിയ മിനിലോറി കെട്ടേക്കാര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ കാറില്‍ എത്തിയ സംഘം ബിസി റോഡിലെ പെട്രോള്‍ പമ്പില്‍ ഒളിക്കാന്‍ ശ്രമിച്ച കാലിയെ വെടിവെയ്ക്കുകയും തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മുത്തലബിനെ കൊന്നതിന്‍റെ പ്രതികാരമാണെന്നാണ് പോലീസ് ഭാഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍