UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വടക്കാഞ്ചേരി: വീണ്ടും വീണ്ടും വെളിപ്പെടുന്ന മലയാളിയുടെ ആണധികാര ലൈംഗിക ധാര്‍ഷ്ട്യം

Avatar

ജിസ ജോസ്

ഇരയുടെ വെളിപ്പെടുത്തലുകൾ, അന്വേഷണോദ്യോഗസ്ഥനെ മാറ്റിക്കൊണ്ടുള്ള തുടരന്വേഷണം, ആരോപണ വിധേയരായ രണ്ടു പേരെ അവരുൾപ്പെട്ട പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്യൽ, (അതേസമയം അവരിലൊരാൾ വഹിച്ചുകൊണ്ടിരുന്ന ഔദ്യോഗിക ചുമതലയിൽ നിന്നൊഴിവാക്കിയിട്ടുമില്ല ) ഇരയുടെ പേരു വെളിപ്പെടുത്തൽ, അവരുടെ മുൻകാല ജീവിതത്തിലെ കറുത്ത പാടുകൾ ഗവേഷണം ചെയ്തു കണ്ടെത്തൽ, അങ്ങനെയൊന്നും ഇല്ലെങ്കിൽ ഉള്ളതായി സ്ഥാപിക്കൽ തുടങ്ങി കേരളത്തിലെ എണ്ണമറ്റ ലൈംഗികാതിക്രമ കേസുകളുടെ പതിവുചാലിൽ തന്നെ പുരോഗമിക്കുകയാണ് വടക്കാഞ്ചേരി കൂട്ടബലാൽസംഗം. ഒരേയൊരു വ്യത്യാസം ഇരയായ സ്ത്രീയ്ക്കു ഇക്കാര്യങ്ങൾ തുറന്നു പറയുന്നതിനു ലഭിച്ച നിർണായകമായ പിന്തുണയാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെയോ എൻജിഒകളുടെയോ അല്ലെന്നതും ശ്രദ്ധേയമാണ്. ആരോപണ വിധേയന്റെ/പ്രതിയെന്നു സംശയിക്കുന്ന ആളുടെ പേരു വെളിപ്പെടുത്താമെങ്കിൽ ഇരയായ യുവതിയുടെ പേരും വെളിപ്പെടുത്താമെന്ന  യുക്തി, സ്ത്രീ പീഡകരെ കശ്മലരെന്നു വിളിച്ച് അവരെ ഒറ്റപ്പെടുത്തണമെന്നാഹ്വാനം ചെയ്ത മുഖ്യമന്ത്രി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ഉദാഹരണങ്ങൾക്കായി ഉത്തരേന്ത്യയിലേക്കു മാത്രം നോക്കിയതിന്റെ രാഷ്ട്രീയം, ഇത് രണ്ടു വർഷം മുമ്പു നടന്നതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്വം അന്നത്തെ ഭരണകക്ഷിക്ക് ആണെന്ന രീതിയിലുള്ള ന്യായവാദങ്ങൾ എല്ലാം ചൂണ്ടുന്നത് ഈ ലൈംഗികാതിക്രമ കേസിന്റെ നിഷ്ഫലമാവാനിടയുള്ള ഭാവിയിലേക്കു തന്നെയാണ്.

ഒരുപക്ഷേ ഇതൊരു വ്യാജ ആരോപണമാവാം എന്ന വാദമുയര്‍ത്തുന്നവരുണ്ട്. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങൾ, എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ ശത്രുത തോന്നുന്ന പ്രശസ്തരായ പുരുഷന്മാരുടെ സ്വഭാവഹത്യ ചെയ്യുന്നതിനു വേണ്ടി സ്ത്രീകൾ ഉപയോഗപ്പെടുത്തുന്നുവെന്ന വിശ്വാസം ശക്തമായുണ്ടുതാനും. ഇന്ന പുരുഷൻ തന്നെ ബലാൽക്കാരം ചെയ്തുവെന്നു പ്രഖ്യാപിക്കുന്നത് സ്ത്രീകൾ അഭിമാനകരമായി കരുതുന്നുവെന്നത് നിലനിൽക്കുന്ന ഒരു ആൺ ധാരണയാണ്. കൂട്ടബലാൽക്കാരങ്ങളിലാവട്ടെ ഇരയായവൾ ‘മാന്യ’യെങ്കിൽ മൗനം പാലിക്കാനാണു കൂടുതൽ സാധ്യത. ഇതൊന്നും തുറന്നു പറയേണ്ടവയല്ല. ബലമായ ലൈംഗികതയെക്കുറിച്ച് ആൺ നിർമ്മിതമായ അബദ്ധ ധാരണകളെത്രയുണ്ടോ അത്രയും തന്നെ അതിക്രമ വിധേയയായ സ്ത്രീയുടെ തുടർ ജീവനത്തെ സംബന്ധിച്ചും സമൂഹമനസ്സിൽ രൂഡമൂലമായിട്ടുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഇളക്കിമറിക്കുന്ന ചർച്ചകൾ എല്ലായ്പ്പോഴും സ്ത്രീയും ലൈംഗികതയുമായി ബന്ധപ്പെട്ടവയാവുന്നതും ഉപരിപ്ലവമായ, ഇക്കിളികൾക്കും മാധ്യമ വിസ്താരങ്ങൾക്കുമപ്പുറം ഇത്തരം കേസുകൾ ഒന്നും അവശേഷിപ്പിക്കുന്നില്ലെന്നും സത്യമാണ്. വടക്കാഞ്ചേരിയിലെ സ്ത്രീയുടെ വെളിപ്പെടുത്തലുകളിലെ സത്യം തുടരന്വേഷണങ്ങളിൽ വെളിപ്പെട്ടേക്കാം, ഇരുപതു വർഷമായിട്ടും പൂർണ്ണമായി നീതി കിട്ടാത്ത സൂര്യനെല്ലി പെൺകുട്ടിയെപ്പോലെ അവർ ഇനിയും അവഹേളിക്കപ്പെട്ടേക്കാം, മറ്റൊരു കേസ് ഉയർന്നു വരുന്നതോടെ ഇത് അപ്രസക്തമാവാം. പ്രതികളെന്ന് ഇപ്പോൾ സംശയിക്കപ്പെട്ടവർ ഇരകളുടെ സ്ഥാനത്തേക്കു മാറ്റിയിരുത്തപ്പെടാം. (ഇപ്പോൾ തന്നെ അത്തരം പൊതുബോധ നിർമ്മിതി നടക്കുന്നുണ്ട്. അവൾ ശരിയല്ല, അവൾക്കെതിരെ കേസുകളുണ്ട്, അവളുടെ ഭർത്താവ് മദ്യപാനിയാണ്, ബലാൽക്കാരം നടന്നിട്ടുണ്ടെങ്കിൽ  അവൾ പ്രലോഭിപ്പിച്ചതുകൊണ്ടാവും, ഇത് അവളുടെ നിന്ദ്യമായ ബ്ലാക് മെയിലിംഗ് ആണ് അങ്ങനെയങ്ങനെ…) ഇങ്ങനെ എന്തും സംഭവിക്കാവുന്ന സാംസ്കാരികാന്തരീക്ഷമാണ് കേരളത്തിന്റേത്. അതാവട്ടെ രാഷ്ട്രീയ വിശ്വാസങ്ങളുമായി അഭേദ്യമായി ഇടകലർന്നതുമാണ്. അതുകൊണ്ടു തന്നെ ഇത് ആക്രമിക്കപ്പെട്ട സ്ത്രീക്ക് നീതി കിട്ടുകയെന്ന പ്രാഥമിക മനുഷ്യാവകാശ പ്രശ്നമായി ഒരിക്കലും പരിഗണിക്കപ്പെടുകയില്ല.

വടക്കാഞ്ചേരിയിലെ യുവതി വെളിപ്പെടുത്തിയ കാര്യങ്ങളിലെ സത്യത്തെയും അസത്യത്തെയും വേർതിരിച്ചെടുക്കേണ്ടത് തുടരന്വേഷണങ്ങളും നമ്മുടെ നീതിന്യായ വ്യവസ്ഥയുമാണ്. പക്ഷേ അവൾ ഇപ്പോൾ പറഞ്ഞിരിക്കുന്ന വസ്തുതകളെക്കുറിച്ചുള്ള ന്യായ വിചാരങ്ങൾ നമ്മുടെ സമൂഹ ഘടനയിലെ നിന്ദ്യവും ക്രൂരവുമായ അധീശ വ്യവഹാരങ്ങൾ തുറന്നു കാട്ടുന്നു. സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണവ. പക്ഷേ നിരന്തരം ആവർത്തിക്കപ്പെടുന്നവയും. 

ബലാൽക്കാരം ലൈംഗികവൃത്തിയല്ല, കുറ്റകൃത്യമാണ് എന്നു സ്ഥാപിച്ച സൂസൻ ബ്രൗൺ മില്ലർ തീയുടെയും മറ്റും കണ്ടുപിടുത്തം പോലെ പുരാതനമായ ഒന്നാണ് പുരുഷന്റെ ലിംഗം സ്ത്രീകളെ ഭയപ്പെടുത്താനുള്ള ആയുധമാണെന്ന കണ്ടുപിടുത്തമെന്ന്‍ പറയുന്നുണ്ട്‌. ആനന്ദത്തിനായല്ല, സ്ത്രീയെ വഴിപ്പെടുത്താൻ, അനുസരിപ്പിക്കാൻ, ഭയപ്പെടുത്താൻ പുരുഷലിംഗം ഉപയോഗിക്കുകയാണ്. നാലു പുരുഷന്മാർ ക്രൂരമായി ചവിട്ടിമെതിച്ച സ്ത്രീയുടെ ആദ്യ പരാതിയോടുള്ള പ്രതികരണങ്ങളുടെ രാഷ്ട്രീയം പൂർണമായും ഇരകളോടുള്ള ആൺ മനോഭാവം വ്യക്തമാക്കുന്നതാണ്. ഡൽഹി കേസിനു ശേഷം ക്രിമിനൽ നിയമം ഓർഡിനൻസ് 2013-ൽ ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടിക്രമം എന്നീ പ്രാബല്യത്തിലുള്ള നിയമങ്ങളിൽ വരുത്തിയ ഭേദഗതികളിൽ Rape (പിടിച്ചെടുക്കുക, ബലം പ്രയോഗിച്ച് എടുക്കുക) എന്ന വാക്ക് ഈ കൃത്യത്തിന്റെ ക്രൗര്യത്തെ വിശേഷിപ്പിക്കുന്നതിന് അപര്യാപ്തമായതുകൊണ്ടാവാം Sexual Assault (ലൈംഗികാതിക്രമം / ലൈംഗിക ബലാൽക്കാരം) എന്ന പദം ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. ഇവിടെ ഇരയായ സ്ത്രീയെ പരാതി പിൻവലിക്കേണ്ട മാനസികാവസ്ഥയിലെത്തിച്ചത് അവൾക്ക് എല്ലാത്തരത്തിലുമുള്ള സംരക്ഷണം നൽകേണ്ട നീതിവ്യവസ്ഥയാണെന്നതു ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. ഇരകളായ സ്ത്രീകളോട് ഇങ്ങനെയല്ലാതെ പെരുമാറാൻ നമ്മുടെ പോലീസ് സംവിധാനത്തിന്റെ ആൺ ധാർഷ്ട്യത്തിനു കഴിയുമോ എന്നതും സംശയമാണ്.

 

മൊഴി രേഖപ്പെടുത്തേണ്ടത്, വനിതാ പോലീസ്, അവർക്ക് നിയമ സഹായം, മാനസിക പിന്തുണയ്ക്ക് ആരോഗ്യ സുരക്ഷാ ജീവനക്കാരുടെ സഹായം, ഇരയുടെ മൊഴി കേസെടുക്കുന്നതിന് അന്തിമം തുടങ്ങി 2013 ഓർഡിനൻസിലെ നിയമഭേദഗതികളൊന്നും ഇവിടെ ബാധകമായിട്ടുണ്ടെന്നു തോന്നുന്നില്ല. സ്ത്രീയുടെ മാന്യതക്കു കോട്ടം തട്ടുന്ന രീതിയിലുള്ള ആംഗ്യം, വാക്ക്, പ്രവൃത്തി, വാചികമോ ശാരീരികമോ ആയ ലൈംഗിക പെരുമാറ്റം, ലൈംഗിക ചുവയുള്ള സംഭാഷണം ഇതെല്ലാം പീഡനത്തിന്റെ പരിധിയിൽ വരുന്ന ഒരു രാജ്യത്തെ, പോലീസ് സ്റ്റേഷനിലാണ് പരാതിയുമായെത്തിയ സ്ത്രീ ഈ വിധം വാക്കുകൾ കൊണ്ട് ലൈംഗികമായി വീണ്ടും പീഡിപ്പിക്കപ്പെട്ടതും അപമാനിതയായതും. ഡൽഹി സംഭവത്തിനു മുമ്പും പിമ്പുമായി ഡൽഹി കേന്ദ്രീകരിച്ച്  തെഹൽക നടത്തിയ ചില സർവ്വേകളിൽ നിയമ സംരക്ഷകരായ പോലീസുകാരിൽ മൃഗീയ ഭൂരിപക്ഷവും രാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകൾ, കൂടെ പുരുഷന്മാരുണ്ടായാലും ഇല്ലെങ്കിലും ബലാൽസംഗത്തിനു യോഗ്യയാണെന്നും ഇത്തരം കേസുകളിൽ പരാതി കൊടുക്കുന്ന സ്ത്രീകൾ സദാചാരപരമായി നല്ലവരല്ല, ബ്ലാക്മെയിലിംഗ് പോലുള്ള ദുരുദ്ദേശങ്ങളാണവർക്കുള്ളതെന്നും വിശ്വസിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ പോലീസുകാരുടെ വിശ്വാസവും മറ്റൊന്നല്ല.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് ഭരണകൂടത്തിന്റെ (അതിൽ കക്ഷിരാഷ്ട്രീയഭേദമില്ല. അധികാര കേന്ദ്രമെന്നു മാത്രം) അറിവും മൗനാനുവാദവും ഉണ്ടെന്നതിന്റെ പുതിയ ഉദാഹരണമാണ് വടക്കാഞ്ചേരി കേസിൽ പോലീസ് സ്റ്റേഷനിൽ ഇരയ്ക്കു നേരിടേണ്ടി വന്ന അനുഭവം. അധികാരം അതിക്രമത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്നു. ലൈംഗികാതിക്രമങ്ങളിൽ ആസ്വാദനവും ആനന്ദവുമുണ്ടെങ്കിൽ അതു പുരുഷനു മാത്രമാണെന്ന തിരിച്ചറിവില്ലാതെ. തുളച്ചുകയറലിലൂടെയുള്ള അധികാരസ്ഥാപനവും സ്ഖലനത്തിലൂടെയുള്ള ആനന്ദവും പുരുഷന്റേതു മാത്രമാണ്. സ്വന്തം ശരീരത്തിലേക്കുള്ള അപ്രിയകരമായ ലിംഗപ്രവേശം സ്ത്രീക്ക് ആനന്ദദായകമാണെന്ന മുൻവിധി ആധിപത്യത്തിന്റെ, അജ്ഞതയുടെ പ്രതിഫലനമാണ്. സ്ത്രീയെ നിശബ്ദയാക്കാൻ, കീഴടക്കാൻ, മര്യാദ പഠിപ്പിക്കാൻ ബലാൽക്കാരമെന്ന നയം, പുരുഷനിൽ അവന്റെ സാമൂഹിക രൂപപ്പെടലുകളുടെ കാലത്തേ വളർന്നു വരുന്നതാണ്. അതുകൊണ്ടാണ് ദാമ്പത്യങ്ങളിൽ പോലും ചിലപ്പോൾ ബലാൽക്കാരം നടക്കുന്നത്. അതൊരു ജൈവികചോദനയല്ല. അധികാര വ്യഗ്രത മാത്രമാണ്. ബലാൽസംഗം ചെയ്തയാളെ പ്രണയിക്കുക, ശാരീരികമായി കീഴ്പ്പെടുത്തിയ പുരുഷനെ ആരാധിക്കുക ഇതൊക്കെ പൊതുബോധം നിർമ്മിച്ചെടുത്ത് സമൂഹ മനസിൽ വിക്ഷേപിക്കുന്ന ധാരണകൾ മാത്രമാണ്; യാഥാർത്ഥ്യമല്ല. ശരീരത്തിലേക്കുള്ള ലൈംഗികമായ ഏതു കടന്നുകയറ്റവും വേദനാജനകവും അപമാനകരവുമാണ്. ആൺ – പെൺ ലൈംഗികതയിലെ, ആസ്വാദനശീലങ്ങളിലെ അന്തരങ്ങൾ വ്യത്യസ്തമാണെന്ന തിരിച്ചറിവും രതി സ്ത്രീയെ സംബന്ധിച്ച് ഒരു ശാരീരിക ശമനമല്ലെന്ന ബോധവും ഉണ്ടാവുമ്പോൾ മാത്രമേ ബലമായ ലൈംഗികത അവൾക്ക് എത്രത്തോളം അപമാനകരമാണെന്നു മനസിലാക്കാനാവൂ. ആര് പീഡിപ്പിച്ചപ്പോഴാണ് കൂടുതൽ സുഖമനുഭവിച്ചതെന്ന നിയമസംരക്ഷകന്റെ ആ ചോദ്യം കേരളം കേട്ട ഏറ്റവും അശ്ലീലമായ ചോദ്യങ്ങളിലൊന്നാണ്. ഈ ചോദ്യം നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതി മുറികളിലും  നിരന്തരം ആവർത്തിക്കുന്നുമുണ്ടാവും. ആണധികാര ധാർഷ്ട്യത്തിന്റെ ഭാഷ.

കേരളത്തിലെ സ്ത്രീ പീഡന കേസുകളിലെല്ലാം ഇരകളാണ് തുടർന്നും വേട്ടയാടപ്പെടുക. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. നിരന്തരമായ അരക്ഷിതാവസ്ഥകളും അസഹ്യമായ മാനസികപീഡനവും. ആക്രമണോൽസുകമായ ലൈംഗികോത്തേജനത്തിനും ക്രൂരതയിലൂടെയുള്ള രത്യാനന്ദത്തിനും ശേഷവും ഇരയെ വെറുതെ വിടുകയല്ല  ചെയ്യുന്നത്. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും കൊന്നുകളയുമെന്നുമൊക്കെയുള്ള ഭീഷണി ഇരകളെ നിശ്ശബ്ദരാക്കാൻ ആണധികാരം ഉപയോഗിക്കുന്നതാണ്. അതും കടന്ന് ഞങ്ങൾ ഉപയോഗിച്ച സ്ത്രീ, ഞങ്ങളുടെ ഉച്ഛിഷ്ടം എന്നൊക്കെയുള്ള സവിശേഷ പ്രയോഗങ്ങളിലൂടെ അവളുടെ ദാമ്പത്യത്തെ തകർക്കാനുള്ള ശ്രമങ്ങളുമുണ്ടാവുന്നു. ദാമ്പത്യവും ആൺകേന്ദ്രിതവും സ്ത്രീയുടെ പരിശുദ്ധി എന്ന സങ്കല്പത്തിലൂന്നിയതുമായതുകൊണ്ട് ഇത്തരം വാക്കുകൾക്ക്, പ്രയോഗങ്ങൾക്ക് ഗുരുതരമായ പ്രഹരശേഷി ഉണ്ട്. അതും സ്ത്രീയുടെ ആത്മബോധത്തെ, അഭിമാനത്തെയാണു നിഹനിക്കുന്നത്. ബലപ്രയോഗത്തിലൂടെയുള്ള കൂട്ട രതിവേഴ്ചയിലൂടെ അവളുടെ ശരീരത്തിലും ജീവിതത്തിലും അതിക്രമികൾ അന്യായമായ അധികാരം സ്ഥാപിച്ചെടുത്തതു കൊണ്ടാണ് അവർക്കിങ്ങനെ പറയാൻ കഴിയുന്നതും. 

വടക്കാഞ്ചേരിയിലെ സ്ത്രീ പറഞ്ഞ കാര്യങ്ങൾ മലയാളിയുടെ ലൈംഗിക സംസ്കാരശൂന്യതയെ ഒന്നുകൂടി വെളിച്ചപ്പെടുത്തുന്നു. പണം, പദവി, അധികാരം എന്നിവ എങ്ങനെയൊക്കെ ലൈംഗികാവസരങ്ങൾക്കുള്ള നിദാനമാവുന്നു, അനുകൂല നിയമങ്ങളുണ്ടായിരിക്കുമ്പോൾത്തന്നെ നീതിന്യായ വ്യവസ്ഥയ്ക്ക് എത്രത്തോളം സ്ത്രീവിരുദ്ധമാവാൻ പറ്റും, ലൈംഗികാവബോധങ്ങളിലെ യാഥാസ്ഥിതികത, ബലാൽക്കാരം അവശേഷിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടങ്ങി വ്യത്യസ്തവും പ്രസക്തവുമായ ഒട്ടേറെ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നുണ്ട് ഈ സംഭവം.

(തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍