UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതൊക്കെ തന്നെയാണ് കേരളത്തിലെ പോലീസ്: ഒട്ടും അവിശ്വസിക്കേണ്ടതില്ല

Avatar

ഷാഹിന കെ.കെ

തൃശൂരില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതായും പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ പോലീസ് പ്രതികരിച്ചതായും ഉള്ള കാര്യങ്ങള്‍ വായിച്ചു. കേരള പോലീസിനെ അറിയാവുന്ന ആരും ഇത് അവിശ്വസിക്കില്ല. ഏതെങ്കിലും പോലീസുകാരന്‍ ഇങ്ങനെ ചോദിക്കുമോ എന്ന് കേരളത്തിലുള്ള ആര്‍ക്കെങ്കിലും സംശയം ഉണ്ടാകാനും സാധ്യതയില്ല. അത്രയേറെ മോശമായിട്ടുണ്ട് നമ്മുടെ പോലീസ്.

ബലാത്സംഗത്തിന് ഇരയായി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്ന സ്ത്രീകള്‍ ഇന്നും അപമാനിക്കപ്പെടുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതായണ്. ‘ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് കൂടുതല്‍ സുഖം കിട്ടിയത്’ എന്ന് അവിടുത്തെ പോലീസ് ചോദിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരതിശയവുമില്ല. നമ്മുടെ പോലീസിനത് അത്രയേറെ സ്വാഭാവികമായ കാര്യമാണ്. തങ്ങള്‍ സിവിലൈസ്ഡ് ആയിട്ടുള്ള ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെന്നോ മനുഷ്യര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉണ്ടെന്നോ ഒന്നുമുള്ള ബോധം പോലീസിനുണ്ട് എന്ന് തോന്നിയിട്ടില്ല.

കേരളത്തിന്റെ പൊതുബോധത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ കിടക്കുന്ന ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും തന്നെയാണ് ഇവിടെയൊക്കെ കാണുന്നത്. ജാതി പ്രശ്‌നമല്ല, എസ്.സി, എസ്.ടി ഒഴികെ എന്ന് വിവാഹ പരസ്യങ്ങള്‍ നല്‍കുന്ന നാടാണ് ഇത്. തങ്ങള്‍ക്ക് ജാതി പ്രശ്‌നമല്ല എന്നു പറയുന്നവര്‍ ശരിക്കും അക്കാര്യം വിശ്വസിക്കുന്നുണ്ടാകും, അതിന്റെ കൂടെ എസ്.സി, എസ്.ടി വേണ്ട എന്നു പറയുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു പോലും അവര്‍ക്ക് മനസിലാകാറുമില്ല.

പോലീസിനുള്ള നിയന്ത്രണമില്ലാത്ത അധികാരങ്ങളാണ് ഇവിടുത്തെ പോലീസ് സ്‌റ്റേഷനുകളിലും അല്ലാതെയുമൊക്കെ ദളിതര്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍. പട്ടികജാതി, പട്ടികവര്‍ഗക്കാരെ ആക്രമിച്ചാല്‍ എസ്.സി, എസ്.ടി പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ച് നടപടി എടുക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമെങ്കിലും പോലീസിന് ഇതൊന്നും ബാധകമല്ല. അവര്‍ക്ക് അങ്ങനെയൊരു ഭയമേ ഇല്ല എന്നതാണ് വാസ്തവം.

നമ്മുടെ പോലീസില്‍ മിക്കവരും മികച്ച വിദ്യാഭ്യാസം തന്നെ ലഭിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന ട്രെയിനിംഗില്‍ സാമൂഹിക വിഷയങ്ങള്‍ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. കേരളത്തിലെ ജാതി ഘടന, ഒരു സമൂഹമെന്ന നിലയില്‍ കേരളം എങ്ങനെ ഉരുത്തിരിഞ്ഞു വന്നു, എന്താണ് ജനങ്ങള്‍, അവരുടെ അവകാശം, ഒരാധുനിക സമൂഹത്തില്‍ ഏതു വിധത്തിലാണ് പോലീസിംഗ് നടത്തേണ്ടത് ഇവയൊക്കെ പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ നമുക്ക് പോലീസ് ട്രെയിനിംഗ് എന്നാല്‍ ഓടാനും ചാടാനും മസില്‍ പെരുപ്പിക്കാനും പാവപ്പെട്ടവരെ തെറിവിളിക്കാനുമുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുക മാത്രമാണ്.

ജെന്‍ഡര്‍ വിഷയങ്ങളില്‍ ഇവര്‍ക്ക് എന്തെങ്കിലുമൊക്കെ ക്ലാസുകള്‍ ഉണ്ടാകാറുണ്ട് എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ കുറ്റവാളികളും ചികിത്സിച്ച് മാറ്റേണ്ട അസുഖമുള്ളവരുമാണ് എന്നാണ് നമ്മുടെ പോലീസിന്റെ ധാരണ.

ആധുനിക സമൂഹം ഇത്രയൊക്കെ മാറിയിട്ടും സമൂഹത്തിന്റെ ക്രമസമാധാന പാലനത്തിന്റെ  ചുമതലയുള്ള പോലീസ് മാറിയില്ലെങ്കില്‍ അതുകൊണ്ട് യാതൊരു കാര്യവുമില്ല. പോലീസിനെ ആധുനികവത്ക്കരിക്കുക എന്നതിനര്‍ഥം മികച്ച ആയുധങ്ങള്‍ നല്‍കുക എന്നതു മാത്രമല്ല, മറിച്ച് അവരുടെ മാനസിക ഘടന കൂടി പരിഷ്‌കരിക്കുക എന്നതാണ്. അത് എത്രത്തോളം ഇവിടെ നടക്കുന്നുണ്ട് എന്നത് സംശമാണ്.

അതിനൊപ്പം, ചേര്‍ത്തു പറയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും രണ്ടാക്കണം എന്ന കാര്യം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണിത്. കേരള പോലീസിനെ ഏതെങ്കിലും വിധത്തില്‍ ആധുനികവത്ക്കരിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ രണ്ടു കാര്യങ്ങളും രണ്ടാക്കുകയാണ്. ഒരു എഫ്.ഐ.ആര്‍ എഴുതുന്ന പോലീസുകാരന്‍ ആ കേസ് അന്വേഷിക്കുകയും അതില്‍ കഴമ്പില്ല എന്നു മനസിലാക്കിയാലും കേസ് ഉപേക്ഷിക്കാന്‍ തയാറാകില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഈ പരിഷ്‌കരണം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന ഒന്നല്ല. മറിച്ച് പോലീസ് സേനയില്‍ വേണ്ടത് അടിമുടി പരിഷ്‌കരണമാണ്.

(ഓപ്പണ്‍ മാസികയുടെ സീനിയര്‍ അസി. എഡിറ്ററായ ഷാഹിനയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍