UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതി കിട്ടത്തക്കവണ്ണം അവളെ ചേര്‍ത്തു നിര്‍ത്താന്‍ എന്നാണ് മലയാളി തയ്യാറാവുക

Avatar

പ്രമീള ഗോവിന്ദ് എസ്

ഞാന്‍ തെറ്റാന്നും ചെയ്തിട്ടില്ല…തെറ്റ് ചെയ്തവരല്ലേ ശിക്ഷിക്കപ്പെടേണ്ടത് എന്ന് കരഞ്ഞ് കൊണ്ടുള്ള നിലവിളി സുര്യനെല്ലിയിലും, വിതുരയിലും, കേരളത്തിന്റെ പലയിടത്തും മാറി മാറി പലതവണ നാം കേട്ടു. ഏറ്റവും ഒടുവില്‍ വടക്കാഞ്ചേരിയിലെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയില്‍ നിന്ന് വീണ്ടും കേള്‍ക്കുന്നു. സൂര്യനെല്ലി, വിതുര, വടക്കാഞ്ചേരി എന്നിങ്ങനെ സ്വന്തം പേര് പോലും മറന്ന് മുഖമില്ലാതെ ഈ സ്ത്രീകള്‍ക്ക് കഴിയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ സ്ത്രീ പീഡന കഥകളില്‍ എന്നും മുഖം മറച്ച് സമൂഹത്തില്‍ ജീവിക്കേണ്ടുന്ന ഗതികേടുള്ളത് ഇരകള്‍ക്കാണ്. സമൂഹത്തില്‍ അധികാരവും പണവുമുള്ള പീഡനവീരന്‍മാരുടെ അന്തസ്സിന് ഒരിക്കലും കോട്ടം തട്ടുന്നില്ല. തന്റെ മാലയോ വളയോ പഴ്‌സോ നഷ്ടപ്പെട്ടു എന്ന് ഒരു പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെടുന്നത് പോലെ താന്‍ പീഡിപ്പിക്കപ്പെട്ടു, തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെടാനുള്ള സാഹചര്യം ഇന്നും സ്ത്രീകള്‍ക്കില്ല. നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പീഡന കഥകള്‍ അടിവരയിട്ട് മുന്നോട്ടു വെക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. സ്ത്രീസാക്ഷരത, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി ഏത് മേഖലയിലും സ്ത്രീ സാന്നിദ്ധ്യം ശക്തമായ കാലഘട്ടത്തിലും പീഡനത്തിനിരകളാകുന്ന സ്ത്രീകളുടെ അവസ്ഥ ഇത്ര പരിതാപകരമാവുന്നത് എന്തുകൊണ്ടാണ് എന്നും നാം ഇനിയെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു.

വടക്കാഞ്ചേരി സംഭവവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതുവരെ ഇത് പുറത്ത് പറഞ്ഞില്ല, അവരുടെ ചരിത്രവും ചുറ്റുപാടുകളുമൊക്കെ അന്വേഷിച്ചാലല്ലേ സത്യം മനസ്സിലാകൂ, എന്നുതുടങ്ങി കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിക്കുന്നവര്‍ പോലുമുണ്ട്. ഒന്നിരുന്ന് ചിന്തിച്ചാല്‍ ഈ ചോദ്യങ്ങളുടെ ഉത്തരം നമുക്കിടയില്‍ തന്നെയുണ്ട്.

സ്ത്രീ ആക്രമിക്കപ്പെടേണ്ടവളാണ് എന്നാണ് മലയാളി സമൂഹം കരുതിപോന്നിട്ടുള്ളത്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ അധികാരപ്രയോഗങ്ങളാണ് കുടുംബത്തിലും, തൊഴിലിടത്തിലും , പൊതുസമൂഹത്തിലും സ്ത്രീക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ശബ്ദം അടക്കിവെച്ച് അടങ്ങിയൊതുങ്ങി ജിവിക്കാനാണ് ചെറുപ്പം കാലം മുതല്‍ മലയാളി സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിശീലനം. സ്ത്രീയുടെ ശബ്ദം വീടിനുള്ളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് കുടുംബത്തിന് കുറച്ചിലാണ്. ആക്രമിക്കപ്പെട്ട സ്ത്രീയുടെ മാനം പോയി എന്നാണ് നാം കേള്‍ക്കാറ്. സ്ത്രീയുടെ ചാരിത്ര്യത്തിലാണ് കുടുംബത്തിന്റെ മാനം എന്നാണ് സമൂഹം പഠിപ്പിച്ചിട്ടുള്ളത്. ബസിലെ തോണ്ടല്‍ മുതല്‍ ബലാത്സംഗം വരെ സ്ത്രീക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും പുറത്ത് അറിഞ്ഞാല്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും നാണകേടാണ്. ഭര്‍ത്താവിന്റെ അധികാരത്തിന് കീഴ്‌പ്പെട്ട് കഴിയുന്നവള്‍ മാന്യയായി പരിഗണിക്കപ്പെടുന്നു. ഇതുതന്നെയാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സിനിമ ഡയലോഗുകളിലൂടെയും സീരിയലുകളിലൂടെയും ആവര്‍ത്തിക്കപ്പെട്ട് അടുത്ത തലമുറയിലേക്കും നമ്മള്‍ പകര്‍ന്ന് കൊടുക്കുന്നത്. സമൂഹത്തിന്റെ അധികാര ഘടന മാറാതെ സ്ത്രീക്ക് നീതി ലഭിക്കില്ല. ഒരു ഭാഗത്ത് നിയമങ്ങള്‍ നിര്‍മ്മിക്കുകയും ശിക്ഷ കര്‍ശനമാക്കുകയും ചെയ്യുമ്പോള്‍ അത് സാംസ്‌കാരികമായി എങ്ങനെ സ്വാംശീകരിക്കപ്പെടുന്നു എന്ന് കൂടി തിരിച്ചറിയണം.

സ്ത്രീ പീഡനകേസുകളിലെ ഇരകളുടെ ശിഷ്ടകാലത്തെ കുറിച്ച് കോഴിക്കോട്ടെ ‘അന്വേഷി’ നടത്തിയ പഠനത്തില്‍ ചില വിചിത്ര സത്യങ്ങള്‍ പുറത്ത് വന്നു. ബലാത്സംഗ കേസുകളില ഇരകളായ 25 പേരില്‍ 12 പേരും സംഭവത്തിന് ശേഷം സ്വന്തം നാട് വിട്ടുപോകാന്‍ നിര്‍ബന്ധിതരായിരുന്നു. കുറ്റകൃത്യങ്ങളില്‍ സ്ത്രീ പീഡനകേസുകളിലെ ഇരകളെ മാത്രമാണ് എന്നും പൊതുസമൂഹം കുറ്റവാളിയായി ചിത്രീകരിക്കുന്നത്. അനുഭവിച്ചവരാണ് വീണ്ടും വീണ്ടും അനുഭവിക്കേണ്ടി വരുന്നത്.

സ്ത്രീയുടെ കുറ്റമാണ് ബലാത്സംഗത്തിന് ഇടയാക്കിയത് എന്ന് വിലയിരുത്താനാണ് സമൂഹത്തിന് ധൃതി. അവളുടെ നടപ്പ് കണ്ടാലറിയാം അവള്‍ പ്രശ്‌നക്കാരിയാണ്. അവളുടെ വേഷം കണ്ടില്ലേ, പഴയകാല കഥകള്‍ അറിയില്ലേ എന്നിങ്ങനെയാണ് സമൂഹത്തിന്റെ വിചാരണ. നിര്‍ഭയ കേസില്‍ പോലും അവളെന്തിന് രാത്രിയില്‍ പുറത്ത് പോയി എന്നാണ് നാം ചോദിച്ചത്. എന്നാല്‍ രാത്രിയില്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ കതകടച്ചിരിക്കുന്ന സ്ത്രീയും ബലാത്സംഗത്തിന് ഇരയാകുന്നുണ്ട് എന്ന വസ്തുത നാം സൗകര്യപൂര്‍വ്വം മറക്കും.

ഐസ്‌ക്രീം കേസിലെ റജീനക്ക് പലവട്ടം മൊഴിമാറ്റി പറയേണ്ടി വന്നതിനും ഇതൊക്കെ തന്നെയാണ് കാരണം.പണത്തിന് വേണ്ടി മൊഴിമാറ്റി പറഞ്ഞു എന്നാരോപണം നേരിടേണ്ടി വരുമ്പോള്‍ തൊഴില്‍ ചെയ്ത് ജിവിക്കാന്‍ സാഹചര്യമില്ലാത്ത സ്ത്രീ പിന്നെ എങ്ങിനെ ജിവിക്കും എന്ന മറുചോദ്യമാണ് ഉത്തരം. ഐസ് ക്രീം കേസിലെ റജീന എന്ന് സമൂഹം മുദ്രകുത്തി ഒറ്റപ്പെടുത്തുമ്പോള്‍ അവരെ ആ സാഹചര്യത്തിലേക്ക് എത്തിച്ചവര്‍ തന്നെയല്ലേ ജിവിക്കാനുള്ള വഴിയും കൊടുക്കേണ്ടത്. വിതുര കേസിലെ പെണ്‍കുട്ടി എന്റെ ജീവിതം എനിക്ക് ബാക്കി വേണം എന്ന് പറഞ്ഞത് ഇങ്ങനെയാണ്. പതിനാറ് വയസ്സുള്ളപ്പോഴാണ് വിതുര പെണ്‍കുട്ടി പീഡനങ്ങള്‍ക്കിരയാകുന്നത്. 17 വര്‍ഷത്തിന് ശേഷം ഇനി തന്നെ കോടതി കയറ്റരുത് തന്റെ മകളുടെ ഭാവിയെ ബാധിക്കും എന്ന് കരഞ്ഞപേക്ഷിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി വര്‍ഷങ്ങള്‍ നീതിക്കായി പോരാടിയപ്പോള്‍ ഇനിയെങ്കിലും മതിയാക്കരുതോ പ്രതികളുടെ ജീവിതം കൂടി തുലക്കണോ എന്ന് ചോദിച്ചവരും ബാലവേശ്യ എന്ന് വിളിച്ചവരുമാണ് നമ്മുടെ അധികാര കേന്ദ്രങ്ങളില്‍ ഇരുന്നവര്‍. നീണ്ട് നീണ്ട് പോകുന്ന പീഡന കേസുകളുടെ വിചാരണ നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്.

ഭര്‍ത്താവും കുട്ടികളും കൊല്ലപ്പെടും എന്ന ഭയന്ന് ഒരു സത്രീ തനിക്ക് ഏറ്റ പീഡനങ്ങള്‍ സമൂഹത്തില്‍ നിന്ന് മറച്ചുവെച്ചു എന്നത് നമുക്ക് മതിയായ കാരണങ്ങളാകുന്നില്ല. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറേ ക്രൂരമാണ് എന്നിരിക്കെ മറ്റുളളവരോട് തനിക്ക് സംഭവിച്ചതിനെ കുറിച്ച് ഇര എങ്ങിനെ പരാതിപ്പെടണം. ഇരക്ക് പരാതിപ്പെടാനോ നീതി തേടാനോ പറ്റുന്ന സാംസ്കാരിക സാഹചര്യം ഇനിയും കേരളത്തിലുണ്ടായിട്ടില്ല. നിലവിലുള്ള നിയമത്തിന്റെ ആനുകുല്യങ്ങള്‍ പരിരക്ഷ സ്ത്രീക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. സ്ത്രീ പീഡനകേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ പോലീസ് എന്നും ഇങ്ങനെ തന്നെയായിരുന്നു എന്ന് ബോധ്യപ്പെടും. നിര്‍ഭയ കേസിന് ശേഷം 2013ല്‍ വന്ന ക്രിമിനല്‍ നിയമഭേദഗതി അനുശാസിക്കുന്നത് ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാണ്. അതിന് പകരം കേരളത്തില്‍ സ്ത്രീകള്‍ വേരിടേണ്ടിവരുന്നത് നീതിനിഷേധവും അവഗണനകളും ആണ്.

കപട സദാചാരബോധവും കപട ജാതി ബോധവും കപട ആത്മിയതയും മാത്രം ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ തന്നെയാണ് നടക്കുക. ജിഷ വധവും, സൗമ്യ വധവും അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ വരെ കേരളത്തില്‍ തന്നെ നടന്നിട്ടുള്ളതാണ്. ഇനിയെങ്കിലും ഇരകള്‍ക്ക് നീതി ലഭിക്കത്തക്കവണ്ണം അവളെ ചേര്‍ത്ത് നിര്‍ത്താന്‍ മലയാളി തയ്യാറാകണം. സമൂഹമാണ് തെറ്റ് തിരുത്തേണ്ടത്. ബലാത്സംഗ കേസുകളില്‍ ഇരകളുടെ സാംസ്‌കാരിക പുനരധിവാസം നമുക്ക് ഉറപ്പ് വരുത്താന്‍ സാധിക്കണം. കുറ്റവാളിയെ ആണ് ഒറ്റപ്പെടുത്തേണ്ടത് ഇരയെയല്ല. ഞങ്ങള്‍ ഉണ്ട് നിങ്ങള്‍ക്കൊപ്പം എന്ന് ഉറക്കെ പറയന്‍ ഇക്കാര്യത്തില്ലെങ്കിലും നാം തയ്യാറാകണം. കുറ്റവാളിയുടെ പേര് സമൂഹം അറിഞ്ഞതിന് പകരം ഇരയുടെ പേര് വിളിച്ച് പറയുന്ന സംസ്‌കാരത്തിന് അതാണ് മറുപടി.

അധികാരം രാഷ്ട്രീയമായി പിടിച്ചെടുക്കാം, സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഒരു സമൂഹത്തിനെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടുവരാം, പക്ഷെ സാംസ്കാരിക ഭൂമി സൃഷ്ടിക്കാതെ സമൂഹത്തില്‍ മാറ്റം ഉണ്ടാകില്ല എന്ന അന്റോണിയോ ഗ്രാംഷിയുടെ വാക്കുകള്‍ ഇവിടെ കൂടുതല്‍ പ്രസക്തമാവുകയാണ്. അതേ, ബോധപൂര്‍വ്വം സൂക്ഷ്മ തലത്തില്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്താന്‍ നാം തയ്യാറാകണം.

*സുജ സൂസന്‍ ജോര്‍ജ്ജ്, അഡ്വ പ്രീത എന്നിവരുടെ അഭിപ്രായം ചേര്‍ത്ത് തയ്യാറാക്കിയത്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍