UPDATES

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ക്രിമിനലുകളായ പോലീസുകാരില്‍ നിന്ന് യുവതിയെ രക്ഷിക്കണമന്ന്‌ പാര്‍വതി

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ മാനസികമായ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത പേരമംഗലം സിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രതാരവുമായ പാര്‍വതി ടി. ‘എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഒരു നിലക്കുമുള്ള നീതിയും ലഭിക്കാത്തത്? അതിന് കാരണം പേരമംഗലം സിഐപ്പോലെയുള്ളവര്‍ പോലീസ് വകുപ്പിലുള്ളതാണെന്നാണ് ‘ പാര്‍വതി അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. തൃശൂരിലെ ഉന്നത രാഷ്ട്രീയ നേതാവും കൂട്ടാളികളും ചേര്‍ന്ന് സുഹൃത്തിന്റെ ഭാര്യയെ കൂട്ട ബലാത്സംഗം നടത്തിയതിന്റെ ഞെട്ടിക്കുന്ന കഥ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സിപിഎം മിണാല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയന്തന്‍ പിഎം, ഷിബു, ബിനീഷ്, ജിനേഷ് എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് യുവതി ഇന്നു നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞത്.

യുവതിയുടെ കഥ ഭാഗ്യലക്ഷ്മിയും, പാര്‍വതിയും കൂടിയാണ് പൊതുസമൂഹത്തിലെത്തിച്ചത്. പാര്‍വതി ഈ വിഷയത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു- ‘ഇത്തരം ക്രിമനല്‍ മനോഭാവമുള്ള പോലീസുകാരില്‍ നിന്നുമുള്ള സംരക്ഷണമാണ് ഇരകള്‍ക്ക് വേണ്ടത്. ഇത്തരക്കാരെ സമൂഹം തിരിച്ചറിയണമെന്നും സമൂഹത്തില്‍ ഇത്തരത്തില്‍ പോലീസുക്കാരാല്‍ അപമാനിക്കപ്പെട്ട മറ്റ് സ്ത്രീകള്‍ക്ക് തുറന്നു പറയുവാന്‍ വടക്കേഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ തുറന്നു പറച്ചില്‍ സഹായിക്കുമെന്നതുകൊണ്ടും കൂടിയാണ് ഞാന്‍ ഇതില്‍ സഹകരിക്കുന്നത്. സര്‍ക്കാര്‍ ഗൗരവപരമായ നിലപാടുകള്‍ എടുത്ത് ഇത്തരം പോലീസുകാരെ പുറത്താക്കണം. നമ്മള്‍ കരം കൊടുക്കുന്ന പൈസകൊണ്ട് ഇത്തരം പോലീസുകാര്‍ ശമ്പളം വാങ്ങിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

യുവതിയുടെ പരാതിയിലുള്ള ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് യുവതിക്കും ഞങ്ങള്‍ക്കും ബോധ്യമുണ്ട്. യുവതിയും ഭര്‍ത്താവും ആവശ്യപ്പെടുന്നത് അവര്‍ക്കെതിരെ കേസെടുക്കാനല്ല. കാരണം പോലീസും പ്രതികളും ഇവരെ ഭീഷണിപ്പെടുത്തുകയാണ്. അതിനാല്‍ യുവതിക്കും കുടുംബത്തിനും സംരക്ഷണമാണാവശ്യം. അതുമാത്രമല്ല ചില പോലീസുകാര്‍ ഇങ്ങനെയാണ് സ്ത്രീകളോട് ഇടപെടുന്നതെന്ന് പൊതുസമൂഹം അറിയണം. അതിനെക്കുറിച്ച് ചര്‍ച്ചചെയ്യണം. സ്ത്രീകള്‍ക്ക് പോലീസുകാരുടെ അടുത്തു പോകുവാന്‍ ധൈര്യമുണ്ടാകണം.

ഭാഗ്യലക്ഷ്മി ചേച്ചിയാണ് എന്നെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ചേച്ചിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നോക്കി വിവരങ്ങള്‍ ഞാന്‍ എന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയും വിവരങ്ങള്‍ എല്ലാവരും അറിയുകയും ചെയ്യുകയായിരുന്നു.(ഭാഗ്യലക്ഷ്മി ചേച്ചിയുടെ പോസ്റ്റ് എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. സുഹൃത്തുകള്‍ക്ക് മാത്രമെ അതിന് കഴിയൂ). അവര്‍ക്ക് ഇനി വേണ്ടത് സുരക്ഷിതത്വമാണ്. പ്രതികള്‍ വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഭയത്തിലായ യുവതിയും ഭര്‍ത്താവും കുട്ടികളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.’

പേരമംഗലം സിഐ യുവതിയോട് പെരുമാറിയതുപോലെ ഒരു സ്ത്രീയോടും ഒരു പോലീസുകാരനും പെരുമാറരുത്. ക്രിമനലുകളായ പോലീസുകാരില്‍ നിന്ന് യുവതിയെ രക്ഷിക്കണം. അതിനുവേണ്ടിയാണ് യുവതിക്കു പിന്തുണയുമായി താന്‍ നില്‍ക്കുന്നതെന്നും യുവതിക്ക് വേണ്ടി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും പാര്‍വതി പറഞ്ഞു നിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍