UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരകവിഞ്ഞൊഴുകി ഗംഗ; ഈ ദുരന്തവും പ്രതീക്ഷിച്ചത്

Avatar

ടീം അഴിമുഖം

തെക്കേ ഏഷ്യയിലെ വലിപ്പമേറിയ നദികളില്‍ ഒന്നായ ഗംഗാതീരം കവിഞ്ഞൊഴുകിയതോടെ രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള ജനങ്ങള്‍ തീരാ ദുരിതത്തിലായിരിക്കുകയാണ്. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയനേതാക്കളുടെ നിലപാട് ലജ്ജാകരമായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നദീ നിരപ്പ് 72.56 മീറ്ററാണ്. അപകടനിലയായ 71.26നും ഉയരെ എന്നാല്‍ 1978ലെ റെക്കോഡ് നിരപ്പായ 73.90നു താഴെ. 24 മണിക്കൂറിനുള്ളില്‍ ജലനിരപ്പ് താഴുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അപ്രതീക്ഷിതമായി വീണ്ടും പെയ്ത മഴ ജനങ്ങളെ ആശങ്കയിലാക്കുന്നു.

മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ തനിക്കുള്ള ഉത്തരവാദിത്തം മറ്റൊരു എംപിയായ എസ് ആര്‍ പാട്ടീലിനു കൈമാറുകയാണ് പ്രധാനമന്ത്രി ചെയ്തത്. സ്ഥിതിയെപ്പറ്റി താന്‍ അതീവ ഉത്കണ്ഠയിലാണെന്ന് ട്വിറ്ററില്‍ മോദി പറയുന്നു. ‘പ്രധാനമന്ത്രിയുടെ ഓഫിസ് പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാദൗത്യവുമായി എന്‍ഡിആര്‍എഫ് ടീമുകള്‍ വാരണാസിയിലുണ്ട്. സഹായമെത്തിക്കാനായി എംപിയുടെ ഓഫിസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.’

ലക്ഷക്കണക്കിനു ജനങ്ങളാണ് ഭക്ഷണവും  വെള്ളവും ആവശ്യത്തിന് ലഭ്യമല്ലാത്ത അഭയാര്‍ത്ഥി ക്യാംപുകളിലെത്തിയിട്ടുള്ളത്. ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് കന്നുകാലികളാണ്. അവയ്ക്കു ഭക്ഷണം നല്‍കാന്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും. നഗരത്തിലെ ഘട്ടുകള്‍ വെള്ളത്തിനടിയിലാണ്. രണ്ടു സ്ഥലങ്ങളില്‍ മൃതദേഹ സംസ്‌കാരം കുറച്ചിട്ടുണ്ട്. സംസ്‌കാരത്തിനുള്ള തടിയുടെ വില കുതിച്ചുയര്‍ന്നതിനാല്‍ സംസ്‌കാരച്ചെലവും കൂടി. ഇപ്പോഴും വെള്ളത്തിനു മുകളിലുള്ള റോഡുകളിലും മേല്‍ക്കൂരകളിലുമാണ് ഇപ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്.

പാട്ടീല്‍ പട്ടണത്തില്‍ത്തന്നെയുണ്ട്. പ്രതിദിനം കുറഞ്ഞത് പതിനായിരം അഭയാര്‍ത്ഥികളെയെങ്കിലും സന്ദര്‍ശിക്കുകയും അവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും സമയത്ത് ഭക്ഷണപാക്കറ്റുകള്‍ എത്തിക്കുമെന്നും പാട്ടീല്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നഗരത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തരുന്നത് മറ്റൊരു ചിത്രമാണ്. ആസൂത്രണത്തിലെ പിഴവുകള്‍ വാരണാസിയെ വരുംകാലത്തും അപകടമേറിയ മേഖലയാക്കുന്നു.

ഇതേ നാണയത്തിന്റെ മറുവശത്തു കാണുന്നത് ലാലുപ്രസാദ് യാദവിനെയാണ്. ഗംഗയിലെ വെള്ളപ്പൊക്കത്താല്‍ ബിഹാറില്‍ കെടുതികള്‍ അനുഭവിക്കുന്നത് അഞ്ചുലക്ഷത്തോളം പേരാണ്. 60 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മരണം നൂറുകടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗംഗ വരുന്നത് ഭാഗ്യമാണെന്നും വാതില്‍ക്കല്‍ പാലുമായി നദിയെ സ്വാഗതം ചെയ്യണമെന്നുമാണ് ദുരിതബാധിതരോട് ലാലു ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളത്തില്‍ മുങ്ങിയ പട്‌നയിലെ ഫട്ടൂഹ, ഭക്ത്യാര്‍പുര്‍ പ്രദേശങ്ങളില്‍ മകനും സംസ്ഥാന ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനൊപ്പം എത്തിയ ലാലു ദുരിതബാധിതരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവസാനം പ്രസംഗരൂപേണ ചില ഉപദേശങ്ങളിലവസാനിച്ചു സന്ദര്‍ശനം. ‘ഗംഗ വീട്ടിലെത്തിയത് നിങ്ങളുടെ ഭാഗ്യമാണ്. അത് എല്ലായ്‌പോഴും നടക്കുന്നതല്ല. നിങ്ങള്‍ നദിക്കടുത്തേക്കു പോകാറാണല്ലോ പതിവ്,’ ലാലു ടിവി ചാനലുകളോടു പറഞ്ഞു.

ഗംഗാജലം പോസ്റ്റ് ഓഫിസുകള്‍ വഴി ആവശ്യക്കാരുടെ വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി വന്ന ബിജെപിക്കെതിരെയായിരുന്നിരിക്കണം ലാലുവിന്റെ ഒളിയമ്പ്. എന്നാല്‍ ദുരിതം രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള അവസരമല്ല. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിടത്താണ് അവരെ കളിയാക്കാന്‍ ലാലു പുറപ്പെടുന്നത്.

ഗംഗയിലെ മാലിന്യനീക്കം ഉള്‍പ്പെടെ വെള്ളപ്പൊക്കം തടയാനുള്ള നടപടികളാണ് സര്‍ക്കാരുകള്‍ എടുക്കേണ്ടത്. ബന്‍സാഗര്‍ അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിടുന്നത് ക്രമീകരിച്ചിരുന്നെങ്കില്‍ നിയന്ത്രിക്കാവുന്നതായിരുന്നു ഇപ്പോഴത്തെ ദുരന്തം.

കഴിഞ്ഞ ഒരുമാസമായി മധ്യപ്രദേശിലെ ബന്‍സാഗര്‍ ഡാമില്‍ ജലനിരപ്പ് കൂടി വരികയാണ്. എന്നാല്‍ നിരപ്പ് 95.22ശതമാനം കവിഞ്ഞപ്പോള്‍ മാത്രമാണ് വെള്ളം തുറന്നുവിട്ടു തുടങ്ങിയത്. ഓഗസ്റ്റ് 19ന് അണക്കെട്ടിന്റെ 18 ഷട്ടറുകളില്‍ 16 എണ്ണം ഒരുമിച്ചുതുറക്കുകയാണ് അധികൃതര്‍ ചെയ്തത്. യുപിയിലും ബിഹാറിലും ഗംഗ കരകവിയാന്‍ കാരണമായത് ഇതാണ്.

നിയന്ത്രണമില്ലാതെ അണക്കെട്ട് തുറന്നുവിട്ടതാണ് യുപിയില്‍ വെള്ളപ്പൊക്കമുണ്ടാക്കിയത്. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാറുള്ള ഈ സമയത്ത് സോനെ നദിയില്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളമെത്തിയിരുന്നില്ലെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. മധ്യപ്രദേശിനും യുപിക്കുമൊപ്പം ബിഹാറിനും പങ്കുള്ള ബന്‍ സാഗര്‍ നിയന്ത്രണ ബോര്‍ഡിന്റെ പിടിപ്പുകേടാണ് ഇതു കാണിക്കുന്നത്.

ഗംഗയിലെ മണ്ണുനീക്കത്തിന് ഒരു ദേശീയ നയമില്ലാത്തതാണ് ഗംഗയും സോനെയും ഉള്‍പ്പെടെ മിക്ക നദികളിലും വെള്ളപ്പൊക്കത്തിനു പ്രധാന കാരണം. വെള്ളം ഒഴുകിപ്പോകുന്നതില്‍ ഫറക്ക തടയണ മൂലമുണ്ടാകുന്ന തടസവും മണ്ണടിയലുമാണ് ബിഹാറിലെ ദുരിതത്തിനു പ്രധാനകാരണം.

പ്രശ്‌നപരിഹാരത്തെപ്പറ്റി ബിഹാര്‍ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. പ്രധാനമന്ത്രിക്ക്  അയച്ച നിവേദനത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇങ്ങനെ പറയുന്നു,’ ഫറക്ക തടയണയുടെ നിര്‍മാണം മൂലം ഗംഗയില്‍ ക്രമാതീതമായി മണ്ണടിയുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം. തടയണ ആവശ്യമാണോ എന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. പ്രായോഗികമായി നോക്കിയാല്‍ തടയണയുടെ ദോഷഫലങ്ങള്‍ ഗുണങ്ങളേക്കാള്‍ വളരെ അധികമാണ്. ഫറക്ക തടയണ മാറ്റുന്നതിനെപ്പറ്റി കേന്ദ്രം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍