UPDATES

തപാല്‍ വകുപ്പിന്റെ ഗംഗാ ജല കച്ചവടം; ഒരു മാസംകൊണ്ട് റെക്കോര്‍ഡ് വില്‍പ്പന

അഴിമുഖം പ്രതിനിധി

തപാല്‍ വകുപ്പ് വിപണിയിലെത്തിച്ച ഗംഗാ ജലത്തിന് ഒരു മാസം കൊണ്ട് റെക്കോര്‍ഡ്‌ വില്പന. സംസ്ഥാനത്തെ 51 ഹെഡ് പോസ്റ്റോഫീസുകള്‍ വഴി സംസ്ഥാനത്ത് ഗംഗാ ജലത്തിന്റെ വില്പന തുടങ്ങിയത് ആഗസ്തിലാണ്. തപാല്‍ വകുപ്പിന്റെ ഉത്തരാഘണ്ട് സര്‍ക്കിളാണ് പദ്ധതി തുടങ്ങിയത്. 

ആദ്യമാസം തന്നെ 1200 ഓളം പേര്‍ ഇവ നേരിട്ട് വാങ്ങിയതായി അധികൃതര്‍ പറയുന്നു. ഇതില്‍ 75%  വില്പനയും നടന്നത് കണ്ണൂരിലാണ്. ക്ഷേത്രങ്ങള്‍ വഴി വിതരണം ചെയ്യുന്നതാണ് കണ്ണൂരില്‍ വില്പന കൂടാന്‍ കാരണമായി പറയുന്നത്. ക്ഷേത്ര കമ്മറ്റികളും മറ്റും ഗംഗാജലം ക്ഷേത്രങ്ങളില്‍ എത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് തപാല്‍ വകുപ്പ് നിശ്ചയിച്ച വിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുന്നു.

ഗംഗോത്രി, ഋഷികേശ്, എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടാണ് ഗംഗാ ജലം കുപ്പിയിലാക്കി വിതരണത്തിനെത്തിക്കുന്നത്. രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ളതിനും വ്യത്യസ്ത നിരക്കാണ്. ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ നിന്നുള്ള ജലത്തിനാണ് നിരക്ക് കൂടുതല്‍. 200 മില്ലിയുടെ കുപ്പിക്ക്‌ 25  രൂപയും 500 മില്ലിയുടെതിനു 35 രൂപയുമാണ് വില. ഋഷികേശില്‍ നിന്നുള്ളതിനു 200 മില്ലിക്ക് 15 രൂപയും 500 മില്ലിക്ക് 22  രൂപയുമാണ് വില. ഇവ നേരിട്ട് ലഭിക്കുന്നതിനു യഥാര്‍ത്ഥ വിലയുടെ കൂടെ പാക്കിംഗിയും പോസ്റല്‍ സര്‍വീസിന്റെയും ചാര്‍ജ് കൂടി കൊടുക്കണം. ആവശ്യക്കാരേറിയതിനാല്‍ തപാല്‍ വകുപ്പിന്റെ സബ്‌ പോസ്റ്റോഫീസുകള്‍ വഴിയും ഇവ വിതരണം ചെയ്യാന്‍ ആലോചനയുണ്ട്.

തുടക്കത്തില്‍ ആവശ്യക്കാരുണ്ടാകുമോ എന്ന സംശയത്തില്‍ കുറച്ചു കുപ്പികള്‍ മാത്രമെ കേരളത്തില്‍ എത്തിച്ചിരുന്നുള്ളൂ. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വിറ്റഴിഞ്ഞു. അതോടെ കൂടുതല്‍ സംഭരിക്കാന്‍ തുടങ്ങി.

തപാല്‍ വകുപ്പിന്‍റെ ഗംഗാജല വില്പനയ്ക്കെതിരെ യുക്തിവാദി സംഘടനകള്‍  രംഗത്തെത്തിയിട്ടുണ്ട്. അന്ധവിശ്വാസത്തെ വില്പന ചെയ്യുന്നു എന്നാണ് ഇവര്‍ വാദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍