UPDATES

ട്രെന്‍ഡിങ്ങ്

റാഷമോണും ഗംഗേശാന്ദ കേസും; തമ്മില്‍ സാമ്യമുണ്ട്, പക്ഷെ ക്ലൈമാക്‌സ് വ്യത്യസ്തമായിരിക്കും

ലിംഗം ഛേദിച്ച കേസിലെ മൊഴികളും കുറസോവ സിനിമയിലേതുപോലെ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌

കെ എ ആന്റണി

കെ എ ആന്റണി

പ്രശസ്ത ചലച്ചിത്രകാരന്‍ അകിര കുറസോവയുടെ മികച്ച സിനിമകളിലൊന്നാണ് റാഷോമോണ്‍. ഒരു കൊലപാതത്തിന്റെ കഥ നാല് കഥാപാത്രങ്ങളുടെ(കൊല്ലപ്പെട്ട ആളുടേതുള്‍പ്പെടെ) പരസ്പര വിരുദ്ധമായ വിവരണത്തിലൂടെ പറയുന്നു എന്നതിനപ്പുറം ലോകത്തു നന്മ ഇനിയും പൂര്‍ണമായും നശിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട് പ്രസ്തുത സിനിമ.

കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷ തേടി റാഷമോണ്‍ കവാടത്തിനുള്ളില്‍ കയറിക്കൂടിയ വിറകുവെട്ടി, പുരോഹിതന്‍, വഴിപോക്കന്‍ എന്നിങ്ങനെ മൂന്നുപേരുടെ സംഭാഷണത്തിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.

തലേ ദിവസം ഗ്രാമത്തില്‍ ഒരു ചെറു വനത്തില്‍ വെച്ച് ഒരു സമുറായി കൊലചെയ്യപ്പെടുകയും അയാളുടെ ഭാര്യയെ കാണാതാവുകയും ചെയ്ത സംഭവത്തെക്കുറിച്ചു അവര്‍ സംസാരിക്കുന്നു. അധികം വൈകാതെ തന്നെ നിയമത്തിനു മുന്‍പില്‍ ഹാജരാക്കപ്പെടുന്ന കൊള്ളക്കാരനും സമുറായിയുടെ ഭാര്യയും സംഭവത്തെക്കുറിച്ചു തങ്ങളുടേതായ ഭാഷ്യം കോടതിയെ ബോധിപ്പിക്കുന്നു. അവര്‍ക്കുപിന്നാലെ കൊലചെയ്യപ്പെട്ട സമുറായിയുടെ ആത്മാവ് മറ്റൊരാളിലൂടെ തന്റെ ഭാഷ്യവും നല്‍കുന്നു. കൊള്ളക്കാരന്റെ കഥയനുസാരിച്ചു സമുറായിയുടെ ഭാര്യയില്‍ താല്പര്യം തോന്നിയ അയാള്‍ വാളുകളുടെ ഒരു ശേഖരം കാണിച്ചു കൊടുക്കാമെന്നു കളവു പറഞ്ഞു സമുറായിയെ കൂട്ടികൊണ്ടുപോയി തന്ത്രപൂര്‍വം ബന്ധനസ്ഥനാക്കുന്നു. പിന്നീട് അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഒരുങ്ങുന്നു. തന്റെ കഠാര ഉപയോഗിച്ച് അവള്‍ കൊള്ളക്കാരനെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. അപമാനിതയായ ആ സ്ത്രീ തന്റെ അപമാനം രണ്ടു പുരുഷന്മാര്‍ അറിയുന്നത് ഇഷ്ടപ്പെടുന്നില്ല. ആയതിനാല്‍ തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ കൊള്ളക്കാരനോട് അവള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കൊള്ളക്കാരന്‍ സമുറായിയെ സ്വാതന്ത്രനാകുകയും പോരിന് വെല്ലുവിളിക്കുകയും ചെയ്യുന്നു. പോരില്‍ തോറ്റ സമുറായി താഴേക്കിടന്നിരുന്ന കഠാര കൊണ്ട് സ്വയം കുത്തി മരിക്കുന്നു. ഇതിനിടയില്‍ സ്ത്രീ ഓടി രക്ഷപ്പെടുന്നു.

വിലകൂടിയ ആ കഠാര എവിടെ എന്ന ചോദ്യത്തിന് തിരക്കില്‍ താന്‍ അത് എടുക്കാന്‍ മറന്നു എന്നാണു കൊള്ളക്കാരന്‍ നല്‍കുന്ന മറുപടി. എന്നാല്‍ സമുറായിയുടെ ഭാര്യ കോടതിയില്‍ നല്‍കുന്ന ഭാഷ്യം ഇതാണ്; ബലാത്സംഗം ചെയ്യപ്പെട്ട അവള്‍ ഭര്‍ത്താവിനോട് ക്ഷമ യാചിക്കുന്നു. എന്നാല്‍ അയാള്‍ തികച്ചും നിസ്സംഗനായി കാണപ്പെടുന്നു. അവളെ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. തന്നെ കൊല്ലാന്‍ അവള്‍ യാചിക്കുന്നു. അതിനായി തന്റെ കഠാര അയാള്‍ക്കുനേരെ നീട്ടുന്നു. എന്നാല്‍ അയാള്‍ പ്രതികരിക്കുന്നത് കാണായ്കയാല്‍ അവള്‍ ബോധരഹിതയായി താഴെ വീഴുന്നു .

ഒരു മീഡിയത്തിലൂടെ തന്റെ കഥ വിവരിക്കുന്ന സമുറായിയുടെ ആത്മാവ് പറയുന്നതനുസരിച്ചു മാനഭംഗത്തിനുശേഷം കൊള്ളക്കാരന്‍ ഭാര്യയോട് അയാള്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു. തന്റെ അപമാനം രണ്ടു പുരുഷന്മാര്‍ അറിയുന്നത് തനിക്കു ഇഷ്ട്ടമല്ലെന്നും ആയതിനാല്‍ തന്റെ ഭര്‍ത്താവിനെ വധിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വധിക്കണമോ വെറുതെ വിടണമോ എന്ന് അയാള്‍ തിരക്കി. അയാളോട് ക്ഷമിക്കാന്‍ താന്‍ തയ്യാറായിരുന്നു എന്നാണു സമുറായിയുടെ ആത്മാവ് പറയുന്നത്. സമുറായിയെ ബന്ധന വിമുക്തനാക്കിയ കൊള്ളക്കാരന്‍ ഇതിനിടെ ഓടി രക്ഷപ്പെടുകയായിരുന്ന സ്ത്രീയെ പിടികൂടാന്‍ ശ്രമിച്ചു. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു അയാള്‍ കാട്ടില്‍ മറഞ്ഞു. ഭാര്യയുടെ കഠാര ഉപയോഗിച്ച് താന്‍ സ്വയം കുത്തി മരിച്ചു. പിന്നീട് ആ കഠാര ആരോ തന്റെ നെഞ്ചില്‍ നിന്നും എടുത്തുമാറ്റി.

ക്യാമറ വീണ്ടും റാഷാമോണ്‍ കവാടത്തിലേക്ക് തിരിയുമ്പോള്‍ വിറകുവെട്ടുകാരനും പുരോഹിതനും വഴിപോക്കനും അവിടെ തന്നെയുണ്ട് . മൂന്നുപേരും കോടതി മുന്‍പാകെ പറഞ്ഞതത്രയും കളവാണെന്നും താന്‍ സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്നെന്നും സാക്ഷി പറയാന്‍ താല്പര്യമില്ലതിനാലാണ് കണ്ട കാര്യങ്ങള്‍ മറച്ചുവെച്ചതെന്നും വിറകുവെട്ടി മറ്റു രണ്ടുപേരോടും പറയുന്നു. അയാളുടെ ഭാഷ്യം അനുസരിച്ചു ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയോട് തന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ കൊള്ളക്കാരന്‍ അപേക്ഷിച്ചെങ്കിലും അവള്‍ തന്റെ ഭര്‍ത്താവിനെ ബന്ധനമുക്തനാക്കിയ ശേഷം ഇരുവരോടും പരസ്പരം അങ്കം വെട്ടാന്‍ ആവശ്യപ്പെട്ടു. മടിച്ചു മടിച്ചു പുരുഷന്മാര്‍ പോരില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സമുറായി കൊല്ലപ്പെട്ടു. സ്ത്രീ ഓടി രക്ഷപ്പെട്ടു. കൊള്ളക്കാരന്‍ അയാളുടെ പാട്ടിനു പോയി.

അപ്പോഴും വിലകൂടിയ ആ കഠാര ആരാണ് എടുത്തതെന്ന ചോദ്യം അവശേഷിച്ചു. വിറകുവെട്ടി അത് മോഷ്ടിച്ചുവെന്നായി വഴിപോക്കന്‍. അവര്‍ തര്‍ക്കം തുടരുന്നതിനിടയില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ ശ്രവ്യമാകുന്നു. ആരോ ഒരു കൂടയില്‍ ഉപേക്ഷിച്ച ഒരു ചോരക്കുഞ്ഞിനെ അവര്‍ കാണുന്നു. കൂടയില്‍ നിന്നും കുഞ്ഞിനെ എടുത്തു ഇനി എന്ത് എന്ന മട്ടില്‍ നില്‍ക്കുന്ന പുരോഹിതനില്‍ നിന്നും  വിറകുവെട്ടി കുഞ്ഞിനെ വാങ്ങുന്നു. കഠാര മോഷ്ടിച്ച വിറകുവെട്ടി കുഞ്ഞിനെ വില്‍ക്കുമെന്ന് വഴിപോക്കന്‍ പറയുമ്പോള്‍ തനിക്കു ആറു മക്കളുണ്ടെന്നും അവര്‍ക്കൊപ്പം ഈ കുഞ്ഞിനേയും പൊന്നുപോലെ വളര്‍ത്തും എന്ന് മറുപടി നല്‍കി അയാള്‍ നടന്നകലുന്നു. ഈ ലോകത്തു ഇനിയും നന്മ അവശേഷിക്കുന്നുവെന്നു പുരോഹിതന്‍ ആത്മഗതം ചെയ്യുന്നിടത്തു സിനിമ അവസാനിക്കുന്നു.

ഈ സിനിമാക്കഥ ഇത്രയും വിശദീകരിച്ച് ഇവിടെ പറയാന്‍ കാരണം ആകെ കുഴഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്ന സ്വാമി ഗാംഗേശാനന്ദ കേസ് തന്നെ. ലിംഗം ഛേദിക്കപ്പെട്ട സ്വാമിയും ഛേദിച്ചുവെന്നു പറയപ്പെടുന്ന പെണ്‍കുട്ടിയും ഇപ്പോള്‍ പ്രതിസ്ഥാനത്തേക്കു പ്രതിഷ്ഠിയ്ക്കപ്പെടുന്ന അയ്യപ്പദാസ് എന്ന ചെറുപ്പക്കാരനും പെണ്‍കുട്ടിയുടെ അമ്മയുമൊക്കെ ലിംഗഛേദം സംബന്ധിച്ചു പറയുന്ന കഥകള്‍ കുറസോവ സിനിമയിലെന്നതുപോലെ തന്നെ പരസ്പര വിരുദ്ധങ്ങളാണ്. താന്‍ സ്വയം മുറിച്ചതാണെന്നു തുടക്കത്തില്‍ സ്വാമിയും അല്ല താനാണ് മുറിച്ചതെന്ന് പെണ്‍കുട്ടിയും പറഞ്ഞതായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ അല്ല കൃത്യം നടത്തിയതെന്നാണ് പെണ്‍കുട്ടിയുടേതായി പുറത്തുവരുന്ന പുതിയ വാദം. പെണ്‍കുട്ടി വീട്ടുതടങ്കലില്‍ ആണെന്ന് ആരോപിച്ച അയ്യപ്പദാസാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. കൂട്ടത്തില്‍ പ്രാരംഭ ഘട്ടത്തില്‍ കേസ് അന്വേഷിച്ച പോലീസും ഉണ്ട്.
16 വയസുമുതല്‍ സ്വാമിയില്‍ നിന്നും പെണ്‍കുട്ടി ലൈംഗിക പീഢനം അനുഭവിക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ രക്ഷയ്ക്ക് അവര്‍ എത്തില്ലെന്നു മനസിലാക്കിയ പെണ്‍കുട്ടി ഒടുവില്‍ സഹികെട്ടാണ് സ്വാമിയുടെ ലിംഗച്ഛേദം നടത്തിയെന്നായിരുന്നു ആദ്യത്തെ കഥ. അതപ്പാടെ തിരുത്തി സ്വാമി തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഒരു മകളെ പോലെയാണ് കരുതിയിരുന്നതെന്നും പെണ്‍കുട്ടി പുതിയ പരാതിയില്‍ പറയുന്നു. അതോടൊപ്പം തന്റെ കാമുകനെ പ്രതിസ്ഥാനത്തേക്കും കൊണ്ടുവരുന്നു. സ്വാമിയില്‍ നിന്നും പണം തട്ടിയ കാമുകനും കൂട്ടരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നു പെണ്‍കുട്ടി പറയുന്നു. സ്വാമിയുടെ ലിംഗം ഛേദിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയെന്നും എന്നാല്‍ തനിക്കതിനു കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി മൊഴി മാറ്റുന്നു. തൊട്ടുപിന്നാലെ തന്നെ പറയുന്നു ഇരുട്ടത്ത് കത്തിവീശിയപ്പോള്‍ അറിയാതെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ടതാണെന്ന്! അതിലും അവസാനിപ്പിക്കാതെ കാമുകന്‍ അയ്യപ്പദാസ് തനിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഢിപ്പിച്ചെന്ന മറ്റൊരു പരാതിയും പെണ്‍കുട്ടി നല്‍കുന്നു. ആശുപത്രിയില്‍ ചെന്ന് സ്വാമിയെ കാണുകയും ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് കരയുകയും ചെയ്തു പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ മാതാവും സഹോദരനും ആദ്യം തന്നെ പറഞ്ഞ പരാതിയും എല്ലാത്തിനും പിറകില്‍ പെണ്‍കുട്ടിയുടെ കാമുകനായിരുന്നുവെന്നാണ്. എന്നാല്‍ തന്റെ മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും അയ്യപ്പദാസുമായുള്ള പ്രണയബന്ധം സ്വാമി എതിര്‍ത്തതിന്റെ പകയാണ് പെണ്‍കുട്ടി തീര്‍ത്തതെന്നും അമ്മയുടെയും സഹോദരന്റെയും പരാതിയില്‍ ഉണ്ട്. ഇനി സ്വാമി പറഞ്ഞ കഥയിലാകട്ടെ രണ്ടു തിരുത്താണ്. ആദ്യം പറഞ്ഞത് സ്വയം മുറിച്ചതാണെന്ന്, പിന്നീടു പറഞ്ഞു പെണ്‍കുട്ടി മുറിച്ചതാണെന്ന്. സ്വാമിയുടെ മൊഴിയിലും മാതാവിന്റെ പരാതിയിലും ലിംഗം മുറിച്ചത് പെണ്‍കുട്ടി തന്നെയാണെന്നു പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ആ കുറ്റം അയ്യപ്പദാസില്‍ ചാരുന്നു. ഇതുവരെ അയ്യപ്പദാസിന്റെ മൊഴിയോ പരാതിയോ കേള്‍ക്കാത്തതുകൊണ്ട് അയാളുടെ ഭാഗം അറിഞ്ഞിട്ടില്ല. സാമുറായിയുടെ ആത്മാവ് ചെയ്തതുപോലെ എന്തെങ്കിലും മാര്‍ഗം ആയാള്‍ക്ക് തുറന്നുകിട്ടിയാല്‍ കഥയില്‍ പുതിയൊരു ട്വിസ്റ്റ്കൂടി കടന്നുവരാം…

കേസിനെ ഇത്രമാത്രം കുഴഞ്ഞു മറിഞ്ഞ ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ സംഘ പരിവാര്‍ എന്തെങ്കിലും പങ്കു വഹിച്ചുവോ എന്നത് സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്. എന്തായാലും പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിങ്ങിനും നുണ പരിശോധനക്കും വിധേയയാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു എന്നത് പ്രത്യാശ പകരുന്നുണ്ടെങ്കിലും പെണ്‍കുട്ടി സമ്മതിച്ചാല്‍ മാത്രമേ നുണ പരിശോധന നടക്കു എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു എന്ന് പറയാതെ വയ്യ. പക്ഷേ അവസാനമായി പോക്‌സോ കോടതി പെണ്‍കുട്ടിക്ക് നല്‍കിയ തക്കീതും ഇതിനൊപ്പം ചേര്‍ത്തുവായിക്കാം. നിയമസാധുത പരിശോധിക്കാതെ അനാവശ്യഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്നായിരു കോടതിയുടെ വിമര്‍ശനം. ഇനി നമുക്ക് കാത്തിരിക്കാവുന്നത് കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടി ആവശ്യം കോടതി അംഗീകരിക്കുമോ എന്നാണ്. നേരറിയാന്‍ സിബിഐ തന്നെ വരേണ്ടിവരുമെങ്കില്‍ അങ്ങനെയാകട്ടെ…

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍