UPDATES

യാത്ര

ലാന്‍സ്ഡൗണ്‍; മനസ്സ് തണുപ്പിക്കുന്ന കാഴ്ചകളും കുളിരും സൂക്ഷിക്കുന്ന ശിവാലിക് ഹില്‍ സ്‌റ്റേഷന്‍

ലാന്‍സ്ഡൗണിലേക്കുള്ള ബൈക്ക് യാത്ര

യാം നോവല്‍

യാം നോവല്‍

ഇന്ദ്രപ്രസ്ഥത്തിന്റെ ഊഷര പ്രകൃതിയില്‍ എന്നെ അല്‍പ്പകാലമെങ്കിലും പിടിച്ചു നിര്‍ത്താന്‍ കാലം കാത്തുവച്ചതാകും യാത്രയെ ഇഷ്ടപ്പെടുന്ന ഈ സുഹൃത്തുക്കള്‍. വിരസമായി ആവര്‍ത്തിക്കുന്ന ഔദ്യോഗിക ദിനങ്ങള്‍ക്ക് ഇടയ്ക്ക് വീണു കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഒരേ മനസോടെ എല്ലാവരും ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നു, മനസ്സിനു നവോന്മേഷം പകരുന്ന പ്രകൃതിയുടെ ലാസ്യ സൗന്ദര്യം ഒളിപ്പിച്ചുവച്ച ലക്ഷ്യത്തിലേക്ക്.

ലാന്‍സ് ഡൗണ്‍ എന്ന കൊച്ചു പട്ടണത്തെ ലക്ഷ്യമാക്കി നവംബറിലെ തണുപ്പുള്ള ഒരു നട്ടുച്ചയ്ക്ക് ഞങ്ങള്‍ പുറപ്പെട്ടു. ഉത്തരേന്ത്യ അതിന്റെ തീക്ഷ്ണമായ ശൈത്യകാലത്തിലേക്ക് കടന്നിട്ടില്ലാത്തതിനാലും ഭസ്മീകരിക്കുന്ന വേനല്‍ കടന്നുപോയതിനാലും സുഖ ശീതളമായ ശരത്കാല അന്തരീക്ഷത്തില്‍ ഒരു ബൈക്ക് ട്രിപ്പ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പോദി ഗധ്വാള്‍ ജില്ലയിലെ ഈ കോന്റെന്‍മെന്റ് പട്ടണത്തിന് ആ പേര് കിട്ടുന്നത് ഗധ്വാള്‍ മലനിരകളില്‍ ഈ പട്ടണം സ്ഥാപിച്ച ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന Lord Lansdowne ല്‍ നിന്നാണ്. നനുത്ത മഞ്ഞിന്റെ തിരശീലയിട്ട് നില്‍ക്കുന്ന ബ്രിട്ടിഷ് പ്രഭാതങ്ങളുടെ ഗൃഹാതുരതയാവം അവരെ മല കയറാന്‍ പ്രേരിപ്പിച്ചത്, ഇന്ത്യയിലെ പുകള്‍പെറ്റ ഹില്‍സ്‌റ്റേഷനുകള്‍ ഒക്കെ അവരുടെ സംഭാവന ആണല്ലോ. ഭാരതത്തിന്റെ കണക്കുകൂട്ടാനാവാത്ത സമ്പത്ത് കൊള്ളയടിച്ചതിനു നല്‍കിയ ചെറിയ ചെറിയ നഷ്ടപരിഹാരങ്ങള്‍.

ഡല്‍ഹിയില്‍ നിന്നും തുടങ്ങി ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി വരെ നീളുന്ന ദേശീയപാത 58ലൂടെ വ്യത്യസ്ഥ
സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു ബൈക്കുകളിലായി ഞങ്ങള്‍ യാത്ര ആരംഭിച്ചു. വീതിയേറിയ രണ്ടു വരി പാത നന്നായി പരിപാലിച്ചു പോരുന്നതിനാല്‍ യാത്ര ആയാസരഹിതമായിരുന്നു. ഇടയ്ക്ക് വന്നു പോകുന്ന ചെറുപട്ടണങ്ങള്‍ ഒഴിച്ചാല്‍ പാതയ്ക്കിരുവശവും തരിശായി കിടക്കുന്ന വയലുകള്‍ മാത്രമേ കാണുവാനുള്ളൂ, മടുപ്പിക്കുന്ന വിരസമായ കാഴ്ചകള്‍. വിലനിലവാര പട്ടികയില്‍ മാത്രം നിലവാരം പുലര്‍ത്തുന്ന ഒരു ധാബയില്‍ കയറി വിശപ്പിനു താല്കാലിക ശമനം നല്‍കി ഏറെ വൈകാതെ മീററ്റിനടുത്തുള്ള ഖടോളിയില്‍ വച്ച് ദേശിയ പാതയോട് വിട പറഞ്ഞ് ആള്‍തിരക്ക് കുറഞ്ഞ ഒറ്റവരി പാതയിലേക്ക് പ്രവേശിച്ചു.

ഗംഗാ നദി അമൃതൂട്ടി വളര്‍ത്തുന്ന നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന്‍ പാടങ്ങള്‍ക്കിടയിലൂടെ യാത്ര നല്ലൊരു അനുഭവമായിരുന്നു. കാറ്റിനു പോലും മധുരം നല്‍കുന്ന ശര്‍ക്കര നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി, ‘മുതുകില്‍ വിരിച്ച കരിന്തൊലി കൊണ്ട് ദുഷ്‌കൃതങ്ങള്‍ ഒപ്പിയെടുത്ത്’, കരിമ്പിന്‍ കെട്ടുകള്‍ നിറച്ച വണ്ടികളും വലിച്ചുകൊണ്ടോടുന്ന മഹിഷ പിതാമഹന്മാര്‍ ഗ്രാമക്കാഴ്ചകളിലേക്ക് ഞങ്ങളെ വരവേറ്റു. വയലുകള്‍ക്കിടയില്‍ അങ്ങിങ്ങ് കാണുന്ന ചെറിയ വീടുകള്‍, ഇടയ്ക്ക് വന്നെത്തുന്ന വികസനത്തിന്റെ മോടിയില്ലാത്ത ചെറിയ ഗ്രാമചത്വരങ്ങള്‍, അലസഭാവത്തോടെ ഗ്രാമീണര്‍, എല്ലാം പതിവ് ഉത്തരേന്ത്യന്‍ കാഴ്ചകള്‍. ‘The soul of India lives in its villages’. ഇന്ത്യയുടെ ആത്മാവ് ഇവിടെ ഉറങ്ങികിടക്കുന്നു.

യാത്ര ഉത്തരാഞ്ചല്‍ അതിര്‍ത്തി പിന്നിടുമ്പോള്‍ ഗ്രാമക്കാഴ്ചകളെ പതിയെ വനപ്രകൃതി കയ്യടക്കുന്നു. ആനത്താരകളെ അടയാളപ്പെടുത്തിയ സൂചനാഫലകങ്ങള്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന പാതയ്ക്കിരുവശവും ഇടതൂര്‍ന്നതല്ലെങ്കിലും പച്ചപ്പാര്‍ന്ന വനചാരുത. ഗംഗാ സമതലത്തിലെ ഈ ഇലപൊഴിയും കാടുകള്‍ സസ്യ ജന്തുജാലങ്ങളെ കൊണ്ട് സമ്പന്നമാണ്. മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ സഞ്ചാരികളെ എതിരേല്‍ക്കാന്‍ വിരിച്ചിട്ട പരവതാനി പോലെ വിജനമായ പാത, പച്ചപുതച്ച മരക്കൂട്ടങ്ങള്‍ താണ്ടി എത്തുന്ന ഇളം കാറ്റ്, താളമിട്ട് ബൈക്കുകളുടെ ഹൃദയമിടിപ്പുകള്‍….

ഇനി കയറ്റമാണ്, ദില്ലി നഗരത്തിനു ഏറ്റവും അടുത്തുള്ള ഈ ഹില്‍ സ്‌റ്റേഷന്‍ സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരത്തിലേറെ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ കുന്നുകള്‍ക്കിടയിലൂടെ ഗംഗയുടെ പോഷക നദിയായ ഖൊഹ് ഒഴുകുന്നു. നദിയുടെ ഓരം പറ്റി കുന്നുകളില്‍ അള്ളിപിടിച്ച് കിടക്കുന്ന ഇടുങ്ങിയ പാത. കുത്തനെയുള്ള ചരല്‍ പാതകളില്‍ കൂടി വിദഗ്ദമായി വണ്ടികളിറക്കി, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ, ഒഴുക്കുള്ള നദിക്കു കുറുകെ ഒരു സാഹസിക യാത്രയ്ക്ക് ശേഷം പുഴയോരത്ത് അല്പം വിശ്രമം. മലകളുടെ തണുപ്പും ആകാശത്തിന്റെ തെളിവും പേറിയൊഴുകുന്ന നദി മനസ്സിനെ അര്‍ദ്രമാക്കുന്നു. നേരം സന്ധ്യയാവുന്നു ,വൈകാതെ യാത്ര തുടര്‍ന്നു, സൂര്യന്‍ വേഗം മറയുന്ന ദക്ഷിണായന കാലം, വഴിയിലെ മനോഹര ദൃശ്യങ്ങളെ നഷ്ടപ്പെടുത്തരുതല്ലോ. ദേവതാരുവും ഓക്കും അതിരിടുന്ന വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതയിലൂടെ ത്രസിപ്പിക്കുന്ന ഒരു യാത്ര. ചെങ്കുത്തായ മലയിടുക്കുകളിലൂടെ കാറ്റിന്റെ പാട്ടും കേട്ട് മലയിറങ്ങുന്ന മഞ്ഞിന്റെ കുളിരേറ്റ് ലാന്‍സ് ഡൗണിന്റെ കാഴ്ചകളിലേക്ക്.

തണുപ്പുള്ള ശരത്കാല രാത്രി വളരെ നേരത്തെ വിജനമാക്കിയ പട്ടണം ഞങ്ങളെ എതിരേറ്റു. തണുത്ത് വിറച്ചുകൊണ്ട് ഒരു ഹോം സ്‌റ്റേയില്‍ ചേക്കേറി, കമ്പിളിയുടെ ചൂടേറ്റുവാങ്ങി ഉറക്കമായി. നല്ല തണുപ്പുള്ള ഒരു പ്രഭാതത്തിലേക്കാണ് ഉണര്‍ന്നെണീറ്റത്. ആറു മണിക്കൂറിലേറെ നീണ്ടു നിന്ന യാത്രയുടെ ക്ഷീണം പാടെ മായ്ച്ചു കളഞ്ഞ സുഖകരമായ ഉറക്കം. ചുടു ചായയും കുടിച്ചു ചെറിയൊരു നടത്തം, കുളിരണിഞ്ഞ ഇളം വെയില്‍, മലമടക്കുകള്‍ക്കപ്പുറം മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങള്‍, കാഴ്ച വലിയ അനുഗ്രഹമാകുന്നു.

Garhwal Rifles ന്റെ പരിശീലന കേന്ദ്രമായ കന്റോണ്‍മെന്റ് ആയതു കൊണ്ടുതന്നെ പട്ടണം വൃത്തിയായി പരിപാലിക്കപ്പെട്ടിരിക്കുന്നു. ശിശിരത്തിന്റെ വരവറിയിച്ചു കൊണ്ട് അഗ്‌നി വര്‍ണം ചാര്‍ത്തിയ മരങ്ങള്‍ അതിരിടുന്ന നടപ്പാത Lovers Lane, നമ്മളെ ‘tip-in-top ‘ ലേക്ക് നയിക്കുന്നു. കുന്നിന്‍ മുകളിലെ ഈ മുനമ്പില്‍ നിന്നുള്ള ദൃശ്യം വര്‍ണനാതീതമാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ശിവാലിക് മലനിരകളുടെ സുന്ദര കാഴ്ച്ചകള്‍ക്ക് അതിരിട്ട് നീലവാനിനു കീഴെ മഞ്ഞുടുപ്പിട്ടു നില്‍ക്കുന്ന ഹിമാലയം.

Garhwal Rifles ന്റെ ചരിത്രം വിവരിക്കുന്ന മ്യൂസിയം (Darwan Singh Museum ) Lansdowne ന്റെ ചരിത്രത്തിലേക്കു കൂടിയുള്ള കിളിവാതിലാണ്. മധ്യാഹ്നം വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലേക്ക് പ്രവേശനമുള്ളൂ. മ്യൂസിയത്തിന് സമീപത്തായി ആര്‍മി പരേഡ് ഗ്രൗണ്ടില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന യുദ്ധസ്മാരകം. മനുഷ്യന്റെ കിരാത മനസ്സിന്റെ സൃഷ്ടിയായ ഓരോ യുദ്ധങ്ങളും സൃഷ്ടിക്കുന്നത് കുറച്ചു സ്മാരകങ്ങളും ഒരുപാട് നഷ്ടങ്ങളുമാണല്ലോ. മനസ്സിനെ വിമലീകരിക്കാനുള്ള യാത്രയില്‍ ഈ സന്ദര്‍ശനം ഒഴിവാക്കാമായിരുന്നെന്ന് തോന്നി, ഓര്‍മകളില്‍ പോലും യുദ്ധം ഭയാനകമാകുന്നു.

പൈതൃക പെരുമയുമായി ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട സെന്റ് മേരി പള്ളിയും ഗധ്വാളി മെസ്സും തലയുയര്‍ത്തി നില്‍ക്കുന്നു. മ്യൂസിയമായി മാറ്റപ്പെട്ട പള്ളിയിലെ പ്രദര്‍ശനം ബ്രിട്ടീഷ് ഭരണകാലത്തെ ലാന്‍സ് ഡൗണ്‍ കാഴ്ചകളിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു. കാഴ്ചകള്‍ മാത്രമല്ല ലാന്‍സ് ഡൗണ്‍ സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്നത്, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രക്കിംഗ് നടത്താം, ഭുല്ല തടാകത്തില്‍ ഒരു ബോട്ട് യാത്രയാവാം, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ അരുവിയിലൂടെ ഒരു ബൈക്ക് റൈഡ്. ‘Do more, Be More’…

അനുഭവങ്ങള്‍ ചിലപ്പോള്‍ വാക്കുകള്‍ക്ക് മെരുങ്ങണമെന്നില്ല. ഇന്ദ്രിയങ്ങളിലൂടെ മനസ്സിലെത്തുന്ന അനുഭൂതികള്‍ മനുഷ്യ സൃഷ്ടിയായ ഭാഷയെ നോക്കി ചിരിക്കുന്നു. ലാന്‍സ് ഡൗണ്‍ കാത്തുവച്ച കാഴ്ചകള്‍ മനസ്സിലിട്ട് മലയിറങ്ങുമ്പോള്‍ വസന്തകാലത്തെയോര്‍ത്തു, ഓരോ വസന്തവും പിന്‍വാങ്ങുന്നത് ഒരു ഗ്രീഷ്മത്തിലെക്കാണല്ലോ …

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍