UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഴക്കന്‍ ഗോദാവരി അപകടം കണ്ടില്ലേ കേരളത്തിലെ നേതാക്കളും അധികൃതരും? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി ആര്‍ നീലകണ്ഠന്‍

കൊച്ചിയിലെ പുതുവൈപ്പില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രകൃതിവാതക ടെര്‍മിനലില്‍നിന്നും മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതിവാതകം കൊണ്ടുപോകാന്‍ വേണ്ടി മദ്ധ്യ-ഉത്തര കേരളത്തെ നെടുകെ പിളര്‍ന്നുകൊണ്ടു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ ശക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും കൃഷിഭൂമിയിലൂടെയും ഇതുകൊണ്ടു പോകുമ്പോഴുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ജീവനും സ്വത്തിനും ഈ വാതകപൈപ്പ് ലൈന്‍ ഉയര്‍ത്തുന്ന ഭീഷണിയാണ്. ഈ ഭീഷണിയെ വെറും ഭാവന മാത്രമായി അവഗണിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭരണകൂടങ്ങളും രാഷ്ട്രീയ നേതാക്കളും ഒരു പരിധിവരെ മാധ്യമങ്ങളും എന്നു കാണാം. എന്നാല്‍ ഇവര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് വ്യക്തമായ അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജൂണ്‍ 26-നു രാത്രി ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലുണ്ടായ അപകടം. അവിടെ ഉണ്ടായ മരണം 21 ആയിരിക്കുന്നു. നാല്‍പ്പതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. തമിഴ്‌നാട്ടില്‍ കൃഷി ഭൂമിയിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമാണ്. മുന്‍ എംപിയും സിപിഐ (എം) നേതാവുമായ പി ആര്‍ നടരാജനാണ് സമരത്തിന്റെ നേതൃത്വം. (പക്ഷെ കേരളത്തിലെ ജനവാസ പ്രദേശത്തുകൂടി പോകുന്നതിന് യാതൊരു പ്രശ്‌നവുമില്ലെന്നാണ് സിപിഐ (എം) സംസ്ഥാന നേതൃത്വം പറയുന്നത്) ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ഈ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഏറെ ഉത്സാഹം കാണിക്കുന്നത് അതിന്റെ കരാറുകാരാണ് എന്നതു തന്നെ ഇതിനു തെളിവാണ്. ഭൂമി വിട്ടുകൊടുക്കാന്‍ ഉടമകളെയും സമരസമിതി നേതാക്കളേയും പ്രേരിപ്പിക്കുന്നതും ഈ കരാറുകാരാണ്.

ആന്ധ്രയില്‍ പൊട്ടിത്തെറിച്ച പൈപ്പ് സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എന്ന സ്ഥാപനം തന്നെയാണ് കേരളത്തിലും പൈപ്പിടുന്നത്. കൊച്ചി പ്രകൃതി വാതക ടെര്‍മിനലിന്റെ സ്ഥാപകശേഷി പ്രതിവര്‍ഷം 58 ദശലക്ഷം ടണ്‍ ആണ്. ഈ വാതകം കുട്ടനാട് വരെ ഒരു പൈപ്പ് ലൈനിലെത്തുന്നു. അവിടെനിന്നും രണ്ടായി പിരിഞ്ഞ് ഒന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലൂടെ മംഗലാപുരത്തേക്കും മറ്റൊന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും അവിടെനിന്നും സേലം വഴി ബാംഗ്ലൂരുവിലേക്കും പോകുന്നു. ഈ പദ്ധതിയുടെ ഇരകളാക്കപ്പെടുന്നവര്‍ പറയുന്ന പ്രധാന വിഷയം ഇതുകൊണ്ട് കേരളത്തിനുകാര്യമായ പ്രയോജനം ഒന്നും ഇല്ലെന്നതാണ്. കാസര്‍കോഡ് ജില്ലയിലെ ചീമേനിയില്‍ സ്ഥാപിക്കുമെന്നു പറയുന്ന ഒരു താപവൈദ്യുത നിലയത്തിന് ഉപകരിച്ചേക്കാമെന്ന പ്രതീക്ഷമാത്രം. പക്ഷെ ഇതിന്റെ ഫലമായി ഉണ്ടാകാവുന്ന നാശനഷ്ടങ്ങളെല്ലാം കേരളത്തിനു തന്നെയാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇത് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ ദുരന്തം ഒരു മുന്നറിയിപ്പാകുന്നത്.

 

 

പ്രകൃതിവാതക പൈപ്പ് ലൈനിലെ അപകടം നമുക്കത്ര പരിചിതമല്ല. കാരണം ഇന്ത്യയില്‍ ഇതത്രയധികമില്ല. എന്നാല്‍ പ്രകൃതിവാതകം പ്രധാന ഇന്ധനമായ യുഎസ്എയില്‍ 1994-2013 കാലത്ത് മാത്രം 750-ഓളം ഗൗരവതരമായ അപകടങ്ങള്‍ വാതകപൈപ്പ് ലൈനുകളില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മരണം കുറവായിരിക്കും. പരമാവധി 30-40 മാത്രം. ഇതിനു വ്യക്തമായ കാരണമുണ്ട്. ഈ പൈപ്പുകള്‍ കടന്നുപോകുന്നത് തീര്‍ത്തും മനുഷ്യവാസമില്ലാത്ത പ്രദേശത്തുകൂടിയാണ്. ഒരു കിലോമീറ്റര്‍ ചുറ്റിനുമുള്ള വീടുകളും കെട്ടിടങ്ങളും ഗോദാവരി ജില്ലയിലെ നഗരം എന്ന ഗ്രാമത്തിലെ അപകടത്തില്‍പ്പെട്ടു ചാമ്പലായിട്ടും മരിച്ചത് 21 പേര്‍. അപകടം പിണഞ്ഞത് 40-ഓളം പേര്‍ക്ക്. ഒരു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന മനുഷ്യന്‍ കരിക്കട്ടപോലെ കത്തിയെങ്കില്‍ അതിനിടയില്‍ കാര്യമായി മനുഷ്യരുണ്ടായിരുന്നില്ലെന്നര്‍ത്ഥം. കേരളത്തില്‍ ഈ പൈപ്പ് ലൈന്‍ പോകുന്നത് ഗ്രാമ, നഗര പ്രദേശങ്ങളിലൂടെയാണ്. വീടുകള്‍ക്ക് പുറമെ ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, കമ്പോളങ്ങള്‍… എപ്പോഴും മനുഷ്യര്‍ നിറഞ്ഞു നില്‍ക്കുന്നിടങ്ങളാണിവ. കേരളത്തിലാണ് ഈ ദുരന്തമുണ്ടാകുന്നതെങ്കിലുള്ള അവസ്ഥ ചിന്തിക്കാനാവില്ല.

കൃഷ്ണാ-ഗോദാവരി നദീതടത്തില്‍നിന്നും ഒ എന്‍ ജി സി കുഴിച്ചെടുത്ത പ്രകൃതിവാതകമാണ് പൈപ്പ് ലൈന്‍ വഴി വിജയവാഡക്കടുത്തുള്ള ലാന്‍കൊ താപനിലയത്തിലേക്ക് ഗെയില്‍ കൊണ്ടുപോയിരുന്നത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയാണ്. പ്രകൃതിവാതകം സാധാരണ താപനിലയില്‍ വാതകമാണെങ്കിലും ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിക്കപ്പെടുകയും അതോടൊപ്പം താപനില കാര്യമായി കുറയുകയും ചെയ്യപ്പെടുക വഴി അത് ദ്രാവകമാകുന്നു. (നമ്മുടെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പോലെ) അതു തുറന്ന്‍ സാധാരണ താപനിലയിലേക്കും മര്‍ദ്ദത്തിലേക്കും വിട്ടാല്‍ ഉടനെ വാതകമാകുന്നു. ഈ ദ്രാവകം പൈപ്പിലൂടെ കൊണ്ടുപോകുന്നത് ഉയര്‍ന്ന മര്‍ദ്ദത്തിലാണെന്നര്‍ത്ഥം. പൈപ്പിന് തകരാറുണ്ടായാല്‍ വന്‍ തോതില്‍ വാതകം പുറത്തുവരുന്നു. വളരെ എളുപ്പത്തില്‍ തീപിടിക്കാവുന്ന ഒന്നാണെന്നതിനാല്‍ ഏറെ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുന്നു.

 

 ഇന്ത്യയിലെ മറ്റെല്ലാ വികസനത്തിലുമെന്നപോലെ, ഈ പൈപ്പ് ലൈന്‍ അതീവ സുരക്ഷിതമാണെന്ന് അധികൃതര്‍ എന്നും ആവര്‍ത്തിക്കുന്നു. ഒരുപാട് അത്യാധുനിക സംവിധാനങ്ങളുടെ പേരുകള്‍ പറയും. പക്ഷെ അപകടമുണ്ടാകുന്നതുവരെ ഏതു പ്ലാന്റും സുരക്ഷിതമാണെന്നു മാത്രമേ പറയാനാകൂ. അപകടമുണ്ടായാല്‍ അതിനൊരു ‘കാരണം’ കണ്ടെത്താന്‍ എളുപ്പം. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശത്താണ് ഈ അപകടമുണ്ടായതെന്നതിനാലാണ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അപകടസ്ഥലത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും കടകളും മറ്റു കെട്ടിടങ്ങളും ചാമ്പലായി. അതിനകത്തുണ്ടായിരുന്ന മനുഷ്യരും. കേരളത്തിലാണിതു സംഭവിക്കുന്നതെങ്കില്‍ – ഒരു കിലോമീറ്ററിനകത്ത് എത്രായിരം മനുഷ്യര്‍ ഉറങ്ങുന്നുണ്ടാകാം. പകല്‍ സമയമാണെങ്കില്‍ വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍, കമ്പോളങ്ങള്‍ ഇവയിലൊക്കെ ആയിരങ്ങള്‍ കൂടി നില്‍ക്കുന്നുമുണ്ടാകാം. ചാലയിലും കരുനാഗപ്പള്ളിയിലും ഒരു ചെറിയ ടാങ്കര്‍ ലോറിയിലെ പ്രകൃതിവാതകം ചോര്‍ന്നപ്പോള്‍ തന്നെ എത്രപേര്‍ മരിച്ചു. അതിന്റെ ആയിരക്കണക്കിനുമടങ്ങ് പ്രകൃതിവാതകമല്ലേ ഇവിടെ പുറത്തു വരുന്നത്.

 

കേരളത്തിലെ ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി (പലരുടേയും വീടിനടുത്തുകൂടി) പലരുടേയും വീടുകള്‍ പൊളിച്ച് ഇതുപോകുന്നു. തങ്ങള്‍ ഭൂമി വാങ്ങുന്നില്ലെന്നും അതിന്റെ താഴെയുള്ള ഭാഗത്ത് (മൂന്നടി താഴ്ചയില്‍!) പൈപ്പുകള്‍ സ്ഥാപിക്കാനുള്ള അവകാശം (റൈറ്റ് ഓഫ് യൂസ്) മാത്രമേ ആവശ്യമുള്ളൂവെന്നുമാണിവര്‍ പറയുന്നത്. ഇതില്‍പ്പരം വലിയൊരു വഞ്ചനയില്ല. ചെറിയ തുണ്ടുഭൂമികളില്‍ വീടുവച്ച്, കൃഷിചെയ്തു ജീവിക്കുന്നവരാണ് കേരളീയര്‍. 20 മീറ്റര്‍ വീതിയില്‍ നെടുനീളത്തില്‍ ഇവര്‍ ഭൂമി എടുക്കുന്നു. ആ ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു മരം നടാനാകില്ല, തൊഴുത്ത്, കക്കൂസ് തുടങ്ങിയവയൊന്നും സ്ഥാപിക്കാനാകില്ല. താഴേക്ക് വേരിറങ്ങാത്ത ചീര മുതലായവ നടാം! ഭൂമിക്ക് അക്ഷരാര്‍ത്ഥത്തില്‍ പൊന്നിന്റെ വിലയാണ് കേരളത്തിലെന്നാര്‍ക്കാണറിയാത്തത്. അവിടെ ഇത്രയധികം ഭൂമി ഒന്നും ചെയ്യാനാകാതെ വെറുതെയിടാന്‍ ആര്‍ക്കു കഴിയും. തന്നെയുമല്ല, അവര്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്നതിനാല്‍ പൊന്നും വിലയുടെ 10 ശതമാനം മാത്രം ഇതിനായി ഉടമസ്ഥര്‍ക്കു നല്‍കുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഔദാര്യം ചെയ്തു. ഈ നഷ്ടപരിഹാരം മൂന്നിരട്ടിയാക്കി. അതും പത്തു സെന്റു മാത്രം ഭൂമിയുള്ള പുരയിടത്തില്‍നിന്ന് ഇത്രയും ഭൂമി നഷ്ടപ്പെട്ടാല്‍ പിന്നെന്തു കാര്യം? ഇതൊന്നും വികസനവാദികള്‍ക്കറിയേണ്ടതില്ല!

 

 

ആന്ധ്രയില്‍ ഏറെ രസകരമായിക്കണ്ട മറ്റൊരു വസ്തുതയുണ്ട്. ഈ അപകടത്തിന്റെ ഉത്തരവാദികളെ കമ്പനി പെട്ടെന്നു കണ്ടെത്തി. പക്ഷേ ഒന്നിലേറെ സാധ്യതകള്‍ അവര്‍ പറയുന്നു. ഒന്നാം പ്രതിയായി സംശയിക്കപ്പെടുന്ന വാഗനാഹേശ്വര റാവു. ഇദ്ദേഹം നരേന്ദ്ര മോദിയുടെ പഴയകാല തൊഴില്‍ ചെയ്യുന്ന ഒരു പാവം ചായക്കടക്കാരന്‍. തീവ്രവാദിയൊന്നുമല്ല. ടിയാന്‍ ചെയ്ത കുറ്റം, ജൂണ്‍ 27-ന് രാവിലെ സന്തം ചായക്കടയിലെത്തി (പതിവുപോലെ) എന്നിട്ട് അടുപ്പ് കത്തിച്ചു. അതാണത്രേ സ്‌ഫോടനകാരണം! (അദ്ദേഹം തിരിച്ചറിയാനാവാത്ത വിധം കരിക്കട്ടയായി എന്നത് മറ്റൊരു കാര്യം) മറ്റൊരു ‘സംശയ’വും ഉണ്ട്. പൈപ്പ്‌ലൈന്‍ പോകുന്ന വെളിമ്പ്രദേശത്ത് പുലരും മുമ്പ് ചിലര്‍ കക്കൂസിനായി എത്തിയിരുന്നുവെന്നും ഇവര്‍ ബീഡികത്തിച്ചതാണ് അപകടകാരണമെന്നും ‘വിദഗ്ദ്ധസംഘം’ കണ്ടെത്തിയിരിക്കുന്നു. ചുരുക്കത്തില്‍ വാതകപൈപ്പ് ലൈന്‍ പോകുന്നതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഡിയോ സ്റ്റൗവോ കത്തിക്കുന്നത് കുറ്റകരമാകാം! അതായത്, ‘ജനങ്ങളുടെ അശ്രദ്ധയാണ് അപകടകാരണം!’ എന്ന്‍. (കേരളത്തില്‍ സമരം ചയ്യുന്ന ജനങ്ങള്‍ തുറന്നുപറയുന്ന കാര്യമാണിത്. ഒടുവില്‍ പൈപ്പ് ലൈന്‍ സുരക്ഷ ജനങ്ങളുടെ ചുമതലയിലാകും. തല്‍ക്കാലം തടി രക്ഷിക്കാന്‍ കുറച്ചു നഷ്ടപരിഹാരവും ഒരു അന്വേഷണ പ്രഖ്യാപനവും ഉണ്ടാകും. അതിനപ്പുറമൊന്നും നടക്കില്ല). 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയ്പാല്‍ റെഡി എണ്ണ-പ്രകൃതിവാതക മന്ത്രിയായിരുന്നപ്പോള്‍, ഇന്ത്യയിലെ പെട്രോളിയം വ്യവസായങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ ഒരു നിയമപരമായ ‘അഥോറിട്ടി’ വേണമെന്ന ആവശ്യം ഉന്നയിച്ചു. ഇതുമായി മുന്നോട്ടു പോകാനൊരുങ്ങിയതോടെ റെഡ്ഡിയെ പുറത്താക്കി. കാരണം റിലയന്‍സടക്കം നിരവധി സ്വകാര്യ കോര്‍പ്പറേറ്റുകളാണിപ്പോള്‍ രംഗം വാഴുന്നത്. ഇത്തരമൊരു സ്ഥാപനം വന്നാല്‍ അവ പരിശോധിക്കാന്‍ ഇവര്‍ക്കു കഴിയും. അത് കോര്‍പ്പറേറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജനങ്ങളുടെ ജീവനൊന്നും അത്ര പ്രധാനമല്ല. നിക്ഷേപകരുടെ ലാഭവും കോര്‍പ്പറേറ്റു വികസനവും ജിഡിപിയുമാണല്ലോ വേണ്ടത്. ഈ പൈപ്പ് ലൈന്‍ തന്നെ രണ്ടു ദിവസം മുമ്പ് അധികൃതര്‍ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ് എന്നുകൂടി പറയുമ്പോള്‍ ഇവരുടെ മുന്‍കരുതലിനെയും സുരക്ഷാവാഗ്ദാനത്തേയും കുറിച്ചുള്ള സംശയം നമുക്കു തള്ളിക്കളയാനാകില്ല. കൊച്ചിയില്‍നിന്നും ഇതു കടന്നുപോകുന്ന വഴിയിലുള്ള ലക്ഷങ്ങളുടെ ജീവന് ഇവര്‍ നല്‍കുന്ന വില ഇത്ര മാത്രം. നാളെ ഒരപകടം സംഭവിച്ചാല്‍, അല്‍പ്പം പണം നഷ്ടപരിഹാരമായി നല്‍കും, അത്രതന്നെ.

 

 

പ്രകൃതിവാതകം താരതമ്യേന പാരിസ്ഥിതികാഘാതം കുറഞ്ഞതും വില (ഇപ്പോള്‍) കുറവുള്ളതുമായ ഇന്ധനമാണെന്നതു ശരി തന്നെ. പക്ഷെ വിലയുടെ കാര്യം തീര്‍ത്തും താല്‍ക്കാലികം മാത്രം. കായംകുളം താപനിലയം സ്ഥാപിക്കുന്ന കാലത്ത് ഉയര്‍ത്തിയിരുന്ന അവകാശവാദം അതിലെ ഇന്ധനമായ നാഫ്തക്ക് വില വളരെ കുറവാണെന്നതായിരുന്നു. എന്നാല്‍ നിലയം പ്രവര്‍ത്തനമാരംഭിച്ചപ്പോഴേക്കും നാഫ്തയുടെ വില നാലിരട്ടിയായി. നിലയം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയായി. അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കുന്ന ഉല്‍പ്പന്നമായതിനാല്‍ ഇതിന്റെ വിലയും നാളെ കൂടാം.

ഇത്തരത്തില്‍ ജനനിബിഡ പ്രദേശത്തുകൂടി പൈപ്പിടുന്നതല്ലാതെ മറ്റൊരു വഴിയുമില്ലേ എന്നതും അന്വേഷിക്കണമല്ലോ. പുതുവൈപ്പില്‍ ഒരു താപനിലയം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമുണ്ട്. എങ്കില്‍ പിന്നെ ചീമേനിയിലൊരു താപനിലയം ആവശ്യമാകില്ല. മംഗലാപുരത്ത് ഒരു തുറമുഖം ഉണ്ട്. ഈ വാതകം അവിടെ ഇറക്കിയാല്‍ മതി. ഒരു ടെര്‍മിനല്‍ അവിടെ സ്ഥാപിക്കുന്നതാകും ലാഭകരം; സുരക്ഷിതവും. കൊച്ചിയില്‍നിന്നും കരൂര്‍ (തമിഴ്‌നാട്) വരെ ഇപ്പോള്‍ത്തന്നെ എണ്ണ പൈപ്പ് ലൈന്‍ ഉണ്ട്. അതിനായി ഏറ്റെടുത്തിരിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ഇതിനായി ഉപയോഗിച്ചാല്‍ മതി. (ആ ഭൂമി മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ കൈവശമായതിനാല്‍ ഇതു നടക്കില്ലെന്നാണ് വാദം വിചിത്രമാണിത്. ജനങ്ങളെയാകെ വഴിയാധാരമാക്കി ഭൂമി എടുക്കാം; സര്‍ക്കാര്‍ ഉടമസ്ഥതയിലെ ഭൂമി ഉപയോഗിക്കാനാവില്ല!)

ചുരുക്കത്തില്‍ കേരളത്തിനു കാര്യമായ ആവശ്യമില്ലാത്തതും വന്‍ ദുരന്തസാധ്യതയുള്ളതുമായ ഒരു പദ്ധതിയെന്ന നിലയില്‍, ‘വികസനം’ എന്ന മന്ത്രം കണ്ണടച്ച് ഉരുവിടുന്നവര്‍ ഈ വാതകപൈപ്പ് ലൈന്‍ പദ്ധതിയെ പിന്താങ്ങുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടണം!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍