UPDATES

ഗൗതം അദാനി വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തി

അഴിമുഖം പ്രതിനിധി

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. വി എസിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് അദാനി വി എസ്സിനെ കണ്ടത്. അടച്ചിട്ട മുറിയില്‍ ഏകദേശം പതിനഞ്ചു മിനിട്ടോളം ഇരുവരും സംസാരിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് അദാനി പ്രതിപക്ഷനേതാവിനെ കാണാന്‍ എത്തിയത്. പദ്ധതിയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ പദ്ധതിയുമായി സഹകരിക്കില്ലെന്നും വി എസ് കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതി പറഞ്ഞസമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്ന് ഗൗതം അദാനി പറഞ്ഞു. വി എസിനെ സന്ദര്‍ശിച്ചുശേഷം പുറത്തിറങ്ങിയ അദാനി മാധ്യമങ്ങളോടാണ് ഈ പ്രതികരണം നടത്തിയത്. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദാനി വ്യക്തമാക്കി.

ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് വിഴിഞ്ഞം തുറുമുഖ നിര്‍മാണക്കരാര്‍ ഒപ്പിടുന്നത്. സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാരും അദദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി ഇ ഒ സന്തോഷ് കുമാര്‍ മഹാപാത്രയുമാണ് കരാറില്‍ ഒപ്പിടുക. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ എം മാണി, കെ ബാബു, ഗൗതം അദാനി എന്നിവര്‍ പങ്കെടുക്കും.

അതേസമയം അദാനി-അച്യുതാനന്ദന്‍ കൂടിക്കാഴ്ച്ചയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യം ചര്‍ച്ചയായി. എന്നാല്‍ ഇതേ കുറിച്ചുള്ള ചോദ്യത്തിന്, നന്ദകുമാര്‍ അദാനിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കൂടെവന്നതാണെന്നും താന്‍ ആരെയും വിളിച്ചിട്ടില്ലെന്നുമായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍