UPDATES

ട്രെന്‍ഡിങ്ങ്

അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണയിലെത്താന്‍ അണികള്‍ക്ക് ഇരു വിഭാഗവും നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങളെ എന്തിനാണ് “കടക്ക് പുറത്ത്” എന്ന് പറഞ്ഞുകൊണ്ട് യോഗസ്ഥലത്ത് നിന്ന് പുറത്താക്കിയത് എന്ന ചോദ്യത്തോട് ഒരു പ്രതികരണവും നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

തിരുവനന്തപുരത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും സിപിഎം മറുഭാഗത്തുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത് യോഗത്തില്‍ പരസ്പരം ധാരണകളിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് പങ്കെടുത്തത്. അക്രമങ്ങള്‍ തുടരാന്‍ പാടില്ലെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.  തിരുവനന്തപുരത്തുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് ആറാം തീയതി യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇരുകൂട്ടരെയും ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. അക്രമസംഭവങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനുള്ള ജാഗ്രത പുലര്‍ത്തും.

കൗണ്‍സിലര്‍മാരുടെ വീടിന് നേരെയും കോടിയേരിയുടെ മകന്റെ വീടിന് നേരെയുമുണ്ടായതു പോലുള്ള അക്രമസംഭവങ്ങള്‍ ഇനി മേലില്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തും. കോട്ടയത്തും കണ്ണൂരുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതാത് സ്ഥലങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച സംഘടിപ്പിക്കും. ഏതെങ്കിലും സംഭവങ്ങളില്‍ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നുള്ളത് നേരത്തെയുള്ള തീരുമാനമാണ്. അതു നടപ്പാക്കും.

അതേസമയം മാധ്യമങ്ങളെ എന്തിനാണ് “കടക്ക് പുറത്ത്” എന്ന് പറഞ്ഞുകൊണ്ട് യോഗസ്ഥലത്ത് നിന്ന് പുറത്താക്കിയത് എന്ന ചോദ്യത്തോട് ഒരു പ്രതികരണവും നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പിന്നീട് ഇറങ്ങിവന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ഇക്കാര്യത്തില്‍ എവിടേയും തൊടാത്ത പ്രതികരണമാണ് നടത്തിയത്. മുഖ്യമന്ത്രി അത്തരത്തില്‍ പറഞ്ഞതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പറഞ്ഞ കോടിയേരി മുഖ്യമന്ത്രിയോട് നിങ്ങള്‍ക്ക് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ അത് നിങ്ങള്‍ ചോദിച്ചല്ലോ എന്ന് മാത്രം പറഞ്ഞു. കടക്ക് പുറത്ത് എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുമ്പോള്‍ ചിരിച്ചുകൊണ്ട് പിന്നില്‍ നില്‍ക്കുകയായിരുന്നു കോടിയേരി.

വേദനപ്പിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബിജെപിയും ആര്‍എസ്എസും എല്ലാവിധ പിന്തുണയും നല്‍കും. കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക സംഘടനകള്‍ക്കും സ്വാതന്ത്ര്യം വേണം. അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും കുമ്മനം വ്യക്തമാക്കി. സംഘടനാ സ്വാതന്ത്ര്യത്തിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും കേരളത്തില്‍ ഉണ്ടാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍