UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനൊരു ഗേ ആണ്, എന്റെ മകളും അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നു

Avatar

സല്ലി കോന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞാന്‍ ബ്രൂക്ക്‌ലിനിലെ ഒരു ലിബറല്‍ ലോകത്താണ് ജീവിക്കുന്നത്. അവിടെയുള്ള ആളുകള്‍ തങ്ങളുടെ കുട്ടികള്‍ സന്തോഷത്തോടെയിരിക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ജീവിതത്തിന്റെ പല ഘട്ടത്തിലും സന്തോഷത്തെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകള്‍ വ്യത്യസ്തമാണ്. നിങ്ങള്‍ കോളേജില്‍ പോയിട്ടുണ്ടെങ്കില്‍ കുട്ടികളും കോളേജില്‍ പോകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഇഷ്ടമാണെങ്കില്‍ കുട്ടികള്‍ക്കും അങ്ങനെയാകണമെന്നും ഡെമോക്രാറ്റുകള്‍ക്ക് വോട്ടുചെയ്യുന്നവര്‍ കുട്ടികളും അങ്ങനെ ചെയ്യണമെന്നും ആഗ്രഹിക്കും.

ഞാന്‍ ഗേ ആണ്, എന്റെ കുട്ടിയും ഗേ ആകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ഏറ്റവും ലിബറല്‍ ആയ സുഹൃത്തുക്കള്‍ക്ക് പോലും ഈ ലോജിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. അവരുടെ കുട്ടികള്‍ സ്‌ട്രെയിറ്റ് കുട്ടികളാകണം എന്നാണ് അവരുടെ ആഗ്രഹം, വളരെ വിഷമിച്ചു മാത്രമേ അവര്‍ ഇത് അംഗീകരിക്കൂ. അപ്പോഴാണ് കുട്ടി ലെസ്ബിയന്‍ ആകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത്.

‘നിങ്ങള്‍ക്ക് കുട്ടി സന്തോഷമായിരിക്കണം എന്നില്ലേ?’ ഒരു സുഹൃത്ത് ചോദിച്ചു. ഒരു ഹോമോഫോബിക്ക് സമൂഹത്തില്‍ സ്‌ട്രെയിറ്റ് ആയി ജീവിക്കുന്നതാണ് എളുപ്പം എന്നായിരിക്കണം അയാള്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഈ ചിന്താഗതി ഹോമോഫോബിക്ക് സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കുകയേയുള്ളൂ. സ്‌ട്രെയിറ്റ്് ആയിരിക്കുന്നത് കൂടുതല്‍ മേല്‍ഗതിയുള്ള അവസ്ഥയാണ് എന്നല്ലേ ഇതിലൂടെ ധ്വനിപ്പിക്കുന്നത്? ഞാന്‍ ഒരു ടീനേജര്‍ ആയിരുന്നപ്പോള്‍ ഒരു കറുത്തവര്‍ഗക്കാരനെ കല്യാണം കഴിക്കരുത് എന്ന് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞു. ‘ഞാന്‍ നിന്റെ സുരക്ഷയെക്കരുതിയാണ് പറയുന്നത്,’ അച്ഛന്‍ പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ വേര്‍തിരിവുകളില്‍ നിന്ന് എന്നെ സംരക്ഷിക്കുകയാണോ അച്ഛന്റെ തന്നെ വേര്‍തിരിവുകളെ ഉറപ്പിക്കുകയാണോ അദ്ദേഹം ചെയ്തത് എന്ന് അന്ന് പറയുക പ്രയാസമായിരുന്നു. 

ആരും ഗേ ആയുള്ള ജീവിതം തെരഞ്ഞെടുക്കില്ല എന്ന ആശയം ഏറെ പ്രചാരമുള്ള ഒന്നാണ്. ഗേ റൈറ്റ്‌സ് മൂവ്‌മെന്റില്‍ പോലും ഇതിനു പ്രചാരമുണ്ട്. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഗേ ആളുകളെ മാറ്റിയെടുക്കാം എന്ന ആശയത്തോടുള്ള പ്രതികരണമായാണ് ആക്റ്റിവിസ്റ്റുകള്‍ സെക്ഷ്വാലിറ്റിയെ നൈസര്‍ഗികമായ, ഉറപ്പുള്ള ഒന്നായി സ്ഥാപിച്ചത്. ഒരു ഗേ ജീന്‍ ഉണ്ടെന്ന് തെളിയിക്കാന്‍ പോലും ശാസ്ത്രലോകം ശ്രമിച്ചിരുന്നു. ലൈംഗിക അഭിരുചിയെപ്പറ്റിയുള്ള ഇത്തരം ആശയങ്ങള്‍ നിയമപരിരക്ഷ നേടാന്‍ അല്‍പ്പമൊന്നുമല്ല സഹായകമായത്. ബോണ്‍ ഗേ എന്നത് ലേഡി ഗാഗയുടെ ഒരു പാട്ട് മാത്രമല്ല, ഗേ റൈറ്റ്‌സിന്റെ പ്രധാനപരിസരവുമാണ്. 

‘ഞാന്‍ സ്വയം ഗേ ആയുള്ള ജീവിതം തെരഞ്ഞെടുക്കില്ല’, എന്റെ ഒരു സുഹൃത്ത് എന്നോട് ഒരിക്കല്‍ പറഞ്ഞു. ഇതൊരു ദുഖകരമായ നിമിഷമായിരുന്നു, അവര്‍ ഗേ ആയിരുന്നു.

ഒരുകാലത്ത് ഗേ എന്ന വാക്കിനു സന്തോഷം എന്നും അര്‍ത്ഥമുണ്ടായിരുന്നു. എന്നാല്‍ പതിയെ ഈ രണ്ടുവാക്കുകളും വേര്‍പെട്ടു. ഗേ എന്നത് ദൗര്‍ഭാഗ്യകരമായ, നിന്ദിതമായ ഒരു അവസ്ഥയായി മാറി. ഗേ ലിബറേഷന്‍ ആക്റ്റിവിസ്റ്റ് ഫ്രാങ്ക്‌ലിന്‍ കാമെനി അറുപത്തിയെട്ടില്‍ ഗേ നല്ലതാണ് എന്ന പ്രചരണം തുടങ്ങിയതിനും കാരണം ഇതാണ്, അക്കാലത്ത് ഗേ നല്ലതാണ് എന്ന് ആരും കരുതിയിരുന്നില്ല. എഴുപത്തിമൂന്നുവരെ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ സ്വവര്‍ഗ ലൈംഗികത ഒരു മാനസികരോഗമായാണ് കരുതിയിരുന്നത്. ഗേ പോസിറ്റീവ് സംസ്‌കാരം ഉണ്ടായിവന്നുവെങ്കിലും ആളുകളുടെ ചിന്താഗതിയില്‍ വലിയ മാറ്റമില്ല. അമേരിക്കയില്‍ ഇന്ന് ഗേ ആയിരിക്കല്‍ സ്വീകാര്യമാണ്, എന്നാല്‍ അത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമല്ല. എന്റെ വീട്ടില്‍ പക്ഷെ അങ്ങനെയല്ല കാര്യങ്ങള്‍. 

എന്റെ കുട്ടി ഗേ ആയാല്‍ ഉറപ്പായും പല തരം പ്രശ്‌നങ്ങള്‍ അവള്‍ നേരിടും. ഞാന്‍ ഒരു ലിബറല്‍ സിറ്റിയില്‍ ജീവിക്കുന്ന വെളുത്ത അപ്പര്‍ മിഡില്‍ ക്ലാസ് ലെസ്ബിയന്‍ അല്ലായിരുന്നെങ്കിലും എനിക്ക് സംശയങ്ങള്‍ ഉണ്ടായേനെ. എന്തൊക്കെയായാലും എന്റെ കുട്ടി അവളുടെ വ്യക്തിത്വം സൂക്ഷിക്കണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ നോര്‍ത്ത് കരോലിനയില്‍ ജീവിക്കുകയും ഒരു മൊറോക്കന്‍ മകനെ ദത്തെടുക്കുകയും ചെയ്തിരുന്നെങ്കില്‍ അവന്‍ ആഗ്രഹിച്ചാല്‍ അവനെ മുസ്ലിമായി ജീവിക്കാന്‍ ഞാന്‍ സന്തോഷത്തോടെ പ്രോല്‍സാഹിപ്പിക്കുമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് ആകുന്നതിനെക്കാള്‍ എളുപ്പം ഒരു ഡെന്റിസ്റ്റ് ആകാനാണ്. പക്ഷെ എന്റെ മകള്‍ക്ക് ആര്‍ട്ടിസ്റ്റ് ആകാനാണ് ഇഷ്ടമെങ്കില്‍ ഞാന്‍ അവളെ പ്രോത്സാഹിപ്പിക്കും അവളുടെ മുന്നിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ ശ്രമിക്കും, ഞാന്‍ സ്വയം ഒരു തടസമായി മാറില്ല. 

ഗേ ആയിരുന്നതിനെപ്പറ്റി ഒരു നിമിഷം പോലും ഞാന്‍ വിഷമിക്കുകയോ സംശയിക്കുകയോ ചെയ്തിട്ടില്ല. ഇതൊരു വലിയകാര്യമായി മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഒന്നാം ദിവസം മുതല്‍ തന്നെ എന്റെ മാതാപിതാക്കള്‍ എന്നെ പിന്തുണച്ചു. എന്റെ സുഹൃത്തുക്കളും ചുറ്റുമുള്ളവരും എന്നെ അംഗീകരിച്ചു, സ്‌നേഹിച്ചു. എന്റെ മകള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവള്‍ക്ക് അതിലും വലിയ ഒരു സപ്പോര്‍ട്ട് ഗ്രൂപ്പും രണ്ട് അമ്മമാരും ഉണ്ടാകും.

ഒരു ഗേ ആയിരിക്കുന്നതാണ് ലോകത്തിന് നേരെ എന്റെ കണ്ണുകള്‍ തുറപ്പിച്ചത്. എന്നെപ്പോലെ എളുപ്പമായിരുന്നില്ല ഓരോ ഗേ വ്യക്തിയുടെയും ജീവിതം എന്ന തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. ഞാന്‍ ഗേ ആയിരുന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു ആക്റ്റിവിസ്‌റ്റോ എഴുത്തുകാരിയോ ടിവി പേഴ്സനാലിറ്റിയോ എന്തിന് രാഷ്ട്രീയബോധമുള്ള ഒരു മനുഷ്യജീവി പോലും ആകുമായിരുന്നില്ല. 

എന്റെ മകള്‍ ഗേ ആണെങ്കില്‍ അവള്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു ജീവിതം ഉണ്ടാകുമെന്ന് ഞാന്‍ പേടിക്കുന്നില്ല. എന്നാല്‍ അവള്‍ക്ക് ദുരിതപൂര്‍ണമായ ഒരു ജീവിതം ഉണ്ടാകുമെന്ന് ആളുകള്‍ ചിന്തിക്കുന്നത് ഒരു പ്രശ്‌നമാണ്. വേഗം മാഞ്ഞുപോകാവുന്ന വേര്‍തിരിവുകളെ ഇപ്പോഴും ദൃഡമായി നിലനിര്‍ത്തുന്നത് ഇത്തരം പേടികളാണ്. സ്‌ട്രെയിറ്റ് ആയിരിക്കുന്നത് പോലെ തന്നെ ആഗ്രഹിക്കാവുന്ന ഒരു കാര്യമാണ് ഗേ ആയിരിക്കുന്നതും എന്ന് എന്റെ മകള്‍ അറിയണം. ഹോമോസെക്ഷ്വാലിറ്റി ഒരു ചോയിസ് ആണ് എന്ന് ചിന്തിക്കുന്നതിനെക്കാള്‍ പ്രശ്‌നമാണ് ഹെട്രോസെക്ഷ്വാലിറ്റി നിര്‍ബന്ധമാണ് എന്ന ചിന്ത. എന്റെ വീട്ടില്‍ അത് അങ്ങനെയല്ല. ഗേ കുടുംബങ്ങളുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്, അത്ര നല്ലതല്ലാത്തവ പോലും. ഞങ്ങളുടെ വീട്ടില്‍ ഒട്ടും സാമ്പ്രദായികമല്ലാത്ത പുസ്തകങ്ങളുണ്ട്. വ്യാളികളോട് പൊരുതാന്‍ ആഗ്രഹിക്കുന്ന രാജകുമാരിമാരും ഉടുപ്പുകള്‍ ഇടാന്‍ ഇഷ്ടപ്പെടുന്ന ആണ്‍കുട്ടിയും ഒക്കെ. 

എന്റെ കുട്ടി പാവകളിക്കുമ്പോള്‍ അവളുടെ കരടികള്‍ അച്ഛനും അമ്മയുമാണെന്ന് അവള്‍ പറയുമ്പോള്‍ അത് അച്ഛനും അച്ഛനും ആകാമെന്നും ഞങ്ങള്‍ അവളെ ഓര്‍മ്മിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ അവള്‍ ഓര്‍ക്കാറില്ല. അത് അവളുടെ ചോയിസ് ആണ്. 

എനിക്ക് ആകെ വിഷയമായുള്ളത് അവളുടെ തീരുമാനം എന്തുതന്നെയായാലും അത് സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതാണ്. 

സമയമാകുമ്പോള്‍ കൂടുതല്‍ വ്യക്തമായി അറിയാമെങ്കിലും എന്റെ ആറുവയസുകാരി ഗേ അല്ല എന്നാണു തോന്നുന്നത്. അവള്‍ സത്യത്തില്‍ ആണ്‍കുട്ടികളെ വലിയ ഇഷ്ടമുള്ള ആളാണ്. അല്‍പ്പം നേരത്തെയാണ്, പക്ഷെ ഞാന്‍ അവളെ പിന്തുണയ്ക്കുന്നു. ഈയിടെ അവളുടെ സ്‌കൂള്‍ ബസിലെ ഒരു മുതിര്‍ന്ന ആണ്‍കുട്ടിയോട് അവള്‍ക്ക് ക്രഷ് തോന്നി. ഏതൊരു സോഷ്യലി ഓക്‌വേര്‍ഡ് കുട്ടിയേയും പോലെ അവളും വിഷമിക്കുന്നുണ്ടായിരുന്നു. ഞാന്‍ മുതിര്‍ന്ന ഒരു മകളുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു, ‘മറ്റേ കുട്ടിക്ക് നാണക്കേട് തോന്നുന്നുണ്ട്. എന്റെ മകള്‍ക്ക് ഒരു കാര്‍ഡ് കൊടുക്കണമെന്നും ഉണ്ട്. ഇത് കാണുന്നത് വളരെ സങ്കടകരമാണ്, എന്തു ചെയ്യും?’ 

എന്റെ സുഹൃത്ത് ഒരു സഹായകമായ ഉപദേശത്തോടെ തിരിച്ചെഴുതിയതിനു അവസാനം ഇങ്ങനെയും ചേര്‍ത്തിരുന്നു: ‘അവളുടെ ക്രഷ് ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇത്ര പ്രശനം ഉണ്ടാകില്ലായിരുേന്നാ?’ 

നേരാണ്. ഞാന്‍ ഒരു പ്രൊ ഗേ അമ്മയാണ്. എന്നാല്‍ എന്റെ മകളുടെ തീരുമാനം എന്തായാലും ഞാന്‍ അവളെ പിന്തുണയ്ക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍