UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗ്ഗ രതി; സ്വകാര്യ ബില്‍ അവതരിപ്പിച്ച തരൂര്‍ സഭയില്‍ നേരിട്ട അസഹിഷ്ണുത

Avatar

അഴിമുഖം പ്രതിനിധി

സ്വവര്‍ഗ്ഗരതി കുറ്റകരമല്ലാതാക്കാനുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സ്വകാര്യബില്ലിന് ലോക്‌സഭ അവതരണാനുമതി നിഷേധിച്ചത് അപൂര്‍വസംഭവമായി. സ്വകാര്യബില്ലുകള്‍ പൊതുവേ അവതരിപ്പിക്കുന്നതിനു മുന്‍പ് നിരസിക്കപ്പെടാറില്ല.

സ്വവര്‍ഗ്ഗരതി ശിക്ഷാര്‍ഹമായ കുറ്റമാണെന്ന സെക്ഷന്‍ 377ലെ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിച്ചായിരുന്നു തരൂരിന്റെ ഇന്ത്യന്‍ ശിക്ഷാനിയമ ബില്‍. അവതരണാനുമതി തേടിയപ്പോള്‍ത്തന്നെ ഒരു വിഭാഗം എംപിമാര്‍ കൂക്കുവിളികളും ലൈംഗികച്ചുവയുള്ള കമന്റുകളുമായി രംഗത്തെത്തുകയായിരുന്നു.

ബഹളത്തിനിടയില്‍ വാക്കുകള്‍ വ്യക്തമായില്ലെങ്കിലും ബിജെപി എംപിമാരാണ് ബില്ലിനെതിരെ തിരിഞ്ഞതെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ എല്ലാ എംപിമാരും ബില്‍ തടസപ്പെടുത്തുംവിധം പെരുമാറിയില്ല.

എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരെ സഹായിക്കുന്ന സംഘടനയായ എച്ച്‌ഐവി/എയ്ഡ്‌സ് അലയന്‍സിലെ ഹര്‍ജ്യോത് ഖോസ സംഭവത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു. ‘തരൂര്‍ ബില്ലിന് അവതരണാനുമതി തേടുമ്പോള്‍ത്തന്നെ ഭരണപക്ഷഎംപിമാര്‍ ഉച്ചത്തില്‍ ബില്ലിനെ പരിഹസിച്ചുതുടങ്ങി. സ്വന്തം ആവശ്യത്തിനാണോ ബില്‍ കൊണ്ടുവന്നതെന്ന് അവര്‍ തരൂരിനോടു ചോദിക്കുന്നുണ്ടായിരുന്നു. തരൂരിനാണ് ഈ ബില്‍ കൊണ്ട് ഏറെ ആവശ്യമെന്ന് ഈ എംപിമാര്‍ വിളിച്ചുപറയുന്നുമുണ്ടായിരുന്നു,’ സംഭവം നടക്കുമ്പോള്‍ ലോക്‌സഭാ ഗാലറിയിലുണ്ടായിരുന്ന ഖോസ പറഞ്ഞു.

‘ഒരു ജനവിഭാഗത്തിന് തുല്യത ആവശ്യപ്പെട്ടുള്ള  ബില്‍ അവതരണാനുമതി തേടുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് ഖേദകരമാണ്. തുല്യത മൗലികാവകാശമാണെന്നത് ജനപ്രതിനിധികള്‍ മറക്കരുതെന്നും ഖോസ പറഞ്ഞു.

വോട്ടിങ്ങിനു മുന്‍പുതന്നെ എംപിമാര്‍ നോ നോ എന്നു ബഹളം വച്ചുതുടങ്ങിയിരുന്നു. 71-24 എന്ന നിലയിലാണ് ബില്ലിന് അവതരണാനുമതി നിഷേധിക്കപ്പെട്ടത്.

സ്വകാര്യബില്ലുകള്‍ക്ക് അവതരണത്തിനുമുന്‍പ് അനുമതി നിഷേധിക്കപ്പെടുന്നത് സാധാരണമല്ല. ചര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ മറുപടിക്കുംശേഷം അവ പിന്‍വലിക്കപ്പെടുകയാണു പതിവ്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ അവ പാസാകാറുമുണ്ട്. എക്‌സിക്യൂട്ടിവിന്റെ ഭാഗമല്ലാത്ത ഒരു എംപി അവതരിപ്പിക്കുന്ന ബില്‍ എന്ന അര്‍ത്ഥത്തിലാണ് ഇത്തരം ബില്ലുകളെ സ്വകാര്യബില്‍ എന്നു പരാമര്‍ശിക്കുന്നത്.

മതമോ വേദങ്ങളോ പുരാണങ്ങളോ മൂലമല്ല, സുപ്രിംകോടതി വിധിയുള്ളതിനാലാണ് തരൂരിന്റെ ബില്ലിനെ എതിര്‍ത്തതെന്നായിരുന്നു ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെയുടെ വാദം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ 2013ല്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വകുപ്പ് ഇല്ലാതാക്കാനും ഭേദഗതിവരുത്താനും നിയമനിര്‍മാണസഭകള്‍ക്ക് അവകാശമുണ്ടെന്ന് അന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ ബിജെപിയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്വവര്‍ഗരതി നിയമാനുസൃതമാക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ ജെയ്റ്റ്‌ലി ഇത് കുറ്റകരമല്ലെന്ന നിലപാടിലാണ്.

സുപ്രിം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രജീവിതം ഉറപ്പുവരുത്താനുള്ള നടപടിയെടുക്കണമെന്ന് പാര്‍ലമെന്റിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്നിട്ടും കോടതിന നിര്‍ദേശിച്ചതുപോലൊരു നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുനിഞ്ഞില്ല.

‘സ്വവര്‍ഗരതി കുറ്റകരമാക്കുക എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് മൗലികാവകാശങ്ങളും ജീവിതഅന്തസും നിഷേധിക്കുക എന്നാണ് അര്‍ത്ഥം. എന്റെ ബില്‍ സ്വവര്‍ഗികളുടെയോ മറ്റാരുടെയെങ്കിലുമോ ലൈംഗികതയെപ്പറ്റിയല്ല; അത് സ്വകാര്യതയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും നിയമത്തിനുമുന്നിലുള്ള തുല്യതയെപ്പറ്റിയുമാണ്,’ ശശി തരൂര്‍ പറയുന്നു.

ബില്ലിന്റെ കരടില്‍ ഉഭയകക്ഷിസമ്മതത്തെയാണ് തരൂര്‍ പ്രധാന ഘടകമാക്കിയിരിക്കുന്നത്. ‘പ്രകൃതിവിരുദ്ധ കുറ്റകൃത്യം’ എന്നതിനെ ‘മറ്റ് ലൈംഗികകുറ്റകൃത്യങ്ങള്‍’ എന്നാക്കി മാറ്റാനും നിര്‍ദേശമുണ്ട്. ഇപ്പോള്‍ നിലവിലുള്ള ‘പ്രകൃതിക്ക് എതിരായ’ എന്ന പരാമര്‍ശം നീക്കാനും കരട് ബില്‍ നിര്‍ദേശിക്കുന്നു.

377-ാം വകുപ്പിന്റെ നിയമസാധുത പരിമിതപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. ഉഭയസമ്മതത്തോടെയല്ലാത്ത സംഭവങ്ങളിലും പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ട കേസുകളിലും മാത്രം ഇത് ബാധകമാക്കണമെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്.

ബില്‍ തടസപ്പെടുത്തല്‍ നേരത്തെ തീരുമാനിച്ചതാണെന്ന് തരൂര്‍ ആരോപിച്ചു. ‘ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇത്രയധികം എംപിമാര്‍ സഭയിലുണ്ടാകുന്നത് സാധാരണമല്ല. ബില്ലുകള്‍ അവതരിപ്പിക്കാനുള്ളവര്‍ മാത്രമേ പ്രതിപക്ഷത്തുനിന്ന് ഹാജരുണ്ടായിരുന്നുള്ളൂ. എന്നിട്ടും 96 പേര്‍ സഭയിലുണ്ടായിരുന്നു.  ബില്‍ തള്ളാനായി വന്നവരാണിവര്‍ എന്നു വ്യക്തം’, തരൂര്‍ പറയുന്നു.

‘പിടിവാശിക്കാര്‍ ഒരുപാടുണ്ടായിരുന്നു. കളിയാക്കലുകളൊന്നും ഞാന്‍ കേട്ടില്ല. പക്ഷേ ബില്ലിനെ തടയുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് വ്യക്തം’, തരൂര്‍ പറഞ്ഞു. ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ബില്‍ അവതരിപ്പിക്കുന്നയാള്‍ ചുറ്റുപാടും ഉയരുന്ന കമന്റുകള്‍ കേള്‍ക്കാതിരിക്കുന്നത് സാധാരണമാണ്.

എല്‍ജിബിടി അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന സന്‍ഗാമാ ഗ്രൂപ്പിലെ നിഷാ ഗുലൂര്‍ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന പ്രതീക്ഷയില്‍ സഭയിലെത്തിയതായിരുന്നു ഗുലൂര്‍.

‘വോട്ടിങ്ങിനു മുന്‍പുതന്നെ ഒരുപാട് ബഹളമുണ്ടായി. എന്താണ് ബില്ലില്‍ തരൂരിന്റെ താല്‍പര്യമെന്ന് പലരും വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. നിങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് അറിയാമെന്നു പറഞ്ഞ് പരിഹസിക്കുന്നുമുണ്ടായിരുന്നു. അപമാനിക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. തരൂര്‍ പക്ഷേ, അക്ഷോഭ്യനായിരുന്നു. ബഹളങ്ങളോട് പ്രതികരിച്ചതുമില്ല. 24 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു എന്നത് നല്ല കാര്യം തന്നെ. പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് ഇതു കാണിക്കുന്നത്’, ഗുലൂര്‍ പറഞ്ഞു.

‘ ഭാവിയില്‍ വീണ്ടും ശ്രമിക്കും; പ്രശ്‌നങ്ങളെ മറികടക്കും’, എന്നാണ് തരൂര്‍ പിന്നീട് ട്വിറ്ററില്‍ പ്രതികരിച്ചത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍