UPDATES

വിദേശം

ഗേ റൈറ്റ്സ് ആക്റ്റിവിസം പുതിയ മാനങ്ങളിലേക്ക്

Avatar

എറിക്കാ ജോണ്‍സ്റ്റന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മൈക്കലാഞ്ചലോ സിനോറില്‍ മാറിനില്‍ക്കുന്നില്ല. പണ്ടും, ഇപ്പോഴും.

ഒരു തലമുറ മുന്പ് പിന്നീട് പോപ്പ് ബെനഡിക്റ്റ് പതിനാറാമനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറോട്അയാള്‍ കയര്‍ത്തു. അദ്ദേഹം ജോലിചെയ്തിരുന്ന ഗേ മാസികയില്‍ എയിഡ്സിനെതിരെ ഒന്നും ചെയ്യാത്തതിന് ഗോസിപ്പ് കോളമിസ്റ്റ് ലിസ് സ്മിത്തും അവരുടെ ഹൈസൊസൈറ്റി സുഹൃത്തുക്കളും “കൊലപാതകികളാ”ണെന്നുപറഞ്ഞു. ഗേ ആണെന്ന് സമ്മതിക്കാന്‍ മടിയുള്ള പ്രശസ്തരുടെ ഫോണ്‍നമ്പറുകള്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ചു.

1990 ആയപ്പോള്‍ അമേരിക്കയിലെ 89,343 ആളുകളെ കൊന്ന ഒരു ആധുനികകാല പ്ലേഗ് ആണ് എയിഡ്സ്. ഈ വിഷയം പൊതുശ്രദ്ധയിലെത്തിയാല്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാനാകുമെന്നും പേടിച്ച്കഴിയുന്ന ആളുകള്‍ക്ക് ശക്തി കൊടുക്കാനാകുമെന്നും സിനോറില്‍ വിശ്വസിച്ചു. പത്രാധികാരമുപയോഗിച്ച് ഹിപ്പോക്രാറ്റുകള്‍ എന്നുകണ്ട പൊതുബിംബങ്ങളെ അദ്ദേഹം വെളിച്ചത്ത് കൊണ്ടുവന്നു.

എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലും പല ഗേ റൈറ്റ്സ് ആക്റ്റിവിസ്റ്റുകളും സിനോറിലിന്റെ രീതികളെ എതിര്‍ത്തിരുന്നു. അവര്‍ കൊണ്ടുവരുന്ന പുരോഗതിയെ സിനോറിലിന്റെ നീക്കങ്ങള്‍ അട്ടിമറിക്കും എന്നായിരുന്നു അവരുടെ പേടി. താന്‍ മറ്റുപത്രപ്രവര്‍ത്തകരെ പോലെ  വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നുണകളെ പുറത്തുകൊണ്ടുവരികയും മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു സിനോറിലിന്റെ മറുപടി.

സിനോറിലും ഒപ്പമുള്ള മറ്റുചിലരും അസ്തിത്വം, സമത്വം, സ്വകാര്യത എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്തരുടെ സ്വകാര്യജീവിതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് മാധ്യമലോകത്ത് ചര്‍ച്ചയായി.

അഞ്ചുവര്ഷം മുന്‍പ് സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അനുമതി ലഭിച്ചുതുടങ്ങിയപ്പോള്‍ ഗേ ആക്റ്റിവിസത്തിലേയ്ക്ക് പുതുതായി എത്തിയ ഒരാള്‍ അമേരിക്ക മുഴുവന്‍ നിറയുന്ന മറ്റൊരു വിവാദത്തിനു തിരികൊളുത്തി. സിനോറില്‍ മുന്‍പ് ചെയ്തത് പോലെ ചാഡ്‌ ഗ്രിഫിനും മറ്റു ഗേ റൈറ്റ്സ് സംഘങ്ങളോട് അനുവാദമൊന്നും ചോദിച്ചില്ല.

ഗ്രിഫിന്‍ സ്വന്തമായി ഒരു പടയാളിസംഘത്തെ നിര്‍മ്മിച്ചു. തിയോഡോര്‍ ഓള്‍സന്‍, ഡേവിഡ് ബോയ്സ് എന്നീ മികച്ച അഭിഭാഷകരും കൂടെയുണ്ടായിരുന്നു. കാലിഫോര്‍ണിയയുടെ ഗേ വിവാഹനിരോധനനിയമത്തെ അവര്‍ യുഎസ് സുപ്രീം കോടതിയിലെത്തിച്ചു. രാജ്യം മുഴുവന്‍ ഗേ വിവാഹങ്ങള്‍ക്ക് വേണ്ടി നടന്ന ശ്രമങ്ങള്‍ ഫലവത്തായില്ലെങ്കിലും കാലിഫോര്‍ണിയയില്‍ സ്വവര്‍ഗവിവാഹം അങ്ങനെ നിയമവിധേയമായി. ഈ കേസ് വിവാഹ സമത്വസമരത്തിന്റെ നാഴികക്കല്ലാവുകയും ചെയ്തു.

കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷം സാമൂഹികമാറ്റങ്ങളുടെതായിരുന്നു. ഗേ റൈറ്റ്സ് ആക്റ്റിവിസം പുതിയ മാനങ്ങള്‍ തേടുകയാണ്. മാറ്റത്തിന്റെ പുതിയ രീതികള്‍ ആക്റ്റിവിസ്റ്ടുകളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മിലിട്ടറിയുടെ സമീപനം മാറി. പ്രസിഡന്‍ന്റ് ബരാക് ഒബാമ സ്വവര്‍ഗ വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഏറ്റവും വലിയ വിജയം മറ്റൊന്നായിരുന്നു. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടിയാണ് എന്ന ഭാഗം സുപ്രീം കോടതി തിരുത്തി.

“വലിയ മാറ്റമാണിത്. ഇത്ര വേഗം സംഭവിച്ച മറ്റൊരു മാറ്റമുണ്ടെന്ന് തോന്നുന്നില്ല.”, റോബര്‍ട്ട കാപ്ലാന്‍ പറയുന്നു.

ജൂണ്‍ 2013ലെ വിധിയോടെ സ്വവര്‍ഗവിവാഹങ്ങളെ നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന നിയമങ്ങള്‍ക്കെതിരെ അഭിഭാഷകര്‍ കേസുകള്‍ കൊടുക്കാന്‍ തുടങ്ങി. ഇരുപത് കോടതികളിലേറെ സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി. എല്ലാ കേസുകളും ഒടുവില്‍ സുപ്രീംകോടതിയിലെത്തുകയും ചെയ്യും. അടുത്ത വേനലില്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹ നിയമത്തെപ്പറ്റി തീരുമാനമെടുക്കാനിരിക്കുകയാണ്.

“വിവാഹസ്വാതന്ത്ര്യം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഉണ്ട്.”, വിവാഹസമത്വപോരാട്ടത്തിന്റെ പ്രധാനിയായ ഇവാന്‍ വുള്‍ഫ്സന്‍ പറയുന്നു. “സാഹചര്യം മാറി. അമേരിക്ക ഇതിനു തയ്യാറാണ് എന്ന് ഇപ്പോള്‍ ഉറപ്പാണ്.”

2004ലെ ഒരു അഭിപ്രായസര്‍വേയില്‍ 38 ശതമാനം ആളുകളും സ്വവര്‍ഗവിവാഹത്തെ പിന്തുണച്ചു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 59 ശതമാനമായി. ഇന്ന് 44 ശതമാനം അമേരിക്കക്കാര്‍ ജീവിക്കുന്നത് സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ട സ്ഥലങ്ങളിലാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന
സ്വവര്‍ഗാനുരാഗികള്‍, വിവാഹമോചിതര്‍; സഭ നിലപാട് മാറ്റി, വീണ്ടും പഴയ ട്രാക്കിൽ
അവരോട് ഇനി ആദരപൂര്‍വം; വത്തിക്കാന്‍ സുന്നഹദോസ്
എവിടെയാണ് കത്തോലിക്കാസഭയ്ക്ക് പിഴച്ചത്?
പോപ് ഫ്രാന്‍സിസ് എത്രത്തോളം ശരിയാണ്?

ഈ മാറ്റത്തെ അംഗീകരിക്കുന്ന നിരീക്ഷകര്‍ക്ക് പോലും അത്ഭുതമാണ്: ഇതിത്രവേഗം എങ്ങനെ സംഭവിച്ചു? എന്നാല്‍ മാറ്റം ഒരു ദശാബ്ദകാലത്തെ പരിശ്രമം കൊണ്ട് ഉണ്ടായതാണ്. എഴുപതുകളിലെ വിവാഹശ്രമങ്ങള്‍, എന്പതുകളിലെയും തൊണ്ണൂറുകളിലെയും എയിഡ്സ്- വേര്‍തിരിവിനെതിരെയുള്ള ആക്റ്റിവിസം, പുതിയ നൂറ്റാണ്ടിലെ സുപ്രീംകോടതി നിയമ നടപടികള്‍ വരെ പ്രസക്തമാണ്. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന നടപടി എടുത്തുകളഞ്ഞത് 2003ല്‍ ലാംബ്ദ ലീഗല്‍ എന്ന ഗേ-റൈട്സ് സംഘം നേടിയ നിയമവിജയത്തോടെയാണ്.


മൈക്കലാഞ്ചലോ സിനോറില്‍

ഗേ റൈട്സ് ആക്റ്റിവിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സിനോറില്‍ ഇതിന്റെ തുടക്കമാണെങ്കില്‍ ഗ്രിഫിന്‍ അവസാന ഭാഗത്താണ്. അവരുടെ കഥകള്‍ ഇവിടെ ചേര്‍ക്കുന്നു.

സിറാക്കൂസ് സര്‍വകലാശാലയിലെ ജേര്‍ണലിസം സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ശേഷം സിനോറില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ ജോലി ചെയ്തു. പത്രങ്ങളില്‍ ഗോസിപ്പ്കോളങ്ങള്‍ എഴുതി, ഒരു രാത്രിജീവിത കോളം എഴുതി. ഗേ ആയിട്ടുള്ള കോളമിസ്റ്റുകള്‍ പോലും ഗേ സെലിബ്രിറ്റികളെ സാധാരണ ലൈംഗികതയുള്ളവരായാണ് ചിത്രീകരിച്ചിരുന്നത്.

ഈ രീതി അവസാനിപ്പിക്കണമെന്ന് സിനോറിലിന് തോന്നി. ആളുകള്‍ മരിക്കുന്നു, എന്നിട്ടും ലോകത്തിനുമുന്നില്‍ ഈ വിഷയം മറച്ചുവെച്ചിരുന്നു.

എണ്‍പത്തിയേഴില്‍ “ഗേ കാന്‍സര്‍” അമേരിക്കയിലെത്തിയതിനുശേഷം സിനൊറിലും മറ്റു രണ്ടുപേരും ചേര്‍ന്ന് ആദ്യത്തെ എയിഡ്സ് ആക്റ്റിവിസ്റ് സംഘടന ആരംഭിച്ചു. സിനോറിലിന് ഒരു പുതുജീവിതം തുടങ്ങുകയായിരുന്നു.

ആക്റ്റ് അപ്പ് എന്ന ഈ സംഘടന ഫെഡറല്‍ റെഗുലേറ്റര്‍മാരോടും മരുന്നുകമ്പനികളോടും എയിഡ്സ് മരുന്ന് വിപണിയില്‍ വേഗമെത്തിക്കുന്നതിനെപ്പറ്റി നിരന്തരം കലഹിച്ചു. ആക്ടിവിസ്റ്റുകള്‍ പള്ളികളില്‍ പ്രതിഷേധിച്ചു, എയിഡ്സ് ബാധിച്ച് മരിച്ച മനുഷ്യര്‍ക്ക്‌ വഴിയരികില്‍ സ്മാരകങ്ങള്‍ തീര്‍ത്തു. സിനോറില്‍ സംഘത്തിന്റെ മീഡിയ കമ്മിറ്റിയെ നയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ മേരിലാന്‍ഡിലെ ഫുഡ് ആന്‍ഡ്‌ ഡ്രഗ് അട്മിനിസ്ട്രേഷനു മുന്നില്‍ സമരം ചെയ്തു.

ആക്റ്റിവിസം അവിശ്വസനീയമായിരുന്നു, അതെന്നെ മാറ്റിമറിച്ചുവെന്ന് സിനോറില്‍ പറയുന്നു. “പെട്ടെന്ന് നിങ്ങള്‍ കാണുന്നതെല്ലാം ഈ ലെന്‍സിലൂടെയായി മാറി.” എയിഡ്സ് ആക്റ്റിവിസവും സ്വവര്‍ഗവിവാഹവും തമ്മില്‍ നേരിട്ടുള്ള ബന്ധമാണ് സിനോറില്‍ ഇന്ന് സ്ഥാപിക്കുന്നത്. “പൂര്‍ണ സമത്വം ആണ് ആവശ്യപ്പെടുന്നത്.”

ഈ കലഹങ്ങളുടെയും സംഘടനാപ്രവര്‍ത്തനങ്ങളുടെയും ഇടയില്‍ വാള്‍സ്ട്രീറ്റിലെ അച്ഛന്റെ ബ്രെഡ്‌ കടയിലും സിനോറില്‍ ജോലി ചെയ്തു. പണം ആവശ്യമായിരുന്നു. “ഇരുപത്തേഴാംവയസില്‍ മാതാപിതാക്കളോട് താന്‍ ഗേ ആണെന്ന് സിനോറില്‍ പറഞ്ഞിരുന്നില്ല”, ക്വീര്‍ ഇന്‍ അമേരിക്ക എന്ന പുസ്തകത്തില്‍ സിനോറില്‍ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഇതെപ്പറ്റി അമ്മയ്ക്ക് ധാരണയുണ്ടായിരുന്നെങ്കിലും ഇത് വായിച്ചപ്പോള്‍ അവര്‍ പൊട്ടിത്തെറിച്ചുവെന്ന് സിനോറില്‍ ഓര്‍ക്കുന്നു. അമ്മയ്ക്ക് പൊരുത്തപ്പെടാന്‍ ഒരു വര്‍ഷം വേണ്ടിവന്നു.

പുതിയ ഗേ മാസികയില്‍ പങ്കുചേരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ഒരു ആക്റ്റ് അപ്പ് സുഹൃത്തു ചോദിച്ചു. 89ലാണ് ഔട്ട്‌വീക്ക്‌ തുടങ്ങുന്നത്. പ്രകോപനപരമായിരുന്നു എഴുത്ത്. സിനോറില്‍ അതിന്റെ ഫീച്ചര്‍ എഴുത്തുകാരനായി. ഒപ്പം ഗോസിപ്പ് വാച്ച് എന്ന കോളവും എഴുതി. ഗേ മനുഷ്യര്‍ മരിക്കുമ്പോള്‍ സുഖമായി ഗേ ആയി ജീവിച്ചിരുന്നവരെ അധികം വൈകാതെ സിനോറില്‍ കളിയാക്കാന്‍ തുടങ്ങി.

“മറ്റു ആക്റ്റിവിസ്റ്റുകള്‍ സിനോറിലിനെ അക്രമി എന്നും ഫാസിസ്റ്റ് എന്നുമൊക്കെ വിളിച്ചിരുന്നു. ആളുകളെ പുറത്തുകൊണ്ടു വരുന്നത് സദാചാരവിരുദ്ധമാണ്, അത് ടെററിസമാണ്, നരഭോജിത്തമാണ്, വെറുപ്പിനേക്കാള്‍ താഴെയാണത്”, എഴുത്തുകാരന്‍ ഫ്രാന്‍ ലെബോവിത്സ് അന്നെഴുതി.

സിനോറില്‍ ആദ്യമായി ലോകത്തെയറിയിച്ചത് മാല്‍ക്കം ഫോര്‍ബ്സിന്റെ കഥയാണ്. ബിസിനസ് രാജാവും മാസിക പ്രസാധകനുമായ ഇദ്ദേഹം എലിസബത്ത്‌ ടെയ്ലറുടെ കാമുകനായിരുന്നു എന്നാണ് ഗോസിപ്പ് കോളമിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. എഴുപതാം വയസില്‍ 1990ലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മികമരണം.

ആഴ്ചകള്‍ക്ക് ശേഷം സിനോറിലിന്റെ ഔട്ട്‌വീക്ക്‌ കവര്‍സ്റ്റോറിയില്‍ “മാല്‍ക്കം ഫോര്‍ബ്സിന്റെ സീക്രട്ട് ഗേ ജീവിത”മായിരുന്നു പ്രധാന വിഷയം. ഇരുപതാംനൂറ്റാണ്ടിന്റെ ഏറ്റവും വലിയ കാപ്പിറ്റലിസ്റ്റ് ഗേ ആയിരുന്നുവെന്ന് ആളുകള്‍ അറിയേണ്ടതുണ്ട്, സിനോറില്‍ ഓര്‍ക്കുന്നു. വിവാഹിതരും വിവാഹമോചിതരും അച്ഛന്മാരുമായ നിരവധി പുരുഷന്മാര്‍ ഫോര്‍ബ്സുമായുള്ള ലൈംഗിക അനുഭവങ്ങള്‍ പങ്കിട്ടു.

ആളുകള്‍ അറിയേണ്ടതുണ്ടോ? ആ ചര്‍ച്ച ഇതുവരെ അവസാനിച്ചിട്ടില്ല. പുറത്തുവന്നവര്‍ തങ്ങളുടെ കരിയറുകള്‍ പോലും ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഗേ റൈറ്റ്സിനെതിരെ വോട്ട് ചെയ്ത ഒരു ഗേ രാഷ്ട്രീയക്കാരനെ ഒരു റിപ്പോര്‍ട്ടര്‍ക്ക് അറിയാമെന്നിരിക്കട്ടെ. അയാളെ പുറത്തുകൊണ്ടുവരുന്നത് നീതിയല്ലേ?

ഫോര്‍ബ്സിന്റെ കഥ വലിയ വിവാദമായി. പേരുകള്‍ വെളിപ്പെടുത്താതെ പല പ്രമുഖപത്രങ്ങളും ആളുകളെ പുറത്തുകൊണ്ടുവരുന്നതിനെപ്പറ്റി എഴുതി. ഫോര്‍ബ്സിന്റെ മരണശേഷം ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ മരിച്ച ഒരു പ്രമുഖ ബിസിനസുകാരന്‍ എന്നാണ് എഴുതിയത്. വാഷിംഗ്ടന്‍ പോസ്റ്റ്‌ അവരുടെ ഗോസിപ്പ് കോളത്തിന് ഒരു ഗേ ആംഗിള്‍ കൊണ്ടുവന്നു.

1991ല്‍ സിനോറില്‍ മിലിട്ടറിയിലെ ഗേ ആളുകളെപ്പറ്റി ഒരു കവര്‍സ്റ്റോറി ചെയ്തു. പീറ്റേ വില്യംസ് എന്ന അസിസ്റ്റന്‍റ് ഡിഫന്‍സ് സെക്രട്ടറിയും ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോം മുഖ്യവക്താവും ഗേ ആയിരുന്നു. ആ കവര്‍സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിനുമുന്‍പ് ഔട്ട്‌വീക്ക്‌ അവസാനിച്ചു. ഗേ മാസികയായ അഡ്വക്കെറ്റിലാണ് അത് പിന്നീട് അച്ചടിച്ചുവന്നത്.

ഡിക്ക് ചെനെ എന്ന അന്നത്തെ ഡിഫന്‍സ് സെക്രട്ടറി വര്‍ഷങ്ങളോളം വില്യംസിന്റെയൊപ്പം ജോലിചെയ്തയാളായിരുന്നു. ഗേ ആളുകള്‍ ഒരു സെക്യൂരിറ്റി റിസ്ക്‌ ആണെന്നു പറഞ്ഞ് മിലിട്ടറിയില്‍ ഒരു ഗേ നിരോധനവും ഉണ്ടായിരുന്നു. ചെനെ വില്യംസിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ സാധ്യത അട്ടിമറിച്ചുവെങ്കിലും നിയമം ഒരു പെന്റഗണ്‍ ഒഫീഷ്യലിന് ബാധകമല്ലല്ലോ.

എന്നാല്‍ ഫോര്‍ബ്സിന്‍റെ കഥയില്‍ നിന്ന് വ്യത്യസ്തമായ മറുപടിയാണ് സിനോറിലിന് ലഭിച്ചത്. വാഷിംഗ്ടന്‍ പോസ്റ്റും ടൈംസും വില്യംസിന്റെ പേര് പുറത്തുവിട്ടില്ല. എന്നാല്‍ ആളുകളെ പുറത്തുകൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്ന പല ഗേ നേതാക്കളും ഇതിനെ പിന്തുണച്ചു. ഗേ നിരോധനത്തിനെതിരെ എഡിറ്റോറിയലുകള്‍ വന്നു. കൂടുതല്‍ ആളുകള്‍ക്ക് സിനോറില്‍ പറയുന്നത് മനസിലാകാന്‍ തുടങ്ങി.

അപ്പോഴേയ്ക്കും ഈ ക്യാപ്പിറ്റല്‍ ലെറ്ററില്‍ അലറുന്നത് സിനോറിലിന് മടുത്തിരുന്നു. ഏതാണ്ട് ഇരുപതോളം പ്രശസ്തരെ സിനോറില്‍ പുറത്തുകൊണ്ടുവന്നു. ഇതില്‍ ജോഡി ഫോസ്റ്റര്‍, ഡേവിഡ് ഗെഫെന്‍, റിച്ചാര്‍ഡ് ചേംബര്‍ലെയ്ന്‍, ലിസ് സ്മിത്ത് എന്നിവരൊക്കെ ഉണ്ട്. ഇവരെല്ലാം പിന്നീട് സ്വന്തം നിലയില്‍ പുറത്തുവന്നു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഡ്വക്കേറ്റ്, ഔട്ട്‌ എന്നീ മാസികകളില്‍ പ്രവര്‍ത്തിച്ച സിനോറില്‍ ആളുകള്‍ ഗേ ആണോ എന്നത് വിട്ട് പ്രശ്നത്തിന്റെ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി.

ചില ഔട്ടിംഗ് ആക്റ്റിവിസ്റ്റുകള്‍ അവര്‍ സംശയിക്കുന്ന ആളുകളെ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പോസ്റ്ററുകള്‍ പതിക്കല്‍ തുടര്‍ന്നു. റിപ്പബ്ലിക്കന്‍ യു എസ് റെപ്പ് ആയ സ്റ്റീവ് ഗുണ്ടെര്‍സന്‍  ഇരുവശത്തുനിന്നും പുറത്തുവരാന്‍ പ്രഷര്‍ ഉണ്ടായി.

സ്റ്റീവ് ഗുണ്ടെര്‍സന്‍

1980ല്‍ ഇരുപത്തൊന്പതാം വയസിലാണ് ഗുണ്ടെര്‍സന്‍ കോണ്‍ഗ്രസിലെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു ദശാബ്ദം കഴിഞ്ഞ് ബാറില്‍ വെച്ച് ഒരു ഔടിംഗ് ആക്റ്റിവിസ്റ്റ് ഗുണ്ടെര്‍സന്റെ മുഖത്ത് മദ്യമൊഴിച്ചു. ഗേ റൈറ്റ്സ് തീരുമാനത്തെ അയാള്‍ അനുകൂലിക്കാത്തതാണ് കാരണം. ചില പത്രങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് തന്നെ ഒരു വിജയമാണ് എന്നാണ് ആക്റ്റിവിസ്റ്റുകള്‍ കരുതുന്നത്.

മറ്റൊരു പ്രശ്നം ഉണ്ടായത് ഗുണ്ടെര്‍സന്‍ കുടുംബത്തോടും ആളുകളോടും തന്റെ ലൈംഗികത വെളിപ്പെടുത്തിയിരുന്നു എന്നതാണ്. “ഞാന്‍ ഒരു ബന്ധത്തിലായിരുന്നു. അത് എല്ലാവര്‍ക്കും അറിയുമായിരുന്നു. ഞാന്‍ ഗേ റൈറ്റ്സ് ഡിന്നറുകളില്‍ സംബന്ധിച്ചിരുന്നു.”

ഇരുപതുവര്‍ഷത്തിനുശേഷവും ഈ മുന്‍ രാഷ്ടീയ നേതാവ് ആളുകളെ പുറത്തുകൊണ്ടുവരുന്നതിനു എതിരാണ്. “2014 ല്‍ ഗേ ആളുകളില്‍ നിന്ന് സഹതാപം നേടിയെടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.”

പിന്നീട് ആവശ്യമുള്ളയിടങ്ങളില്‍ ലൈംഗികത കൊണ്ടുവരിക എന്ന രീതിയിലേയ്ക്ക് മാധ്യമങ്ങള്‍ മാറി.

റിച്ചാര്‍ഡ്‌ മോര്‍ എന്ന ഇല്ലിനോയി സര്‍വകലാശാല റിട്ടയര്‍ഡ് പ്രൊഫസര്‍ പറയുന്നത്, “ആളുകളെ പുറത്തുകൊണ്ടുവരുന്നത് സത്യത്തില്‍ ഒരു ഇളക്കമുണ്ടാക്കുകയും ചര്‍ച്ചയുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു” എന്നാണ്.

പഴയ പ്രവര്‍ത്തികളില്‍ സിനോറിലിന് എതിര്‍പ്പുണ്ടോ? ഇല്ലെനാണ് അദേഹം പറയുന്നത്. “അന്നത്തെ ന്യൂയോര്‍ക്കില്‍ അത് ഫലപ്രദമായിരുന്നു.”

കൌമാരകാലത്ത് ബില്‍ ക്ളിന്ടന്‍റെ ആദ്യ പ്രസിഡന്‍ഷ്യല്‍ പ്രചാരണകാലത്താണ് മീഡിയ ചാര്‍റ്റര്‍ പ്ലെയിനില്‍ ചാഡ്‌ ഗ്രിഫിന്‍ വൈറ്റ്ഹൌസില്‍ എത്തിയത്. അന്ന് പത്തൊന്‍പത് വയസായിരുന്നു. വൈകാതെ അര്‍കാന്‍സാസിലെ തന്റെ സര്‍വകലാശാലയില്‍ തിരിച്ചെത്തുമെന്നാണ് അപ്പോള്‍ ഗ്രിഫിന്‍ കരുതിയത്.

അതുണ്ടായില്ല. രണ്ടു വര്‍ഷം വൈറ്റ്ഹൌസില്‍ പ്രസ് ഓഫീസറായി ഡീ ഡീ മേയെര്സിനൊപ്പം ജോലി ചെയ്തു. പിന്നീട് ജോര്‍ജ്ടൌണിലെ ഫോറിന്‍ സര്‍വീസ് സ്കൂളില്‍ നിന്ന് ബിരുദം.

‘അമേരിക്കന്‍ പ്രസിഡന്‍റ്’ എന്ന സിനിമയുടെ പ്രവര്‍ത്തനതിനിടെ വൈറ്റ്ഹൌസില്‍ വെച്ചാണ് നാല്‍പ്പത്തൊന്നുകാരനായ ഗ്രിഫില്‍ റോബ് റീനറെ കാണുന്നത്. അവര്‍ സുഹൃത്തുക്കളായി.

ഗ്രിഫിന്‍ പിന്നീട് ലോസ് ആഞ്ചലസിലേയ്ക്ക് മാറുകയും ഇരുപത്തേഴാംവയസില്‍ സുഹൃത്തുക്കളോട് തുറന്നുപറയുകയും ചെയ്തു. പിന്നീട് അമ്മയോടാണ് പറഞ്ഞത്. അവര്‍ക്ക് നേരത്തെ ഇതറിയുമായിരുന്നു. “അതുകൊണ്ട് എനിക്ക് നിന്നോട് സ്നേഹം കുറയുമെന്ന് കരുതിയോ?” അമ്മ ചോദിച്ചു.

“വളരെ വൈകിയാണ് ഞാന്‍ പുറത്തുവന്നത്. ആര്‍കന്‍സാസില്‍ വളര്‍ന്നതുകൊണ്ട് എനിക്ക് ഒരു ഗേ വ്യക്തിയെപ്പോലും അറിയില്ലായിരുന്നു. ഞാന്‍ സ്വയം ജീവിക്കാന്‍ പഠിക്കുകയായിരുന്നു.”

കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ഗ്രിഫിന്‍ ഒരു പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങി. വിദ്യാഭ്യാസം, സ്റ്റെംസെല്‍ ഗവേഷണം എന്നീ വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചു. കത്രീന ചുഴലിക്കാറ്റിനുശേഷം വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചുകൊണ്ട് ബ്രാഡ്പിറ്റ് അവരുടെ ക്ലയന്റ് ആയി. 

ഗേ പരിപാടികളില്‍ സംബന്ധിച്ചിരുന്നുവെങ്കിലും തന്‍ ഒരു വലിയ ആക്റ്റിവിസ്റ്റ് ആണെന്നൊന്നും ഗ്രിഫിന്‍ കരുതിയിരുന്നില്ല. സ്വവര്‍ഗവിവാഹവിഷയത്തില്‍ കാലിഫോര്‍ണിയ 2008ല്‍ വോട്ട് ചെയ്തപോല്‍ ഗ്രിഫിന്‍ പണം സമാഹരിക്കുകയും വിവാഹത്തോട് അനുകൂലിക്കുന്ന പരസ്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

വോട്ടര്‍മാര്‍ വിവാഹനിരോധനത്തെ അനുകൂലിച്ചു. ഗ്രിഫിന്റെ ജീവിതം മാറി. മാസങ്ങള്‍ക്ക് ശേഷം ഈ നിരോധനത്തെ വെല്ലുവിളിച്ചുകൊണ്ട് ഗ്രിഫിന്‍ അമേരിക്കന്‍ ഫൌണ്ടേഷന്‍ ഫോര്‍ ഈക്വല്‍ റൈട്സ് തുടങ്ങി. ഓള്‍സണ്‍ എന്ന റിപ്പബ്ലിക്കന്‍ അഭിഭാഷകനെയും ബോയ്സ് എന്ന ഡെമോക്രാറ്റ് അഭിഭാഷകനെയും ഹയര്‍ ചെയ്തു.


ചാഡ്‌ ഗ്രിഫിന്‍

സുപ്രീം കോടതി വിവാഹനിരോധനം എടുത്തുമാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ കേസ് ഹൈക്കോടതിയില്‍ തന്നെ പരാജയപ്പെടുമെന്ന് ഗേ റൈറ്റ്സ് സംഘങ്ങള്‍ പേടിച്ചിരുന്നു.

പല ഗേ സിവില്‍ റൈട്സ് സംഘങ്ങളെയും വെല്ലുവിളിക്കുന്ന ഒരു നീക്കമായിരുന്നു അത്. വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയെങ്കിലും താത്വികമായ വേര്‍തിരിവ് ഇപ്പോഴും നിലനില്‍ക്കുന്നു.

ഒരു കീഴ് കോടതി കേസ് തള്ളിയപ്പോള്‍ വാദഗതികള്‍ ചേര്‍ത്ത് അവര്‍ ഒരു നാടകം ഉണ്ടാക്കി.

യൂട്യൂബില്‍ പ്രചരിച്ച നാടകത്തില്‍ ജഡ്ജിയുടെ ഭാഗം അഭിനയിച്ചത് ബ്രാഡ് പിറ്റാണ്. ജോര്‍ജ് ക്ലൂണി ബോയിസ് ആയും മാര്‍ട്ടിന്‍ ഷീന്‍ ഓള്‍സനായും എത്തി. മാത്യു മോറിസനും ജെമി ലീ കര്‍ത്ടിസും മറ്റഭിനേതാക്കള്‍. രാജ്യത്തെ കോളേജുകളില്‍ ഈ നാടകം കളിച്ചു.

വിനോദ മാധ്യമങ്ങളുടെ ശക്തി അപാരമാണ്. ഗ്രിഫിന്‍ പറയുന്നു. നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ജീവന്‍ രക്ഷിക്കാന്‍ അതിനാകും.

ഒടുവില്‍ 2013 ജൂണില്‍ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗവിവാഹം നിയമാനുസൃതമായി.

ഈ സാംസ്കാരികമാറ്റം എങ്ങനെ സംഭവിച്ചു?

ചിലര്‍ പറയുന്നത് രാജ്യം കൂടുതല്‍ നാനാത്വത്തെ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് എന്നാണ്.

ചിലര്‍ പറയുന്നത് മിലനിയല്‍ തലമുറയുടെ മാറ്റമാണ് എന്നാണ്. പതിനെട്ടിനും ഇരുപത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ നാലുപേരും സ്വവര്‍ഗവിവാഹത്തെ പിന്തുണച്ചു വോട്ട് ചെയ്തു. ചെറിയ ഭൂരിഭാഗം റിപ്പബ്ലിക്കന്‍മാരും അങ്ങനെ താനെ വോട്ട് ചെയ്തു.

മാധ്യമങ്ങളുടെ സ്വാധീനവും സാമ്പ്രദായിക മതങ്ങളുടെ തകര്‍ച്ചയും കുടുംബഘടനയില്‍ വന്ന മാറ്റങ്ങളും ഒബാമയുടെ നേതൃത്വവും ഒക്കെ മാറ്റത്തിനു കാരണമാണ്.

“വെളിച്ചത്ത് വരിക എന്നതാണ് നാം ചെയ്യേണ്ടത്” ഗ്രിഫിന്‍ പറയുന്നു. ദശാബ്ദങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും ഗേ ആണെന്ന് തുറന്നുസമ്മതിക്കുന്ന ഒരാളെയെങ്കിലും അറിയാം എന്നരീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറി. അതില്‍ നിന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്.

സിനോറില്‍ ഇപ്പോള്‍ ‘മൈക്കലാഞ്ചലോ സിനോറില്‍ ഷോ’ നടത്തുന്നു. ഹഫിംഗ്ടന്‍ പോസ്റ്റ്‌ ഗേ വോയിസസിന്റെ പ്രധാന എഡിറ്ററുമാണ്.

മിക്ക ദിവസങ്ങളിലും ദിവസത്തിലെ മറ്റു പ്രശ്നങ്ങളോടൊപ്പം ഒരു ഗേ ന്യൂസ് ഭാഗവും ഷോയില്‍ ഉണ്ട്. അത് സിനോറില്‍ ആസ്വദിക്കുന്നത് കാണാം. ലെസ്ബിയന്‍ ഗേ ബൈസെക്ഷ്വല്‍ ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്കായി മിഷേല്‍ ഒബാമ നടത്തിയ സ്വീകരണപരിപാടിയില്‍ സിനോറലിനെ കാണാം.

അന്‍പത്തിമൂന്നുകാരനായ സിനോറില്‍ തന്റെ പാര്‍ട്ണര്‍ ആയ കോളേജ് പ്രോഫസറോടൊപ്പം പത്തൊന്‍പത് വര്‍ഷമായി ജീവിക്കുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ സിറ്റി ഹാളില്‍ വിവാഹിതരായി. നാല് അതിഥികള്‍ ആണ് എത്തിയത്. രണ്ടുപുരുഷന്‍മാരുടെയും മാതാപിതാകള്‍.

താന്‍ ഒളിച്ചുജീവിച്ച നാടുകളായ മിസിസിപ്പി, അലബാമ, ആര്‍ക്ന്സാസ് എന്നിവിടങ്ങളില്‍ വലിയ പ്രചാരണപരിപാടികള്‍ നടത്തുകയാണ് ഗ്രിഫിന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍