UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാസയില്‍ കവികള്‍ ആത്മഹത്യ ചെയ്യില്ല

Avatar

വി കെ അജിത്‌ കുമാര്‍

ആധുനിക അറബ് കവിത സഞ്ചരിച്ച് തുടങ്ങിയത് ഖലില്‍ ഹവിയോടോപ്പമായിരുന്നു. എന്നാല്‍ പാതിവഴിയില്‍ വച്ച് ഹവി പിണങ്ങിപ്പിരിഞ്ഞു. മരണമെന്ന മിസ്റ്റിക് യാഥാര്‍ഥ്യത്തിലേക്ക് സ്വയം സമര്‍പ്പിതനായി. സമൂഹജീവിയായ ഒരു കവിതയെഴുത്തുകാരന് അത്രമാത്രമേ ഒടുവില്‍ ചെയ്യുവാനുണ്ടായിരുന്നുള്ളു. ഏറെ സ്നേഹിച്ചിരുന്ന ലബനന്‍ പ്രദേശത്തേക്ക് ഇസ്രയേല്‍ കടന്നുകയറിയപ്പോള്‍ ജിവിതത്തിലെ നിസ്സഹായതയോ നിസംഗതയോ ഹവിയെ ആത്മഹത്യയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എഴുതിയ കവിതകളില്‍ പലപ്പോഴും കടന്നുവന്നിരുന്ന പുനര്‍ജ്ജന്മമെന്ന സങ്കല്‍പ്പത്തിലുള്ള വിശ്വാസമാകാം അദ്ദേഹത്തെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് സിറിയന്‍ നിരുപകനായ മുഹമ്മദ്‌ ജമാല്‍ ബറൌട്ട് അഭിപ്രായപ്പെടുന്നു.

നവ പലസ്തിന്‍ എഴുത്തുകാരുടെ പ്രതികരണങ്ങള്‍ ഹവി സ്വീകരിച്ച വഴിയിലുടെയല്ല. നടുക്കുന്ന സംഭവങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങള്‍ പുറം ലോകത്തേക്ക് പകര്‍ത്തുവാന്‍ പേനയില്‍ ഇനിയും മഷി ശേഷിക്കുന്നുണ്ട് എന്നവര്‍ വിളിച്ചു പറയുന്നു. ഈ തലമുറ നേരിട്ട്, മുഖാമുഖം പ്രതികരിക്കുവാന്‍ വിമുഖത കാട്ടുന്നവരാണ്. അവര്‍ സംഭവങ്ങളെ വിഷ്വലൈസ് ചെയ്യുകയും മറ്റുള്ളവരുടെ രോഷത്തിനായി എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നു. റോഡപകടങ്ങളും അരാജകത്വങ്ങളും റിക്കോഡ്‌ ചെയ്ത്  സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ്‌ ചെയ്യുന്നതിന്റെ സാമാന്യ മന:ശ്ശാസ്ത്രവും ഇതുതന്നെ.

ഹോളോകാസ്റ്റ് (കൃത്യമായ നയപരിപാടിയിലൂടെ അതിവിദഗ്ദ്ധമായി നടപ്പാക്കുന്ന വംശഹത്യ) അതിന്‍റെ പൂര്‍ണ്ണ  അര്‍ഥത്തില്‍ നടപ്പില്‍ വരുത്തുമ്പോള്‍ കൈകളില്‍ പ്രതികരണത്തിന്റെ മാധ്യമവുമായി നടക്കുന്ന ഇവര്‍ക്ക് പെട്ടെന്ന് പ്രതികരിക്കുവാന്‍ ഒരിക്കലും ഖലില്‍ ഹവിയുടെ മാര്‍ഗ്ഗം സ്വീകരിക്കേണ്ടതായി വരുന്നില്ല.

“Yes ,we know the Holy Land is now Land of Holes” എന്ന് ധൈര്യത്തോടെ പ്രതികരിക്കാന്‍ അവര്‍ തയ്യാറാകുന്നു.

ഏഴു പൊട്ടിത്തെറികള്‍ ഗുണം
എട്ട് ശരീരങ്ങള്‍ സമം
നാല് ഒത്തുതീര്‍പ്പ് കൂടിയിരിപ്പുകള്‍
………………………..
ഞങ്ങളുടെ ജനന നിരക്ക് ന്യുനം
അവരുടെ ജനന നിരക്ക് സമം
ഒരു കടലും നാനൂറ് ഗ്രാമങ്ങളും …..

ഇവിടെയെല്ലാം ബഹുവചനത്തിലുള്ള ഉത്തമ പുരുഷ സര്‍വനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് (we എന്ന collective pronoun). 1948ല്‍ സംഭവിച്ച കൂട്ട പലായനത്തിന്റെ നക്ബയ്ക്ക് ശേഷം അവരങ്ങനെയാണ് എന്ന് കണ്ടെത്തിയത് പലസ്തിന്‍ ദേശീയതയും സാഹിത്യവും തമ്മിലുള്ള ബന്ധം അന്വേഷിച്ചവരാണ്. ഇടതുപക്ഷ എഴുത്തിന്‍റെ സ്വാധീനത വളരെ നാളുകള്‍ക്ക് മുന്പ് തന്നെ പലസ്തിന്‍ സാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. എമിലി ഹബീബി, സാമിയ അല്‍ ക്വാസി, റാഫിക്ക് സൈദ് ഇവരെല്ലാം ഇത്തരം ദേശീയത പലസ്തിന്‍ കവിതയ്ക്ക് നല്‍കിയവരാണ്. ഇതിന്‍റെ അലകള്‍ പല ബ്ലോഗ്‌ കവിതകളിലും തെളിയുന്നുണ്ട്.

“ഇസ്രയേല്‍ നിങ്ങള്‍ നന്നായി പഠിക്കാനുണ്ട്…
മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയുടെ ഫലം നരകമെന്ന്
പലസ്തീന്‍ നിങ്ങളുടെ സഹോദരന്മാരാണ്; സഹോദരിമാരും.”

“We are Palestinians who want to live in peace.
Yet the Zionist monster will never agree to ease.
Its grasp, its grip its dirty devilish dream..
Beware! Arab spring has started to beam..” ഈ ശക്തമായ താക്കീതിന്റെ ധ്വനി ഓര്‍മ്മപ്പെടുത്തുന്നത് മഹ്മുദ് ദാര്‍വിഷിന്റെ കവിതയാണ്. 

“എന്‍റെ വേരുകള്‍ ഇവിടെയുണ്ടായിരുന്നു
ഒലിവ് മരങ്ങളുടെയും സൈപ്രസ് മരങ്ങളുടെയും വേരുകള്‍ ഇവിടെയാഴ്ന്നിറങ്ങും മുന്‍പേ….
സുക്ഷിക്കുക എന്‍റെ വിശപ്പിനെ
അതേറിയാല്‍ ഒരുപക്ഷെ നിങ്ങളുടെ മാംസം കൂടി ഞാന്‍ ഭക്ഷിക്കും.”

ഈ ആര്‍ജ്ജവം തന്നെയാണ് മിക്ക ബ്ലോഗ്‌ കവിതകളിലും പ്രകടമാവുന്നത്. ഒറ്റപ്പെട്ട ചിലവ ദൈന്യതയിലുടെയും കരുണയറ്റ മാനവികതയിലൂടെയും കടന്നുപോകുന്നു.

“തൊട്ടിലിനടുത്തായി എനിക്ക് അമ്മയുടെ മണംകിട്ടുന്നുണ്ട്
നിശബ്ദതയുടെ സുഗന്ധം എന്നെ സ്വാന്ത്വനപ്പെടുത്തുന്നു.
……………………………………………………..
ഞാനും അമ്മയും കൈ കോര്‍ത്തുപിടിച്ചു.
എല്ലാം ഏതാണ്ട് അവസാനിക്കും പോലെ
എന്നെയുപേക്ഷിക്കരുത് എനിക്കമ്മയെ വേണം
……………………………………………………… 
എനിക്കെന്‍റെ അമ്മയെ വേണം 
അവരുടെ കാരുണ്യം വേണം
എന്‍റെ മുഖത്ത് ആ സ്പര്‍ശം വേണം
ഞാന്‍ ആ കൈകള്‍ പിടിച്ചെടുത്തു.
എനിക്ക് കിട്ടിയത് അമ്മയുടെ കൈ മാത്രം
മറ്റൊന്നുമില്ലാത്ത വെറുമൊരു കൈ……
(ജാക്സണ്‍ മോള്‍ഡിംഗ് –Gaza at Night എന്ന കവിതയിലാണ് വാക്കുകളുടെ ഈ  വിഷ്വലൈസെഷന്‍)

“സന്തോഷഭരിതമായ എല്ലാ കുടുംബങ്ങള്‍ക്കും പറയുവാനുള്ളത് ഒരേ കഥയാണ്‌.എന്നാല്‍ ദുരിത പൂര്‍ണ്ണമായ ഭവനങ്ങള്‍ക്ക് പറയുവാനുള്ളത് വ്യത്യസ്തങ്ങളായ കഥകളാണ്.” എന്ന ടോള്‍സ്റ്റോയ്‌ വാചകം ഇവിടെ സ്മരിക്കാം.

A Child of  Gaza with Butterfly എന്ന കവിത ഇങ്ങനെ പോകുന്നു.

പൂമ്പാറ്റ ഇനി എവിടേക്കാണ്‌ പോകുന്നത്
മിന്നലുണ്ടാകുമ്പോള്‍, ഇടിമുഴങ്ങുംമ്പോള്‍
കല്ലു മാരി പെയ്യുമ്പോള്‍ 
ശൈത്യകാലം വരുമ്പോള്‍
തണുത്തുറഞ്ഞ രാത്രിയില്‍ …
എവിടേക്ക് പോകും.
എവിടേക്ക് ആത്മാവ് പറന്നുപോകും
ജീവിതം യാതനയാകുമ്പോള്‍
ആശ വിണ്ടെടുക്കുവാനാവാത്ത വിധം നശിക്കുമ്പോള്‍
ജീവിതത്തിന്‍റെ വെളിച്ചം ഇരുളുമ്പോള്‍
എവിടേക്ക്  പൂമ്പാറ്റകള്‍ പോകും …

ബെസ്റ്റ് ഓഫ് അഴിമുഖം 

ഗാസ നമ്മുടെ മൌനമാണ്
തോല്‍ക്കാന്‍ പോലും അവസരമില്ലാത്ത ഗാസയിലെ യുവത്വം
കബറടക്കാനാകാതെ ഗാസ
ഗാസയിലെ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് കളിക്കളങ്ങള്‍ ഇല്ലാത്തത്?
അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം

ഖലില്‍ ഹവിയുടെ ആത്മഹത്യയിലേക്കുതന്നെ തിരിച്ചുപോകാം കാവ്യാത്മക പ്രതികരണമായി അതിനെ രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹം അവസാനിപ്പിച്ചിടത്തുനിന്നും പറന്നുയര്‍ന്നതാണ് പുതു കവികതകള്‍. അത് ലോകമെങ്ങും ചിറകുകള്‍ വിരിച്ച നവമാധ്യമങ്ങള്‍ നല്‍കിയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചിന്തയ്ക്ക് കൂടി വിരാമമിടുകയായിരുന്നു. ഓഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കൂട്ടക്കുരുതിക്ക് ശേഷം കവിതയെഴുതിയവരെ നികൃഷ്ടമനസുള്ളവരാണെന്ന ഒരു വാദവുമായി  പ്രശസ്ത ജര്‍മ്മന്‍ തത്വചിന്തകനായ തിയഡോര്‍ അഡോണോ രംഗത്ത് വരികയുണ്ടായി. എന്നാല്‍ എല്ലാ ആദരവോടും കുടി അദ്ദേഹത്തിന്‍റെ വിചാരഗതി മാറ്റിനിര്‍ത്തിക്കൊണ്ട് നമുക്ക് പറയാം ഇത് ഒരു നവ ലോകമാണ് ഇവിടെ പ്രതികരണങ്ങള്‍ക്കും സര്‍ഗാത്മക നിലവിളികള്‍ക്കും ഏറെ സ്വാധീനമുണ്ട്. അതൊരു ഓര്‍മ്മപ്പെടുത്തലോ മുന്നറിയിപ്പോ ആകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍