UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാസയിലെ വംശഹത്യയിൽ നമ്മളും പങ്കാളി- സീതാറാം യെച്ചൂരി

Avatar

പലസ്തീന്‍ പ്രശ്നത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നടത്തിയ പ്രസംഗം വിഷയത്തിന്‍റെ പ്രാധാന്യവും ഗൌരവവും കണക്കിലെടുത്ത് അഴിമുഖം പ്രസിദ്ധീകരിക്കുന്നു.

മി. ഡപ്യൂട്ടി ചെയര്‍മാന്‍,

സര്‍, ചില ആശങ്കകളോടെയും വ്യാകുലതകളോടെയുമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ലോകത്തെ മറ്റിടങ്ങളിലും അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ നമ്മള്‍ അപലപിക്കണമെന്നും മറ്റുള്ളവര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഞാന്‍ അതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇറാഖിലെ യുഎസ് അധിനിവേശത്തെ അപലപിക്കാന്‍ മുന്നോട്ട് വരൂ, ലിബിയയില്‍ സംഭവിച്ചതിനെ അപലപിക്കാന്‍ മുന്നോട്ട് വരൂ, സിറിയയില്‍ സംഭവിച്ചതിനെ അപലപിക്കാന്‍ മുന്നോട്ട് വരൂ. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം ഉള്‍പ്പെടെ ലോകത്തെല്ലായിടത്തും നടക്കുന്ന അതിക്രമങ്ങളെ അപലപിക്കാന്‍, മനുഷ്യ രാശിക്ക് നേരെനടക്കുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കാന്‍ ഞാന്‍ എന്റെ സുഹൃത്ത് ഡോ.മൈത്രേയനോട് അപേക്ഷിക്കുന്നു. അതിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നത്. എന്നാല്‍ ഗാസ മുനമ്പില്‍ നടക്കുന്ന മനുഷ്യത്വരഹിതവും അംഗീകരിക്കാന്‍ ആവാത്തതുമായ അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നമ്മള്‍ ഇന്ന് കൂടിയിരിക്കുന്നത്. ഇതിനെ വിശേഷിപ്പിക്കാന്‍ ഒരൊറ്റ ഉറുദു പദമേ ഉള്ളു. ഇന്‍സിയാത്ത് എന്നാണ് ആ വാക്ക്. ഇന്‍സിയാത്തിനെതിരായ, പൂര്‍ണമായും അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍ക്കെതിരായ, ചിലതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സര്‍, 476 പേര്‍ മരിക്കുകയും 3,000-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ കുറിച്ച് നമ്മള്‍ ഇന്ന് രാവിലെ ചര്‍ച്ച ചെയ്തു. ഇവരില്‍ മൂന്നില്‍ ഒന്നിലേറെ സ്ത്രീകളും കുട്ടികളുമാണ്. യുഎന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ 77 ശതമാനത്തിലേറെ പേരും സിവിലിയന്മാരാണ്. ഇത്തരത്തിലുള്ള ഒരു ‘വംശഹത്യ’ യാണ് ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഈ വാക്ക് ഞാന്‍ മനഃപൂര്‍വം ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി യുഎന്‍ സുരക്ഷാസമിതി ഈ അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്. 

യുഎന്‍ സെക്രട്ടറി ജനറല്‍ ഇതിനെ അതിക്രമം എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കപ്പെട്ട യുഎന്‍ സുരക്ഷാ സമിതി പ്രമേയങ്ങളും നിരന്തരം ലംഘിക്കപ്പെടുമ്പോള്‍ നമുക്ക് നിശബ്ദരായിരിക്കാനാവില്ല. അതുകൊണ്ട് സര്‍, ഇവിടെ ഉന്നയിക്കപ്പെട്ട രണ്ട് ആവശ്യങ്ങള്‍ക്ക്- പ്രധാനമായും യുഎസ് പ്രമേയത്തെ അപലപിക്കുക, ഇറാഖ് അധിനിവേശത്തെ അപലപിച്ചതിന് സമാനമായ രീതിയില്‍ പ്രമേയം പാസാക്കുക- പുറമെ രണ്ട് ആവശ്യങ്ങള്‍ കൂടി ഞാന്‍ മുന്നോട്ട് വയ്ക്കുന്നു. ഇപ്പോള്‍ രേഖകളുടെയും ചരിത്രത്തിന്റെയും ഭാഗമായി കഴിഞ്ഞ ഇറാഖ് അധിനിവേശ അപലപന പ്രമേയം ശ്രീ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് പാസാക്കിയതെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷ, ‘നമുക്കൊരു ജനാധിപത്യമുണ്ട്. ഇന്ത്യയിലെ എന്റെ പാര്‍ലമെന്റ് അതിനെ അപലപിച്ചിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര വേദികളില്‍ നമുക്ക് മുന്‍തൂക്കം ലഭിക്കുന്നതിനായി അതിനെ നമ്മള്‍ ഏറ്റെടുക്കുകയും ഉപയോഗിക്കുകയും ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ട് നിരവധി തവണ മി.വാജ്‌പേയ് ഈ പ്രമേയത്തെ ഉപയോഗിച്ചിട്ടുണ്ട്. പല ജനാധിപത്യ രാജ്യങ്ങളും ഇത് തന്നെയാണ് ചെയ്തിട്ടുള്ളതും. എന്തെങ്കിലും കാര്യത്തില്‍ അനുകൂലിക്കാന്‍ പ്രയാസമുള്ളപ്പോഴൊക്കെ യുഎസ് പ്രസിഡന്റ് കോണ്‍ഗ്രസ് പ്രമേയങ്ങളെ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇവിടെ ഈ ബഹുമാന്യ സഭ ഒരു പ്രമേയം ആവശ്യപ്പെടുമ്പോള്‍, ദയവായി അത് സ്വീകരിക്കുക. ഇതാണ് എനിക്ക് ആദ്യമായി ചൂണ്ടിക്കാണിക്കാനുള്ളത്.

ഇസ്രായേലുമായുള്ള എല്ലാ ആയുധ ഇടപാടുകളും ഉടനടി നിറുത്തിവയ്ക്കണമെന്നാണ് എനിക്ക് രണ്ടാമതായി പറയാനുള്ളത്. ഇസ്രായേലില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഗാസ മുനമ്പില്‍ വംശഹത്യ നടത്തുന്നതിനാണ് നമ്മളില്‍ നിന്നും ലഭിക്കുന്ന ലാഭം ഇസ്രായേല്‍ ഉപയോഗിക്കുന്നത്. ഈ വംശഹത്യയില്‍ ഇന്ത്യ പങ്കാളിയാവുന്ന പരിപാടി തുടരാനാവില്ല.

പിന്നെ, എന്താണ് അടിസ്ഥാന പ്രശ്‌നം? ഇവിടെ ചില ആളുകള്‍, ‘നിങ്ങള്‍ അടിസ്ഥാന പ്രശ്‌നത്തിലേക്ക് പോകൂ’ എന്ന് പറയുന്നു. ബാല്‍ഫര്‍ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് എന്റെ പ്രിയ സുഹൃത്ത് ശ്രീ റാം ഗോപാല്‍ യാദവ് പറയുന്നു. എന്നാല്‍, 1947 മുതല്‍ എടുത്താല്‍, അതായത് 66-ല്‍ പരം വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വന്തം മാതൃരാജ്യത്ത് നിയമപരമായ അവകാശങ്ങള്‍ പലസ്തീനികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് ഞാന്‍ പറയും. ഇതിനെയാണ് നമ്മള്‍ എതിര്‍ക്കേണ്ടത്. ജന്മദേശം എന്ന നിയമപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. പലസ്തീനികള്‍ക്ക് മാതൃരാജ്യം നിഷേധിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുന്നത് വരെ ഇസ്രായേലുമായുള്ള എല്ലാ ആയുധ വ്യാപാരവും ഇന്ത്യ അവസാനിപ്പിക്കണമെന്നും അങ്ങനെ ഇസ്രായേലിനുമേല്‍ നമുക്ക് സമ്മര്‍ദം ചെലുത്താവുന്ന ഏക വഴി ഉപയോഗിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. 

ബ്രിക്‌സ് ഉച്ചകോടിയില്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാജ്യം രൂപീകരിച്ചുകൊണ്ട് സമാധാനപരമായ സംഭാഷണങ്ങളിലൂടെ രണ്ട് വ്യത്യസ്ഥ രാജ്യങ്ങള്‍ എന്ന ആശയത്തെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണയ്ക്കുകയും പ്രസ്താവനയില്‍ ഒപ്പിടുകയും ചെയ്ത കാര്യം ഞാനിവിടെ ഓര്‍മപ്പെടുത്തുന്നു. ‘ഹമാസ് തീവ്രവാദികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്’ എന്ന് ഇസ്രായേല്‍ ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയതായി ചില വാദങ്ങള്‍ ഇവിടെ ഉയര്‍ന്നുകേട്ടു. ഹമാസിനെ കുറിച്ച് എനിക്കും എന്റെ പാര്‍ട്ടിക്കുമുള്ള അഭിപ്രായം എന്തായാലും-തീര്‍ച്ചയായും അവരുടെ ചില പ്രവര്‍ത്തനങ്ങളോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും-അവര്‍ അവരുടെ രാജ്യത്ത് ഒരു സര്‍ക്കാര്‍ രൂപീകരിച്ച് ഭരിക്കുന്നതിനായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇപ്പോഴത്തെ ബിജെപിയോട് എനിക്ക് നൂറു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. പക്ഷെ അവരെ ഈ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍, അതിനെ ആദരിക്കാനും ഈ സര്‍ക്കാരിനെ ഇന്ത്യന്‍ സര്‍ക്കാരായി ഉയര്‍ത്തിക്കാട്ടാനും ആദ്യം മുന്നോട്ട് വരുന്നവരില്‍ ഒരാള്‍ ഞാനായിരിക്കും. എപ്പോള്‍ എന്റെ രാജ്യം ആക്രമിക്കപ്പെടുകയോ അപകടത്തിലാവുന്നു എന്ന് എനിക്ക് തോന്നുകയോ ചെയ്യുമ്പോള്‍ ഈ സര്‍ക്കാരിനെ ഇന്ത്യയുടെ സര്‍ക്കാരായി ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ തയ്യാറാവും. എന്റെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷെ ഇന്ത്യയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ സര്‍ക്കാര്‍ തന്നെയാണ്. ആരെന്ത് പറഞ്ഞാലും പലസ്തീനികള്‍ തിരഞ്ഞെടുത്ത ഒരു പലസ്തീന്‍ സര്‍ക്കാരാണിത്. ലോകം അതംഗീകരിച്ചതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഒരു അന്താരാഷ്ട്ര നിരീക്ഷക സംഘം അവിടം സന്ദര്‍ശിക്കുകയും ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്. പിന്നെ എങ്ങനെയാണ് ഹമാസുമായി ബന്ധപ്പെട്ട ആരെങ്കിലും ഭീകരവാദികളാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുക? ഇതെങ്ങനെയാണ് അനുവദിക്കപ്പെടുന്നത്? ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു, ‘എന്താണ് ഈ ബന്ധം?’ അദ്ദേഹം പറയുന്നു, ‘ ആയുധങ്ങള്‍, ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍ദ്ദേശ സംവിധാനങ്ങള്‍, ഹമാസ് സ്ഥാപനങ്ങള്‍, ആസ്ഥാന കേന്ദ്രങ്ങള്‍, ഭീകരരുടെ വീടുകള്‍, വിവിധ അധികാര തലങ്ങളിലുള്ള ഭീകരരുടെ ഉന്മൂലനം എന്നിവയാണ് ഞങ്ങള്‍ ചെയ്യുന്നത്.’ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടാവാറുണ്ട്. പാകിസ്ഥാനുമായി മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായി. പക്ഷെ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരാണ് നമ്മള്‍ എന്ന് പറയുന്ന ഒരാവശ്യം ഇവിടെ ഉയര്‍ന്നുവന്നിരുന്നോ? മറ്റൊരു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിയ്ക്കാനായി യുദ്ധത്തിന് പോവുകയാണെന്ന് ഏതെങ്കിലും രാജ്യത്തിന് പറയാന്‍ സാധിക്കുമോ? പക്ഷെ ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്. ഇത് നമുക്ക് അംഗീകരിക്കാനാവുമോ? സര്‍, ഇതാണോ ഇന്ത്യയുടെ പാരമ്പര്യം? നിങ്ങള്‍ ഉല്‍പത്തിയിലേക്ക് പോവുകയാണെങ്കില്‍ എനിക്ക് ഒരു കാര്യം മാത്രമേ ഈ സഭയുടെ മുന്നില്‍ വ്യക്തമായി പ്രഖ്യാപിക്കാനുള്ള. അതെന്റെ പാര്‍ട്ടിയുടെ നിലപാടാണ്. ഒരു വലിയ ശതമാനം ആളുകള്‍ ഇതിനോട് യോജിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

ഇത് ചൂണ്ടിക്കാണിച്ച എന്റെ സുഹൃത്ത് ശ്രീ മണി ശങ്കര്‍ അയ്യറോട് എനിക്ക് വളരെ നന്ദിയുണ്ട്. അതുകൊണ്ട്, അവസാനമായി നിരവധി തെളിവുകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട് എന്ന് കൂട്ടിച്ചേര്‍ക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അങ്ങനെ അനുവദിക്കാത്ത പക്ഷം എനിക്കത് സഭയുടെ മുന്നില്‍ വിശദീകരിക്കാനാവില്ല. ഭാവി ഭീകരരെ സൃഷ്ടിക്കുന്നത് അവരാണെന്നതിനാല്‍ അമ്മമാരെ കൊല്ലണമെന്നും സിവിലിയന്മാരെ കൊല്ലണമെന്നും ഇസ്രായേല്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ പ്രസംഗിക്കുന്നതിന്റെ തെളിവുകള്‍ ഈ ബഹുമാന്യ സഭയുടെ സഹായത്തിനായി ഉണ്ട്. സര്‍, ഇത്തരം കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജെറുസലേമിലെ ഹീബ്രൂ സര്‍വകലാശാലയിലെ ചരിത്ര പണ്ഡിതന്‍ മി. സ്റ്റേര്‍ണലിന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കട്ടെ, സര്‍, ‘ഇസ്ലാമിക വാദികളെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെതിരെ തിരിച്ചു വിടുന്നത് ബുദ്ധിയായിരിക്കുമെന്ന് ഇസ്രായേലുകാര്‍ കരുതി.’ അങ്ങനെ തുടക്ക ഘട്ടത്തില്‍ അവര്‍ ഹമാസിനെ പിന്തുണച്ചു. ആ വിശദാംശങ്ങള്‍ എന്തായാലും, ഇതൊരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. നിങ്ങള്‍ക്ക് ചര്‍ച്ചകള്‍ നടത്താം; കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിക്കൊണ്ട് രണ്ട് രാജ്യങ്ങള്‍ എന്ന പരിഹാരം നിങ്ങളുടെ മുന്നില്‍ ഉണ്ട്. അതുകൊണ്ട് വംശഹത്യ അവസാനിപ്പിക്കുക. 

എന്റെ രണ്ട് ആവശ്യങ്ങള്‍ ഞാന്‍ ഒന്നുകൂടി ഊന്നിപ്പറയുകയാണ്. ആദ്യമായി, ഇറാഖിലെ യുഎസ് അധിനിവേശക്കാലത്ത് നാം പാസാക്കിയതിന് സമാനമായ ഒരു പ്രമേയം പാസാക്കുക. ഇസ്രായേലുമായുള്ള എല്ലാ ആയുധ ഇടപാടുകളും ഉടനടി നിറുത്തിവയ്ക്കാന്‍ സഭ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക. നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇത് മാത്രമേ നമ്മുടെ മുന്നില്‍ ഉള്ളു. നന്ദി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍