UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തെ ഇങ്ങനെ അവഹേളിക്കരുത്

Avatar

ടീം അഴിമുഖം

മരുന്നുകള്‍, ചികിത്സ, ശുദ്ധജലം, ആഹാരം, ഇന്ധനം തുടങ്ങിയ സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണവും സുരക്ഷിതവുമായി ഗാസയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അടിസ്ഥാന പൊതു സേവനങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിന് മുന്‍സിപ്പല്‍ ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍, അതായത് ആരെയും എതിര്‍ക്കുകയോ ആരെയും അനുകൂലിക്കുകയോ ചെയ്യാത്ത പ്രമേയങ്ങള്‍, എല്ലാ പാര്‍ലമെന്റുകളില്‍ നിന്നും പ്രതീക്ഷിക്കാം. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്രായേലിനുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍ അവിടുത്തെ ജനാധിപത്യ രാജ്യങ്ങളില്‍ നിന്ന് ഇത്തരം പ്രമേയങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ആയിരക്കണക്കിന് നിരപരാധികളായ സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ പട്ടാള നടപടിയെ സ്വാഗതം ചെയ്യാന്‍ അമേരിക്കന്‍ സെനറ്റ് മടിച്ചില്ല. സ്വന്തം പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തിന്റെ നിലനില്‍പ് ഉറപ്പ് വരുത്താനുമുള്ള ഇസ്രായേലിന്റെ അവകാശത്തിന് പൂര്‍ണ പിന്തുണ യുഎസ് സെനറ്റ് ആവര്‍ത്തിച്ചു. ഇസ്രായേലിന് നേരായ പ്രകോപനരഹിതമായ റോക്കറ്റ് ആക്രമണത്തെ അപലപിച്ച അമേരിക്ക, ഇസ്രായേലിന് നേരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹമാസുമായുള്ള ഭരണസഖ്യം അവസാനിപ്പിക്കാനും ഇസ്രായേലിനെതിരായ ആക്രമണത്തെ അപലപിക്കാനും അത് പലസ്തീന്‍ പ്രസിഡന്റ് മൊഹമൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 300 പലസ്തീന്‍കാരുടെ മരണത്തെ സംബന്ധിച്ച് പ്രമേയം നിശബ്ദത പാലിച്ചു. 

അതാത് സഭകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തിലുള്ള എല്ലാ പ്രമേയങ്ങളും പാസാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഗാസയിലെ സ്ഥിതിഗതികളെ കുറിച്ച് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ ആഴ്ച മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എടുത്ത കര്‍ക്കശ നിലപാട് മൂലം കഴിഞ്ഞ ആഴ്ച വിഷയം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനും സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ രാജ്യസഭ ചെര്‍മാന്‍ ഹമീദ് അന്‍സാരി അംഗങ്ങളുടെ ചര്‍ച്ച എന്ന ആവശ്യത്തിന് അംഗീകാരം നല്‍കിയതോടെ വിഷയം ഇന്നലെ ചര്‍ച്ച ചെയ്യാന്‍ സഭ തീരുമാനിക്കുകയായിരുന്നു. കീഴ്വഴക്കങ്ങള്‍ ഇല്ലാത്ത ഒരു സ്ഥിതി വിശേഷമാണ് സര്‍ക്കാര്‍ നിലപാട് സൃഷ്ടിച്ചത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ പോരാടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്ത്?
പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു

സഭയുടെ പരിഗണനാ വിഷയത്തില്‍ പെടുത്തിയ കാര്യമായിട്ടുപോലും ഗാസയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന സുഷമ സ്വരാജിന്റെ നിലപാട് കഴിഞ്ഞ ബുധനാഴ്ച രാജ്യസഭ അധ്യക്ഷനെയും സര്‍ക്കാരിനെയും വിഷമകരമായ ഒരു സ്ഥിതിയിലാണ് എത്തിച്ചത്. വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്ന് ആവശ്യപ്പെട്ട് അവര്‍ അദ്ധ്യക്ഷന് കത്ത് നല്‍കുകവരെ  ചെയ്തു. എന്നാല്‍ അദ്ധ്യക്ഷന്റെ റൂളിംഗ് ഇവരുടെ ആവശ്യത്തിന് കടക വിരുദ്ധമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ് ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ളതാണെന്ന് റൂളിംഗ് നല്‍കിയ ഹമീദ് അന്‍സാരി തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയോപദേശക സമിതിയുടെ യോഗത്തില്‍ സര്‍ക്കാര്‍ അതിന്റെ നിലപാട് മയപ്പെടുത്തുകയും തിങ്കളാഴ്ച ചര്‍ച്ച ആകാം എന്ന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചത്? മറ്റൊരു ചട്ടത്തെ കൂട്ടുപിടിച്ച്, വിഷയത്തില്‍ പ്രമേയം പാസാക്കാനാവില്ല എന്ന പുതിയ കടുംപിടിത്തവുമായി സര്‍ക്കാര്‍ രംഗത്തെത്തി. സഭയുടെ പേരില്‍ ഒരു പ്രമേയം പാസാക്കണം എന്ന പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശത്തെ മറികടന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 

വിഷയത്തിന്റെ ഗൌരവത്തിനും വൈകാരികതയ്ക്കുമപ്പുറം ചട്ടങ്ങളും കീഴ്വഴക്കങ്ങളുമാണ് സര്‍ക്കാരിന് പഥ്യം എന്ന് കരുതുന്നവര്‍ കുറവല്ല. ഇപ്പോള്‍ ഇതൊരു അക്കാദമിക വിഷയമായി മാറിയിരിക്കുകയാണ്. സഭയില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലുള്ള തങ്ങളുടെ അതൃപ്തി സര്‍ക്കാര്‍ അറിയിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എക്‌സിക്യൂട്ടീവിന്റെ, അതായത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടത്താനാവില്ല എന്നാണ് ഇത് തെളിയിക്കുന്നത്. എല്ലാ കീഴ്വഴക്കങ്ങളെയും കാറ്റില്‍ പറത്തുന്ന സമീപനമാണ് വിദേശകാര്യ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതും. 

ഗാസയിലെ ആക്രമണങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റ്റെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാന്‍ സഹായിച്ചതിനൊപ്പം നമ്മുടെ രാജ്യത്ത് നടമാടുന്ന ജനാധിപത്യത്തിന്റെ ചില പുഴുക്കുത്തുകളും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ഒരു ചര്‍ച്ചയും സഭയില്‍ സാധ്യമല്ല എന്നത് ത്തന്നെയാണ് അതിലെ പ്രധാനം. അതിപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഈ പൊള്ളത്തരം തുറന്ന് കാണിക്കപ്പെടുന്നതെന്നത് യാദൃശ്ചികമാകാന്‍ തരമില്ല. മോദി മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ 12 വര്‍ഷത്തില്‍, ശരാശരി 21 ദിവസം മാത്രമാണ് ഗുജറാത്ത് നിയമസഭ സമ്മേളിച്ചിരുന്നത് എന്നത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഗതി എങ്ങോട്ട് ആണ് എന്നതിന്റെ ഒരു സൂചന കൂടിയാണ്; ഈ ഭരണത്തിനു കീഴില്‍ ജനാധിപത്യഭാവി അത്ര ശോഭനമായിരിക്കില്ലെന്ന കാര്യം അഴിമുഖം നിരവധി കുറിപ്പുകളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 

പാര്‍ലമെന്റിന്റെ പരമാധികാരം വീണ്ടെടുക്കുക എന്നതാണ് വര്‍ത്തമാന കാലം നമ്മോട് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍