UPDATES

വിദേശം

ഗാസ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വിസ്മൃതമാകുന്നോ? ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ദ്വിരാഷ്ട്ര പരിഹാരം, ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിന് കാലങ്ങളായി യു എസ് രാഷ്ട്രീയക്കാരുടെ മന്ത്രം, മരിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോളത് വിവാദമല്ല. നിരവധി വിശകലനങ്ങളും നിരീക്ഷണങ്ങളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

ഗാസയിലെ സംഘര്‍ഷം നോക്കിക്കാണുമ്പോള്‍ പാഴായ സമാധാനശ്രമങ്ങളുടെ നിഴലുകളെ മറക്കാന്‍ എളുപ്പമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുക്കുന്ന ഹമാസിന്റെ താവളമായ ഗാസയിലേക്ക് ഇസ്രയേല്‍ പട്ടാളം ആക്രമിച്ചു തകര്‍ക്കുകയാണ്. ഇടുങ്ങിയ, ദരിദ്രമായ ഈ ഭൂപ്രദേശത്തെ യുദ്ധമേഖലയില്‍ കുടുങ്ങിയിരിക്കുകയാണ് 1.8 ദശലക്ഷം ജനങ്ങള്‍. ആക്രമണം പ്രതിഷേധങ്ങളെ, വെസ്റ്റ് ബാങ്കിലടക്കം, ആളിക്കത്തിച്ചിരിക്കുന്നു. ഒരു  മൂന്നാം ഇന്‍ തിഫാദ അഥവാ പലസ്തീന്‍ മുന്നേറ്റം നാം കണ്ടേക്കാം.

അടുത്തിടെ പ്യൂ ഗ്ലോബല്‍ നടത്തിയ ഒരു അഭിപ്രായ സര്‍വ്വെ കാണിക്കുന്നത് സഹവര്‍ത്തിത്വത്തിനുള്ള സാധ്യതകളെക്കുറിച്ച് ഇസ്രയേലുകാര്‍ക്കും, പലസ്തീനികള്‍ക്കും പ്രതീക്ഷ തീരെ കുറയുന്നു എന്നാണ്.

യു എസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ ആയുധബലത്തിന്റെ ആത്മവിശ്വാസത്തില്‍ ഇസ്രയേല്‍ മന്ത്രിസഭ തള്ളിക്കളഞ്ഞിരിക്കുന്നു. ഇനിയിപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ നിലവില്‍ വന്നാലും ഈ സംഘര്‍ഷമുണ്ടാക്കിയ ആകുലതകളും വിദ്വേഷവും ഒരു പ്രത്യേക പലസ്തീന്‍ രാഷ്ട്രം എത്ര മങ്ങിയ വിദൂരമായ സാധ്യതയാണെന്ന് അടിവരയിട്ടു കാണിക്കുന്നു.

ദ്വിരാഷ്ട്ര പരിഹാരം കാലം ചെയ്തെന്നതിന്റെ ചില കാരണങ്ങള്‍, അതെല്ലാം ഈ പുതിയവട്ടം സംഘര്‍ഷത്തില്‍ പ്രതിധ്വനിക്കുന്നുമുണ്ട്.  

ഹമാസാണ് സംഭാഷണങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത്
ഹമാസിന് ഒരിയ്ക്കലും ദ്വിരാഷ്ട്ര പരിഹാരത്തില്‍ താത്പര്യമില്ലായിരുന്നു. ഇസ്രയേലികള്‍ എപ്പോഴും ചൂണ്ടിക്കാട്ടുന്നപോലെ ഹമാസിന്റെ സ്ഥാപക രേഖ ഇസ്രയേല്‍ എന്ന രാജ്യത്തെ അംഗീകരിക്കുന്നില്ല. മാത്രവുമല്ല, അക്രമം കയ്യൊഴിയാന്‍ തയ്യാറല്ലാത്ത ഹമാസിന്റെ നിലപാട്-പലസ്തീന്‍ വിമോചന സംഘടനയുടെ അന്തരിച്ച നേതാവ് യാസര്‍ അരാഫത്തും, ഇപ്പോഴത്തെ പലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസും അങ്ങനെ ചെയ്തവരാണ്- മിക്കപ്പോഴും അവരെ ഇസ്രയേലിന്റെ മാരകമായ സുരക്ഷാ സന്നാഹങ്ങളുമായി ഏറ്റുമുട്ടലില്‍ നിര്‍ത്തുന്നു.

ഈ വര്‍ഷം ആദ്യം ഹമാസ് തികഞ്ഞ പ്രതിസന്ധിയിലായി: അവരുടെ വിദേശ സഖ്യങ്ങള്‍ നഷ്ടപ്പെട്ടു, കടുത്ത സാമ്പത്തിക പ്രതിസന്ധി, അവര്‍ ഭരിക്കുന്ന ഗാസയിലെ ജനങ്ങളുടെ പെരുകുന്ന അസംതൃപ്തി, അങ്ങനെ നിരവധി തിരിച്ചടികള്‍. വെസ്റ്റ് ബാങ്കിലെ അബ്ബാസിന്റെ ഫത്താ കക്ഷിയുമായുള്ള ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യ സര്‍ക്കാരുണ്ടാക്കാനും ഹമാസ് തയ്യാറായി. എന്നാല്‍, ഇസ്രയേലികള്‍ ഒരു കാരണവശാലും ഈ നീക്കം വിജയിക്കാന്‍ അനുവദിക്കില്ലായിരുന്നു. ഇസ്രയേലിന്‍റെയും ഈജിപ്തിന്റെയും ഉപരോധം കൊണ്ട് ശ്വാസം മുട്ടുന്ന സാമ്പത്തികാവസ്ഥയില്‍, ഗാസയിലെ 40,000 വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതുപോലും അസാധ്യമായ അവസ്ഥയിലേക്കെത്തിച്ചു. “ചുമതലകള്‍ സമാധാനപരമായി കൈമാറുന്നതിലൂടെ നേടാന്‍ കഴിയാഞ്ഞത് ഹമാസിപ്പോള്‍ സംഘര്‍ഷത്തിലൂടെ നേടാന്‍ ശ്രമിക്കുകയാണ്.” (നഥാന്‍ ത്രാല്‍,InternationalCrisis Group)

ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ രൂപപ്പെട്ട സംവിധാനമാണ് ഹമാസ്. അതുകൊണ്ടുതന്നെ ഇത്തരം പ്രതികൂല കാലാവസ്ഥയില്‍ അത് തഴച്ചുവളരും. ഇസ്രയേലിന്റെ മുന്‍ ആക്രമണങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയെങ്കിലും, കുമിഞ്ഞുകൂടിയ മൃതദേഹങ്ങള്‍ ഹമാസിന് പ്രചാരണായുധമായി. അതേസമയം, സംഭാഷണപ്രക്രിയയിലൂടെ സ്വതന്ത്ര പലസ്തീന്‍ എന്ന ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന അബ്ബാസും, പലസ്തീന്‍ സര്‍ക്കാരും കൂടുതല്‍ അപ്രസക്തവും, ദുര്‍ബ്ബലരുമായി അവതരിപ്പിക്കപ്പെട്ടു.

സുരക്ഷിതരായിരിക്കാന്‍ സ്വതന്ത്ര പലസ്തീന്‍ ആവശ്യമാണെന്ന് ഇസ്രയേല്‍ ചിന്തിക്കുന്നില്ല
ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ചയിലില്ലെന്ന് നെതന്യാഹൂ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന Operation Protective Edge-നെക്കുറിച്ച് ചര്‍ച്ച ചെയ്യവെ നെതന്യാഹൂ സംശയത്തിനിടയില്ലാത്തവണ്ണം  ഈ പ്രഖ്യാപനം നടത്തി,“ഞാന്‍ എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യം ഇസ്രയേലുകാര്‍ മനസ്സിലാക്കും എന്നു ഞാന്‍ കരുതുന്നു; ഒരു ധാരണയുടെ അടിസ്ഥാനത്തിലും യോര്‍ദാന്‍ നദിയുടെ പടിഞ്ഞാറുള്ള ഭൂപ്രദേശത്തിനുമേല്‍ നമ്മുടെ സുരക്ഷാ നിയന്ത്രണം കൈവിട്ടുകളയുന്ന ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല.”

അതായത് വെസ്റ്റ് ബാങ്കിലുള്ള ഏതുതരം പലസ്തീന്‍ രാഷ്ട്രവും വാസ്ഥവത്തില്‍ അധിനിവേശത്തിനു കീഴിലായിരിക്കും എന്നര്‍ത്ഥം. പലസ്തീനും, നീണ്ടുനില്‍ക്കുന്ന സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും കനത്ത തിരിച്ചടിയും.

പക്ഷേ ഇസ്രയേലിന്റെ ആശങ്കകള്‍ മുഴുവന്‍ സുരക്ഷാ ചോദ്യവുമായി ബന്ധപ്പെട്ടാണ്. അതിനുള്ള പരിഹാരം സൈനികമായി കണ്ടെത്താമെന്നും അവിടുത്തെ സര്‍ക്കാര്‍ കരുതുന്നു. അവരെപ്പോഴും താരതമ്യത്തിനുള്ള ചോദ്യമെറിയും: നിങ്ങളുടെ സര്‍ക്കാര്‍ അതിന്റെ പൌരന്‍മാര്‍ക്ക് നേരെ റോക്കറ്റുകള്‍ വീഴ്ത്താന്‍ അനുവദിക്കുമോ?“ഹമാസിനെ തുരത്താന്‍ യുദ്ധത്തിന് ഒരവസരം നല്കണം,” എന്നാണ് യു എസിലെ മുന്‍ ഇസ്രയേല്‍ നയതന്ത്രപ്രതിനിധി വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയത്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കും എന്നു അന്ന് കരുതിയിരുന്ന 1993-ലെ ഓസ്ലോ കരാറിന് ശേഷം പ്രകടമായും വലതുപക്ഷത്തേക്ക് ചാഞ്ഞ ഇസ്രയേല്‍ സമൂഹത്തില്‍ ഈ നിലപാടിന് വലിയ സ്വീകാര്യതയുണ്ട്.

ഇടതുപക്ഷ നിലപാടുകളുള്ള ഇസ്രയേലി പത്രപ്രവര്‍ത്തക ഈ പ്രതീക്ഷാരഹിതമായ അന്തരീക്ഷത്തെ സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: “ഗാസയും വെസ്റ്റ് ബാങ്കും മുറിക്കപ്പെട്ടിരിക്കുകയാണ്. ഹമാസാണ് ഗാസ നിയന്ത്രിക്കുന്നത്, പക്ഷേ ഞങ്ങള്‍ ആജ്ഞാപിക്കുന്ന ഉപാധികളില്‍. വെസ്റ്റ് ബാങ്കില്‍ ഫത്തായും അബ്ബാസും ഞങ്ങളുടെ ഉപാധികളില്‍ ഭരിക്കുന്നതുപോലെ. ഓരോ സമയത്തും പലസ്തീന്‍കാരെ മെരുക്കണമെങ്കില്‍ ഞങ്ങളവരെ രക്തമുപയോഗിച്ച്, കൂടുതല്‍ രക്തമുപയോഗിച്ച് മെരുക്കും. സമാധാനം ഇസ്രയേലിനോടൊപ്പം.”

കുടിയേറ്റങ്ങള്‍ നിലനില്ക്കും
അന്താരാഷ്ട്ര നിയമപ്രകാരം അന്ധികൃതമെന്ന് കണക്കാക്കുന്നെങ്കിലും നെതന്യാഹുവിന്റെ ഭരണകാലത്ത് വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പാര്‍പ്പിടകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് ആക്കം കൂട്ടുകയായിരുന്നു. സ്വതന്ത്ര പലസ്തീന്‍ എന്ന ആശയത്തെ പല്ലും നഖവും കൊണ്ടെതിര്‍ക്കുന്ന നഫ്താലി ബെന്നെറ്റിനെപ്പോലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ ഉയര്‍ച്ചക്കും, നെതന്യാഹുവിന്റെ മുന്നണിയിലെ ചില സഖ്യകക്ഷികളുടെ പിന്തുണയ്ക്കും ഈ കുടിയേറ്റക്കാര്‍ അവശ്യഘടകമാണ്.

കുടിയേറ്റം വെസ്റ്റ് ബാങ്കിലും, സ്വതന്ത്ര പലസ്തീനിന്റെ തലസ്ഥാനമായി ആവശ്യപ്പെടുന്ന കിഴക്കന്‍ ജറുസലേമിലും വ്യാപകമായി പടര്‍ന്നുകിടക്കുകയാണ്. പലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൌമ ഭദ്രതയ്ക്ക് ഇത് നിരന്തര ഭീഷണിയുയര്‍ത്തും. ഐക്യ രാഷ്ട്ര സഭയില്‍ പ്രതീകാത്മക പദവി തേടിയ പലസ്തീന്‍കാരുടെ നടപടിക്കു പകരമായാണ് ഇസ്രയേല്‍ തങ്ങളുടെ നീക്കങ്ങള്‍ രൂപപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ അബ്ബാസിനും മദ്ധ്യസ്ഥര്‍ക്കും എത്ര ദുര്‍ബ്ബലമായ സ്ഥാനമാണെന്ന് ബോധ്യപ്പെടുത്തിയിരുന്നു ഈ നീക്കം.

ഒബാമ ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട്  സമാധാന ചര്‍ച്ച തുടരുമ്പോളും നെതന്യാഹു സര്‍ക്കാര്‍ കുടിയേറ്റ പാര്‍പ്പിട നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരുന്നു. വെസ്റ്റ് ബാങ്കിനും ഇസ്രയേലിനും ഇടക്കുള്ള അതിര്‍ത്തിയായ ഗ്രീന്‍ ലൈനില്‍ നിന്നും അത്ര അകലെയല്ലാതെ പുതിയ നിര്‍മ്മാണങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. രണ്ടര ദശലക്ഷം വരുന്ന പലസ്തീന്‍കാരുടെ നാടായ വെസ്റ്റ് ബാങ്ക് മുഴുവനായും ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന മതമൌലികവാദികളായ ജൂതന്മാരാണ് ഈ കുടിയേറ്റ പ്രദേശങ്ങളില്‍ പാര്‍പ്പുറപ്പിക്കാന്‍ പോകുന്നത്.

ഇസ്രയേലികള്‍ പറയുന്നത് കുടിയേറ്റ പാര്‍പ്പിടങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ തടയുന്നില്ല എന്നാണ്. ചില കുടിയേറ്റക്കാരെ പിന്‍വലിക്കുന്നതും ഭൂമി വെച്ചുമാറുന്നതുമൊക്കെ ഒരു സാധ്യമായ പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കും എന്നും അവര്‍ പറയുന്നു. (അത് നിരായുധീകരിക്കപ്പെട്ടതായിരിക്കും.  ജോര്‍ദാന്‍ വരെയുള്ള അതിര്‍ത്തി ഇസ്രയേല്‍ സേനയുടെ കൈവശവും). പക്ഷേ അത്തരമൊരു ധാരണയിലെത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും എവിടേയും പ്രകടമല്ല.

സംഭാഷണപ്രക്രിയയെ അട്ടിമറിക്കുന്ന ഇസ്രയേലിന്റെ കുടിയേറ്റ പാര്‍പ്പിട പ്രക്രിയയില്‍ പ്രതിഷേധിച്ച്, കഴിഞ്ഞ വട്ട (പരാജയപ്പെട്ട) സംഭാഷണത്തിലെ പ്രധാന യു എസ് മധ്യസ്ഥന്‍ മാര്‍ടിന്‍ ഇന്‍ഡിക് പിന്‍മാറിയിരുന്നു. ഇസ്രയേലിന്റെ ഭാവിക്ക് ഇത് വലിയ ദോഷം ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡാന്‍ ഡ്രെസ്നര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയപോലെ കാര്യങ്ങള്‍ എങ്ങുമെത്തുന്നില്ല എന്നു അമേരിക്കക്കാര്‍ പോലും മനസ്സിലാക്കുന്നെങ്കില്‍ അതിനര്‍ത്ഥം അത് തികച്ചും മോശം നിലയിലാണ് എന്നാണ്. ഇസ്രായേലും പലസ്തീനുമായി ഒരു ധാരണയിലെത്താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നടത്തിയ 9 മാസം നീണ്ട ശ്രമങ്ങളെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. “ഞാന്‍ കരുതുന്നത് നമുക്ക് കുറച്ചു സമയമുണ്ട്-ഒന്ന്മുതല്‍ ഒന്നര,രണ്ട് കൊല്ലം വരെ- അല്ലെങ്കില്‍ അത് കഴിഞ്ഞുപോയി” എന്നാണ് കെറി പറഞ്ഞത്.

“ശരിയാണ്,” ഡ്രെസ്നര്‍പറയുന്നു,“അത് കഴിഞ്ഞുപോയി.” ഇപ്പോഴുള്ളത് കഠിനമായ പ്രശ്നങ്ങളാണ്. അധിനിവേശത്തിന്റെയും, ദശലക്ഷക്കണക്കിന് പലസ്തീന്‍കാരുടെ അവകാശങ്ങളുടെയും- മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേല്‍ നേരിടുന്ന കൂടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഒറ്റപ്പെടലിന്റെയും-പ്രശ്നങ്ങള്‍ വാഷിംഗ്ടണില്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍