UPDATES

വിദേശം

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല

Avatar

സുദര്‍ശന്‍ രാഘവന്‍, വില്ല്യം ബൂത്ത്, റൂത്ത് എഗ്ലാഷ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ ബുധനാഴ്ച നടത്തിയ ഷെല്ലാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍, പാലസ്തീന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും വലിയ കൂട്ടദുരന്തമാണിത്. സംഘര്‍ഷങ്ങള്‍ക്കിടയിലെ സ്‌ഫോടനങ്ങള്‍ മൂലം നിലംപൊത്തുന്ന ഗാസ മുനമ്പിലെ ആറാമത്തെ യുഎന്‍ സ്‌കൂളാണിത്. 

എന്നാല്‍ രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. ഒന്നുകില്‍ ഗാസയിലെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് സ്‌കൂള്‍ തകര്‍ന്നത് അല്ലെങ്കില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്ന മുടന്തന്‍ ന്യായമാണ് നേരത്തെയും സ്‌കൂളുകള്‍ തകര്‍ന്നപ്പോള്‍ ഇസ്രായേല്‍ മുന്നോട്ട് വച്ചിരുന്നത്. 

ആക്രമണത്തെ തുടര്‍ന്ന് തങ്ങള്‍ തെളിവുകള്‍ ശേഖരിക്കുകയും ബോംബിന്റെ അവശിഷ്ടങ്ങള്‍ വിലയിരുത്തുകയും ഗര്‍ത്തങ്ങള്‍ പരിശോധിക്കുകയും ചെയ്തതായി ജബലായ അഭയാര്‍ത്ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിന്റെ പ്രവര്‍ത്തന ചുമതലയുള്ള യുഎന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി (UNRWA) വ്യക്തമാക്കിയിട്ടുണ്ട്. 3300 പേര്‍ അഭയം തേടിയിരുന്ന സ്‌കൂളിലേക്ക് ഇസ്രായേല്‍ മൂന്ന് ഷെല്ലുകള്‍ പായിച്ചതായാണ് സംഘടനയുടെ പ്രാഥമിക വിലയിരുത്തല്‍. 

‘ഇസ്രായേലി പട്ടാളത്തിന്റെ ഗൗരവതരമായ അന്താരാഷ്ട്ര നിയമ ലംഘനത്തെ ഞാന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു,’ സംഘടനയുടെ കമ്മീഷണര്‍-ജനറല്‍ പിയറി ക്രാഹെബൊള്‍ പറഞ്ഞു. ‘ഇത് നമുക്കെല്ലാം അപമാനകരമാണ്, ആഗോള നാണക്കേടിനുള്ള കാരണവും. ലോകം ലജ്ജയാല്‍ തലതാഴ്ത്തി നില്‍ക്കുന്നു.’

‘ലഭ്യമായ എല്ലാ തെളിവുകളും ഇസ്രായേലി ആയുധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്,’ അതിരാവിലെ നടന്ന ആക്രമണത്തെ കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ പ്രതികരിച്ചു. സ്‌കൂളിന്റെ ജിപിഎസ് കോഓര്‍ഡിനേറ്റിനെ സംബന്ധിച്ച വിവരങ്ങള്‍ യുഎന്‍ 17 തവണ ഇസ്രായേലിന്‍ കൈമാറിയിരുന്നതായും ബാന്‍ കി-മൂണ്‍ വെളിപ്പെടുത്തി.

സ്‌കൂളിന് നേരെ നടന്ന ആക്രമണത്തെ അപലപിയ്ക്കുകയും മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രസ്താവന വൈറ്റ് ഹൗസ് പുറപ്പെടുവിച്ചെങ്കിലും വെടി ഉതിര്‍ത്തത് ഇസ്രായേലാണെന്ന് പരാമര്‍ശിക്കാന്‍ കൂട്ടാക്കിയില്ല.

യുഎന്‍ സ്‌കൂളിനെ നേരെ നടന്ന ഷെല്ലാക്രമണം ‘ശരിയായ ദുരന്തം’ ആണെന്നും അതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇസ്രായേല്‍ സേനയുടെ മുതര്‍ന്ന വക്താവ് ലഫ്റ്റനന്റ് കേണല്‍ പീറ്റര്‍ ലെര്‍നെര്‍ പറഞ്ഞു. ‘അവിടെ നിന്നും ഞങ്ങളുടെ നേരെ വെടിവയ്പ്പ് ഉണ്ടായി. തിരിച്ചും. എന്നാല്‍ കോമ്പൗണ്ടില്‍ പതിച്ചത് ഇസ്രായേലി ആയുധമാണോ എന്ന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു,’ ലെര്‍നെര്‍ പറഞ്ഞു.

എന്നാല്‍ മണ്‍കൂന രൂപപ്പെട്ടതിന്റെ കാരണക്കാര്‍ ആരാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.

‘ഒന്നിന് പിറകെ ഒന്നായി അഞ്ച് ഷെല്ലുകള്‍ വന്നു. ഞങ്ങളായിരുന്നു അവരുടെ ലക്ഷ്യം എന്ന് വ്യക്തം,’ തന്റെ എട്ടു മക്കളോടും ഭര്‍ത്താവിനോടും ഒപ്പം അവിടെ അഭയം തേടിയ 33 കാരിയായ ഹന്ന സ്വെയ്‌ലം പറയുന്നു. ‘ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഇസ്രായേല്‍ പറയുകയാണെങ്കില്‍, അവര്‍ കള്ളം പറയുകയാണ്.ഞങ്ങള്‍ യുഎന്നിനെയെ കുറ്റം പറയൂ, കാരണം ഞങ്ങള്‍ അവരുടെ സംരക്ഷണയിലാണ്,’ അവര്‍ തുടര്‍ന്നു. 

ഇതുവരെ 1450-ല്‍ അധികം പലസ്തീനികള്‍ മരിച്ചതായും 7200 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎന്‍ കണക്കുകള്‍ പ്രകാരം ഭൂരിപക്ഷവും സിവിലിയന്മാരാണ്. അതില്‍ മൂന്നില്‍ ഒന്നും കുഞ്ഞുങ്ങള്‍. ഇസ്രായേലിന് 53 സൈനികരുടെ ജീവന്‍ നഷ്ടമായി. 2006ലെ ലബനണ്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് അവര്‍ക്ക് ഇത്രയധികം സൈനികരെ നഷ്ടപ്പെടുന്നത്. 

ഹമാസിനെതിരെ ഒരു നീണ്ട യുദ്ധത്തിന് തയ്യാറാവണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനുഹ് തിങ്കളാഴ്ച നടത്തിയ ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ രാഷ്ട്രത്തിന് മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന ടണലുകളുടെ ശൃംഖല പൊളിക്കാതെ ആക്രമണം അവസാനിപ്പിക്കാനാവില്ലെന്നാണ് ഇസ്രായേലിന്റെ പക്ഷം.

സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 50 ലേറെ പേര്‍ ഉറങ്ങിയിരുന്ന ഒരു ക്ലാസ് മുറിയിലാണ് ബുധനാഴ്ചത്തെ ആക്രമണത്തില്‍ ഷെല്ലുകള്‍ പതിച്ചതെന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ജബാലിയ പ്രൈമറി സ്‌കൂളില്‍ ഉണ്ടായിരുന്ന ഒരു ദൃക്‌സാക്ഷി പറഞ്ഞു. ആക്രമണത്തില്‍ ക്ലാസ് മുറിയുടെ കൂര പൊട്ടിച്ചിതറി.

പ്രഭാത പ്രാര്‍ത്ഥനകള്‍ക്കായി ഉണര്‍ന്ന ചെറുപ്പക്കാരായിരുന്നു മരിച്ചവരില്‍ ഏറെയുമെന്ന് കമാല്‍ ഒഡ്വാന്‍ ആശുപത്രിയിലെ ഡോക്ടറായ മോയന്‍ അല്‍-മാസര്‍ പറഞ്ഞു. ‘മനുഷ്യര്‍ കഷണങ്ങളായി ചിതറുന്നത് ഞങ്ങള്‍ കണ്ടു,’ ഭാര്യയോടും മൂന്ന് ആണ്‍മക്കളോടും ഒപ്പം സ്‌കൂളില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന 33 കാരന്‍ അല്ലാഹ് അല്‍-ബെസ് പറഞ്ഞു. ‘അത് ഒരു നരകം പോലെയായിരുന്നു.’ബയ്ത്ത് ഹാനൗണിലെ യുഎന്‍ സ്‌കൂളില്‍ ആക്രണം നടന്നതിനാ ശേഷമാണ് ബെസും കുടുംബവും മറ്റൊരു യുഎന്‍ രക്ഷാകേന്ദ്രത്തില്‍ അഭയം പ്രാപിച്ചത്. ‘ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു,’ അദ്ദേഹം പറയുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍