UPDATES

വിദേശം

മഹമൂദ് അബ്ബാസ് എന്ന നോക്കുകുത്തി

Avatar

ഗ്രിഫ് റൈറ്റ്, വില്ല്യം ബൂത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നാലുദിവസം രാവും പകലും നീണ്ട റോക്കറ്റ്, മിസൈല്‍ ആക്രമണങ്ങള്‍. നൂറിലേറെ പലസ്തീന്‍കാരുടെ മരണം. നിരവധി ഇസ്രയേലികള്‍ക്ക് പരുക്ക്. എന്നിട്ടും ഗാസ ചീന്തിലെ പുതിയ വട്ടം ഏറ്റുമുട്ടലില്‍ വിജയികള്‍ ആരുമില്ല.

പക്ഷേ ആരാണ് തോറ്റത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല; പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹമൂദ് അബ്ബാസ്.  ഈ വസന്തകാലത്ത് യു എസ് മധ്യസ്ഥത വഹിച്ച സമാധാനസംഭാഷണത്തില്‍, ഇസ്രയേലിന്റെ പങ്കാളിയായിരുന്ന അബ്ബാസ്, തന്റെ എല്ലാകാലത്തെയും ശത്രുക്കള്‍ തമ്മിലുള്ള പുതിയ പോരാട്ടത്തില്‍ വെറും കാഴ്ച്ചക്കാരന്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

മധ്യസ്ഥശ്രമങ്ങള്‍ക്കും,സമാധാനസംഭാഷണങ്ങള്‍ക്കും സാധ്യതയില്ലാത്തവിധം കടന്നുപോയെന്ന് പലരും കരുതുന്ന ഒരു പ്രതിസന്ധിയുടെ വഴിയാണ് അബ്ബാസിന്റെ പ്രാന്തവത്ക്കരണം പ്രതിഫലിപ്പിക്കുന്നത്. ഇരുപക്ഷത്തെയും കടുംപിടുത്തക്കാര്‍ പിടിമുറുക്കുന്ന ഈ ഘട്ടത്തില്‍ സംഘര്‍ഷം പിടിച്ചാല്‍ കിട്ടാത്ത രീതിയിലേക്ക് രൂക്ഷമാകുമെന്നാണ് ആശങ്ക.

വെസ്റ്റ് ബാങ്കില്‍,അബ്ബാസിന്റെയും സഖ്യകക്ഷികളുടേയും പരമ്പരാഗത ശക്തികേന്ദ്രത്തില്‍, ആളുകള്‍, ഗാസയുടെ നിയന്ത്രണം കയ്യാളുന്ന  ഇസ്ളാമിക തീവ്രവാദി സംഘമായ ഹമാസിനെക്കുറിച്ച് അല്പം ആരാധനയോടെയാണ് സംസാരിക്കുന്നത്. ആക്രമരാഹിത്യത്തിനുള്ള അബ്ബാസിന്റെ കുറിപ്പടി ഗുണംചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു.

“ഹമാസിന്റെ റോക്കറ്റുകളുടെ ഗുണനിലവാരം നോക്കൂ, അവരുടെ പോരാളികളുടെ പരിശീലനമികവു കാണൂ, എനിക്കു തോന്നുന്നത് ഹിസ്ബൊള്ളക്കു പോലും അസൂയ തോന്നും എന്നാണ്,” ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജമാല്‍ ഹംദാന്‍-50, പറയുന്നു. “അബ്ബാസിന് മടിയാണ്. ഞങ്ങള്‍ അദ്ദേഹത്തില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു.”

സംഭവങ്ങളുടെ ആകെത്തുക മദ്ധ്യേഷ്യയില്‍ അമേരിക്ക ഏറെക്കാലമായി ആഗ്രഹിച്ചതില്‍നിന്നും-അബ്ബാസിന് കൂടുതല്‍ ശക്തി പകരുക, ഹമാസിന്റെയും മറ്റ് തീവ്രവാദി സംഘങ്ങളുടെയും സ്വാധീനം കുറക്കുക- വിരുദ്ധമാണ്.

പ്രസിഡന്‍റിന്‍റെ സംഘത്തിലെ വിമര്‍ശകര്‍ പറയുന്നത് അബ്ബാസിന് നാള്‍തോറും പ്രസക്തി നഷ്ടപ്പെടുന്നു എന്നാണ്. ഇതുതന്നെയാണ് ഇസ്രയേല്‍ ഇത്രനാളും ആഗ്രഹിച്ചതെന്നും അവര്‍ പറയുന്നു. പോരാട്ടത്തിനുശേഷമുള്ള പ്രതീക്ഷാരഹിതമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ മിതവാദികളുടെ ചെലവില്‍ പലസ്തീനിലെ തീവ്രവാദി വിഭാഗങ്ങളെ ശക്തിപ്പെടുത്തും. ഹമാസ് അടക്കമുള്ള വിവിധ വിഭാഗങ്ങളെ അബ്ബാസിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൊണ്ടുവരാനുള്ള വളരെ ദുര്‍ബ്ബലമായൊരു ഒത്തുതീര്‍പ്പുധാരണയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണത്തിന്റെ സമയം തെരഞ്ഞെടുത്തതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

“മഹമൂദ് അബ്ബാസിനെതിരെയുള്ള ഇസ്രയേലിന്റെ രാഷ്ട്രീയ പ്രതികാരമാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യം,” അബ്ബാസിന്റെ മതേതര ഫത്താ കക്ഷിയിലെ ഉയര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ ഹുസം  സോലോട്ട് പറയുന്നു. “ ഞങ്ങളെ എല്ലാവരെയും സൈനിക പോരാട്ടത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. കാരണം അവിടെയാണ് അവര്‍ക്ക് മുന്‍തൂക്കമുള്ളത്.”

പ്രതീക്ഷിച്ചപ്പോലെ ഇസ്രയേല്‍ ഇത് നിഷേധിക്കുന്നു. ഗാസാ ചീന്തില്‍ നിന്നുള്ള നിരന്തരമായ കണ്ണും മൂക്കുമില്ലാത്ത റോക്കറ്റാക്രമണങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് വഴിതെളിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.

വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ തള്ളിക്കളഞ്ഞു. ഗാസയിലെ ആയിരത്തിലേറെ തീവ്രവാദി ലക്ഷ്യങ്ങളില്‍ സൈന്യം ആക്രമണം നടത്തിയതായി പറഞ്ഞ നെതന്യാഹൂ,“ ഇസ്രയേലി പൌരന്‍മാര്‍ക്ക് സമാധാനം തിരിച്ചുകിട്ടും എന്നുറപ്പാകും വരെ ആക്രമണം തുടരും” എന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

ഹമാസിന്റെ കയ്യിലുള്ള ആയിരക്കണക്കിന് റോക്കറ്റുകളുടെ ശേഖരം വെച്ചുനോക്കുമ്പോള്‍ ആ ദിവസം ഏറെ അകലെയാണ്. വെള്ളിയാഴ്ച്ച മാത്രം നൂറിലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തത്. ഇതില്‍ നാലെണ്ണമെങ്കിലും ടെല്‍ അവീവിലേക്കാണ് വന്നത്. ഒന്നു അഷ്ദോഡിലെ ഒരു വാതക കേന്ദ്രത്തിലേക്ക് പതിക്കുകയും ചെയ്തു. ആ തീപിടുത്തത്തില്‍ ഒരു ഇസ്രയേലുകാരന് ഗുരുതരമായി പരിക്കേറ്റു.

അതിനിടെ ലെബനണില്‍ നിന്നു തൊടുത്ത റോക്കറ്റുകള്‍ വെള്ളിയാഴ്ച്ച രാവിലെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് പതിച്ചു. ഇത്തവണത്തെ സംഘര്‍ഷം തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്. തെക്കന്‍ ലെബനണിലെ ആക്രമണ  കേന്ദ്രത്തിന് നേരെ തിരിച്ചടിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. ഇസ്രയേല്‍ 25 ഷെല്ലുകള്‍ വര്‍ഷിച്ചെന്നാണ്  ലെബനന്‍ സൈന്യം പറയുന്നത്. ഇസ്രയേല്‍ ഭാഗത്ത് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞകാലങ്ങളില്‍ നിരവധിതവണ ഇസ്രയേലുമായി ഏറ്റുമുട്ടിയ ഷിയാ തീവ്രവാദി സംഘം ഹിസ്ബൊള്ളയുടെ ശക്തികേന്ദ്രമാണ് തെക്കന്‍ ലെബനന്‍. തീവ്രവാദി പലസ്തീന്‍ സംഘങ്ങളാണ് ലെബനണില്‍ നിന്നുള്ള ആക്രമണത്തിന് പിന്നിലെന്നും പറയുന്നു. വടക്കന്‍ ഇസ്രായേലിനെ ആരാണ് ആക്രമിച്ചതെന്ന കാര്യത്തില്‍ ഉറപ്പില്ല.

“തങ്ങള്‍ വലിയൊരു അബദ്ധമാണ് കാണിച്ചതെന്ന് ഗാസയിലെ തീവ്രവാദികള്‍ മനസ്സിലാക്കുകയാണ്. . . ഗാസ സാവധാനത്തില്‍ അതിന്റെ അന്ത്യവിധിയിലേക്ക് മുങ്ങിത്താഴുകയാണ്” എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന തലവന്‍ ബെന്നി ഗാന്‍റ്സ് പറഞ്ഞത്.

ഗാസയിലെ പലസ്തീന്‍കാര്‍ ഹമാസിനെ മോശം ഭരണത്തിന്റെ പേരില്‍ പഴിച്ചേക്കാം. പക്ഷേ, ഇസ്രയേലുമായുള്ള യുദ്ധത്തില്‍ 1.7 ദശലക്ഷം വരുന്ന ഈ തീരജനത പ്രതിരോധത്തെ പിന്തുണക്കുകയോ അല്ലെങ്കില്‍ നിശ്ശബ്ദരായി ഇരിക്കുകയോ ചെയ്യുന്നു- തങ്ങളുടെ എല്ലാ സഹനങ്ങള്‍ക്കും ഇസ്രായേലിനെ പഴിക്കുകയും ചെയ്യുന്നു.

കഴിഞ്ഞമാസം വെസ്റ്റ് ബാങ്കില്‍ 3 ഇസ്രയേലി കൌമാരക്കാറെ തട്ടിക്കൊണ്ടുപോവുകയും വധിക്കുകയും ചെയ്തതിന്ശേഷമാണ് ഈ വട്ടം സംഘര്‍ഷം തുടങ്ങിയത്. നെതന്യാഹുവും സുരക്ഷാ സേനയും ഉടനടി ഹമാസിനെ കുറ്റപ്പെടുത്തി. വലിയൊരു  സൈനിക ആക്രമണം തുടങ്ങുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളടക്കം നൂറുകണക്കിനു ഹമാസ് അംഗങ്ങളെ പിടികൂടി. പണം പിടിച്ചെടുത്തു. ഹമാസിന്റെ റേഡിയോ പ്രക്ഷേപണം നിര്‍ത്തിച്ചു. ഇസ്രയേലി സൈനികന്‍ ഗിലാട് ഷിലാത്തിന്റെ മോചനത്തിന് പകരമായി 2011-ല്‍ വിട്ടയച്ച 1,027 പലസ്തീന്‍കാരില്‍ പലരെയും ഇസ്രയേല്‍ വീണ്ടും പിടികൂടി.

ഹമാസ് പ്രതിസന്ധികള്‍ നേരിടുന്ന സമയമാണിത്. മുസ്ലീം ബ്രദര്‍ഹുഡ് പ്രസിഡണ്ട് മൊഹമ്മദ് മോര്‍സിയെ പുറത്താക്കിയ കഴിഞ്ഞ വര്‍ഷത്തെ ഈജിപ്തിലെ പട്ടാള അട്ടിമറിയേയും, സിറിയന്‍ ആഭ്യന്തരയുദ്ധത്തെയും തുടര്‍ന്ന് അവര്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഗാസയിലെ പ്രവര്‍ത്തങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

“ഒരു സര്‍ക്കാരെന്ന നിലയില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും മെച്ചപ്പെട്ടതല്ല. സാമ്പത്തികമായി പരാജയപ്പെട്ടു. സമ്പദ് വ്യവസ്ഥ തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണ്. സേവനങ്ങളും, ശമ്പളം പോലും കൊടുക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടു,” ഗാസയിലെ ആല്‍ അസര്‍ സര്‍വ്വകലാശാലയിലെ രാഷ്ട്രീയ വിദഗ്ധന്‍ ഇബ്രാഹിം ഇബ്രാച്ച് പറഞ്ഞു. പക്ഷേ ഹമാസിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവരെ ശക്തിപ്പെടുത്താനെ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. “ഇസ്രയേല്‍ ഗാസയിലെ ഹമാസ് മേധാവിത്തം അവസാനിപ്പിക്കില്ല.”

സൈനിക ആക്രമണത്തിന് മുമ്പായി ഹമാസ് ഫത്തായുമായി ഒരു ജീവന്‍രക്ഷാ കരാറില്‍ ഒപ്പുവെച്ചു. ഒരുപക്ഷേ അത് നടക്കുംവരേക്കും അചിന്ത്യമായ ഒന്ന്. അത് രണ്ടു കടുത്ത എതിരാളികളെയും പലസ്തീന്‍ ഐക്യ സര്‍ക്കാരിന് കീഴില്‍ ഒന്നിപ്പിച്ചു. ഫത്താ നേതൃത്വത്തെ ഹമാസ് പുറത്താക്കിയതിന്  വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ വീണ്ടും അബ്ബാസിന്റെ ഭരണം ഔദ്യോഗികമായി വന്നു.

ഐക്യ സര്‍ക്കാര്‍ അബ്ബാസിന് ഗുണം ചെയ്തിരിക്കാം. അത് പക്ഷേ ഇസ്രയേലികളെ ദേഷ്യം പിടിപ്പിച്ചു. പലസ്തീന്‍കാരില്‍ പ്രതീക്ഷ ജനിപ്പിച്ചു. അമേരിക്കന്‍ മധ്യസ്ഥതയിലുള്ള 7 വര്‍ഷത്തെ നിഷ്ഫലമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ അബ്ബാസിനും പാര്‍ടിക്കും മുഖം രക്ഷിക്കാനായി. ഹമാസിനാണ് കരാറിന്റെ ആവശ്യമെന്നും,തങ്ങള്‍ക്ക് മേല്‍ക്കയ്യുണ്ടെന്നും ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ അവരെ മറികടക്കാമെന്നും അബ്ബാസിന്റെ വൃന്ദം വിശ്വസിച്ചു.

എന്നാല്‍, ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ഐക്യധാരണയുടെ അടിത്തറ എത്ര ദുര്‍ബ്ബലമാണെന്ന് കാണിക്കുന്നതായിരുന്നു. അബ്ബാസിന് ഗാസയില്‍ ഒരു സാന്നിധ്യവും ഇല്ല. അവിടുത്തെ സ്ഥിതിഗതികളെ സ്വാധീനിക്കാനുള ശേഷിയുമില്ല.

“അനുരഞ്ജനം ഗാസക്ക് ഒന്നും നേടിക്കൊടുത്തില്ല. ഐക്യസര്‍ക്കാര്‍ കടലാസില്‍ മാത്രമാണുള്ളത്,ഞങ്ങള്‍ക്കാര്‍ക്കും അത് അനുഭവപ്പെടുന്നില്ല. ഐക്യത്തിന്റെ ഒരു ലക്ഷണവുമില്ല,” ഹമാസുമായി അടുത്ത ബന്ധമുള്ള എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ മുസ്തഫ അല്‍ സവാഫ് പറഞ്ഞു.

അബ്ബാസും റാമള്ളയിലെ പുതിയ സര്‍ക്കാരും തങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ഹമാസ് നേതാക്കള്‍ പരാതിപ്പെടുന്നു. അതേസമയം ഹമാസ് നിയമിച്ച ഗാസയിലെ 40,000 വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ല.

“ഈ അനുരഞ്ജനം പരാജയപ്പെടണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് ഹമാസിന്റെ സായുധവിഭാഗത്തിന്റെ ആഗ്രഹവും,”ഇബ്രാച്ച് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും അബ്ബാസിന്റെ കീഴില്‍ ഗാസയും വെസ്റ്റ് ബാങ്കും ഒന്നിക്കാന്‍ ഇസ്രയേല്‍ അനുവദിക്കില്ല.”

ഇസ്രയേല്‍ നേതൃത്വത്തിന്റെ പരിഹാസങ്ങള്‍ക്കിടയിലും സ്ഥിരമായ ഒരു മിതവാദി ശബ്ദമാകാന്‍ അബ്ബാസ് ശ്രമിച്ചു.

“റോക്കറ്റ് തൊടുത്തിട്ടു നിങ്ങള്‍ എന്താണ് നേടാന്‍ ശ്രമിക്കുന്നത്?” ഹമാസിനെ പേരെടുത്ത് പരാമര്‍ശിക്കാതെ രണ്ടുനാള്‍ മുമ്പ് പലസ്തീന്‍ ടി വി-യില്‍ അബ്ബാസ് ചോദിച്ചു.  “യുക്തിയും രാഷ്ട്രീയവും കൊണ്ട് പോരാടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”

പക്ഷേ, ഇസ്രയേല്‍ അബ്ബാസിനെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ ഹമാസുമായി അവരുടെ സംഘര്‍ഷതന്ത്രങ്ങളുടെ കൂടെക്കൂടുകയല്ലാതെ അബ്ബാസിന് വഴിയുണ്ടാകില്ലെന്ന് അയാളുടെ അനുയായികള്‍ പറയുന്നു. 

“അബു മേസന് ഇത്തരത്തില്‍ ഏറെനാള്‍ തുടരാനാകും എന്നു ഞാന്‍ കരുതുന്നില്ല,”ഒരു മുതിര്‍ന്ന ഫത്താ നേതാവായ സിയാദ് അബു എയിന്‍ പറഞ്ഞു. “ഇസ്രയേലി അധിനിവേശം അവസാനിപ്പിക്കാനുള്ള ഒരു പരിപാടി ഞങ്ങള്‍ക്ക് വേണം. അതല്ലെങ്കില്‍ സമാധാനം ഉണ്ടാകില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍