UPDATES

വിദേശം

ഗാസ നമ്മുടെ മൌനമാണ്

Avatar

ടീം അഴിമുഖം

ഇസ്രയേല്‍ ഭരണകൂടത്തിന്റെ മനോവിഭ്രാന്തിയുടെ അര്‍ഥതലങ്ങള്‍ അറിയണമെങ്കില്‍ അതിര്‍ത്തി നഗരമായ സ്ദെരോത്തിലെ ഒരു ചെറിയ കുന്നിന്‍പുറത്തു കയറിനിന്നാല്‍ മതി. അവിടെനിന്നും നേരെ  നോക്കിയാല്‍ ഗാസ ചീന്ത് തെളിഞ്ഞുകാണാം. തിരക്കേറിയ ഒരു നഗരഭൂമി. ചെന്നൈയേക്കാള്‍ ഏറെ ചെറുത്; കൊച്ചിയേക്കാള്‍ ഒരിത്തിരി വലുത്;കേരളത്തിലെ ഒരു ജില്ലയോളം വരില്ല.

അല്ലെങ്കില്‍ നിങ്ങള്‍ക്ക് പഴയ ജെറുസലേമിലേക്ക് നടന്നു കടക്കാം. ഉജ്വലമായ ഭൂഭാഗം. അവിടെ നഗരങ്ങള്‍ തോറും മനുഷ്യരാശിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ആഴത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്രിസ്ത്യന്‍, ഇസ്ലാം, യഹൂദ മതങ്ങളുടെ ഏറ്റവും വിശുദ്ധമായ ആരാധനാകേന്ദ്രങ്ങള്‍ അവിടെയാണ്. യേശുവിനെ കുരിശില്‍ തറച്ചെന്ന് കരുതുന്ന കാല്‍വരി, അടക്കം ചെയ്ത കല്ലറ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്ഥലം,എന്നിവയടങ്ങുന്ന സെപുക്കര്‍ പള്ളി ക്രിസ്ത്യാനികളുടെ ഭാഗത്ത്. ക്രിസ്ത്യാനികളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതുകൊണ്ട്, പള്ളിയുടെ പ്രധാന കവാടത്തിന്റെ താക്കോല്‍ ഒരു മുസ്ലീം കുടുംബത്തിന്റെ കയ്യിലാണ്. എല്ലാ ദിവസവും അതിരാവിലെ നാലുമണിക്ക് കുടുംബത്തിലെ ഒരാള്‍ പുരാതനമായ 12 ഇഞ്ച് നീളമുള്ള ഇരുമ്പു താക്കോല്‍ കൊണ്ടുവന്നു ക്രിസ്ത്യാനികളുടെ ഏറ്റവും വിശുദ്ധസ്ഥലം  തുറക്കുന്നു. എന്നും വൈകിട്ട് വാതില്‍ മണി മൂന്നുതവണ മുട്ടി അയാള്‍ പള്ളി അടക്കുന്നു.

കുറച്ചു അടികള്‍ അപ്പുറം പോയാല്‍ ജൂതരുടെ ഭാഗത്തോ, മുസ്ലീം ഭാഗത്തിലോ, അര്‍മീനിയന്‍ ഭാഗത്തോ എത്താം. പഴയ ജെറുസലേമിന്റെ ഇടുങ്ങി തിരക്കുപിടിച്ച ചരിത്രഗംഭീരമായ തെരുവുകളിലൂടെ കുറച്ചു ദൂരം നടന്ന്,ഒരു കെട്ടിടത്തിന്റെ മേല്‍പ്പുരയില്‍ കയറിനിന്നാല്‍ മുസ്ലീം, ജൂത,ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഒരു പോലെ വിശുദ്ധമായ ടെമ്പിള്‍ മൌണ്ടിന്റെ അതിശയിപ്പിക്കുന്ന ദൃശ്യം കാണാം.

ഇവിടെയാണ് ഇസ്ലാമിലെ മൂന്നാമത്തെ പരിശുദ്ധ സ്ഥലം അല്‍-അക്സ പള്ളി. ഇവിടേക്കാണ് പ്രവാചകന്‍ മുഹമ്മദ് യാത്രചെയ്തുവന്ന് (ആല്‍-ഇസ്ര എന്നാണ് ആ നിശായാത്ര അറിയപ്പെടുന്നത്) സ്വര്‍ഗസ്ഥനായത്.  ദൈവസാന്നിധ്യം ഇരുത്താന്‍ ദൈവം നിശ്ചയിച്ചതും,  ലോകം വികസിച്ചതും, ആദ്യമാനവന്‍ ആദാമിനെ സൃഷ്ടിക്കാന്‍ ദൈവം മണ്ണെടുത്തതും ഇവിടെനിന്നാണെന്ന് ജൂതന്‍മാര്‍ വിശ്വസിക്കുന്നു. ദേശജീവിതത്തിന്റെ സകലതിന്റെയും-സര്‍ക്കാര്‍, നീതിന്യായവ്യവസ്ഥ, മതം- കേന്ദ്രം ഇതായിരിക്കണമെന്ന് ബൈബിള്‍ പറയുന്നു. തന്റെ മകന്‍ ഐസക്കിനെ അബ്രഹാം കുരുതിക്കായി നേര്‍ന്നതും ഇവിടെയാണ്.

ഈ വിശ്വാസങ്ങളിലൊന്നും മൂന്നു മതങ്ങളും തമ്മില്‍ ഒരു യോജിപ്പുമില്ല. നൂറ്റാണ്ടുകളായി, അധിനിവേശക്കാരും, മതപ്രചാരകരും, വിശ്വാസികളും പഴയ ജെറുസലേമില്‍ വന്നിറങ്ങുകയും അതിനെ കൊള്ളയടിച്ചും, പുതിയ പട്ടണങ്ങള്‍ പണിതും, ചരിത്രത്തെ വികലമാക്കിയും ഒരുപാട് ചോരചൊരിഞ്ഞും ഈ നഗരത്തിനുമേല്‍ അവകാശമുന്നയിക്കുകയും ചെയ്യുന്നു. അനിശ്ചിതമായ വിശ്വാസങ്ങളിലും, അന്ധമായ മതവിശ്വാസത്തിലും മുഴുകിയ മനുഷ്യരാശിയുടെ ഈ ഭ്രാന്തില്‍ കുരുങ്ങി നിരവധി ജീവനുകളും ദിവസങ്ങളും പൊലിഞ്ഞുപോയി.

പഴയ ജെറുസലേമിന് ചുറ്റുമുള്ള ഈ സുന്ദരഭൂമിക്ക്  ചുറ്റുമാണ് ശാസ്ത്രീയ, സാങ്കേതിക മുന്നേറ്റങ്ങളുടെ ഗരിമയുടെ ഒടുവിലും പുരാതനമായ, അമൂര്‍ത്തമായ ചരിത്രത്തിന്റെ പേരിലും, മങ്ങിയ ചരിത്രത്തിലെ ഉറപ്പില്ലാത്ത വസ്തുതകളുടെ പേരിലും മനുഷ്യരാശി ‘സംസ്കാരങ്ങളുടെ സംഘട്ടനത്തിന്റെ’ കാഴ്ച്ചപ്പൂരം ഒരുക്കുന്നത്.

പഴയ ജെറുസലേമില്‍ നിന്നും ഏതാനും മിനിറ്റുകളുടെ ദൂരത്തിനപ്പുറം, വിശുദ്ധനഗരം ബത്ലഹെമും ആയിരക്കണക്കിന് മനുഷ്യരുള്ള  പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിനെ വേര്‍തിരിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ വിഭജനത്തിന്റെ മതില്‍ കെട്ടിപ്പൊക്കുന്നു. പലസ്തീന്‍കാര്‍ ഇതിനെ ‘വംശവെറിയുടെ വിഭജനം’ എന്നുവിളിക്കുമ്പോള്‍ ഭീകരവിരുദ്ധ വേലി എന്നാണ് ഇസ്രയേലുകാരുടെ വിശേഷണം.

ഇസ്രയേലിന്റെ ഭൂമികയിലാകെ അവിടത്തെ നിശ്ശബ്ദരാക്കപ്പെട്ട മുസ്ലീം പൌരന്‍മാര്‍ ഒരു യാഥാര്‍ത്ഥ്യമാണ്.  ഇസ്രയേലില്‍, ആധുനികതയും ജൂത മതമൌലികവാദവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. ഇസ്രയേലിന് കുറച്ചു മീറ്ററുകള്‍ക്കപ്പുറത്താണ് പലസ്തീന്‍ ജനത. ചരിത്രാതീതകാലം തൊട്ട് അവിടെ ജീവിച്ചു വന്നവര്‍; സ്വയം സൃഷ്ടിച്ച തീവ്രവാദ ശക്തികള്‍ക്കും അതിനോടുള്ള ഇസ്രയേലിന്റെ ചിത്തവിഭ്രാന്തി കലര്‍ന്ന അതിക്രൂരമായ ആക്രമണത്തിനും ഇടയില്‍പ്പെട്ടു ഒടുങ്ങുന്നവര്‍.

1948-ല്‍ സൃഷ്ടിക്കപ്പെട്ടത് മുതല്‍ ഈ അരക്ഷിതമായ മനോവിഭ്രാന്തിയുടെ ലോകത്ത് ജീവിക്കുന്ന ഇസ്രയേല്‍, എന്തിനും പോന്നൊരു  സൈനികശക്തി നിര്‍മ്മിച്ചെടുത്തു. ഇന്ത്യയടക്കം പല രാജ്യങ്ങള്‍ക്കും ആയുധ വിതരണത്തില്‍ മുന്‍പന്തിയിലും. ലോകത്തെ ഏറ്റവും നൂതനമായ മിസൈലുകള്‍, മിസൈല്‍ വേധ സംവിധാനങ്ങള്‍,പോര്‍വിമാനങ്ങള്‍, ടാങ്കുകള്‍, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവയെല്ലാം ഇസ്രയേലിന്റെ പക്കലുണ്ട്. തീവ്രവാദി സംഘമായ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഇടുങ്ങി, തിരക്കുപിടിച്ച ഗാസ ചീന്തില്‍ ഈ മാരകമായ പ്രഹരശേഷി വെച്ചാണ് ഇസ്രയേല്‍ മരണവും കെടുതികളും വിതക്കുന്നത്.

ഇരുവിഭാഗവും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു എന്ന പറച്ചില്‍ വെറും ഫലിതമാണ്. ഹമാസിന്റെ കയ്യില്‍ സാധാരണ റോക്കറ്റുകള്‍ മാത്രമാണുള്ളത്. ഇസ്രയേലിന് ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും. ഒട്ടും പൊരുത്തമില്ലാത്ത പ്രതിയോഗികള്‍, തീര്‍ത്തും അനുപാതരഹിതമായ ആക്രമണ പ്രത്യാക്രമണങ്ങള്‍, ഒരു ഏകപക്ഷീയ യുദ്ധം. ഗാസ ചീന്തില്‍ ഇസ്രയേല്‍ ബോബുകള്‍ മഴപോലെ പെയ്യുമ്പോള്‍ അവിടുത്തെ 18 ലക്ഷം ജനങ്ങള്‍ നിസ്സഹായരും രോഷാകുലരുമാണ്. ഈ രോഷമാണ് ഹമാസിന് ചാവേര്‍ ബോംബുകളെയും, പോരാളികളെയും നല്‍കുന്നത്. പലസ്തീന്‍ ജനതയുടെ നിസ്സഹായത ഇസ്രായേലിനെ ദിനംപ്രതി ഒരു ഒറ്റപ്പെട്ട, നീചരാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ഗാസയില്‍ നിന്നും തൊടുക്കുന്ന ഒരു റോക്കറ്റ് സ്ദെരോത്തിലെത്താന്‍ വെറും 12 സെക്കന്ഡുകള്‍ മതി. അതുകൊണ്ടുതന്നെ ഇവിടെ ഓരോ വീട്ടിലും ബോംബാക്രമണ പ്രതിരോധ ഭൂഗര്‍ഭ അറകളുണ്ട്. റോക്കറ്റ് അപായമണികള്‍ പതിവാണ്. സ്ദെരോത്ത് ഒരൊറ്റപ്പെട്ട ഉദാഹരണമല്ല. ഇസ്രയേല്‍ അതിര്‍ത്തിയുടെ ഒരു പ്രതീകം മാത്രമാണു. റോക്കറ്റ് ഭീഷണിയെ ചെറുക്കാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ സൃഷ്ടിച്ച അയണ്‍ ഡോം, ജനവാസകേന്ദ്രങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ തിരിച്ചറിഞ്ഞു അവയെ ആള്‍പാര്‍പ്പില്ലാത്ത ഇടങ്ങളില്‍ തകര്‍ക്കുന്നു. 2012 നവംബറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹമാസ് തൊടുത്ത 90 റോക്കറ്റുകളില്‍ 5 എണ്ണം മാത്രമാണു നഗരത്തില്‍ പതിച്ചത്. മറ്റുള്ളവയെ അയണ്‍ ഡോം തകര്‍ത്തുകളഞ്ഞു.

നമ്മുടെ കാലത്തിന്റെ ഭീതികളെ കരിമ്പടം  പുതപ്പിച്ചുകൊണ്ട് അറബ് ലോകം ഒരു ഇസ്ളാമിക ശൈത്യത്തിന്റെ വക്കിലാണ്. അറബ് വസന്തവും അത് നല്കിയ ജനാധിപത്യ പ്രതീക്ഷകളും തീവ്രവാദ ശക്തികള്‍ക്ക് വഴിമാറിയിരിക്കുന്നു. ഇറാന് ഇനിയും ഒരു ആണവബോംബുണ്ടാക്കാന്‍ കഴിയും. ഈ അസുഖകരമായ യാഥാര്‍ത്ഥ്യങ്ങളുടെ ഇടയിലാണ് ഇസ്രയേല്‍ നിലനില്‍ക്കുന്നതും.

ആകര്‍ഷകമായ ശാസ്ത്ര, സാങ്കേതിക നേട്ടങ്ങളുള്ള ഒരു ആധുനിക, കൃത്രിമ യാഥാര്‍ത്ഥ്യമാണ് ഇസ്രയേല്‍. സിലിക്കോണ്‍ വാലി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പുതുകമ്പനികള്‍ തുടങ്ങുന്ന ഇസ്രായേലിനെ പലരും ഒരു ‘സ്റ്റാര്‍ട് അപ് നേഷന്‍’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സാങ്കേതിക നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും നമ്മുടെ മൃഗീയവാസനകളുടെ ഒരു മറുമരുന്നല്ല. ഗാസയിലെ സാധാരണക്കാര്‍, നിസ്സഹായരായ കുഞ്ഞുങ്ങള്‍, അലമുറയിടുന്ന അമ്മമാര്‍, വിലപിക്കുന്ന വൃദ്ധര്‍ ഇവരെല്ലാമാണ് ഇനിയുമേറെക്കാലം ഇതിന്റെ ഇരകള്‍. അന്താരാഷ്ട്രസമൂഹം ഉണര്‍ന്നെണീറ്റാല്‍ ഈ ദുരിതപര്‍വ്വത്തിന് അവസാനമാകും. പക്ഷേ, മാനവസംസ്കാരത്തിന്റെ ഗര്‍ഭപാത്രത്തില്‍ മനുഷ്യത്വം നടപ്പാക്കാന്‍ അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരുന്നതിനെക്കാള്‍ ഇപ്പോഴുള്ള ഇരുണ്ട സാധ്യത, ഗാസ ചീന്ത് ശവശരീരങ്ങള്‍ നിറഞ്ഞ ഒരു പ്രേതനഗരമായിത്തീരാനാണ്. അതിനുമുകളില്‍ നാം നമ്മുടെ പാപം നിറഞ്ഞ മൌനത്തിന്റെ പുതപ്പിട്ടുമൂടുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍