UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാസയില്‍ ഇനി തീപ്പൊരി വീണാല്‍ കത്തുന്ന ശാന്തത

Avatar

ഗ്രിഫ് വിറ്റെ, സുദര്‍ശന്‍ രാഘവന്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

അലസിപ്പോയ നിരവധി വെടി നിര്‍ത്തലുകള്‍ക്ക് ശേഷം, ചൊവ്വാഴ്ച രാവിലെ മുതല്‍ 72 മണിക്കൂറെങ്കിലും നീളുന്ന താല്‍കാലിക വെടി നിര്‍ത്തലിന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും സമ്മതിച്ചതോടെ ഗാസയിലെ ഒരു മാസത്തിലേറെ നീണ്ട പോരാട്ടത്തിന് താല്‍കാലിക ശമനമായി.

മുന്‍കാല വെടി നിര്‍ത്തലുകളെ പോലെ തന്നെ പോരാട്ടത്തില്‍ ഉപാധികളില്ലാത്ത ഇടവേളയ്ക്കാണ് കെയ്‌റോയില്‍ ഈജിപ്തിന്റെയും പലസ്തീന്റെയും പ്രതിനിധികള്‍ സമ്മതിച്ചിരിക്കുന്നത്. ഇതോടെ ബഹുഭൂരിപക്ഷം പലസ്തീനികളടക്കം 2000 പേരുടെ ജീവന്‍ അപഹരിച്ച യുദ്ധത്തിന് താല്‍കാലിക വിരാമമായി. 

സംഭാഷണത്തിനായി ഇസ്രായേല്‍ പ്രതിനിധികളെ അയച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച  രാവിലെ 8 മണിയോട് ആക്രമണം നിറുത്താന്‍ ഇസ്രായേല്‍ സേന സമ്മതിച്ചതായി ഇസ്രായേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനവും ഇതേ പാത പിന്തുടരുന്നുണ്ടോ എന്നറിയാന്‍ ഹമാസിനെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഹമാസ് വെടി നിര്‍ത്തല്‍ നിര്‍ദ്ദേശം കൃത്യമായി പാലിക്കുമെന്നും  കൂടുതല്‍ ദീര്‍ഘമായ ഒരു വെടി നിര്‍ത്തലിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഈജിപ്തിന്റെ തലസ്ഥാനത്ത് വച്ച് നേരിട്ടല്ലാത്ത ഒരു ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും കെയ്‌റോ ചര്‍ച്ചകളില്‍ പങ്കെടുത്ത ഹമാസ് പ്രതിനിധികളില്‍ ഒരാളായ എസാത്ത് അല്‍ റഷേക് പറഞ്ഞു. 

ഇസ്രായേലും ഹമാസും തങ്ങളുടെ ആക്രമണങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സമയത്ത് തന്നെയാണ് വെടി നിറുത്തല്‍ കരാര്‍ നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ ഏകദേശം നിലച്ച അവസ്ഥയിലായിരുന്നു. ഞായറാഴ്ചയോടെ ഇസ്രായേലും തങ്ങളുടെ കരസേനയില്‍ നല്ലൊരു പങ്കിനെയും ഗാസയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

എന്നാല്‍ കരാര്‍ വളരെ ലോലമായ ഒന്നാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഞായറാഴ്ചയോടെ ഗാസയിലെ പോരാട്ടങ്ങളുടെ തീവ്രത കുറഞ്ഞെങ്കിലും പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് ചില പുതിയ മിന്നലുകള്‍ കണ്ണുമിഴിക്കുന്നു.

തിങ്കളാഴ്ച രാവിലെ വെടി നിര്‍ത്തല്‍ ആരംഭിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഗാസയിലെ ഷാദി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇസ്രായേല്‍ നടത്തിയ രണ്ട് മിസൈല്‍ ആക്രമണങ്ങളില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചു.

ആ കുട്ടിയുടെ ഒരു വയസുകാരി സഹോദരി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇടിഞ്ഞ് വീണ ഇഷ്ടിക കഷ്ണങ്ങള്‍ ജാക്ക് ഹാമറും കൈയും ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ട് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എട്ടു മണിക്കൂറിന് ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും കുട്ടിയുടെ കുടുംബത്തിന് പോലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. 

‘അവള്‍ വളരെ ആധികം അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്,’ കുട്ടിയുടെ അമ്മാവന്‍ സാക്കി അല്‍-ബാക്രി പറഞ്ഞു. ‘അള്ളാഹുവിന് മാത്രമേ ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ സാധിക്കൂ.’

ബെസ്റ്റ് ഓഫ് അഴിമുഖം

ഈദ് ദിനത്തില്‍ ഗാസയിലെ ബീച്ച് ക്യാമ്പില്‍ സംഭവിച്ചത്
തോല്ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ പോരാടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്ത്?
ഗാസ നമ്മുടെ മൌനമാണ്
തോല്‍ക്കാന്‍ പോലും അവസരമില്ലാത്ത ഗാസയിലെ യുവത്വം
വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍

ഇസ്രായേല്‍ വഞ്ചന കാണിച്ചതായി ആരോപിക്കാന്‍ ആക്രമണം ഹമാസിനെ പ്രേരിപ്പിച്ചിട്ടുണ്ട്- ആഴ്ചകള്‍ നീണ്ടു നിന്ന അവസാനമില്ലാത്ത ചോരചിന്തലിനിടയില്‍ വെടി നിര്‍ത്തലുകളുടെ ശവപറമ്പായി മാറിയ പോരാട്ടത്തിനിടിയില്‍ ഇരു വിഭാഗങ്ങളും പരസ്പരം പല തവണ ആരോപിച്ച ഒന്നാണിത്. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1865 പേര്‍ ഈ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ പറയുന്നു. ഇസ്രായേല്‍ ഭഗത്ത് 67 ജീവനുകളാണ് പൊലിഞ്ഞത്. ഇവരില്‍ അധികവും പട്ടാളക്കാരും. 

ഒരു അറബ് നിര്‍മാണ തൊഴിലാളി തന്റെ ജെസിബിയുടെ തൊട്ടി ഉപയോഗിച്ച് ഇസ്രായേല്‍ പൗരനെ വീഴ്ത്തുകയും ഒഴിഞ്ഞ ബസ് തകര്‍ക്കുകയും ചെയ്തതോടെ ഈ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി തിങ്കളാഴ്ച ജെറുസലേം പ്രദേശത്ത് രൂക്ഷമായ കലാപം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തില്‍ ഇസ്രായേലി പൗരന്‍ മരിക്കുകയും ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വക്താവ് മിക്കി റോസെന്‍ഫെല്‍ഡ് അറിയിച്ചു. പോലീസുകാരുടെ വെടിവയ്പ്പില്‍ നിര്‍മാണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജറുസലേമില്‍ താമസിക്കുന്ന 20 കാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവം ‘ധീരമായ ചെറുത്ത് നില്‍പ് നടപടിയാണെന്നും ഗാസയിലെ ജനങ്ങളെ കുടിയേറ്റക്കാര്‍ കൂട്ടക്കുരുതി നടത്തുന്നതിനെതിരായ സ്വാഭാവിക പ്രതികരണം ആണെന്നും,’ ഹമാസ് വക്താവ് ഫാവ്‌സി ബോര്‍ഹം വിശേഷിപ്പിച്ചു. 

‘രാജ്യത്തെമ്പാടുമുള്ള ജൂതന്മാരെ കൊല്ലാനാണ് അവര്‍ ശ്രമിക്കുന്നത്. ഗാസയിലെ യുദ്ധത്തില്‍ അവര്‍ പരാജയപ്പെട്ടതിനാല്‍ ഇവിടെ യുദ്ധം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്,’ വെടിയേറ്റ് തകര്‍ന്ന ജെസിബിയുടെ അടുത്ത് നിന്ന് 55 കാരനായ എമര്‍ജന്‍സി തൊഴിലാളി ഷാലോം സാപ്പോര്‍ പറഞ്ഞു.

100 വാര മാത്രം അകലെയുള്ള സമീപ പ്രദേശം അയാള്‍ ചൂണ്ടിക്കാണിച്ചു. അവിടെ റോഡ് 1967 വരെ ഇസ്രായേല്‍, ജോര്‍ദാന്‍ നിയന്ത്രണത്തില്‍ അതിസുരക്ഷിതമായി സൂക്ഷിച്ചിരുന്ന നിയന്ത്രണ രേഖയായിരുന്നു.

‘ഇതാണ് ഈ നഗരത്തിന്റെ പ്രശ്‌നം: ഞങ്ങള്‍ വളരെ അടുത്താണ്,’ അയാള്‍ പറയുന്നു. ‘ആ തെരുവിന് അപ്പുറം അറബ് ജനതയാണ്. അവരാണ് ജറുസലേമിലെ പ്രശ്‌നം. ഇതൊരു തുടക്കം മാത്രമാണ്.’

വീണ്ടും കലാപമുണ്ടായാല്‍ അടിച്ചമര്‍ത്താന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വലിയ സംഘം പോലീസ് സേന നിലയുറപ്പിച്ചിരിക്കുന്നതിന് മറുവശത്തുള്ള തെരുവ് പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ്. പല്ലിന് പകരം പല്ല് എന്ന രീതിയില്‍ ജൂത, അറബ് യുവാക്കള്‍ കൊല്ലപ്പെട്ടതോടെ ആരംഭിച്ച ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും രക്തച്ചൊരിച്ചിലിന് കളമൊരുങ്ങിയിരിക്കുകയാണെന്ന് അവിടുത്തെ താമസക്കാര്‍ ആശങ്കപ്പെടുന്നു.

‘ഒരു യുദ്ധം ആരംഭിക്കുന്നതിനുള്ള തീപ്പൊരിയാണിത്,’ ഹോട്ടലിലെ ഷെഫും 24 കാരിയുമായ അറബ് വംശജ ഫാദി സിനിയോറ പറയുന്നു.

ഗാസയിലും തെക്കന്‍ ഇസ്രായേലിലും നടന്ന റോക്കറ്റ്, മിസൈല്‍ യുദ്ധങ്ങളുടെ കൊടുങ്കാറ്റിനിടയിലും തിങ്കളാഴ്ച വരെ ജറുസലേം ശാന്തമായിരുന്നു. പക്ഷെ ജെസിബി ആക്രമണം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ജറുസലേം ഹീബ്രു സര്‍വകലാശാലയുടെ വെളിയിലെ ടാക്‌സി സ്റ്റാന്റില്‍ കാത്തു നില്‍ക്കുകയായിരുന്ന 20 കാരനായ ഇസ്രായേലി സൈനീകന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഹദാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

മോട്ടോര്‍ ബൈക്കില്‍ വന്ന ആക്രമണകാരിയാണ് വെടിയുതിര്‍ത്തതെന്നും സംഭവത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടതായും റോസെന്‍ഫെല്‍ഡ് പറഞ്ഞു. അറബ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ജറുസലേമിന്റെ കിഴക്കന്‍ പ്രദേശത്തിനും ജൂതര്‍ക്ക് ഭൂരിപക്ഷമുള്ള പടിഞ്ഞാറും പ്രദേശങ്ങള്‍ക്ക് ഇടയിലൂടെ ബൈക്കില്‍ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് പോകുന്നവരെ തടഞ്ഞ് പരിശോധിക്കുകയാണ് പോലീസ്.

ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ലെങ്കിലും ഇവ ‘ഭീകരാക്രമണങ്ങള്‍’ ആണെന്ന് റോസെന്‍ഫെല്‍ഡ് വിശേഷിപ്പിച്ചു. ഏതായാലും ജറുസലേമിന്റെ ഒന്നും രണ്ടും വിശുദ്ധ മന്ദിരങ്ങള്‍ നശിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഇസ്രായേലികള്‍ നിരാഹാരം അനുഷ്ടിച്ച തിങ്കളാഴ്ച അതീവ ജാഗ്രത നിര്‍ദ്ദേശം പോലീസ് പുറപ്പെടുവിച്ചിരുന്നു.

ഗാസയില്‍ തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഇസ്രായേല്‍ സൈനീക നീക്കങ്ങള്‍ ഏഴ് മണിക്കൂര്‍ നേരത്തേക്ക് നിറുത്തിവയ്ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തെക്കന്‍ ഗാസയില്‍ യുഎന്‍ സ്‌കൂളിന് പുറത്ത് നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ മരിക്കാനിടയായത് കടുത്ത അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്ക് ഇടയായതാണ് ഏകപക്ഷീയ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന യുഎസ് സ്‌കൂള്‍കള്‍ക്ക് നേരെയോ സമീപത്തേക്കോ ഇസ്രായേല്‍ നടത്തുന്ന ഏഴാമത്തെ ആക്രമണമായിരുന്നു ഞായാറാഴ്ചത്തേത്.

തിങ്കളാഴ്ചത്തെ വെടി നിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഈ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മുതിര്‍ന്ന കമാന്ററുടെ മരണത്തിന് ഗാസ സാക്ഷിയായി. തിങ്കളാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് നടന്ന സ്‌ഫോടനത്തില്‍ തങ്ങളുടെ തെക്കന്‍ മുന്നണിയുടെ തലവന്‍ 44 കാരനായ ഡാനിയേല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സഖ്യകക്ഷിയായ പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അറിയിച്ചു. 

വെടി നിര്‍ത്തല്‍ നടപ്പില്‍ വരേണ്ട സമയത്തിന് ശേഷമാണ് സാത്തി അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെ വ്യോമാക്രണം ഉണ്ടായത്. ‘കൈയേറ്റക്കാര്‍ കള്ളം പറയുകയാണെന്നും മനുഷ്യത്വ കാരണങ്ങളാലുള്ള വെടി നിറുത്തല്‍ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമാണെന്നും തെളിഞ്ഞതായി,’ ഹമാസ് വക്താവ് സാമി അബു സൂഹ്രി ചൂണ്ടിക്കാണിച്ചു. ഹമാസും സഖ്യ കക്ഷികളും തിങ്കളാഴ്ചയും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. മൊത്തം 31 റോക്കറ്റുകള്‍ വിക്ഷേപിച്ചതായാണ് കണക്ക്. 

രാവിലെ 10 മണിക്ക് ശേഷമായിരിക്കാം സാത്തി ക്യാമ്പിന് സമീപമുള്ള വീടിന് നേരെ ആക്രമണം നടന്നിട്ടുണ്ടാവുക എന്ന് ഇസ്രായേല്‍ സൈനീക വക്താവ് ക്യാപ്റ്റന്‍ എത്യാന്‍ ബുച്ച്മാന്‍ സമ്മതിച്ചു.

ഗാസയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇസ്രായേല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഒഴിഞ്ഞു പോകണം മുന്നറിയിപ്പ് നല്‍കുന്ന ഫോണുകള്‍ ഒന്നും ലഭിച്ചില്ലെന്ന് ഇവിടുത്തെ അന്തേവാസികള്‍ പറയുന്നു. സാധാരണ സംഘര്‍ഷ സമയത്തെല്ലാം ഇസ്രായേല്‍ ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു.

‘ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി,’ മരിച്ച കുട്ടിയുടെ അമ്മാവന്‍ ബക്രി പറയുന്നു. ‘അവര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും തന്നില്ല. അവര്‍ ഞങ്ങളെ വിളിച്ചില്ല. വെടി നിറുത്തല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ എല്ലാവരും കടകളിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. കൂടുതല്‍ മരണങ്ങള്‍ ഉണ്ടായില്ല എന്നത് വലിയ അത്ഭുതമാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍