UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ റോക്കറ്റ് വിക്ഷേപിക്കാറില്ല ഞങ്ങള്‍ എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ഗാസക്കാര്‍ ചോദിയ്ക്കുന്നു ഗാസ: കുഞ്ഞുങ്ങളുടെ ശവപ്പറമ്പ് ശരിയാണ്. നരകം!

Avatar

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബെയ്ത്ത് ലാഹ്യ, ഗാസ മുനമ്പ്- ശനിയാഴ്ച യുദ്ധം തകര്‍ത്ത ഈ വടക്കന്‍ ഗാസയിലെ നഗരത്തിലെ തങ്ങളുടെ വസതികളിലേക്ക് ഇവിടുത്തെ താമസക്കാര്‍ മടങ്ങി വരാന്‍ തുടങ്ങി. തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും പ്രതീക്ഷയും മാത്രം കൈമുതലാക്കി കൊണ്ട്.

മൂന്നര ആഴ്ച മുമ്പ് യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും നല്ല വാര്‍ത്തയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചത്. ബെയ്ത്ത് ലാഹ്യയിലെ തങ്ങളുടെ നീക്കങ്ങള്‍ അവസാനിച്ചതായും അവിടേക്ക് മടങ്ങി പോകാമെന്നും ഇസ്രായേല്‍ സേന അവരെ അറിയിച്ചിരിക്കുന്നു. പക്ഷെ ഇസ്രായേലും പലസ്തീനും തമ്മില്‍ തലമുറകളായി തുടരുന്ന യുദ്ധം മൂലം പരസ്പര വിശ്വാസം തീരെയില്ലാത്തതിനാല്‍ ഭൂരിപക്ഷം പേരും ഈ മടക്കത്തിന് തയ്യാറായില്ല.

മിക്കവര്‍ക്കും ഇതൊരു തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യുഎന്‍ സ്‌കൂളില്‍ തുടര്‍ന്നും താമസിക്കണോ? ക്ലാസ് മുറികളില്‍ ബ്ലാങ്കറ്റ് പുതച്ച് ചുരുണ്ട് കിടക്കണോ? കുളിക്കാന്‍ പോലും വെള്ളം തികയാത്ത ക്യാമ്പില്‍ തുടരണോ? അതോ ഇനിയും വ്യോമാക്രമണമോ ഷെല്ലുകളോ വന്നാലും സാരമില്ല സ്വന്തം വീട്ടിലെ സ്വന്തം കിടക്കയില്‍ ഉറങ്ങുകയും സ്വന്തം കുളിമുറിയില്‍ കുളിക്കുകയും ചെയ്യണോ?

എന്നാല്‍ ഇസ്രായേലിന്റെ ഉറപ്പിന് മേല്‍ കൂടുതല്‍ ആലോചിക്കാന്‍ അത്താര്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല.

‘വീട്ടിലേക്ക് മടങ്ങി പോകുന്നതാവും സുരക്ഷിതമെന്ന് ഇസ്രായേലികള്‍ ഞങ്ങളോട് പറഞ്ഞു.’ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അബു ഖാലിദ് അല്‍-അത്താര്‍ പറഞ്ഞു. ‘ഞങ്ങള്‍ അവരെ വിശ്വസിക്കുകയാണ്.’

തങ്ങള്‍ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് പലരും ശനിയാഴ്ച വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി.

അവര്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത്, തങ്ങളുടെ കിടക്കകള്‍ അതിന് മുകളില്‍ ചുരുട്ടി വച്ച് അതില്‍ നുഴഞ്ഞ കയറി, ഗാസ മുനമ്പിലെ മറ്റ് അതിര്‍ത്തി പ്രദേശങ്ങളെ പോലെ തന്നെ ആക്രമണ സൈറണുകള്‍ പക്ഷികളുടെ കളകൂജനത്തെ ഇല്ലാതാക്കിയ ബെയ്ത്ത് ലാഹ്യയിലെ വീടുകളിലേക്ക് മടങ്ങി. 

ഒരു കുന്നിന്‍ ചെരുവില്‍ ഒന്നിന് പിന്നാലെ ഒന്നായാണ് അത്താര്‍ കുടുംബത്തിന്റെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഗാസയില്‍ നിന്നുള്ള നിരവധി റോക്കറ്റ് ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമായ ആഷ്‌കെലോണ്‍ എന്ന തെക്കന്‍ ഇസ്രായേലി പട്ടണം ആ കുന്നിന്‍ ചെരുവില്‍ നിന്നാല്‍ കാണാം. അത്താര്‍ കുടുംബക്കാര്‍ ഭാഗ്യവാന്മാരാണ്. കാരണം അവരുടെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തങ്ങളുടെ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ടു എന്ന വിശ്വാസത്തോടെ അവര്‍ പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദൂരെ നിന്നും തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ മൂളിപ്പറക്കുന്ന ശബ്ദം അവരെ വ്യാകുലപ്പെടുത്തുന്നില്ല. അവസാനം അവര്‍ വീടുകളില്‍ മടങ്ങിയെത്തി. ബെയ്ത്ത് ലാഹ്യയില്‍ സമാധാനം നിലനില്‍ക്കുന്നു. 

ശനിയാഴ്ച രാത്രി വരെയെങ്കിലും അതങ്ങനെയായിരുന്നു.

ജമാല്‍ അല്‍-അത്താറിന്റെ നീല മൊബൈല്‍ ഫോണില്‍ ബെല്ലടിക്കുന്നു. 08 എന്ന പ്രാദേശിക കോഡുള്ള തിരിച്ചറിയാവുന്ന നമ്പറായിരുന്നു അത്: ഇസ്രായേല്‍ സേനയുടെ പ്രവര്‍ത്തന ആസ്ഥാനങ്ങളില്‍ ഒന്നായ തെക്കന്‍ ഇസ്രായേലില്‍ നിന്നുള്ള സന്ദേശമായിരുന്നു അത്: നിങ്ങളുടെ വീടുകള്‍ പെട്ടെന്ന് ഒഴിഞ്ഞു പോവുക. ഹൈദര്‍ അല്‍-അത്താറിന്റെ വീടിന് നേരെ ഞങ്ങള്‍ ആക്രമണം നടത്താന്‍ പോവുകയാണ്. ഒഴിഞ്ഞ് പോകാന്‍ നിങ്ങള്‍ക്ക് അഞ്ച് മിനിട്ട് സമയമുണ്ട്. 

തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജമാലിന്റെ സഹോദരനാണ് ഹൈദര്‍. മറ്റ് രണ്ട് സഹോദരന്മാരുടെ വീടും തൊട്ടടുത്ത് തന്നെയാണ്.എല്ലാവരോടും ഒഴിഞ്ഞു പോകാന്‍ ജമാല്‍ അലറി വിളിച്ചു കൊണ്ടിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെയും എടുത്ത് പരമാവധി വസ്തുക്കളും പേറി സ്ത്രീകളും പുരുഷന്മാരും തൊട്ടടുത്ത പള്ളിയില്‍ അഭയം തേടി.

മിനിട്ടുകള്‍ക്ക് ശേഷം ഹൈദര്‍ അല്‍-അത്താറിന്റെ വീടിനെ തകര്‍ത്തുകൊണ്ട് ഒരു സ്‌ഫോടനം നടന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരുടെ വീടുകളും വാസയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നുപോയി. പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്ന ചില കുടുംബാംഗങ്ങള്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. പക്ഷെ ആരും കൊല്ലപ്പെട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ബെസ്റ്റ് ഓഫ് അഴിമുഖം

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല
ഈദ് ദിനത്തില്‍ ഗാസയിലെ ബീച്ച് ക്യാമ്പില്‍ സംഭവിച്ചത്
അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം
ഞങ്ങള്‍ എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ഗാസക്കാര്‍ ചോദിയ്ക്കുന്നു
കബറടക്കാനാകാതെ ഗാസ

അത്താര്‍ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു ഇസ്രായേലി സൈനീക വക്താവിനോട് അഭിപ്രായം ആരാഞ്ഞെങ്കിലും ഉടനടി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

എന്തെങ്കിലും സ്ഥാവരജംഗമ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അത്താര്‍ സഹോദരന്മാര്‍ ഞായറാഴ്ച മണ്‍കൂനകള്‍ക്ക് നടുവിലൂടെ നടന്നു. ജൂത രാജ്യത്തിന് തങ്ങള്‍ ഒരു സുരക്ഷ ഭീഷണിയും മുഴക്കിയിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നു.

‘ഞങ്ങള്‍ എല്ലാവരും ഇസ്രായേലില്‍ ജോലി ചെയ്തിരുന്നു,’ ജമാല്‍ അല്‍-അത്താര്‍ പറയുന്നു. ‘ഞങ്ങള്‍ പോരാളികളല്ല. ഇവിടെ നിന്നും ഞങ്ങള്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാറില്ല. ഞങ്ങള്‍ ദരിദ്രരായ കര്‍ഷകരാണ്. ഞങ്ങള്‍ ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നു.’

തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ‘ഞങ്ങള്‍ക്ക് മടങ്ങി വരാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു.’ മന്‍സൂര്‍ അല്‍-അത്താര്‍ പറഞ്ഞു. ‘ഇസ്രായേലികള്‍ ഞങ്ങളെ വഞ്ചിച്ചു.’

ഇനി എവിടെ ഉറങ്ങും എന്ന വലിയ ചോദ്യം അവരുടെ മുന്നില്‍ ബാക്കിയാണ്. ‘ഇനി ഞങ്ങള്‍ക്ക് യു.എന്‍.ആര്‍.ഡബ്ല്യു.എ സ്‌കൂളിലേക്ക് പോലും മടങ്ങി പോകാനാവില്ല.’ അബ്ദുള്‍ ഖാലിദ് അല്‍-അത്താര്‍ ചൂണ്ടിക്കാട്ടുന്നു. ‘അവിടം നിറഞ്ഞു കഴിഞ്ഞു. മറ്റ് ചില കുടുംബങ്ങള്‍ ഞങ്ങളുടെ സ്ഥലത്ത് താമസം തുടങ്ങി കഴിഞ്ഞു.’

വില്ല്യം ബൂത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹമാസ് അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നാണ് ഗാസാ ചീന്തിലെ സാധാരണ മനുഷ്യരോട് ഇസ്രയേല്‍ പറയുന്നത്. ആകാശത്തു നിന്നുള്ള ലഘുലേഖകളും ഫോണ്‍വിളികളും എട്ടുമുട്ടലിനിടയില്‍നിന്നും എത്രയുംപെട്ടന്ന് സ്ഥലം വിട്ടോളാന്‍ അവരോടാവശ്യപ്പെടുന്നു. 

പക്ഷേ മിക്ക ഗാസക്കാര്‍ക്കും അറിയേണ്ടതിതാണ് : എവിടേക്കാണ് ഓടിമറയേണ്ടത്?

കഴിഞ്ഞ രണ്ടു ദിവസമായി ഒരു സുരക്ഷാ താവളം, ശ്മശാനങ്ങള്‍, ഒരു വിദ്യാലയം, പള്ളികള്‍,ദേയിര്‍ അല്‍-ബലായിലെ അല്‍-അക്സ ആശുപത്രി എന്നിവയ്ക്ക് നേരെയൊക്കെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈജിപ്തിനും ഇസ്രായേലിന്നും ഇടക്കുള്ള അതിര്‍ത്തികള്‍ പലസ്തീന്‍കാര്‍ക്ക് അനുവദനീയമല്ല. 

“നിങ്ങള്‍ പറയൂ,ഞാനെവിടെക്കാണ് പോകേണ്ടത്,”ശീതീകരണി പണിക്കാരനായ നയേല്‍ അല്‍-സഫാദി പറഞ്ഞു. ചെകിടടപ്പിക്കുന്ന ഒരു പൊട്ടിത്തെറി കേട്ടു വീട്ടില്‍നിന്നും ഇറങ്ങിയോടിയ അയാളെ നോക്കിക്കിടന്നത്  ഇടവഴിയില്‍ അനാഥമായ ഒരു തലയായിരുന്നു.

കൊല്ലപ്പെട്ട അല്‍-കിലാനി കുടുംബത്തിലെ 10 പേരില്‍ ആരുടെയെങ്കിലും ആകാമത്. ഗാസ നഗരത്തിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിലെ മുകളിലെ നിലയിലേക്ക്  അവര്‍ മാറിത്താമസിച്ചതെ ഉണ്ടായിരുന്നുള്ളൂ.  കെട്ടിടത്തിലെ ആദ്യ ആറ് നിലകളും മിസൈലുകള്‍ തകര്‍ത്തപ്പോളായിരുന്നു അത്.

ഗാസ ഒരു ചെറിയ സ്ഥലമാണ്. അത് വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. 25 മൈല്‍ നീളം. ഒരു മാരത്തോണ്‍ ഓട്ടത്തിന്റെ അത്രയും മാത്രം. നാല് മുതല്‍ ഏഴുവരെ മൈല്‍ വീതി. ഈ ആക്രമണത്തിന് മുമ്പുതന്നെ  തങ്ങളുടെ നാടൊരു തടവറയാണെന്ന് ഗാസക്കാര്‍ പരാതി പറഞ്ഞിരുന്നു. 

ഗാസയിലെ 1,18,000-ത്തിലേറെ ആളുകള്‍ ഏറ്റുമുട്ടലില്ലാത്ത സുരക്ഷിതമായ ഇടങ്ങള്‍ തേടി വീടുവിട്ടുപോയി. പക്ഷേ തങ്ങളുടെ രക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാവുകയാണെന്ന് അവര്‍ പറയുന്നു. ശ്മശാനങ്ങള്‍പോലും നിറഞ്ഞു കവിയുകയാണ്.

കിലാനി കുടുംബം ഇസ്രയേലി വ്യോമാക്രമണം ആദ്യം നടന്ന ബെയിത് ലാഹിയായില്‍ നിന്നും ഷിജെയ്യയിലെ താരതമ്യേന സുരക്ഷിതമെന്ന് കരുതിയ നഗരഹൃദയത്തിലെ ഒരു കെട്ടിടസമുച്ചയത്തിലേക്ക് മാറുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. പക്ഷേ ഷിജെയ്യയാണ് ഏറ്റവും രൂക്ഷമായ ആക്രമണത്തില്‍ അമര്‍ന്നത്. കിലാനി കുടുംബം മാറിത്താമസിച്ച കെട്ടിടത്തിന്റെ പേര് ‘അല്‍-സലാം’ അഥവാ  ‘സമാധാനം’ എന്നായിരുന്നു.

പള്ളികള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളെല്ലാം  റോക്കറ്റുകള്‍ തൊടുക്കാനും ശേഖരിക്കാനുമുള്ള കേന്ദ്രങ്ങളാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. “ഹമാസ് ഞങ്ങളുടെ സാധാരണ പൌരന്മാരെ ആക്രമിക്കുകയും ഈ സാധാരണക്കാര്‍ക്ക് പിന്നില്‍ ഒളിക്കുകയും ചെയ്യുന്നു. ഇത് ഇരട്ട യുദ്ധക്കുറ്റമാണ്”എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

വീടുകള്‍ വിട്ടോടിപ്പോന്നവരെ സംരക്ഷിക്കുന്ന യു എന്‍ ഏജന്‍സി പറഞ്ഞത് രണ്ടാം തവണയും തങ്ങള്‍ അത്തരമൊരു വിദ്യാലയത്തില്‍  റോക്കറ്റുകള്‍ ശേഖരിച്ചുവെച്ചത് കണ്ടു എന്നാണ്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ 472 വീടുകള്‍ തകര്‍ക്കുകയോ കനത്ത കേടുപാടുകള്‍ വരുത്തുകയോ ചെയ്തെന്ന് യു എന്‍ പറയുന്നു. ഹമാസ് പോരാളികളുള്ള വീടുകളും അവരുടെ ഒളിത്താവളങ്ങളായി ഉപയോഗിയ്ക്കുന്ന വീടുകളുമാണ് തകര്‍ത്തതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. “ലോകത്തെവിടെയെങ്കിലും ഇങ്ങനെ സംഭവിക്കുമോ? നിങ്ങള്‍ക്കൊരു ഫോണ്‍വിളി വരുന്നു. “ജീവന്‍ വേണമെങ്കില്‍ ഓടിപ്പോകാന്‍” അവര്‍ പറയുന്നു. എന്നിട്ടവര്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു?” ഗാസ പാര്‍പ്പിട മന്ത്രി മൌഫീദ് അല്‍-ഹസൈന ചോദിച്ചു.

അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്ത ശീതീകരണ പണിക്കാരന് കിലാനി കുടുംബത്തെ പരിചയമില്ല.

“ഇതുമൊരു പ്രശ്നമാണ്,” അയാള്‍ പറഞ്ഞു. എല്ലാവരും നെട്ടോട്ടമോടുകയാണ്. ആരാണ് നിങ്ങളുടെ അയല്‍ക്കാര്‍ എന്നു അറിയില്ല. ചിലപ്പോള്‍ ഇസ്രയേല്‍ തെരയുന്ന ചിലരായിരിക്കാം അയല്‍ക്കാര്‍.”

ഗാസയിലെ ന്യൂനപക്ഷമായ ഗ്രീക് ഓര്‍ത്തഡോക്സ് സമുദായത്തിന്റെ കേന്ദ്രമാണ് സെയിന്‍റ് പോര്‍ഫിറിയസ് മഠം. 12-ആം നൂറ്റാണ്ടിലെ കുരിശുയുദ്ധത്തോളം പഴക്കമുള്ള മഠം. ഞായറാഴ്ച്ച മുതല്‍ മഠത്തിന്റെ മുറ്റത്ത് 700-ലേറെപ്പേര്‍ അഭയം തേടിയിരിക്കുകയാണ്. എല്ലാവരും മുസ്ലീംങ്ങള്‍. അതൊരു സുരക്ഷിത സ്ഥലമാണെന്ന് അവര്‍ കരുതുന്നു.

“ഗാസയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇത്, സമാധാനമായിരിക്ക് എന്നു ഞാനെന്‍റെ സുഹൃത്തിനോട് പറയുകയായിരുന്നു,” 22-കാരനായ മജീദ് അല്‍-ജമാല്‍ പറഞ്ഞു. അപ്പോളാണ്ആദ്യത്തെ റോക്കറ്റ് പതിച്ചത്. തിങ്കളാഴ്ച്ച റോക്കറ്റ് ചീളു തലയില്‍ തട്ടി ജമാലിന് പരിക്കേറ്റു.

പള്ളി ശ്മശാനത്തിലെ കുഴിമാടങ്ങളില്‍ 4 ഇസ്രയേലി റോക്കറ്റുകള്‍ പതിച്ചപ്പോളായിരുന്നു അത്. അടുത്തുള്ള വിദ്യാലയത്തിനെ വെടിച്ചില്ലുകള്‍ അഭിഷേകം ചെയ്തു. അടുത്തുള്ള ശ്മശാനത്തില്‍ നിന്നും തീവ്രവാദികള്‍ റോക്കറ്റുകള്‍ തൊടുത്തെന്ന് ജമാല്‍ പറഞ്ഞു.

“വ്യോമാക്രമണത്തിന് തൊട്ടുപിറകെ ഇവിടെ ഒരു കുഞ്ഞ് പിറന്നു,” പള്ളിയുടെ തലവന്‍ ആര്‍ച്ച്ബിഷപ്പ് അലെക്സിയോസ് പറഞ്ഞു. “ഭയത്തിന്റെ പേറ്റുനോവിലാണ് ആ കുഞ്ഞ് പിറന്നുവീണതെന്നാണ് ഞാന്‍ കരുതുന്നത്.”

ഇസ്രയേലിന്റെ ഇപ്പൊഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത ബോംബാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട 299 പേരില്‍ അഞ്ചിലൊന്ന് പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ഇവിടെ ആകെയുള്ള 1.7 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയും കുട്ടികളാണ്. ജൂലൈ 8ന് ആരംഭിച്ച ആക്രമണത്തില്‍ 71 കുട്ടികളാണ് ഇതുവരെയായി കൊല്ലപ്പെട്ടിട്ടുള്ളത്. 18 വയസിന്കൂ താഴെ പ്രായമുള്ളവരാണ് ഇവരെല്ലാം. കൂടുതല്‍ വായിക്കുക

http://www.huffingtonpost.com/2014/07/18/gaza-dead-children_n_5600903.html

Avatar

More Posts

വില്ല്യം ബൂത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗാസയില്‍ ഞാനിതു ആദ്യത്തെ തവണയല്ല, പക്ഷേ ഒരു സൈനികാക്രമണത്തിനിടയില്‍ ആദ്യമാണ്. അതെന്നെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്.

വണ്ടിയോടിച്ച് പോകുംവഴിക്ക് ഗാസയിലെ തീവ്രവാദികള്‍ പനകള്‍ക്കിടയിലും, നാരങ്ങാപ്പാടത്തു നിന്നും റോക്കറ്റുകള്‍ തൊടുക്കുന്നു. “ഓ,നോക്കൂ,മറ്റൊരെണ്ണം,”എന്നു നിങ്ങള്‍ കരുതും. കാറില്‍ നിന്നും പുറത്തിറങ്ങി റോക്കറ്റിന്റെ പുകവാലിന്റെ ചിത്രമെടുക്കാന്‍ ഐ-ഫോണ്‍ കയ്യിലെടുക്കും. പിന്നെ ഇടിയും മിന്നലും വരുമ്പോള്‍ ദൂരമളക്കാന്‍ എണ്ണുന്നപോലെ എണ്ണും. പക്ഷേ ഒരു വ്യത്യാസം. ഇവിടെ നിങ്ങള്‍ എണ്ണുന്നത് റോക്കറ്റിനെ ഇസ്രയേലിന്റെ അയണ്‍ ഡോം ( വെള്ളപ്പുകയോടെയുള്ള ഒരു പതിഞ്ഞ ശബ്ദം) തകര്‍ത്തോ, അതോ ഗാസ അതിര്‍ത്തിയിലെ സ്ദെരോത്തില്‍ പതിച്ചോ അല്ലെങ്കില്‍ കേള്‍ക്കാനാവാത്ത അത്രയും ദൂരത്ത് ചെന്നുവീണോ എന്നതാണ്.

അപ്പോള്‍ ഞങ്ങളുടെ പോലീസ് സ്കാനറുകള്‍ ശബ്ദിച്ചു. എന്റെ പലസ്തീന്‍ സഹായി ഇസ്ലാം അബ്ദുള്‍ കരീം പറഞ്ഞു,“ജെറുസലേമിലെ സൈറണുകളാണ്.” ഞാന്‍ അവിടെ വീട്ടിലുള്ള എന്റെ ഭാര്യയെ ഫോണ്‍ ചെയ്തു.  “അതേ, രണ്ടു വലിയ സ്ഫോടനം ഞങ്ങളും കേട്ടു,” അവള്‍ പറഞ്ഞു.

മനസ്സില്‍ തട്ടുന്ന ദൃശ്യങ്ങളാണെല്ലാം. കുറച്ചുമണിക്കൂറുകള്‍ മുമ്പ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന മഗാസിയിലെ ഒരു അഭയാര്‍ത്ഥി താവളത്തിലെ ഒരു വീട്ടില്‍ ഞങ്ങളെത്തി. ആക്രമണം അതിജീവിച്ച ഒരു നവാസ്രാ കുടുംബത്തോട് അഭിമുഖം നടത്തുന്നതിനിടയില്‍ വീട്ടിലെ ഒരാള്‍ ഒരു ചെറിയ പ്ലാസ്സ്റ്റിക് സഞ്ചി തുറന്നു. ഒരു കുഞ്ഞുവിരല്‍.

ഞാന്‍ പക്ഷേ ഞെട്ടിയില്ല. കാരണം അന്നേ ദിവസം രണ്ടാംതവണയാണ് ആരെങ്കിലും എന്നെ ഇതുപോലൊന്ന് കാണിക്കുന്നത്. വ്യോമാക്രമണങ്ങള്‍ക്കുശേഷം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടവരെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും തപ്പിയെടുക്കും. പലപ്പോഴും മരിച്ചവര്‍ ചിതറിപ്പോയിരിക്കും. അപ്പോ, ശവസംസ്കാരത്തിന് വേണ്ടി ബാക്കിവന്ന എന്തെങ്കിലും പെറുക്കിയെടുക്കും. ഈ ഒരു വിരല്‍ത്തുമ്പ് പോലെ.

നവാസ്രാ കുടുംബം ഭീകരവാദികളാണോ? സത്യമായും എനിക്കറിയില്ല. ഞങ്ങളെപ്പോഴും ചോദിക്കും,“നിങ്ങള്‍ ചെറുത്തുനില്‍പ്പിലാണോ? നിങ്ങള്‍ ഹമാസാണോ” മിക്കപ്പോഴും അവര്‍ അല്ലെന്ന് പറയും. പക്ഷേ ചിലപ്പോഴൊക്കെ ഒരയല്‍ക്കാരന്‍,അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ നമ്മളോട് പറയും, ആ വീട്ടില്‍ താമസിച്ചിരുന്ന ആരെങ്കിലും ഒരാള്‍ ഹമാസുകാരനായിരുന്നിരിക്കാം എന്ന്.

ശബ്ദഘോഷങ്ങളുടെ ഒരു സേനാദൌത്യം കൂടിയാണിത്. ശീല്‍ക്കാരങ്ങള്‍, ഹുങ്കാരങ്ങള്‍ , വന്‍സ്ഫോടനങ്ങള്‍, ജനാലകളുടെ വിറയലുകള്‍, പിന്നെ നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ അനുഭവപ്പെടുന്ന പൊട്ടിത്തെറികള്‍. പക്ഷേഎല്ലായ്പ്പോഴുമുള്ളത് ഒരു മൂളലാണ്. ഒരു ചെറിയ മുറിയിലെ കൊതുകകളെപ്പോലെ. ഇസ്രയേലിന്റെ ആളില്ലാ വിമാനങ്ങളാണ്അവ.

ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ മിടുക്കാരാണ്. ഞാനിത് ആദ്യം വിശ്വസിച്ചില്ല. പക്ഷേ അത് സത്യമാണ്. ബെയ്റ്റ് ഹാനോനില്‍ ഞങ്ങള്‍ ഒരുകൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു. ഇസ്രയേല്‍ സൈന്യം “വാതിലിലെ മുട്ടല്‍’ എന്നു വിളിക്കുന്ന, ഉള്ളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സൂചന നല്‍കുന്ന,  അത്ര വിനാശകാരിയല്ലാത്ത ഒരു മിസൈല്‍ പതിച്ച ആ തെരുവിലെ വീടിനെ നോക്കിനില്‍ക്കുകയായിരുന്നു ഞങ്ങളെല്ലാവരും. മറ്റൊരു കൂറ്റന്‍ മിസൈല്‍വന്നു ആ വീട് തകര്‍ക്കുന്നതിന്റെ ചിത്രമെടുക്കാന്‍ ഞങ്ങളെല്ലാം മൊബൈല്‍ഫോണുമായി തയ്യാറെടുത്തു.

പെട്ടെന്ന്, ഞങ്ങള്‍ക്ക് പിന്നില്‍, ഒരുപക്ഷേ ഒരു കിലോമീറ്റര്‍ അകലെ തിടുക്കം പിടിച്ച ഓട്ടത്തിന്റെ പോലൊരു ശബ്ദം ഞാന്‍ കേട്ടു: ഞാന്‍ ചെവി വട്ടംപിടിച്ചു.

റോക്കറ്റ്. വളരെയടുത്ത്. ഒരു കുട്ടി എന്നോട് പറഞ്ഞു: “ഗ്രാഡ്”. ഞാനെന്റെ നോട്ടുബുക്കില്‍ കുറിച്ചിട്ടു. അവന് ഏതാണ്ട് 8 വയസ്സു പ്രായം കാണും.

ഒരു വൈകുന്നേരം, സംഘര്‍ഷത്തിനും, ചൂടിനും അപ്പുറത്ത്, റമദാന്‍ നോമ്പു നോല്‍ക്കുന്ന ഒരുകൂട്ടം മധ്യവയസ്കരുമായി ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. ഈ യുദ്ധം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ വിളിക്കുന്ന ഈ സംഭവം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നുണ്ടോ എന്നു ഞാന്‍ അവരോടു ചോദിച്ചു.

“ആരാണതിനെക്കുറിച്ച് വേവലാതിപ്പെടുന്നത്?”, ഇപ്പോള്‍ തൊഴില്‍രഹിതനായ അബു അഹമ്മദ്,46, പറഞ്ഞു. എന്താണുദ്ദേശിച്ചതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. “ഞങ്ങള്‍ നരകത്തിലാണ് കഴിഞ്ഞിരുന്നത്. ഇനിയും നരകത്തിലായിരിക്കും കഴിയാന്‍ പോകുന്നത്,” അയാള്‍ പറഞ്ഞു. ഉറക്കംതൂങ്ങിയ കണ്ണുകളുമായി ചൂട് പൊതിഞ്ഞുനിന്ന അകലങ്ങളിലേക്ക് നോക്കി മറ്റുള്ളവര്‍ അത് സമ്മതിച്ചു.

ശരിയാണ്. നരകം!

ഗാസ ഒരു പുതിയ ഇടമാണ്. സാധാരണ ഓടിക്കളിക്കുന്ന കുട്ടികളാണ് ഇവിടെ നിറയെ. പക്ഷേ ഇപ്പോള്‍ അത്രയേറെയില്ല. പകല്‍സമയത്ത് കുറച്ചു പുരുഷന്മാരെ പള്ളികളിലും അങ്ങാടിയിലും കാണാം; എന്നാല്‍ സ്ത്രീകള്‍ വിരളം. അവരെല്ലാം കാറ്റുകടക്കാത്ത കെട്ടിടങ്ങളിലെ അവരവരുടെ വീടുകളില്‍ ചൂളിപ്പിടിച്ചിരിക്കുകയാണ്; പങ്കകള്‍ തിരിക്കാനായി പ്രതിദിനമുള്ള 6 മണിക്കൂര്‍ വൈദ്യുതിയും കാത്ത്.

വ്യോമാക്രമണത്തിന്റെ നേരത്ത് പലസ്തീന്‍കാര്‍ എന്തുചെയ്യുമെന്ന് വാഷിംഗ്ടണിലെ എന്റെയൊരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു. അവര്‍ ബോംബ് പ്രതിരോധ  അറകളിലൊളിക്കുമോ? ഞാന്‍ ഇതിനെക്കുറിച്ച് ആലോചിച്ചു. അതൊരു മണ്ടന്‍ ചോദ്യമല്ല. ഇവിടെ സുരക്ഷിത കേന്ദ്രങ്ങളും,മുന്നറിപ്പിനായി  കാഹളങ്ങളുമില്ല. പലസ്തീന്‍കാര്‍ വാസ്തവത്തില്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ നിശ്ശബ്ദമായ നിലവിളികളുമായി പായുന്നത്  അതിനുശേഷമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍