UPDATES

വിദേശം

ഗാസയിലെ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് കളിക്കളങ്ങള്‍ ഇല്ലാത്തത്?

Avatar

വെയ്ദാന്‍ അബു ഷമ്മാല
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഇസ്രായേലിന്റെ ബോംബാക്രമണം തുടങ്ങിയപ്പോള്‍ എന്റെ മകന്‍ ആവേശത്തിലായി. ‘വെടിക്കെട്ട്!’ നാലു വയസുകാരന്‍ റാമി ആര്‍ത്തു വിളിച്ചു. ‘അല്ല,’ മൂത്ത സഹോദരി ആറു വയസുകാരി മറിയം മൊഴിഞ്ഞു. ‘അത് ബോംബാക്രമണമാണ്.’

‘അല്ല, അത് വെടിക്കെട്ട് തന്നെയാണ്, പക്ഷെ ജര്‍മ്മനിയില്‍ നമ്മള്‍ കാണുന്നതില്‍ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്,’ റാമി പറഞ്ഞു. ആ സമയത്ത് എല്ലാറ്റിനെയും വിടര്‍ന്ന കണ്ണുകളോടെ ഭയത്തോടെ നോക്കി കാണുകയായിരുന്നു രണ്ടു വയസുകാരന്‍ ഹസന്‍.  

‘ശരി, ശരി,’ മറിയം ബുദ്ധിപൂര്‍വം കീഴടങ്ങി. ‘നീയാണ് ശരി.’  പക്ഷെ ശരി അവള്‍ക്കു മനസിലാവുന്നതിനേക്കാള്‍ ഒത്തിരി അകലെയാണെന്ന് എനിക്ക് അറിയാമായിരുന്നു.

എന്റെ കുഞ്ഞുങ്ങള്‍ ‘ദ ലയണ്‍ കിംഗി’നെ കുറിച്ചും മറ്റ് പുസ്തകങ്ങളെ കുറിച്ചും അവരുടെ കളിപ്പാട്ടങ്ങളെ കുറിച്ചുമായിരുന്നു എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ അവര്‍ യുദ്ധത്തെയും ബോംബിംഗിനേയും ഷെല്ലാക്രമണത്തെയും വാണിജ്യ വിമാനങ്ങളും എഫ്-16 യുദ്ധവിമാനങ്ങളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നിറുത്താതെ ചര്‍ച്ച ചെയ്യുന്നു. ഓരോ വ്യോമാക്രമണത്തിന് ശേഷവും എത്ര പേര്‍ മരിച്ചെന്നും ആര്‍ക്കെല്ലാം പരിക്കേറ്റെന്നും അറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. 

ആദ്യമായാണ് ഒരു യുദ്ധം അവര്‍ നേരിട്ടു കാണുന്നത്. ജനിച്ചതും വളര്‍ന്നതും ജര്‍മ്മനിയില്‍ ആയതുകൊണ്ട് 2008-09 ലെ ‘ഓപ്പറേഷന്‍ കാസ്റ്റ് ലീഡും’ 2012ലെ ‘ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സും’ അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. എന്റെ അമ്മയുടെ ആരോഗ്യം വളരെ മോശമായതിനെ (ഡയബറ്റീസ് കാരണം പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയില്‍) തുടര്‍ന്നാണ് ഞങ്ങള്‍ ഗാസയിലേക്ക് മടങ്ങി വന്നത്. അന്ന് അമ്മയുടെ ആരോഗ്യാവസ്ഥയിലുള്ള ഒരാളെ കെയ്‌റോയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തവിധം അതിര്‍ത്തികള്‍ അടച്ചിടപ്പെട്ടിരുന്നു. 

ഞങ്ങള്‍ മടങ്ങി വന്നതിന് ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുന്നു. ഗാസയിലെ കുട്ടികള്‍ക്ക് എന്താണ് കളിക്കളങ്ങള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് തിരക്കേറിയ തെരുവുകളില്‍ കുട്ടികള്‍ കളിയ്ക്കുന്നത്? അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്തുകൊണ്ടാണ് മതിയായ ഭക്ഷണം ഇല്ലാത്തത്? ഈ ചോദ്യങ്ങള്‍ എന്റെ ഹൃദയം പിളര്‍ക്കുന്നു. പക്ഷെ എനിക്കെങ്കിലും അറിയാം അതെന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന്.

യുദ്ധം ആരംഭിക്കുകയും ഞാന്‍ കൂടുതല്‍ കൂടുതല്‍ ഓര്‍മകളിലേക്ക് ചുരുങ്ങുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, ചോദ്യങ്ങള്‍ ഇരട്ടിക്കുകയായിരുന്നു. അമ്മേ, എന്താണ് സംഭവിക്കുന്നത്? എന്തിനാണവര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത്? (അവരുടെ രണ്ടാം അര്‍ധ സഹോദരങ്ങളായിരുന്ന മൂന്നു പേര്‍-ഇബ്രാഹിം, ഇമാന്‍, അസെം- നാലു കുട്ടികളും ഗര്‍ഭിണിയുമായ അമ്മയോടൊപ്പം തങ്ങുടെ കുടുംബ കെട്ടിടത്തില്‍ വച്ച് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഒരു സൈനിക ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല) നമ്മളും മരിക്കുമോ? എന്തിനാണ് അവര്‍ നമ്മളെ വെറുക്കുന്നത്? അവര്‍ക്കും കുഞ്ഞുങ്ങള്‍ ഇല്ലെ?

പാഞ്ഞു കയറുന്ന ഷെല്ലുകളില്‍ ഒന്ന് ഏത് സമയവും നമ്മുടെയെല്ലാം ജീവനെടുക്കുമെന്ന് ഞാന്‍ അവരോട് പറയണോ? പക്ഷെ സമീപ കാലത്തെ ഒരു നോമ്പ് മുറിക്കല്‍ സമയത്ത് ഒരൊറ്റ മനുഷ്യന് നേരെ ഉതിര്‍ത്ത മിസൈല്‍ അബു ജമയൈ കുടുംബത്തിലെ 19 കുഞ്ഞുങ്ങളെ കൊന്ന കാര്യം ഞാന്‍ എന്തായാലും അവരോട് പറയില്ല. ഇത്രയധികം കുഞ്ഞുങ്ങളെ കൊന്ന പട്ടാളക്കാര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഞാന്‍ എങ്ങിനെയാണ് അവരോട് പറയുക? ജര്‍മ്മനിയിലെ വെടിക്കെട്ടുകള്‍ ആഘോഷവും സന്തോഷവുമാണെന്നും ഗാസയില്‍ അത് മരണവുമാണെന്നും ഞാന്‍ എങ്ങനെയാണ് അവരെ വിശ്വസിപ്പിക്കുക?

ഏറ്റവും ഹൃദയഭേദകമായ ചോദ്യം ഞങ്ങളുടെ രാത്രി ശീലങ്ങളെ സംബന്ധിച്ചായിരുന്നു. ‘ഞങ്ങളുടെ വീട്ടിലെ ഏത് ഒഴിഞ്ഞ മുറിയില്‍ ഷെല്‍ വീണാലും ഞങ്ങള്‍ അതിജീവിക്കും എന്ന പ്രതീക്ഷയില്‍ അവരെ മൂന്നു പേരെയും ഒരൊറ്റ മുറിയില്‍ കിടത്തുകയാണ് ആദ്യം ചെയ്തത്. പക്ഷെ അടുത്ത ദിവസം ഞാന്‍ അവരെ പിരിക്കും. കാരണം ഒറ്റ ആക്രമണത്തില്‍ അവര്‍ ഒന്നായി മരിച്ചു പോവരുത്. (ഒരു ഷെല്ലിന് പകരം അര ടണ്‍ ബോംബാണ് വന്ന് വീഴുന്നതെങ്കില്‍ ആരും തന്നെ രക്ഷപ്പെടാന്‍ പോകുന്നില്ല)

ലോകത്തില്‍ മറ്റൊരമ്മയും അനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന വേദനാജനകമായ കാര്യങ്ങള്‍ ആണിത്. എന്നിട്ടും വിധി നിര്‍ണയിക്കുന്ന ഈ ക്ഷതങ്ങള്‍ക്കപ്പുറം ഗാസയില്‍ ജീവിതം തുടരാമെന്ന് അമ്മമാര്‍ തീരുമാനിക്കുന്നു.ഇപ്പോഴും ഇവിടെ ജീവിക്കുന്നു. അപ്പോഴും എന്തിനാണ് ഓരോ ദിവസവും ഓരോ സ്ഥലത്ത് താമസിക്കുന്നത് എന്ന മറിയത്തിന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല.

ഗാസയിലെ മിക്ക കുട്ടികളയും പോലെ എന്റെ കുട്ടികള്‍ക്കും ഈ കൂട്ടക്കുരുതിക്ക് ശേഷം ചികിത്സ വേണ്ടി വരും. തീര്‍ച്ചയായും അവരില്‍ ഭുരിപക്ഷത്തിനും അതൊന്നും കിട്ടാന്‍ പോകുന്നില്ല. ഭയാനകമായ ഇരുളലര്‍ച്ചകളിലേക്കും ഭീതികളിലേക്കും അവരുടെ യൗവനം തള്ളപ്പെട്ടേക്കാം. പട്ടാളക്കാരും എഫ്-16 കളുടെ മുരള്‍ച്ചയുമാവാം അവരെ യൗവനകാലങ്ങളെ ഓര്‍മ്മപ്പെടുത്തുക. ഈ ഭീതികളില്‍ നിന്നും സ്വന്തം മക്കളെ രക്ഷിക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ക്ക് മാനസിക ചികിത്സ വേണ്ടി വന്നേക്കാം. അതിലും കൂടുതല്‍ ഞങ്ങളുടെ പ്രപിതാക്കന്മാര്‍ക്ക് വേണ്ടി വന്നേക്കാം.  കാരണം ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ ദിവസമാണ് ഈ രാത്രികള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നത്. അന്നാണ്, ഇപ്പോള്‍ ഇസ്രയേലായി മാറിയ സ്വന്തം കുടിയില്‍ നിന്ന്, മടങ്ങിപ്പോകാന്‍ കഴിയാത്തവണ്ണം അവര്‍ പുറത്താക്കപ്പെട്ടത്.

(ഖാന്‍ യൂനിസ് അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന ഷമ്മാല ഗോള്‍ഡന്‍ ഗെയ്റ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോര്‍സ് മാനേജ്മെന്റില്‍ ബിരുദാനന്ത ബിരുദം നേടി. ഒരു പലസ്തീന്‍ ജര്‍മ്മനെ വിവാഹം കഴിച്ചു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍