UPDATES

വിദേശം

തോല്‍ക്കാന്‍ പോലും അവസരമില്ലാത്ത ഗാസയിലെ യുവത്വം

Avatar

ലാറ ബോണ്‍
(ഫോറിന്‍ പോളിസി)

അമല്‍ അഷൌറിന്റെ സ്വപ്നങ്ങള്‍ വളരെ വിശാലമാണ്. അത് അവള്‍ തന്റെ നാടെന്ന് വിളിക്കുന്ന 139 ചതുരശ്ര മൈല്‍ പ്രദേശത്തിനും അപ്പുറം പരന്നുകിടക്കുന്നു. ഗാസ ചീന്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളാണ് 20-കാരിയായ അഷൌര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി ‘ഗൌരവക്കാരിയായ’ഒരു കോളേജ് പ്രൊഫസറാകലാണ് അവളുടെ സ്വപ്നം.  ഹൈസ്കൂളിലെ അവസാനവര്‍ഷം അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു സ്കോളര്‍ഷിപ് ഉപയോഗിച്ച് മിന്നെസോട്ടയിലാണ് അവള്‍ പഠിച്ചത്. ഏഴു വര്ഷം മുമ്പ് ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം ഇസ്രയേലിന്റെ ഉപരോധത്തില്‍ ശ്വാസം മുട്ടുന്ന ഗാസയിലെ വിദ്യാര്‍ത്ഥികളില്‍ അപൂര്‍വ്വം പേര്‍ക്കുകിട്ടുന്ന അവസരം.

ഈ വേനല്‍ക്കാലം കവിതാ പഠനത്തില്‍ മുഴുകാനാണ് അവള്‍ ഉദ്ദേശിച്ചിരുന്നത്. ജോണ്‍ കീറ്റ്സും, വില്ല്യം വേഡ്സ്വര്‍ത്തുമാണ് അവളുടെ ഇഷ്ടകവികള്‍. “ഞാന്‍ വല്ലാതെ കാല്‍പനികയാണെന് എന്റെ അദ്ധ്യാപകര്‍ തമാശ പറയും,”അമല്‍ പറഞ്ഞു. “എനിക്ക് ആത്മീയത നിറഞ്ഞ കവിതകളാണ് ഇഷ്ടം.”

പക്ഷേ അവളിപ്പോള്‍ ഒരു യുദ്ധത്തിന് നടുവിലാണ്. പോരാട്ടം രൂക്ഷമായതോടെ അധ്യയനം അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കുന്നു. 2008-ന് ശേഷം ആദ്യമായി ഇസ്രയേല്‍ ഗാസയിലേക്ക് കരയാക്രമണം നടത്തുകയാണ്. സുഹൃത്തുക്കളും, ബന്ധുക്കളും ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തുകയാണവള്‍.

“മരണം എന്നും വാതിലില്‍ മുട്ടിവിളിക്കുന്ന പോലെയാണ്.” അതിരാവിലെ എഴുന്നേറ്റ് സുഹൃത്തുക്കളുടെ ഫെയ്സ്ബുക് അക്കൌണ്ട് നോക്കുന്നതിനിടയില്‍ അമല്‍ പറഞ്ഞു. “എന്റെ വീട്ടിലെ 9 പേരും ഒരു മുറിയില്‍ ഉറക്കമാണ്. കാരണം ആരെങ്കിലും ഒരാള്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മരിക്കുകയാണെങ്കില്‍, ഞങ്ങളെല്ലാം ഒരുമിച്ച് മരിക്കും.”

സംഘര്‍ഷം തീര്‍ക്കാനുള്ള ചില ശ്രമങ്ങളുണ്ടായെങ്കിലും, ആക്രമണം കൂടുതല്‍ രൂക്ഷമാവുകയാണ്. ഇതുവരെയും അതവസാനിക്കാനുള്ള ലക്ഷണങ്ങളൊന്നും കാണുന്നുമില്ല. ഇത്തരം, നിഷ്ഫലമായ, മാരകമായ ഏറ്റുമുട്ടലുകളാണ് അമല്‍ തന്റെ  ജീവിതത്തില്‍ ഉടനീളം കണ്ടത്. അവളെപ്പോലുള്ള ചെറുപ്പക്കാര്‍ക്കാണ് ഈ സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതക്കുന്നത്.

2012-ല്‍ ഞാന്‍ അമലിനെ പരിചയപ്പെടുമ്പോള്‍ വെസ്റ്റ് ബാങ്കിലെ ഒരു സര്‍വ്വകലാശാലയില്‍, മറ്റൊരു യു.എസ് പ്രായോജിത പദ്ധതിയിലൂടെ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അമല്‍. പക്ഷേ അത് തുടങ്ങുന്നതിന് കഷ്ടി ഒരു മാസം മുമ്പ് സ്കോളര്‍ഷിപ് ഇനി മുതല്‍ ലഭ്യമല്ലെന്ന് അവള്‍ക്ക് അറിയിപ്പ് കിട്ടി. ഇസ്രയേല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗാസ ചീന്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള  സ്കോളര്‍ഷിപ്പ് യു എസ് നിര്‍ത്തിവെച്ചു. പ്രദേശത്തുണ്ടായിരുന്ന ചുരുക്കം ചില അമേരിക്കന്‍ പദ്ധതികളിലൊന്നാണ് അതോടെ നിന്നുപോയത്.

ഗാസയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയിലാണ് അവളിപ്പോള്‍. ‘പഠിപ്പില്‍ സംതൃപ്തയാണ്’, പക്ഷേ സാക്ഷാത്ക്കരിക്കാനാകാത്ത ആഗ്രഹങ്ങളുടെ തണുത്ത യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിയുന്നുമുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

അറാഫത്തിനെ കൊന്നതാര്?
ജനാധിപത്യത്തെ ഇങ്ങനെ അവഹേളിക്കരുത്
വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ പോരാടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്ത്?

“ഞങ്ങള്‍ വെറും കരുക്കളായി തുടരുന്നു…രാഷ്ട്രീയത്തിലെ വസ്തുക്കള്‍ മാത്രം. നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ഒരുനാള്‍ സാധാരണ ജീവിതം ജീവിക്കാമെന്ന പ്രതീക്ഷയുമായി, ഉറച്ച മനസ്സോടെ കാത്തിരിക്കുക മാത്രം.”

പക്ഷേ, സാധാരണ ജീവിതം ഗാസയില്‍ അസാധ്യമാണ്. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്ന്. 1.3 ദശലക്ഷം പലസ്തീന്‍കാര്‍. അതില്‍ മൂന്നിലൊന്നും യു എന്‍ സഹായത്തോടെയുള്ള അഭയാര്‍ത്ഥി താവളങ്ങളില്‍. ദാരിദ്ര്യമാണെങ്ങും. പ്രാദേശിക സമ്പദ് വ്യവസ്ഥ  ഉപരോധത്തില്‍പ്പെട്ട് ശ്വാസം മുട്ടി ഞെരുങ്ങുന്നു. 80% ആളുകളും സഹായം ലഭിക്കേണ്ടവരാണ്. ഗാസയിലെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനമെന്ന് പലസ്തീന്‍ ഔദ്യോഗിക കണക്കുകള്‍. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 57 ശതമാനത്തിനടുത്തുവരും.

“അധിനിവേശത്തിന്റെ കീഴില്‍ വളര്‍ന്ന തലമുറയാണ് മുഴുവനും,” പലസ്തീന്‍ റെഡ്ക്രെസെന്‍റ് സൊസൈറ്റിയുടെ ആരോഗ്യവിഭാഗം മേധാവി മോന എല്‍-ഫറ പറഞ്ഞു. “കടുത്ത മാനസിക പീഡക്ക് വിധേയരായ ഒരു സമൂഹമാണിത്.”

ഗാസയിലെ ജനസംഖ്യയില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. യുദ്ധത്തിന്റെ രാപ്പകലുകള്‍ കണ്ടാണ് അവര്‍ വളര്‍ന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഗാസ നേരിടുന്ന മൂന്നാമത്തെ ഇസ്രയേല്‍ വ്യോമാക്രമണമാണിത്.

“ഏറ്റുമുട്ടല്‍ നാളെ അവസാനിച്ചാലും ദാരിദ്ര്യം തീരാന്‍ പോകുന്നില്ല,”ഫറ പറയുന്നു. “ഞങ്ങള്‍, വിശേഷിച്ച് യുവാക്കള്‍ കുടുങ്ങിപ്പോയിരിക്കുന്നു.”

ഇതില്‍നിന്നും രക്ഷപ്പെടാന്‍ വഴി കണ്ടെത്തുന്നവര്‍ക്ക് കുറ്റബോധവുമായി ഒത്തുപോകേണ്ട ദുഷ്കരമായ പണിയുമുണ്ട്.

മൂന്നുവര്‍ഷം മുമ്പ് 25-കാരനായ മൊഹമ്മദ് ആല്‍-മജ്ദലാവിയെ ഞാന്‍ ഗാസയില്‍വെച്ചു കാണുമ്പോള്‍ വിദേശത്തു പഠിക്കാനുള്ള ഒരവസരത്തിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു അയാള്‍. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനായ അയാള്‍ ജബാലിയ അഭയാര്‍ത്ഥി താവളത്തില്‍ കുടുങ്ങിപ്പോയ ജീവിതത്തോട് സങ്കടപ്പെടുകയായിരുന്നു. ഗാസയിലെ 8 അഭയാര്‍ത്ഥി താവളങ്ങളില്‍ ഏറ്റവും വലുതാണ് ജബാലിയ.

“സാങ്കേതികവിദ്യയും, ഇന്‍റര്‍നെറ്റും മാത്രമാണു പുറംലോകത്തെ അറിയാന്‍ ഗാസയിലെ ചെറുപ്പക്കാര്‍ക്കുള്ള ഏകമാര്‍ഗം,”അയാള്‍ പറഞ്ഞു.“ചെറുപ്പം മുതലേ ഞാന്‍ വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്നു.”

2012-ല്‍ സ്വീഡനിലെ ലുണ്ട് സര്‍വ്വകലാശാലയില്‍ ചലച്ചിത്രനിര്‍മ്മാണം പഠിക്കാനുള്ള ഒരു സ്കോളര്‍ഷിപ്പ് അയാള്‍ക്ക് കിട്ടി. അന്നുമുതല്‍ അയാള്‍ അവിടെയാണ് താമസം. പക്ഷേ സുരക്ഷിതമായ, ആയിരക്കണക്കിന് മൈലുകള്‍ അകലെയിരുന്നു ഇപ്പോഴത്തെ ആക്രമണങ്ങള്‍ കാണുന്നത് അസഹ്യമാണെന്ന് അയാള്‍ പറഞ്ഞു. ഇപ്പോളും അഭയാര്‍ത്ഥി താവളത്തില്‍ കഴിയുന്ന അമ്മയും സഹോദരങ്ങളുമായി എന്നും സംസാരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ വൈദ്യുതിയും ഫോണ്‍ ബന്ധവും മിക്കപ്പോഴും ഇല്ല. വടക്കന്‍ ഗാസയിലാണ് ജബാലിയ. കനത്ത ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍  ഇവിടുത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്കി.

“എന്റെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍? ഞാനെങ്ങിനെയാണ് തിരിച്ചു ചെല്ലുക? ഞാന്‍ ഇവിടെ മാറിയിരിക്കുമ്പോള്‍ അവര്‍ മരിച്ചുപോയാല്‍ എനിക്കു എന്നോടു പൊറുക്കാനാവില്ല”അയാള്‍ പറഞ്ഞു.

മറിയം അബുല്‍റ്റെവിക്ക് (24), കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, ഗാസ സ്കൈ ഗീക്സ് എന്ന ഗാസയിലെ ഏക സംരഭക സഹായത്തിലൂടെയാണ് ആ അവസരം വന്നത്. ഗാസ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍, അവിടെ 60% ഐ ടിപ്രൊഫഷണലുകളും സ്ത്രീകളാണ്. ഗാസയിലെ ആദ്യത്തെ കാര്‍ പങ്കിടല്‍  സംരഭം, വസേല്‍നി,സ്ഥാപിച്ചത് മറിയമാണ്. ഗാസയില്‍ ആദ്യമായി ഗാസ സ്കൈ ഗീക്സ് വഴി നിക്ഷേപം നേടുന്ന വനിത സംരംഭകയാണ് അവര്‍.

മെയ് മാസത്തില്‍ മറിയത്തിനെ കാണുമ്പോള്‍ ‘പശ്ചിമേഷ്യയിലെ സ്ത്രീകളും സാങ്കേതികവിദ്യ’യുമെന്ന ഒരു യാഹൂ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ഗാസക്ക് പുറത്തുള്ള മറിയത്തിന്റെ ആദ്യ യാത്ര. മറ്റ് പലരെയും പോലെ അവള്‍ക്ക് പരാജയഭീതി ഉണ്ടായിരുന്നില്ല.

തോല്‍ക്കാന്‍പോലും ഒരവസരം കിട്ടില്ല എന്ന ഭീതിയായിരുന്നു അവള്‍ക്ക്. ആക്രമണം തുടങ്ങിയതില്‍പ്പിന്നെ ഗാസ സ്കൈ ഗീക്സും അവളുടെ സര്‍വ്വകലാശാലയും അടച്ചുപൂട്ടി.

“ഞങ്ങള്‍ക്കും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിക്കണം, പക്ഷേ ഞങ്ങള്‍ക്കതിനുള്ള അവസരങ്ങളില്ല.ഈ സംഘര്‍ഷത്തിനുമപ്പുറത്തേക്ക് ഞങ്ങള്‍ക്ക് വളരണം… പക്ഷേ ഞങ്ങള്‍ക്ക് വളരാന്‍ കുറച്ചുകൂടി സ്ഥലം വേണം,” മറിയം പറഞ്ഞു.

മറിയത്തിന്റെ ലോകം മാത്രമല്ല ചുരുങ്ങിപ്പോകുന്നത്. ഗാസ നഗരത്തിന്റെ മറ്റൊരു കോണില്‍ അനിശ്ചിതത്വം നിറഞ്ഞ മറ്റൊരു രാത്രിക്ക് തയ്യാറെടുക്കുകയാണ് അമല്‍. കഴിഞ്ഞ ഒരാഴ്ച്ചയായി അമേരിക്കയില്‍ പഠിക്കുന്നതും, സ്വതന്ത്രമായി സഞ്ചരിക്കുന്നതുമൊക്കെയാണ് താന്‍ സ്വപ്നം കാണുന്നതെന്ന് അവള്‍ പറയുന്നു.

“എല്ലാവരും-ഹമാസും, ഇസ്രായേലും, ലോകവും-ഞങ്ങളെ നിയന്ത്രിക്കുകയാണ്. പക്ഷേ ഞങ്ങളില്‍ ഏറെപ്പേര്‍ക്കും ഈ രാഷ്ട്രീയവുമായി ഒന്നും ചെയ്യാനില്ല. സാധാരണപോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറയാണ് ഞങ്ങള്‍. ജീവിക്കാന്‍ കാത്തിരിക്കുന്ന ഒരു തലമുറ.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍