UPDATES

വിദേശം

കബറടക്കാനാകാതെ ഗാസ

Avatar

വില്ല്യം ബൂത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്രയേലിന്റെ രണ്ടാഴ്ച്ച നീണ്ട ആക്രമണത്തില്‍ 600-ലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് ഓരോ ദിവസം ചെല്ലുംതോറും അപകടകരമാവുകയാണ് അവിടെ.

ആംബുലന്‍സുകള്‍ മാത്രമല്ല, മരിച്ചവരെ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വണ്ടികളും അപകടസാധ്യതയിലാണ്. ഗാസ നഗരത്തിലെ പ്രധാന ശ്മശാനം നിറഞ്ഞു കവിയുകയാണ്. വയസ്സന്‍ ശീതീകരണികള്‍ എത്ര ശ്രമിച്ചിട്ടും ദുര്‍ഗന്ധം പരക്കുന്നു. കുഴിമാടങ്ങള്‍ മൂടുന്നു. വിലാപവുമായി ആളുകള്‍ സ്വന്തം കുഴികള്‍ കുഴിക്കുന്നു.

ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണത്തിന്റെ ആദ്യദിനങ്ങളില്‍ ആളുകള്‍ മൃതദേഹങ്ങള്‍ പള്ളിപ്പറമ്പില്‍ കൊണ്ടുപോവുകയും അതിനുശേഷം മരണാനന്തര പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുകയും ചെയ്തിരുന്നു. ജാഥകള്‍ നടത്തിയിരുന്നു.  പോരാട്ടത്തിന്റെ കൊടികളും ഉയര്‍ത്തിയിരുന്നു. പുരോഹിതന്മാര്‍ ആവേശം പകരുന്ന പ്രസംഗങ്ങളും നടത്തി.

ഇപ്പോളൊന്നുമില്ല. കബറടക്കം ഇപ്പോള്‍ എത്രയും വേഗം നടത്തുന്ന ഒരു കുടുംബകാര്യം മാത്രമാണ്. അപ്പുറത്ത് ഇസ്രയേല്‍ വെടിപ്പടക്കങ്ങളുടെയും, ആളില്ലാ യുദ്ധവിമാനങ്ങളുടെയും ശബ്ദവും ഇരമ്പവും കേള്‍ക്കാം.

തിങ്കളാഴ്ച്ച രാവിലെ കിഴക്കന്‍ ഗാസയിലെ വലയപ്പെട്ട ഷിജായ ജില്ലയിലെ തങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ടു ഹംദിയ സഹോദരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടിട്ട് അധികനേരമായില്ല. മോവാത്താസിന്റെയും (8) ആഹേദിന്റെയും ശരീരങ്ങള്‍ അവരുടെ ബന്ധു യൂസേഫിന്റെയും(22) മൂന്നു അയല്‍ക്കാരുടെയും മൃതദേഹങ്ങള്‍ക്കൊപ്പമായിരുന്നു.

ഹംദിയ കുടുംബത്തിലെ ഒരംഗം ‘പിടികിട്ടേണ്ട’ ഒരാളായിരുന്നു എന്നു കുടുംബത്തിലെ ഒരംഗം മറ്റൊരഭിമുഖത്തില്‍ പറഞ്ഞു. അതായത് അയാള്‍ അറിയപ്പെടുന്ന പോരാളിയും, ഈ ആറുപേരെ കൊന്ന ആക്രമണത്തിന്റെ ലക്ഷ്യവുമായിരുന്നു എന്നാണ്. ഹമാസിന്റെ റോക്കറ്റാക്രമണം തടയാനും, ഇസ്രയേലികളെ കൊല്ലാനും തട്ടിക്കൊണ്ടുപോകാനും ഉപയോഗിയ്ക്കുന്ന തുരങ്കങ്ങള്‍ തകര്‍ക്കാനുമാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്.

ഷിഫാ ആശുപത്രിയിലെത്തുമ്പോള്‍ സഹോദരന്‍മാര്‍ മരിച്ചിരുന്നു. അവരുടെ വസ്ത്രങ്ങള്‍ ചാരവും സീമന്‍റ് പൊടിയും കൊണ്ട് കറുത്തിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ കൂട്ടംകൂടി. ആശുപത്രിയിലെ ഇരുമ്പ് കട്ടിലില്‍ വെച്ചുതന്നെ മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞു അവരുടെ ശരീരങ്ങള്‍ മൃതദേഹസഞ്ചിയിലാക്കി.

പിന്നെ എവിടെ കബറടക്കും എന്നവര്‍ ആലോചിക്കാന്‍ തുടങ്ങി.

ശവമുറിയുടെ വാതില്‍ക്കല്‍ തന്റെ അമ്മായിയുടെ മൃതദേഹവും നോക്കി മൊഹമ്മദ്  ജീന്തേയ, അയാളൊരു അദ്ധ്യാപകനാണ്, നിന്നു. മൃതദേഹം തറയിലാണ് കിടത്തിയിരിക്കുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരയല്‍ക്കാരിയാണ് അവര്‍.

“അവര്‍വെറുതെ നടന്നുപോവുകയായിരുന്നു. അപ്പോളാണ്…,” തന്റെ കാല്‍ക്കീഴില്‍ കിടക്കുന്ന പൊതിക്കെട്ടിനെ ചൂണ്ടി അയാള്‍ പറഞ്ഞു,“ ശീതീകരണിയില്‍ ഇടമില്ല.”

എത്രകാലം ഈ സംഘര്‍ഷം തുടരും?“ദിവസങ്ങള്‍? ആഴ്ച്ചകള്‍? ഇസ്രയേലുകാര്‍ ഞങ്ങളെ കൊല്ലുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.” തന്റെ അമ്മായിയെ എവിടെ മറവുചെയ്യും എന്ന കാര്യത്തില്‍ അയാള്‍ക്കും തീര്‍ച്ചയില്ല.

“വീടിനടുത്ത് കബറടക്കാന്‍ ഷിജൈയ്യയിലേക്ക് മടങ്ങാനാണ് ഞങ്ങള്‍ അനുവാദം ചോദിക്കുന്നത്. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല.” ആ ഭാഗത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്.

അയാള്‍ ആകെ തളര്‍ന്നിരുന്നു. ഇസ്രയേല്‍ ആക്രമണം ഏറ്റവും രൂക്ഷമായ സ്ഥലമാണ് ഷിജൈയ്യ. അതുപോലെതന്നെ ഇസ്രയേല്‍ സൈനികരും ഹമാസ് പോരാളികളും തമ്മിലുള്ള തെരുവ് യുദ്ധവും. ഇസ്രയേല്‍ സൈനികരെ ചെറുക്കാന്‍ ഹമാസുകാര്‍ കുഴി ബോംബുകളും,ബൂബി ട്രാപ്പുകളും, ടാങ്ക് വേധ  മിസൈലുകളും ഉപയോയിക്കുന്നു.

കുറെനേരത്തിന് ശേഷം ആറ് മൃതദേഹങ്ങളും ഒരു വാന്‍, ഒരു ടാക്സി പിന്നെ ഒരു ചെറു ട്രക് എന്നീ വണ്ടികളിലേക്ക് മാറ്റി.

ഗാസയിലെ പരമ്പരാഗത ആചാരമനുസരിച്ച് സ്ത്രീകള്‍ക്ക് കബറടക്കത്തില്‍ പങ്കെടുക്കാനാവില്ല. അതുകൊണ്ടു അവസാനമായൊന്ന് കാണാന്‍ അവര്‍ വാനിന്റെ അടുത്തെത്തി. സങ്കടത്തിന്റെ വേലിയേറ്റത്തിലായിരുന്നു അവരെല്ലാം. പലരും ബോധംകെട്ടു വീണു.

ഗാസയിലെ വലിയ തെരുവുകളിലെ താമസക്കാരോടെല്ലാം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്കിയിരുന്നു. ശ്മശാനങ്ങളെല്ലാം വളരെ അകലെയായി.

മൃതദേഹങ്ങള്‍ കയറ്റിയ വണ്ടികള്‍ ഒന്നൊന്നായി നീങ്ങിത്തുടങ്ങിയപ്പോഴും അതിനുള്ളിലിരുന്ന കുടുംബാംഗങ്ങള്‍ കബറടക്കാന്‍ ഒരിടത്തിനുവേണ്ടി വീണ്ടും വീണ്ടും ഫോണ്‍ വിളികള്‍ നടത്തുകയായിരുന്നു.

ഒടുവില്‍ അവര്‍ ഗാസ നഗരത്തിന് വടക്കുള്ള ജബാലിയ ശ്മശാനത്തിലെത്തി. അടുത്തുള്ള പ്രദേശത്ത് ബോംബാക്രമണം നടക്കുന്നതിനാല്‍ വീട്ടുകാര്‍ കുഴി വെട്ടാന്‍ തിരക്കുകൂട്ടി. ഏതാണ്ട് ഒരു ഡസനോളം സംഘങ്ങള്‍ വേണ്ടപ്പെട്ടവരെ മണലില്‍ കുഴിച്ചിടാനായി അവിടുണ്ട്.

പ്രാര്‍ത്ഥനകള്‍ തിരക്കുപിടിച്ചു വേഗം കഴിച്ചുകൂട്ടി. സഹോദരന്മാരുടെ പേരുകള്‍ എഴുതിയകാര്‍ഡ്ബോര്‍ഡ് കഷ്ണങ്ങള്‍ വെച്ച താത്ക്കാലിക മീസാന്‍ കല്ലുകള്‍ മണലില്‍ വെള്ളമൊഴിച്ച് കുത്തിനിര്‍ത്തിച്ചു. അവര്‍ മടങ്ങുമ്പോഴേക്കും ഒരു മീസാന്‍കല്ല് സ്ഫോടനത്തില്‍ ചിതറിപ്പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍