UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പലസ്തീന്‍-ഇസ്രായേല്‍ വിഭജനമതില്‍ തകര്‍ന്നു വീഴുമ്പോള്‍

Avatar

കരേന്‍ ചെന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

കര്‍മ അബുഅയ്യാഷിന് അതിനുമുമ്പ് ഒരു ഇസ്രായേലിയെ ശരിക്കൊന്ന്‍ അറിയില്ലായിരുന്നു. പരിശോധനാകേന്ദ്രത്തില്‍, തന്റെ ജന്മനഗരമായ റാമ്മള്ളയിലെ തെരുവുകളില്‍, പ്രതിഷേധങ്ങളില്‍, പിന്നൊരിക്കല്‍ പട്ടാളക്കാര്‍ അവളുടെ വീട് പരിശോധിച്ച് അവളുടെ പ്രിയപ്പെട്ട ആമയെ എടുത്തുകൊണ്ടുപോയപ്പോഴുമെല്ലാം കണ്ടിട്ടുണ്ട്. പക്ഷേ പരിചയങ്ങളില്ല.

പക്ഷേ ജൂണ്‍ മാസത്തിലെ ആദ്യദിനങ്ങളിലൊന്നില്‍, വാഷിംഗ്ടണിലെ ഒരു മദ്യശാലയില്‍വെച്ച് ആ അപരിചിതത്വം മാറി.

അപ്പോഴാണ്, യെഹോനാട്ടന്‍ ടോക്കര്‍ എന്ന 28കാരനായ മുന്‍ ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനോട്, വെസ്റ്റ് ബാങ്കിലെ ഒഫെര്‍ തടവറയില്‍ നിരാഹാരമാനുഷ്ഠിക്കുന്ന തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു ജയിലിന് പുറത്തു നടന്ന ബഹുജന പ്രതിഷേധത്തില്‍ താന്‍ പങ്കെടുത്ത കാര്യം അവള്‍ പറഞ്ഞത്. 2012-ല്‍ നടന്ന ആ പ്രതിഷേധജാഥ അക്രമാസക്തമാവുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഇസ്രയേലി സേന റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

അല്പം പരിഭ്രമമൊക്കെ ഉണ്ടായെങ്കിലും ബീറിന്റെയോരു ബലത്തില്‍ അബു അയ്യാഷ്  തെരുവുകളുടെ പേരുകളും പ്രധാന സ്ഥലങ്ങളും ഓര്‍ത്തെടുത്ത് ഉറക്കെ പറഞ്ഞു. അപ്പോഴാണ് ടോക്കര്‍ ഓര്‍ത്തത്; അയാളും അവിടുണ്ടായിരുന്നു, എതിര്‍പക്ഷത്ത്.

തങ്ങള്‍ക്കിടയില്‍ ഒരു മതില്‍ തകര്‍ന്നുവീണതായി ആ പലസ്തീനിക്കും ഇസ്രയേല്‍കാരനും തോന്നി.


നോവ ഷസ്റ്റെര്‍മാന്‍, ലിയോര്‍ യാഫെ, കര്‍മ അബുഅയ്യാഷ്

“ഞാനാകെ അത്ഭുതപ്പെട്ടുപോയി,”അബുഅയ്യാഷ് പറഞ്ഞു. “കല്ലേറും വെടിവെവെപ്പും പിന്നിട്ട് ഒരുപാട് ദൂരം നമ്മളെത്തി. നമ്മളിവിടെ, യു എസില്‍ അതിനെക്കുറിച്ച് സംസാരിച്ച് ഇരിക്കുകയാണ്. അത് ആവേശമുണ്ടാക്കുന്ന ഒന്നാണ്.”

‘ന്യൂ സ്റ്റോറി ലീഡര്‍ഷിപ്’ എന്ന ഒരു പരിപാടിയുടെ കീഴില്‍ അമേരിക്കയിലെത്തിയതാണ് അബുഅയ്യാഷ്. ഇതില്‍ 10 കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍- അഞ്ചു പേര്‍ ഇസ്രയേലില്‍ നിന്നും, അഞ്ചു പേര്‍ പലസ്തീന്‍ പ്രദേശത്തുനിന്നും- ജോഡികളായി, യു എസിലെ വീടുകളില്‍ താമസിച്ച് വാഷിംഗ്ടണില്‍ ഇന്‍റേണ്‍ ആയി ജോലിചെയ്യുന്നു. നാട്ടില്‍നിന്നും സമുദ്രങ്ങള്‍ കടന്നു വളരെ ദൂരെ. ഇരുകൂട്ടരും പരസ്പരം അനുഭവങ്ങള്‍ കൈമാറാനും, ഭാവിയിലേക്ക് മറ്റൊരു ആഖ്യാനം കണ്ടെത്താനും, നാട്ടില്‍ തിരിച്ചെത്തിയാലും ദൃഢമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.

മറുഭാഗത്തുള്ള ഒരാളുമായി, പലസ്തീന്‍കാര്‍ ‘വര്‍ണവെറിയുടെ മതിലെന്നും’ ഇസ്രയേലുകാര്‍ ‘സുരക്ഷാ വേലി’യെന്നും വിശേഷിപ്പിക്കുന്ന ഒന്നിനെക്കുറിച്ച് സംസാരിക്കുക ദുഷ്കരമാണ്. പക്ഷേ ഈ വേനലില്‍ അവരുടെ ആദ്യ സൌഹൃദം രൂപപ്പെട്ടു. ചിലപ്പോഴൊക്കെ അത് ഇളകിയിടറി. നാട്ടില്‍നിന്നും രൂക്ഷമായ സംഘര്‍ഷത്തിന്റെ വാര്‍ത്തയെത്തുമ്പോള്‍ അത് തകര്‍ച്ചയുടെ വക്കിലെത്തി.

ജൂലായ് 10-ന് ഇസ്രയേലിന്റെ ഗാസ ആക്രമണം നാലാം ദിവസത്തേക്ക് കടന്നപ്പോളാണ് അബു അയാഷ് ടോക്കെറിന് മുന്‍പില്‍ തന്റെ വെളിപ്പെടുത്തല്‍ നടത്തുന്നത്. നാട്ടില്‍നിന്നും ആശങ്കാജനകമായ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സ്വകാര്യ വിവരണങ്ങള്‍ക്ക് കടുപ്പമേറി.

അബു അയ്യാഷിന്റെ ഇന്റെര്‍ണ്‍ഷിപ് പങ്കാളി 26-കാരി, കെഫര്‍ സബാ നിവാസി, നോവ ഷസ്റ്റെര്‍മാന്‍ ഇസ്രയേല്‍ സേനയില്‍ മൂന്നു വര്‍ഷം ജോലി നോക്കിയിട്ടുണ്ട്. താനും സഹോദരങ്ങളും വഴക്കടിച്ചാല്‍ അമ്മ ദേഷ്യപ്പെടുമായിരുന്ന ഒരു വാചകമാണ് അവര്‍ ആദ്യം പറഞ്ഞത്.

“ജീവിതത്തില്‍ നിങ്ങള്‍ ശരിയാകേണ്ടതില്ല, മിടുക്കരായാല്‍ മതി.”


നോവ ഷസ്റ്റെര്‍മാന്‍, കര്‍മ അബു അയ്യാഷ്

പിന്നീട് അവര്‍ സ്കൂളിലെ ഒരനുഭവം പറഞ്ഞു. അവള്‍ അവധിക്കുശേഷം സ്കൂളിലെത്തിയതായിരുന്നു. അപ്പോള്‍ അധ്യാപിക വാതിലടച്ചു ഒരു ചലച്ചിത്രം വെച്ചു. പിന്നീടാണവള്‍  അറിഞ്ഞത്, ഒരു തോക്കുധാരി ഒരു വിദ്യാര്‍ഥിയെ കൊന്നുവെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റെന്നും. “ആ സംഭവം എന്റെ ജീവിതത്തെ മാറ്റിയിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു എന്നു ഞാന്‍ പറയും. അതങ്ങനെയാവും എന്നു കരുതും, പക്ഷേ ആയില്ല.” അത് സാധാരണമായിരുന്നു എന്നു അവള്‍ പറഞ്ഞു.പിന്നെയവള്‍ തന്റെ അമ്മയുടെ വാക്കുകള്‍ നിലവിലെ സംഘര്‍ഷത്തെ വിശദമാക്കാന്‍ ഉപയോഗിച്ചു.

“ഞങ്ങളീ താളത്തോട് അത്രയേറെ പൊരുത്തപ്പെട്ടിരിക്കുന്നു. അടി-തിരിച്ചടി, വെറുപ്പ്, രാക്ഷസവത്ക്കരണം, പ്രലോഭനങ്ങള്‍, പ്രതികാരം, ഭീകരത,തച്ചുതകര്‍ക്കല്‍ എല്ലാം നീതിയുടെയും, ന്യായത്തിന്റെയും പേരില്‍.” ഷസ്റ്റെര്‍മാന്‍ പറഞ്ഞു. “ഈ ചോരയൊഴുക്കലിനെ ഇനിയും തുടരാന്‍ അനുവദിക്കാനാവില്ല.”

ഒരാഴ്ച മുമ്പ് തോന്നിയ ശുഭാപ്തിവിശ്വാസം ഇപ്പോള്‍ പറയാനാകാത്തവിധം നാട്ടില്‍നിന്നുള്ള മരണവാര്‍ത്തകള്‍ തന്നെ അസ്വസ്ഥയാക്കിയിരിക്കുന്നു എന്നു തന്റെ ഊഴമെത്തിയപ്പോള്‍ അബുഅയ്യാഷ് പറഞ്ഞു.”ഞാനീ പ്രസംഗം എഴുതുമ്പോള്‍ എന്റെ സെല്‍ഫോണില്‍ സന്ദേശങ്ങള്‍ വന്നുകൊണ്ടേയിരുന്നു. സുഹൃത്തുക്കളും കുടുംബക്കാരും എന്നെ പുതിയ വിവരങ്ങള്‍ അറിയിക്കുകയാണ്: 3 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍, 50 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു… ഞാന്‍ ക്ഷമയോടെ ഇരിക്കാനുള്ള ശക്തി തേടുകയാണ്. പക്ഷേ ഗാസയില്‍ ബോംബുകള്‍ വീഴുമ്പോള്‍ നാവിന്‍ തുമ്പത്തു ക്ഷമ വരുന്നില്ല.”

ബെസ്റ്റ് ഓഫ് അഴിമുഖം

അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം
ഞങ്ങള്‍ എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ഗാസക്കാര്‍ ചോദിയ്ക്കുന്നു
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം
വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍
ഗാസ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വിസ്മൃതമാകുന്നോ? ഇഷാന്‍ തരൂര്‍ എഴുതുന്നു

അബുഅയ്യാഷിന്റെ വാക്കുകള്‍ അവിടെയിരുന്ന ഇസ്രയേലികള്‍ക്ക് ഒട്ടും രസിച്ചില്ല. ഇസ്രയേലി സമാധാന ശ്രമങ്ങളെ അംഗീകരിക്കാത്ത കുറ്റപ്പെടുത്തലിന്റെ ഭാഷയായിരുന്നു അതെന്ന് പിന്നീടവര്‍ പറഞ്ഞു.

ഒരാഴ്ചക്കു ശേഷം ഷസ്റ്റെര്‍മാനും അബുഅയ്യാഷും കാര്യാലയത്തില്‍ കടുത്ത തര്‍ക്കത്തിലായി. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വനിതാ കേന്ദ്രത്തിന്റെ മേധാവി, ഇസ്രയേല്‍-പലസ്തീന്‍ പ്രദേശത്ത് സമാധാനശ്രമങ്ങളെക്കുറിച്ചുള്ള സ്ത്രീകാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നഅവരുടെ പുതിയ പുസ്തകത്തില്‍ ഹോപ്കിന്‍സ്  പ്രസംഗം നല്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.

കുറച്ചു നിമിഷങ്ങള്‍ക്ക് മുമ്പ് തമാശ പറഞ്ഞിരുന്നാലും, അബുഅയ്യാഷിന്റെ ആഖ്യാനം ലഘുലേഖയില്‍ നല്കാന്‍ ഷസ്റ്റെര്‍മാന്‍ തയ്യാറായില്ല.

അബുഅയ്യാഷ് ആശയക്കുഴപ്പത്തോടെയാണ് പ്രതികരിച്ചത്.

“പക്ഷേ നേരത്തെ പ്രസംഗം എന്റെ പേരിലല്ലേ,” ചോദ്യഭാവത്തില്‍ അവള്‍ പുരികമുയര്‍ത്തി.

“അതേ, പക്ഷേ അത് മുഴുവനായി നമ്മുടെ പേരിലാണ്. നിങ്ങളുടെ പ്രസംഗത്തിന്റെ സന്ദേശത്തെക്കുറിച്ച് എനിക്കെന്തു തോന്നുമെന്ന്നിനക്ക് മനസിലാവുമെന്ന് കരുതുന്നു,” ഷസ്റ്റെര്‍മാന്‍ മറുപടി നല്കി. ഒടുവില്‍രണ്ടുപേരുടെയും പ്രസംഗം ചേര്‍ക്കേണ്ടെന്ന് ഇരുവരും തീരുമാനത്തിലെത്തി.

“കാര്യങ്ങള്‍ അല്പമെങ്കിലും മെച്ചപ്പെട്ടാല്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കാനും സൌഹൃദം പുലര്‍ത്താനും എളുപ്പമാണ്,” ഷസ്റ്റെര്‍മാന്‍ പിന്നീട് പറഞ്ഞു.

പരിപാടിയുടെ ആദ്യവാരം ഇവിടെവന്നതിന് ശേഷം എല്ലാവരും ഒത്തൊരുമിച്ചാണ് ഷസ്റ്റെര്‍മാന്‍റെ ജന്‍മദിനം ആഘോഷിച്ചത്. പക്ഷേ 21-കാരിയായ നിസ്രീന്‍ സകൌത് ഇപ്പോള്‍ ഗാസയിലെ തന്റെ കുടുബത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. ചിലപ്പോള്‍ ഒരു ദിവസത്തിന് ശേഷമാണ് അവരോടു സംസാരിക്കാനാവുന്നത്.

“വീട്ടില്‍ പോകണമെന്ന് പരിപാടിയുടെ ആദ്യം തന്നെ ഞാനെന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു. ഈ സമയത്ത് ഗാസയില്‍ നിന്നും അകന്നിരിക്കുന്നത് ഏറെ ദുഷ്കരമാണ്. കാരണം നമ്മളൊന്നും അറിയുന്നില്ല.”

സകൌത്തിന്റെ വാക്കുകള്‍ രാഷ്ട്രീയ സാഹചര്യത്തിന് ഒരു മനുഷ്യമുഖം നല്കാന്‍ ഷസ്റ്റെര്‍മാനെ പ്രേരിപ്പിച്ചു.

“ഞങ്ങള്‍ പലസ്തീനിനെ ഒരു ഒറ്റ വസ്തുവായാണ് കാണുന്നത്. അതാണ് പ്രശ്നം. ഇപ്പോള്‍ ഗാസയില്‍ നിന്നുള്ള വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ നിസ്റീന്‍റെ കുടുംബത്തെ ഓര്‍ക്കും.”

പക്ഷേ അത് വിപരീതഫലമാണ് ഉണ്ടാക്കിയത്.

“ഞാനെന്റെ കുഞ്ഞനിയനെയാണ് ഓര്‍ക്കുന്നത്. നാല് പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ട അതേ കടല്‍തീരത്താണ് ഞങ്ങളെപ്പോഴും കളിച്ചുനടന്നത്.” രണ്ടാഴ്ച മുന്‍പ് സൌകത്ത് പറഞ്ഞു.“അത് സ്വയം പ്രതിരോധിക്കലായി കാണുന്ന ആളുകളുമായാണ് ഞാനിവിടെ സംസാരിക്കുന്നത്. നാട്ടില്‍ മരിക്കുന്ന എല്ലാവരെയുമാണ് ഞാന്‍ കാണുന്നത്, അതങ്ങിനെ വേണമെന്ന് കരുതുന്ന ആളുകളെ രാവിലെ 8 മണിക്ക് കാണണമെന്നും എനിക്കറിയാം. എനിക്കതിനാഗ്രഹമില്ല.”സൌകത്ത് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരം തര്‍ക്കങ്ങളുണ്ടാവാറുണ്ടെന്ന് NSL സ്ഥാപകാംഗം ജോയ്സ് ഷ്വാര്‍ട്സ് പറഞ്ഞു. എന്നാല്‍ 2009-ല്‍ ഈ പരിപാടി തുടങ്ങിയശേഷം സ്ഥിതി ഇത്രയും വഷളാകുന്നത് ഇതാദ്യമായാണ്.

ഈ പരിപാടിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സമാധാന പദ്ധതി ദൌത്യങ്ങള്‍ നടപ്പാക്കാന്‍ ഇവരെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തുനിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇരുപക്ഷത്തുമുള്ള ശക്തിയുടെ അസന്തുലിതാവസ്ഥ മൂലം ഇസ്രയേലി-പലസ്തീന്‍ സൌഹൃദം സാധ്യമല്ലെന്ന് വാദിക്കുന്ന ഒരു വിഭാഗം പലസ്തീന്‍ പ്രദേശത്തുണ്ട്.

ഇതിനോട് തത്വത്തില്‍ യോജിക്കുമ്പോള്‍ തന്നെയാണ് അബുഅയ്യാഷ് NSLന് അപേക്ഷ നല്കിയത്. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ അച്ഛന്റെ അടുത്തുചെന്നു.

“ഞങ്ങളതിനെക്കുറിച്ച് സംസാരിച്ചു. ഒരു നിഷ്പക്ഷ സ്ഥലത്ത് ഒരേ അവകാശങ്ങളും കടമകളുമുള്ളിടത്ത് രാഷ്ട്രീയം സംസാരിക്കാം.”

ആത്മപരിശോധനയും വെടിനിര്‍ത്തലും ആവശ്യപ്പെടുന്ന ഫെയ്സ്ബുക് പരാമര്‍ശങ്ങളെത്തുടര്‍ന്ന് തന്നെ ‘രാജ്യസ്നേഹമില്ലാത്തവള്‍’ എന്നാണ് പറയുന്നതെന്ന് ഷസ്റ്റെര്‍മാന്‍ പറഞ്ഞു.

അബു അയ്യാഷിനും ഷസ്റ്റര്‍മാനും പരസ്പരം മനസ്സിലാക്കാന്‍ ഏഴാഴ്ച അത്ര മതിയാകില്ലായിരിക്കും. പക്ഷേ ‘അപരനെ’ നേരിട്ടതും, തുടര്‍ന്നുള്ള ആത്മപരിശോധനയുമെല്ലാം തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വിപുലപ്പെടുത്താന്‍ സഹായിച്ചുവെന്ന് അവര്‍ പറയുന്നു.

“എനിക്കു തോന്നുന്നത് ഇതൊരു പുതിയ കഥയായിരിക്കണമെന്ന കാര്യം നാം മറക്കുന്നു എന്നാണ്. എന്റെ മുത്തച്ഛനേയോ, അച്ഛനേയോ പോലെയല്ല ഞാനിവിടെ നില്‍ക്കുന്നത്, ഞാന്‍ ഞാനായിട്ടാണ്,” ഷസ്റ്റര്‍മാന്‍ പറഞ്ഞു.

വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിയെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് അബുഅയ്യാഷിന് അറിയില്ല. പക്ഷേ, കൂടുതല്‍ വിശാലമായ ഒരു സംഘത്തിനൊപ്പം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാനായ അവസരത്തെ അവള്‍ വിലമതിക്കുന്നു.

“ഒരു വര്‍ഷം മുമ്പാണെങ്കില്‍ ഇവിടെ വരാന്‍ ഞാന്‍ ലജ്ജിച്ചേനെ. നിങ്ങളുടെ സുരക്ഷിതസ്ഥലത്തിന്‍റെ അന്ത്യത്തില്‍ വെച്ചാണ് ജീവിതം തുടങ്ങുന്നത് എന്നാണ് എന്‍റെ സിദ്ധാന്തം. ഞാന്‍ തീര്‍ച്ചയായും എന്റെ സുരക്ഷിതമായ ഇടത്തിലല്ല.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍