UPDATES

വിദേശം

ഈ യുദ്ധം ഏതെങ്കിലും വിശുദ്ധ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല

Avatar

ടീം അഴിമുഖം

ഗാസ-ജന നിബിഡമായ ഈ മുനമ്പ് ഇസ്രയേലിനാല്‍ വലയം ചെയ്യപ്പെട്ട ഏറെക്കുറെ പൂര്‍ണ്ണമായും പലസ്തീന്‍ ജനത അധിവസിക്കുന്ന പ്രദേശമാണ്. 2005ല്‍ ഏകപക്ഷീയമായി അവിടെ നിന്നും പിന്‍വാങ്ങുന്നതുവരെ ഗാസയില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നു. പിന്‍വാങ്ങിയെങ്കിലും ഗാസ ഇപ്പോഴും ഇസ്രയേല്‍ ഉപരോധത്തിന് കീഴിലാണ്.

പിന്‍മാറ്റത്തിന് ശേഷം ഗാസയില്‍ നിന്ന് ഇടവിട്ടുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങള്‍ ഇസ്രയേലിന്‍റെ രാഷ്ട്രീയ നിലപാടിനെ കര്‍ക്കശമാക്കുന്നുണ്ട്. ഏതൊരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന്‍റെ സ്ഥാപനവും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പ്രഭവ കേന്ദ്രമാകുമെന്നാണ് ഏറെക്കാലമായി ഇസ്രായേല്‍ വാദിച്ചു കൊണ്ടിരിക്കുന്നത്.  1967 വരെ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്നു ഗാസ, ‘ആറു ദിവസത്തെ യുദ്ധ’ത്തിലൂടെയാണ് ഇസ്രയേല്‍ വെസ്റ്റ് ബാങ്കുള്‍പ്പെടെ ഗാസയുടെ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലൊതുക്കുന്നത്. എങ്ങിനെയാണോ വെസ്റ്റ് ബാങ്കിനെ നിയന്ത്രിച്ചത് അതുപോലെ 2005 വരെ ഇസ്രയേലി സൈന്യം  ഗാസയിലെ തങ്ങളുടെ ആധിപത്യം തുടരുകയും ജൂത കുടിയേറ്റത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു. 2005ല്‍ അന്നത്തെ ഇസ്രയേല്‍  പ്രധാനമന്ത്രി ഏരിയല്‍ ഷാറോണ്‍ ആണ് ഇസ്രയേല്‍ സേനയേയും കുടിയേറ്റക്കാരെയും പ്രദേശത്ത് നിന്ന് പിന്‍വലിക്കുന്നത്.


ഗാസയുടെ ഭരണം നിലവില്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിനാണ്. ഇസ്രായേലിനെ പ്രതിരോധിക്കാന്‍1987 ല്‍ രൂപകൊണ്ട ഈ തീവ്ര വാദ സംഘടന അമേരിക്കയുടെ മധ്യസ്ഥതയില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയാധികാരം കരസ്ഥമാക്കുകയുണ്ടായി. ഗാസയുടെ രാഷ്ട്രീയാധികാരം ഹമാസിന്റെ കയ്യിലായതോടെ ചരക്ക് നീക്കം തടഞ്ഞുകൊണ്ട് ഗാസയിലേക്കുള്ള ഉപരോധം ഇസ്രായേല്‍ ശക്തമാക്കി.ഹമാസ് ഈ ചരക്കുകള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ സംഭരിക്കുന്നതിന് വേണ്ടി ഉപയോഗിക്കും എന്നതായിരുന്നു ഇസ്രായേലിന്‍റെ വാദം. ഉപരോധത്തിന്‍റെ കാഠിന്യം ചിലപ്പോഴൊക്കെ ലഘൂകരിക്കാറുണ്ടെങ്കിലും അടിസ്ഥാന ആവിശ്യങ്ങളായ ഇന്ധനം,മരുന്നുകള്‍, വൈദ്യുതി, ആഹാരം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പലസ്തീന്‍ ജനതയെ രൂക്ഷമായി ബാധിക്കുക തന്നെ ചെയ്തു.

ഹമാസും ഗാസയിലെ മറ്റ് തീവ്രവാദഗ്രൂപ്പുകളും ഈ മുനമ്പില്‍ നിന്ന് ആയിരത്തോളം റോക്കറ്റ് ആക്രമണങ്ങളാണ് ഇസ്രയേലിനു നേരെ നടത്തിയത്. ഇസ്രയേല്‍, അനങ്ങാതിരിക്കുകയായിരുന്നില്ല. അവര്‍ ഈ കാലത്തിനിടയക്ക് നിരവധി തവണ സൈനികാക്രമണം ഗാസയില്‍ നടത്തിക്കഴിഞ്ഞു. 2008 ല്‍ തുടര്‍ച്ചയായുള്ള വ്യോമാക്രമണവും തുടര്‍ന്ന് കരയുദ്ധവും ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2012ലും ഇസ്രയേല്‍ സൈന്യം ഗാസയ്ക്കു മേല്‍ ശക്തമായ ആകാശയുദ്ധം അഴിച്ചുവിട്ടിരുന്നു.

ഇസ്രയേലിന്റെയും വെസ്റ്റ്ബാങ്കിന്റെയും അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പട്ടണമാണ് ജറുസലേം. ഇസ്ലാം മതത്തിനും ജൂത മതത്തിനും ഏറെ പവിത്രമായ പ്രദേശം കൂടിയാണ് ജറുസലേം. അതിനാല്‍ തന്നെ പലസ്തീനും ഇസ്രയേലും ഈ പട്ടണം തങ്ങളുടെ തലസ്ഥനമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ പട്ടണത്തിന്റെ വിഭജനം എന്ന ആവശ്യം ഇന്നും ഒരു മൗലികപ്രശ്‌നമായി അവശേഷിക്കുന്നു. 


ഇസ്രയേല്‍ അധിനിവേശത്തിന്റെ ആദ്യ ഇരുപതാണ്ടുകളില്‍ ജറുസലേം വിഭജിക്കപ്പെട്ട പട്ടണമായിരുന്നു. ജറുസലേം പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍ ഇസ്രയേലിന്റെ കീഴില്‍ വന്നപ്പോള്‍, കിഴക്കന്‍ ജറുസലേമിന്റെ നിയന്ത്രണം ജോര്‍ദ്ദാനായിരുന്നു. ജോര്‍ദാന്‍റെ നിയന്ത്രണത്തിലുള്ള ടെമ്പിള്‍ മൗണ്ട് ജൂത മതക്കാരുടെ വിശുദ്ധ ഭൂമിയാണ്. കൂടാതെ ജൂതരുടെ പുരാതന ആരാധനാലയവുമായി ചേര്‍ന്ന് കിടക്കുന്ന വെസ്റ്റേണ്‍ വാള്‍, ഇസ്ലാം മതവിശ്വാസികളുടെ പ്രധാനപ്പെട്ട അടയാളമെന്ന് വിശേഷിപ്പിക്കുന്ന അല്‍-അക്‌സ പള്ളിയും, ഡോം ഓഫ് ദി റോക്കും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളും ജോര്‍ദ്ദാന്‍ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. ജൂതന്മാരെ ഇവിടെ പ്രാര്‍ഥനയ്ക്ക് പ്രവേശിപ്പിക്കാന്‍പോലും ജോര്‍ദ്ദാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ 1967ല്‍ ഇസ്രയേലിന്റെ യുദ്ധനീക്കത്തിലൂടെ  കിഴക്കന്‍ ജറുസലേമിലും അവര്‍ ആധിപത്യം സ്ഥാപിച്ചെടുത്തു.

അവിഭക്ത ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായാണ് ഇസ്രയേല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്ക അടക്കം ഇസ്രയേലിന്റെ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഇസ്രയേലിന്റെ കിഴക്കന്‍ ജറുസലേം അധിനിവശത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം ആയിട്ടാണ് വിലയിരുത്തുന്നത്. ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ അനുരഞ്ജനത്തിന്റെ പോംവഴിയാണ് ഐക്യരാഷ്ട്ര സഭ തേടുന്നത്.

എന്നാല്‍ ഇവിടെ എന്ത് അനുരഞ്ജനമാണ് സാധ്യമാകുക എന്നതില്‍ ആര്‍ക്കും ഉറപ്പില്ല. ഏതെങ്കിലും വിശുദ്ധ മേഖലകളുടെ മേലുള്ള അവകാശം സംരക്ഷിക്കാനുള്ള ഇസ്രയേല്‍-പലസ്തീന്‍ ശ്രമങ്ങള്‍ മാത്രമല്ല  ഇവിടെ വിഷയം. ജറുസലേമിലും ചുറ്റുമായി വലിയവിഭാഗം ജൂത ജനത അധിവസിക്കുന്നു എന്നുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ പട്ടണത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കൈയടക്കിയിരിക്കുന്നത് ഇസ്രയേലികള്‍ തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍