UPDATES

വിദേശം

അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം

Avatar

സുദര്‍ശന്‍ രാഘവന്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഈ മാസത്തെ മൊബൈല്‍ ബില്ല് വാണം പോലെ കുതിച്ചുയരും. എന്നിട്ടും ടെലിവിഷനില്‍ ഓരോ ബ്രേക്കിംഗ് ന്യൂസ് വരുമ്പോഴും സാമി ഷാത്ത് ഗാസയിലുള്ള സഹോദരനേയും സഹോദരിയെയും വിളിക്കുന്നു, അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍.

അവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തോന്നുന്ന അശ്വാസം പക്ഷെ കുറ്റബോധം കൊണ്ടും നിസ്സഹായത കൊണ്ടും അതിവേഗം അസ്തമിക്കുന്നു.

‘എന്റെ കുടുംബം മുഴുവന്‍ ഗാസയിലാണ്, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്കാവുന്നില്ല,’ തന്റെ നാലു നില വീടിന്റെ മനോഹരമായ പൂന്തോട്ടത്തിലെ കസേരയില്‍ ഇരുന്ന് അറബ് ഭാഷ പ്രൊഫസറായ 52കാരന്‍ സാത്ത് വിലപിക്കുന്നു. 

ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന സഞ്ചാരത്തിനുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിമിത്തം കഴിഞ്ഞ 15 വര്‍ഷമായി, ഏകദേശം 50 മൈല്‍ മാത്രം അകലെയുള്ള ഗാസയിലെ ബന്ധുക്കളെ കാണാന്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ പതിനായിരക്കണക്കിന് പലസ്തീനികള്‍ക്ക് സാധിക്കുന്നില്ല. ഭൂമിശാസ്ത്രപരം എന്നതിനേക്കാള്‍ വൈകാരികമായ അതിര്‍ത്തികളാണ് അവരെ വേര്‍പ്പെടുത്തുന്നത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് നാല് ആഴ്ച പിന്നിടുമ്പോള്‍, പലര്‍ക്കും ഇനിയും നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലാത്ത ഗാസയിലെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനുള്ള വിഫല ശ്രമത്തിലാണ് തങ്ങളെന്ന് വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ ആത്മകഥനം ചെയ്യുന്നു. അവരുടെ ജീവിതം ഗാസയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിംഗുകളിലേക്കും ട്വീറ്റുകളിലേക്കും വാര്‍ത്ത പ്രക്ഷേപണങ്ങളിലേക്കും സര്‍വോപരി പരക്കുന്ന ഊഹാപോഹങ്ങളിലേക്കും ചുരുങ്ങുന്നു. അങ്ങനെ ഓരോ ദിവസം കഴിയുന്തോറും വൈകാരികതയുടെ അളവ് വര്‍ദ്ധിക്കുന്നു.

‘ഏത് നിമിഷവും കൊല്ലപ്പെടാം എന്ന് മനുഷ്യര്‍ ഭയക്കുന്നു,’  ചെറിയ ശരീരവും വലിയ ശബ്ദവും ചാരനിറമാര്‍ന്ന മീശയും നരകയറുന്ന തലയുമുള്ള സാത്ത് പറയുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ ആകുലപ്പെടുത്തിക്കൊണ്ടിരുന്ന ആ സന്ദേശം എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ വീട്ടില്‍ ഇസ്രായേലിന്‍റെ ബോംബ് പതിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് കെയ്‌റോ ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ 25 കാരനായ അര്‍ദ്ധ സഹോദരന്‍ മുഹമ്മദ് അന്തരിച്ചു. വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ട ആ ആക്രമണത്തില്‍ മുഹമ്മദിന്റെ മൂന്ന് സഹോദരന്മാര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമായി തുറന്ന് കൊടുക്കുന്ന റാഫ അതിര്‍ത്തിയിലൂടെ പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുഹമ്മദിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. മുഹമ്മദും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ചെറിയ പയ്യന്മാരായിരുന്ന സമയത്താണ് സാത്ത് അവരെ അവസാനമായി കണ്ടത്; ഫോണില്‍ കൂടിയുള്ള ശബ്ദം മാത്രമാണ് പതിനഞ്ചുകാരനായ നാലാമനുമായി സാത്തിനുള്ള ബന്ധം.

‘ഒരു തെരുവില്‍ അവര്‍ എനിക്കെതിരെ നടന്നു വന്നിരുന്നെങ്കില്‍ ഞാന്‍ അവരെ തിരിച്ചറിയുമായിരുന്നില്ല,’ മങ്ങിയ ഒരു ചിരിയോടെ സാത്ത് പറയുന്നു. 

മറ്റൊരു മൊബൈല്‍ സന്ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ് സാത്ത്. മുഹമ്മദിന്റെ ശവമടക്കിന്റെ സമയം അറിഞ്ഞാല്‍ അയാള്‍ക്ക് ആ സമയത്ത് ദുഃഖമാചരിക്കാനാവും.  

ഇസ്രായേല്‍ അധിനിവേശത്തിനും ആവാസ വ്യാപനത്തിനും എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് 2000ല്‍ രണ്ടാം പലസ്തീന്‍ ഇന്‍തിഫാദ അഥവാ ഉയിര്‍പ്പ് ആരംഭിച്ചത്. ഇപ്പോള്‍ ആരോഗ്യ ശുശ്രൂഷ പോലെയുള്ള അടിയന്തിര മനുഷ്യാവകാശ സാഹചര്യങ്ങളില്‍ അല്ലാതെ പലസ്തീനികള്‍ക്ക് ഗാസയുടെ അതിര്‍ത്തികള്‍ കടക്കാനാകാത്ത വിധത്തില്‍ അതിന്റെ എല്ലാ അതിര്‍ത്തികളും സമുദ്ര, വ്യോമ ഇടങ്ങളും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന്, 2008ല്‍ അച്ഛന്‍ മരിച്ചപ്പോള്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാത്തിന് അനുവാദം ലഭിച്ചില്ല.

2000-ലെ മഞ്ഞുവീഴ്ചക്കാലത്ത് ഒരു നിര്‍മ്മാണ പദ്ധതിയില്‍ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് അഹമ്മദ് ഒബൈദ് എന്ന 58കാരന്‍ കുടുംബത്തോടൊപ്പം ഗാസയില്‍ നിന്നും റാമള്ളയില്‍ എത്തിയത്. 2003ല്‍ രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനുള്ള ഒരു അപൂര്‍വ യാത്രാനുമതി ഇസ്രായേലില്‍ നിന്നും ഒബൈദിന് ലഭിച്ചു. പിന്നീടൊരിക്കലും അത്തരത്തില്‍ ഒന്ന് അദ്ദേഹത്തെ തേടിയെത്തിയില്ല. 

ഇപ്പോള്‍ ഗാസയിലുള്ള തന്റെ അസംഖ്യം ബന്ധുക്കളെ സഹായിക്കാനുള്ള വഴി തേടുകയാണ് അദ്ദേഹം. ഫമാസിന് സാമ്പത്തിക സഹായം ലഭിച്ചേക്കുമെന്ന ഭയത്താല്‍ പണം കൈമാറ്റം ചെയ്യുന്നത് ഇസ്രായേലും വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ സര്‍ക്കാരും നിരോധിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് പണം അയയ്ക്കാന്‍ സാധിക്കില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള സുഹൃത്തുക്കളെക്കൊണ്ട് പണം അയപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം. 

ബെസ്റ്റ് ഓഫ് അഴിമുഖം

കബറടക്കാനാകാതെ ഗാസ
ഞങ്ങള്‍ എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ഗാസക്കാര്‍ ചോദിയ്ക്കുന്നു
തോല്‍ക്കാന്‍ പോലും അവസരമില്ലാത്ത ഗാസയിലെ യുവത്വം
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം
ഗാസ നമ്മുടെ മൌനമാണ്

എന്നാല്‍, അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവര്‍ ഗാസയിലെമ്പാടുമായി ചിതറിപ്പോയിരിക്കുന്നു. ‘ ഒരാളെ കണ്ടെത്താനായാല്‍ അയാളിലൂടെ മറ്റുള്ളവര്‍ അതിജീവിക്കുകയും അങ്ങനെ കുടുംബത്തിന്റെ വേരുകള്‍ നിലനില്‍ക്കുകയും ചെയ്യും,’ തന്റെ വീടിന്റെ മൊസേക്ക് പാകിയ മനോഹരമായ നടുമുറ്റത്തിരുന്ന് ഒബൈദ് പറയുന്നു. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഗാസയിലെ തന്റെ അര്‍ദ്ധസഹോദരനുമായി ഫേസ്ബുക്ക് വഴി ബന്ധം നിലനിറുത്തുന്ന ഒബൈദിന്റെ 20കാരനായ മകന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ഖാന്‍ യൂനിസിലുള്ള തന്റെ രണ്ട് സഹോദരിമാരെ കുറിച്ചുള്ള ആശങ്കയിലാണ് റാമള്ളയില്‍ തന്നെയുള്ള 65കാരനായ അബ്ദുള്‍ കരീം കാഷാന്‍. ഒരാള്‍ യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം തേടിയിട്ടുണ്ട്. മറ്റേയാള്‍ ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച പ്രസവിച്ച തന്റെ മകള്‍ക്ക് കൂട്ടിരിക്കുന്നു. പ്രദേശത്തെയാകെ ഇസ്രായേല്‍ ബോംബാക്രമണങ്ങള്‍ പ്രകമ്പനം കൊള്ളിക്കുകയാണ്. 

രണ്ട് സഹോദരിമാര്‍ക്കും ഗാസയില്‍ ചിതറിപ്പോയ മറ്റ് ബന്ധുക്കള്‍ക്കും ഇടയിലുള്ള പാലമാണ് കാഷാന്‍. ഇരു സഹോദരിമാരുടെയും സെല്‍ഫോണിലെ പൈസ തീര്‍ന്നതിനാല്‍ മറ്റ് കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കാഷാന്‍ അവര്‍ക്ക് കൈമാറുന്നു. അടുത്ത സമയത്ത് തന്റെ സഹോദരിമാരോട് അദ്ദേഹത്തിന് ഒരു ദുരന്ത വാര്‍ത്ത പറയേണ്ടി വന്നു: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തന്റെ ഒരു ബന്ധു കോമയിലായെന്നും അദ്ദേഹത്തിന്റെ 13കാരനായ മകന്‍ കൊല്ലപ്പെട്ടുവെന്നും.

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് കാഷാന്‍. അതിനെ കുറിച്ച് സഹോദരിമാരോട് പറയുമ്പോള്‍, ‘അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും’ എന്ന് അദ്ദേഹം ആശിക്കുന്നു. 

ഗാസയിലെ തന്റെ സഹോദരന്മാരെയും സഹോദരിമാരെയും വിളിക്കുമ്പോള്‍ അവര്‍ ഫോണ്‍ എടുക്കണമേയെന്നാണ് സാത്ത് പ്രാര്‍ത്ഥിക്കുന്നത്. അവര്‍ ഫോണ്‍ എടുക്കമ്പോള്‍, സംഭാഷണം കൊച്ചുവര്‍ത്തമാനങ്ങളിലേക്ക് തിരിച്ചുവിടുകയും അങ്ങനെ യുദ്ധപൂര്‍വാവസ്ഥയില്‍ തങ്ങള്‍ ജീവിച്ചിരുന്ന നിമിഷങ്ങളിലേക്ക് സഞ്ചരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

‘എന്നെ വിഷമിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല,’ സാത്ത് പറഞ്ഞു. ‘അന്തരീക്ഷം മാറ്റാന്‍, തങ്ങളുടെ സഹനത്തിന്റെ താളം എന്നെ അറിയിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു.’

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുത്രന്‍ മജീദ് ഹൈസ്‌കൂള്‍ പരീക്ഷ പാസായോ എന്നവര്‍ ചോദിച്ചു. അവന്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായി എന്ന് സാത്ത് മറുപടി പറഞ്ഞു. അവന് നീ ചിലവ് ചെയ്‌തോ, അവര്‍ ചോദിച്ചു?

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ സാത്തിന്റെ കുറ്റബോധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം അവസാനിച്ച വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സായംകാലങ്ങളില്‍ നടത്താറുള്ള ആര്‍ഭാടകരമായ വിരുന്നുകള്‍ക്ക് അദ്ദേഹം ഇപ്പോള്‍ സുഹൃത്തുക്കളെ ക്ഷണിക്കാറില്ല. അദ്ദേഹത്തിന്റെ കുടുംബം ഈദ്-ഉല്‍-ഫിത്തര്‍ ആഘോഷിച്ചതുമില്ല. മജീദിന് അവര്‍ ചിലവ് ചെയ്തതുമില്ല. ‘ഗാസയിലുള്ള ഞങ്ങളുടെ കുടുംബത്തോടുള്ള ബഹുമാനം കൊണ്ട്,’ തന്റെ കുടുംബം സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്ന് സാത്ത് പറഞ്ഞു. 

‘ഞാന്‍ എന്നെ തന്നെ വെറുക്കുന്നു,’ തന്റെ മനോഹരമായ വീടിനെ നോക്കി സാത്ത് തുടര്‍ന്നു. ‘എനിക്ക് ആവശ്യമുള്ള മുഴുവന്‍ ഭക്ഷണവും എന്റെ വീട്ടില്‍ ലഭിക്കുമ്പോള്‍ അവര്‍ അവിടെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പോരാടുകയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍