UPDATES

വായന/സംസ്കാരം

ഗോള്‍ഡന്‍ ലോട്ടസ് ഒരു രതിജന്യ നോവല്‍ മാത്രമല്ല; ചൈനയിലെ വിലക്കപ്പെട്ട പുസ്തകത്തെക്കുറിച്ച്

Avatar

ലു ക്യാന്‍വെന്‍
(ഗ്ലോബല്‍ ടൈംസ്)

ചൈനയിലെ കാലാതിവര്‍ത്തിയായ രതിജന്യ നോവലിനെക്കുറിച്ച് ഗെ ഫെയ്യുടെ പുതിയ പുസ്തകം. ലൈംഗികതയുടെ അതിപ്രസരമാരോപിച്ച് മിങ് ഭരണകാലത്തെ (1368-1644) രതിജന്യ നോവലായ ‘ഗോള്‍ഡന്‍ ലോട്ടസ്’ (സുവര്‍ണ കമലം) പൂര്‍ണരൂപത്തില്‍ ഇതുവരെയും ചൈനയില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷേ, ചൈനയുടെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ പേരും ഉയര്‍ന്നുവരും.

നോവലിന്റെ കഥയും, ചിഹ്നശാസ്ത്രം അഥവാ സങ്കേത സൂചനകളും വിഷയമാക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്. അടുത്തകാലത്ത് ഇത്തരം വിമര്‍ശന പഠനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന സാഹിത്യപണ്ഡിതര്‍ ഇവയെ ‘സുവര്‍ണ പഠനശാഖ’എന്നു വിശേഷിപ്പിക്കുന്നതിലേക്ക് നയിച്ചു. മറ്റൊരു പഴയ പ്രധാനകൃതിയായ Dream of Red Mansions-നെക്കുറിച്ചുള്ള പഠനങ്ങളെ ‘ചുവപ്പ് പഠനം’ എന്നു വിശേഷിപ്പിച്ചതുപോലെ.

‘സുവര്‍ണ കമല’ത്തിന്റെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ ശ്രമിക്കുന്ന പുതിയ ശ്രമം ഈ വര്‍ഷത്തെ ലൂ ക്‌സുന്‍ സാഹിത്യ പുരസ്‌കാരം നേടിയ പ്രസിദ്ധനായ എഴുത്തുകാരന്‍ ഗെ ഫെയ് രചിച്ച Hidden Egret behind Snow എന്ന പുസ്തകമാണ്. നോവലിനെ അപഗ്രഥിക്കാന്‍ ഗെ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ഏറെ ശ്രദ്ധേയമാണ്. ‘ലോട്ടസ്’ വെറുമൊരു രതിജന്യ പുസ്തകമല്ല എന്നു വിശദമാക്കാന്‍ ഗെ അതിനെ സാമ്പത്തികവും,ധാര്‍മികവും, തത്ത്വചിന്താപരവുമൊക്കെയായ വിവിധ കോണുകളില്‍നിന്ന് നോക്കിക്കാണുന്നു.

ഭൂതകാലത്തിലേക്കുള്ള ജാലകം
കഴിഞ്ഞ രണ്ടു ദശാബ്ദമായി ‘ലോട്ടസ്’ നിരന്തരമായി പഠനവിഷയമാക്കിയതിന്റെ ഫലങ്ങള്‍ ഗെയുടെ പുസ്തകത്തിലടങ്ങിയിരിക്കുന്നു. ‘ഡ്രീം ഓഫ് ദി റെഡ് ചേമ്പറി’നെക്കാള്‍ (ചൈനയിലെ എക്കാലത്തെയും മഹത്തായ പഴയ 4 കൃതികളിലൊന്നായി കണക്കാക്കുന്ന പുസ്തകം) മികച്ചതാണ് ‘ലോട്ടസ്’ എന്ന ഒരു നിരീക്ഷണത്തില്‍ അല്‍പം അസ്വസ്ഥത തോന്നിയാണ് 1990കളില്‍ ഗെ ഈ ‘വിലക്കപ്പെട്ട’ പുസ്തകത്തെ സമീപിക്കാന്‍ തുടങ്ങിയത്.

‘ഡ്രീം ഓഫ് ദി റെഡ് ചേമ്പറി’ന്‍റെ ആരാധകനായിരുന്ന ഗെ ആ പ്രസ്താവനയെ അത്ര പെട്ടെന്ന് മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല. എന്നാലിപ്പോള്‍ ഏറെ വര്‍ഷങ്ങളിലെ പഠനത്തിനുശേഷം രണ്ടു പുസ്തകങ്ങളും ഒരുപോലെ മികച്ചതാണെന്നും ചില മേഖലകളില്‍ ‘ലോട്ടസ്’ അല്‍പം മുന്നിട്ടുനില്‍ക്കുന്നു എന്നുവരെ ഗെ പറയുന്നു. മിങ് കാലത്തെ ആദ്യ നോവലായ ‘ലോട്ടസ്’, ‘ഡ്രീമി’നെ സ്വാധീനിച്ചിട്ടുണ്ട് എന്ന അഭിപ്രായത്തെ ഈ നിരീക്ഷണം സാധൂകരിക്കുന്നു.

ഡ്രീമിനേക്കാള്‍ 200 കൊല്ലം മുമ്പ് എഴുതിയ ‘ലോട്ടസ്’ കൂടുതല്‍ പ്രസക്തമാകുന്നത് അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ ചിത്രീകരണത്തിലാണ്. നോവലിലെ സ്വാഭാവികമായ രചനാരീതിയെ ഗെ എടുത്തുകാണിക്കുന്നു. Water Margin, Dream എന്നീ നോവലുകളില്‍നിന്നും വ്യത്യസ്തമായ ഈ രചനാരീതി പില്‍ക്കാല തലമുറക്ക് , മിങ് കാലത്തേക്കുള്ള ഒരു സാഹിത്യ ജാലകമായി ഈ പുസ്തകത്തെ മാറ്റുന്നുണ്ട്.

പിന്നീടുണ്ടായ സാഹിത്യകൃതികള്‍ക്ക് ഈ സ്വാഭാവിക എഴുത്തുരീതി പിന്തുടരാന്‍ കഴിയാഞ്ഞതും ഈ കൃതിയെ ഇന്നത്തെ ഗവേഷകരുടെ അമൂല്യനിധിയാക്കി മാറ്റി.

സദാചാര ആപേക്ഷികത
പുസ്തകത്തിലെ രതിരംഗങ്ങളുടെ അപഖ്യാതിയോടൊപ്പം നില്‍ക്കുന്നു അതിലെ കഥാപാത്രങ്ങളുടെ കുപ്രസിദ്ധിയും. നോവലില്‍ മൂല്യബോധമുള്ള ഒരൊറ്റെ നല്ല മനുഷ്യനും ഇല്ലെന്നു ശരിക്കും തോന്നാം. നോവലിന്റെ പ്രതിനിധാന കഥാപാത്രങ്ങളായ ക്‌സിമെന്‍ ക്വിങ്ങും, പാന്‍ ജീന്‍ലിയാനും സദാചാരഭ്രംശം വന്ന ദുര്‍മാര്‍ഗികളാണ്. എന്നാല്‍, ഗെയുടെ ഭൂതക്കാണ്ണാടിയില്‍ ഈ കഥാപാത്രങ്ങളെക്കുറിച്ച് വിധി കല്‍പ്പിക്കുക കൂടുതല്‍ ദുഷ്‌കരമാകുന്നു. നിരവധി വായനക്കാര്‍ ഏറെക്കാലമായി ഇവരെ തിന്മയുടെ പ്രതീകമായി കാണുമെങ്കിലും അത്തരം വിഭജനം സാധ്യമല്ലെന്ന് ഗെയുടെ പുസ്തകം പറയുന്നു.

ചൈനയുടെ എക്കാലത്തെയും വ്യഭിചാരിണി പ്രതീകമായ പാന്‍ ജീന്‍ലിയാന്റെ ചിത്രീകരണം നോക്കുക. കാലങ്ങള്‍ക്കൊണ്ട് സുവര്‍ണപഠനം ഇവരോട് ഒരു നിഷ്പക്ഷ സമീപനം കൈക്കൊള്ളുന്നുണ്ട്. അവര്‍ വെറുമൊരു ‘അഴിഞ്ഞാടി പെണ്ണല്ല’ എന്ന രീതിയില്‍. പാനിന്റെ പല പ്രവര്‍ത്തികളും അത്ര സദാചാരപരമല്ലെന്ന് തോന്നുമെങ്കിലും, അവര്‍ തീര്‍ത്തൂം തുറന്ന മനസ്സുള്ള ഒരു കഥാപാത്രമാണെന്നും അവര്‍ വരുന്നതോടെ ലോട്ടസിന്റെ അജ്ഞാത കര്‍ത്താവിന്റെ രചനാശൈലി കൂടുതല്‍ ജീവവത്താകുന്നു എന്നു ചൂണ്ടിക്കാണിക്കുന്നു.

ഒരഭിമുഖത്തില്‍ ഗെ പറഞ്ഞത് പാന്‍ ഒരു സങ്കീര്‍ണ കഥാപാത്രമാണ്. രചയിതാവ് തന്റെ ചിന്തകള്‍ ഒരു വലിയളവോളം ഈ കഥാപാത്രത്തിലേക്ക് പകര്‍ന്നിട്ടുണ്ട് എന്നാണ്. ലോകത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ മൂല്യബോധത്തെയും തത്വചിന്തയേയുമാണ് ഈ കഥാപാത്രങ്ങള്‍പ്രതിനിധീകരിക്കുന്നത്. ലോട്ടസ് പഠനങ്ങള്‍ മുമ്പ് ചെയ്തപോലെ രചയിതാവ് ആരെന്ന അന്വേഷണത്തില്‍ ഗെ മുഴുകുന്നില്ല. മറിച്ച് നോവലിലൂടെ അന്നത്തെ സംസ്‌കാരത്തിനെയും, കാലത്തെയും കുറിച്ചുള്ള ഒരു ആപേക്ഷിക പഠനത്തിനാണ് ഗെ മുതിരുന്നത്.

കിഴക്കും പടിഞ്ഞാറുമായി താരതമ്യം
രതിജന്യ നോവലുകളുടെ പേരില്‍ അറിയപ്പെട്ട ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായ മാര്‍ക്വിസ് ദേ സദേയുടെ (1740-1814) രചനകളുമായി ഈ നോവലിന് ഏറെ സാമ്യമുണ്ടെന്നു ഗെ കണ്ടെത്തി. ഫ്രഞ്ച് വിപ്ലവകാലത്തെ കലുഷിതമായ നാളുകളില്‍ ജീവിച്ച ഫ്രഞ്ച് എഴുത്തുകാരന്‍ അന്നത്തെ സദാചാര മൂല്യങ്ങള്‍ക്കെതിരായ ഒരു വിമര്‍ശമായാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. പലതരത്തിലും ലോട്ടസിലെ ക്‌സിമെന്‍ ക്വിങ്ങുമായി സാമ്യമുള്ള കഥാപാത്രങ്ങള്‍ ഫ്രഞ്ച് നോവലിലുണ്ട്. പാന്‍ ജീലാന്‍സിന്റെ ഭര്‍ത്താവിനെ വധിച്ചു അവളെ തന്റെ ഭാര്യമാരിലൊരാളാക്കിയ വ്യാപാരി ഉദാഹരണമാണ്.

പടിഞ്ഞാറന്‍ നാടുകളിലും ചൈനയിലും 17ആം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന സദാചാര ആപേക്ഷികതയെക്കുറിച്ചുള്ള തത്വചിന്തയും, മതചിന്തയും ഈ പശ്ചാത്തലത്തില്‍ പരിശോധിക്കാനും ഗെ ശ്രമിക്കുന്നുണ്ട്. നീഷേയെപ്പോലുള്ള പടിഞ്ഞാറന്‍ തത്വചിന്തകരുടെ കൃതികളിലൂടെ കടന്നുപോകുന്ന ഗെ 18ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം പോലുള്ള വലിയ മാറ്റങ്ങളും, പടിഞ്ഞാറന്‍ തത്വചിന്തയും അടിസ്ഥാനമാക്കിയത് ക്രിസ്ത്യന്‍ വിരുദ്ധതയ്ക്കും, സദാചാര വിരുദ്ധതയ്ക്കും ഇടയാക്കിയ പ്രകൃതിയെ കുറിച്ചുള്ള കണ്ടുപിടുത്തങ്ങളാണ്.

സമാനമായ സംഭവം ചൈനയില്‍ മിങ് ഭരണകാലത്ത് ജനങ്ങളുടെ ആശയങ്ങളെ ഏറെ സ്വാധീനിച്ച വാങ് യാങ് മിങ് (1472-1529) ഇത്തരമൊരു ചിന്തകനാണ്. ‘മനുഷ്യ പ്രകൃതി’യിലുള്ള ഊന്നിപ്പറച്ചില്‍ വാങ്ങിന്റെ തത്വചിന്തയുടെ ഒരു പ്രധാന ഭാഗമായിരുന്നു. ഇതാണ് ലോട്ടസിലും പ്രതിഫലിക്കുന്നതെന്നാണ് ഗെയുടെ വാദം. മനുഷ്യപ്രകൃതിയുടെ ഏറ്റവും വൃത്തികെട്ട വശങ്ങളടക്കം കാണിക്കുന്ന ചിത്രീകരണം. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ഇതിനെ പ്രസക്തമായ കൃതിയുമാക്കുന്നു. കാലം മാറുമ്പോള്‍ സംസ്‌കാരവും സമൂഹവും മാറിയെങ്കിലും, മനുഷ്യരുടെ അടിസ്ഥാന പ്രകൃതി മാറിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍