UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരവങ്ങളില്‍ നിന്ന് ഗീത വി മേനോന് വിശ്രമമില്ല

Avatar

അഭിമന്യു

ഒരുകൂട്ടം കുട്ടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഗീത മേനോനെ കാണുന്നത്. നീല ജേഴ്‌സിയണിഞ്ഞ കുട്ടികള്‍ക്ക് കളിയുടെ പാഠങ്ങള്‍ പറഞ്ഞു നല്‍കിയും കൂടെ കളിച്ചും ഗീത തിരക്കിലാണ്. കാണാനെത്തുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നതിനാല്‍ കുട്ടിക്കൂട്ടത്തെ തത്ക്കാലം അവരുടെ വഴിക്ക് വിട്ട് ഗീത വിശേഷങ്ങള്‍ പറയാനെത്തി. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സില്‍ ഇന്റര്‍നാഷണല്‍ താരം, അത്‌ലറ്റ്, ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ഗീതയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. മാസ്‌റ്റേഴ്‌സ് മത്സരങ്ങളിലും ബാസ്‌ക്കറ്റ് ബോളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയും ഗീത തിരക്കിലാണിപ്പോള്‍.

സ്‌കൂള്‍ തലം മുതല്‍ കായിക താരം

കുട്ടിക്കാലം മുതല്‍ കായിക രംഗത്ത് സജീവമാണ് ഗീത വി. മേനോന്‍. 1985-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ ലോംങ്ജംപ് മത്സരത്തില്‍ ഒന്നാമതെത്തിയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എറണാകുളം ഫാക്റ്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അന്ന്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഫെഡറേഷന്‍ കപ്പ് വനിതകളുടെ ബാസ്‌ക്കറ്റ്‌ബോളില്‍ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഫാക്റ്റ് ടീമിനെ വിജയികളാക്കിയതും ഗീത തന്നെ. റെയില്‍വേസിലെ തകര്‍ത്ത് കപ്പ് ഉയര്‍ത്തിയ ടീമില്‍ ഗസ്റ്റ് പ്ലേയറായി ടീമിലെത്തിയാണ് കൗമാരക്കാരിയായ ഗീത വിജയം നേടിയത്. ഗീത അത്‌ലറ്റിക്‌സില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഫാക്റ്റില്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം തുടങ്ങിയത്. ഫാക്റ്റ് സ്‌കൂളിലെ പിടി ടീച്ചര്‍ ഗീതയെ അത്‌ലറ്റിക്‌സില്‍ നിന്ന് ബാസ്‌ക്കറ്റ് ബോളിലേക്ക് തിരിച്ചു വിട്ടു. നല്ല ഉയരവും കളിമികവുമുള്ള ഗീത ഗസ്റ്റ് പ്ലേയറായാണ് ഫെഡറേഷന്‍ കപ്പിനുള്ള ടീമില്‍ എത്തുന്നത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഗീതയായിരുന്നു.

1985-ല്‍ ഫെഡറേഷന്‍ കപ്പില്‍ ഫാക്റ്റ് ടീം ജേതാക്കളായതോടെ ഗീത ബാസ്‌ക്കറ്റ് ബോളിനെ കൈവിട്ടില്ല. ബാസ്‌ക്കറ്റ് ബോള്‍ ഗീതയെയും. ജിവി രാജ സ്‌കൂളില്‍ നടന്ന സമ്മര്‍ ക്യാംപിലും പങ്കെടുത്തതോടെ ബാസ്‌ക്കറ്റ് ബോള്‍ ഗീതയുടെ കൈപ്പിടിയില്‍ ഒതുങ്ങി. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ ബാസ്‌ക്കറ്റ് ബോളില്‍ സജീവമായി. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലാണ് പഠനം തുടര്‍ന്നത്. അവിടെയും ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ പ്രധാന അംഗമായിരുന്നു. അക്കാലത്ത് യൂനിവേഴ്‌സിറ്റി മീറ്റില്‍ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍മാരായിരുന്നു ആലുവ സെന്റ് സേവ്യേഴ്‌സ് ടീം. ഇന്റര്‍ യൂനിവേഴ്‌സിറ്റി മീറ്റിലും പല തവണ കോളെജ് ടീം വിജയികളായിരുന്നു. കോച്ചുമാരായിരുന്ന പോള്‍, ജോണി എന്നിവരില്‍ നിന്ന് നല്ല പരിശീലനവും പിന്തുണയും ലഭിച്ചു. ജൂനിയര്‍ ഇന്ത്യ ടീമിലും അക്കാലത്ത് കളിച്ചു. കേരളത്തിന്റെ ബാസ്‌ക്കറ്റ് ബോള്‍ ടീം ജൂനിയര്‍ തലത്തില്‍ വിജയികളായപ്പോള്‍ ഗീതയും ടീമില്‍ അംഗമായിരുന്നു. 1986-88 കാലഘട്ടത്തിലായിരുന്നു ഇതെല്ലാം. ഇന്ത്യന്‍ ടീമിനു വേണ്ടി സിംഗപ്പൂരില്‍ പോയി കളിച്ചിട്ടുണ്ട് ഇക്കാലത്ത് ഗീത. 1988-ലാണ് ഗീത ഫാക്റ്റില്‍ ചേരുന്നത്. തൃപ്പുണിത്തുറ സ്വദേശിയായ അച്ഛന്‍ കെ.ടി. വേലായുധമേനോന്‍ ഫാക്റ്റിലെ ജീവനക്കാരനായതില്‍ വളര്‍ന്നതെല്ലാം ഫാക്റ്റില്‍ തന്നെയായിരുന്നു.  

ഒമ്പതു വര്‍ഷത്തോളം ഫാക്റ്റ് ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ഗീത. അക്കാലത്ത് രാജ്യത്ത് നടക്കുന്ന മിക്ക ടൂര്‍ണമെന്റിലും ഫാക്റ്റ് ടീം വിജയികളായിരുന്നു. എട്ടു പേരാണ് അക്കാലത്ത് ഫാക്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ വനിതാ ടീമില്‍ ഉണ്ടായിരുന്നത്. ജംപ് ഷോട്ടുകള്‍ കളിക്കുന്നതില്‍ വിദഗ്ധയായിരുന്നു ഗീത. സാധാരണ പുരുഷന്‍മാര്‍ കളിക്കുന്ന ഷോട്ടാണ് ജംപ് ഷോട്ടുകള്‍. നല്ല ശക്തി ഉള്ളവര്‍ക്കേ ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയൂ. കേരളത്തില്‍ മിക്ക ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകളിലും ഫാക്റ്റ് ടീമിന് വേണ്ടി ഗീത കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ പരിശീലകയുടെ റോളില്‍

ബാസ്‌ക്കറ്റ് ബോള്‍ കളിയില്‍ നിന്നും വിരമിച്ചിട്ടും കോര്‍ട്ടിന്റെ ആരവങ്ങളില്‍ നിന്നും പിന്‍മാറാന്‍ ഗീതയ്ക്ക് ആവുന്നില്ല. പരിശീലകയുടെ വേഷത്തില്‍ ഇന്നും ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഗീത സജീവമാണ്. ഫാക്റ്റില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി ബാസ്‌ക്കറ്റ്‌ബോള്‍ അക്കാഡമി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. 2013 ഏപ്രിലില്‍ അവധിക്കാല ക്യാംപായി പരീക്ഷണാര്‍ഥം അക്കാദമിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ച് മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികളാണ് അക്കാഡമിയില്‍ പരിശീലനം നേടുന്നത്. അവധിക്കാല ക്യാംപ് സ്ഥിരമായി തുടരണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചയില്‍ മൂന്നു ദിവസം വീതം പരിശീലനം നല്‍കാന്‍ തുടങ്ങി. തിങ്കള്‍, ബുധന്‍, വെളളി ശനി ദിവസങ്ങളിലാണ് പരിശീലനം.

സ്‌പോര്‍ട്‌സ് പരിശീലനം തുടങ്ങിയതോടെ കുട്ടികളുടെ വ്യക്തിത്വത്തിലും മാറ്റം വരുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നതായി ഗീത പറയുന്നു. എട്ടുമാസമായി നടക്കുന്ന അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ മാസമായിരുന്നു. ഇന്റര്‍നാഷണല്‍ കോച്ചും ജൂനിയര്‍ എന്‍ബിഎ ഡയറക്റ്റര്‍ ഒഫ് ഇന്ത്യയുമായ ജോ കാര്‍ലോസ് റോച്ചയാണ് പെഗാസസ് എന്ന അക്കാഡമി ഉദ്ഘാടനം ചെയ്തത്. ആലുമ മുപ്പത്തടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൈതാനത്താണ് പരിശീലനം. അറുപതു കുട്ടികളാണുള്ളത്. ഈ സ്‌കൂളിന് വേണ്ടി അണ്ടര്‍ 13 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകള്‍ രൂപീകരിച്ചു കൊടുക്കുകയും ചെയ്തു ഗീത. മുപ്പത്തടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സിന്തറ്റിക്ക് കോര്‍ട്ട് നിര്‍മിച്ച് വെറുതെ ഇട്ടിരിക്കുയായിരുന്നു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കണ്ട് പദ്ധതി അവതരിപ്പിച്ചു. പോസീറ്റിവായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ഫീസൊന്നും വാങ്ങാതെയാണ് ഗീത അക്കാദമിയില്‍ പരിശീലനം നല്‍കുന്നത്. സാധാരണക്കാരുടെ വീട്ടിലെ കുട്ടികളാണ് എല്ലാവരും. അതിനാല്‍ തന്നെ സ്വന്തം കൈയില്‍ നിന്നു പണമെടുത്താണ് ഗീത അക്കാഡമി നടത്തുന്നതും. ബാസ്‌കറ്റ് ബോളിലെ ഇന്റര്‍നാഷണല്‍ പരിശീലകരുടെ കീഴില്‍ ഗീത പരിശീലനം നേടിയിട്ടുണ്ട്. നാലു ദശാബ്ദമായി ബാസ്‌ക്കറ്റ് ബോളില്‍ സജീവമാണ്. ബാസ്‌ക്കറ്റ് ബോളിന്റെ പ്രമോട്ടര്‍ എന്നറിയപ്പെടാനാണ് താത്പര്യം- ഗീത പറയുന്നു. പ്രശസ്ത പിന്നണി ഗായികയായ സോണി സായിയും ഗീതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കൂടെയുണ്ട്.

ഇപ്പോഴും ട്രാക്കില്‍ സജീവം

മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളില്‍ സജീവമാണ് ഗീതയിപ്പോള്‍. 2012 മുതല്‍ 14 വരെ നടന്ന മൂന്ന് അത്‌ലറ്റിക് മീറ്റുകളില്‍ 100 മീറ്റര്‍, ഡിസ്‌കസ്, ജാവ്‌ലിന്‍ എിവയില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 2014 ജപ്പാനില്‍ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ലോംങ് ജമ്പ്, 100 മീറ്റര്‍ റിലേ എന്നിവയില്‍ വെള്ളിമെഡല്‍ നേടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ ഫ്രാന്‍സിലെ ലിയോണ്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റിലും പങ്കെടുത്തിരുന്നു. സ്വന്തം കൈയില്‍ പണമെടുത്താണ് ഈ മത്സരങ്ങളിലെല്ലാം പങ്കെടുക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍ അക്കാഡമിക്ക് ഒരു സ്‌പോണ്‍സറെ കിട്ടുകയാണെങ്കില്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാമെന്നാണ് ഗീത പറയുന്നത്. ഫാക്റ്റിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അക്കാഡമി മുന്നോട്ടു കൊണ്ടുപോകുന്നത്. കായിക രംഗത്തോട് താത്പര്യമുള്ള ആരെങ്കിലും അക്കാഡമിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഗീത വി. മേനോന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍