UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഗര്‍ഭം ഉണ്ടാകും എന്ന് കരുതുന്ന സദാചാര സാറന്‍മാരോട്

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ ടീച്ചറുടെ മകളായിട്ടും അത്യാവശ്യം തല്ലുകൊള്ളി ആയി നടക്കുകയായിരുന്നു. കൊരട്ടിയില്‍ നിന്ന് മാമ്പ്രയിലേക്കുള്ള ബസ്‌ യാത്രയില്‍ സീറ്റ് കരസ്ഥമാക്കാനുള്ള എടുപിടിക്കിടയില്‍ ആണ് ആദ്യമായി സമപ്രായക്കാരനായ ഒരു ആണ്‍കുട്ടിയുടെ കൂടെ സ്വന്തം തീരുമാനപ്രകാരം സീറ്റ് പങ്കുവയ്ക്കുന്നത്‌. പക്ഷെ ഞാന്‍ അടുത്തിരുന്ന ഉടനെ  ഇലക്ട്രിക് ഷോക്ക് അടിച്ച പോലെ അവന്‍ എഴുന്നേറ്റു മാറി. അത്ഭുതമായിരുന്നു എനിക്കന്നു തോന്നിയത്. കുട്ടിക്കാലം മുതലേ ആണ്‍പിള്ളേരുടെ സൈഡ്, പെണ്‍പിള്ളേരുടെ സൈഡ് എന്ന് കൃത്യമായി വിഭജിച്ച ക്ലാസ്സ്‌ മുറികളും, ക്ലാസ്സു നടക്കുമ്പോള്‍ ഒരു നോട്ടം പോലും മറ്റേ സൈഡിലെക്ക് പാറി വീഴാതിരിക്കാന്‍ പരിശീലിപ്പിച്ചും നടന്നു പോകുന്ന സമൂഹത്തില്‍ പതിനാലുകാരി പെണ്‍കുട്ടി പതിനാറുകാരന്‍റെ അരികത്തിരുന്ന് യാത്ര ചെയ്തത് ഒരു സംഭവമായിരുന്നു. (അച്ചടക്കമില്ലാത്ത കുട്ടി എന്ന തൊപ്പിയിലെ മറ്റൊരു പൊന്‍ തൂവല്‍ കൂടി). 

കാലം പ്ലസ് ടു, സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസ്സില്‍ മലയാളത്തിനു കുട്ടികള്‍ എപ്പോഴും കൂടുതല്‍ ആയിരിക്കും. ബെഞ്ചുകള്‍ തമ്മില്‍ ഉള്ള വിടവ് മാറ്റി, ചേര്‍ത്ത് ചേര്‍ത്ത് ഇട്ടാലെ എല്ലാവര്‍ക്കും സ്ഥലം തികയൂ. അങ്ങനെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടുത്ത്  ഇരുത്തി എന്നതിന് പി ടി എ മീറ്റിങ്ങില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്ന ടീച്ചറെയും ഞാന്‍ ഓര്‍ക്കുന്നു. 

ഇനി എന്‍റെ എം എ ക്ലാസ്: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കുന്നത്‌ അവരില്‍ കൂടുതല്‍ സുരക്ഷിതത്വവും, സ്വാതന്ത്ര്യ ബോധവും, സമത്വബോധവും വളരാന്‍ സാധിക്കും എന്ന ആശയത്തില്‍ ഊന്നി ഒരു ചര്‍ച്ച നടന്നു. എതിര്‍ ലിംഗത്തിന്‍റെ ശരീരം എന്താണ് എന്നറിയാനുള്ള കൌതുകത്തെ ഇല്ലാതാക്കാന്‍ ഇത് ഏറെ സഹായിക്കും എന്നും ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഘോരഘോരം വാദിച്ചു. ഞങ്ങളെ ഒക്കെ ഞെട്ടിച്ചുകൊണ്ട് വകുപ്പു മേധാവി ഇങ്ങനെ പറഞ്ഞു. “എന്നിട്ട് വേണം ക്ലാസ്സ്‌ നടക്കുമ്പോള്‍ അവന്മാര്‍ (ആണ്‍കുട്ടികള്‍) പാവം പെണ്‍കുട്ടികളുടെ ശരീരം തൊട്ടും തലോടിയും രസിക്കാന്‍. ഇനി ഇവന്മാര്‍ ക്ലാസില്‍ വച്ച് റേപ്പ് നടത്തില്ല എന്ന് എന്താണ് ഉറപ്പ്?” ചിരിക്കണോ കരയണോ എന്നറിയാതെ ഒരു നിമിഷം തരിച്ചിരിക്കാനെ സാധിച്ചുള്ളൂ. കേരളത്തിലെ ലിംഗസമത്വത്തിനു വേണ്ടി പ്രസംഗിക്കുന്ന ഒരു വ്യക്തിക്ക് ആണ്‍-പെണ്‍ ശരീങ്ങളുടെ ഇടപഴകലിനെ കുറിച്ചുള്ള ചിന്തയാണ് അന്ന് പുറത്തുവന്നതു.

ജിവിതത്തിലെ മൂന്നു വ്യത്യസ്ത അവസരങ്ങളില്‍ ആണ്‍-പെണ്‍ ഇടകലര്‍ന്നിരിപ്പിനെകുറിച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ ആണിവ.

എന്താണ് ഇവിടെ ഒക്കെ ഉള്ള പ്രശ്നം? ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുത്തടുത്ത് ഇരുന്നാല്‍ എന്ത് പ്രശ്നമാണ് ഉണ്ടാവുക? ക്ലാസ് മുറികളില്‍ മാത്രമല്ല, പൊതു ഇടങ്ങളില്‍, പാര്‍ക്കുകളില്‍, സിനിമാശാലയില്‍, ബസ്സില്‍ എല്ലാം സ്ത്രീ പുരുഷ ശരീരങ്ങളെ എന്തിനാണ് വ്യത്യസ്ത കമ്പാര്‍ട്ട്മെന്റുകള്‍ ആക്കി പരസ്പരം കാണാത്ത, തൊടാത്ത വസ്തുക്കള്‍ ആക്കി മാറ്റുന്നത്?

ഫറൂക്ക് കോളേജിലെ പ്രശ്നത്തെ കുറിച്ച്; “തൊട്ടുരുമ്മി ഇരിക്കാനുള്ള സ്ഥലമല്ല കോളേജ്, അവിടെ കലാലയങ്ങളുടെ ‘വിശുദ്ധി’ കാത്തു സൂക്ഷിക്കുന്ന വിധം പെരുമാറണം” എന്നൊക്കെ വാദിക്കുന്നവരെ കണ്ടു. ഒന്നാമത് ഫറൂക്ക് കോളേജില്‍ ആണും പെണ്ണും ഇടകര്‍ന്നിരിക്കുക എന്ന പ്രശ്നം മറ്റു പല സംഗതികളുടെയും തുടര്‍ച്ച മാത്രമാണ്. കാന്റീനിലും വിശ്രമകേന്ദ്രങ്ങളിലും എല്ലാം ആണും പെണ്ണും പരസ്പരം കാണുക കൂടി ചെയ്യരുത് എന്ന നയമാണ് പ്രശ്നം. എന്നാല്‍ ഇത് ആ കോളേജിന്റെ മാത്രം കുഴപ്പം ആണോ? ഞാന്‍ ബിരുദത്തിനു പഠിച്ചത് തിരുവനന്തപുരത്തെ പ്രശസ്തമായ മാര്‍ ഇവാനിയോസ്‌ കോളേജില്‍ ആണ്. 2004-2007 ആണ് കാലം. ഇന്നത്തെ പോലെ സദാചാരം പറയുന്നവര്‍ അന്ന് അത്ര മുന്‍നിരയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അവിടെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിശ്രമ മുറികള്‍, ക്യാമ്പസില്‍ പുറത്തേക്ക് ഇറങ്ങാനുള്ള എല്ലാ വഴികളിലും കര്‍ക്കശക്കാരായ സെക്യൂരിറ്റി ജീവനക്കാര്‍, കാന്റീനില്‍ സ്ത്രീകള്‍ക്ക് റിസര്‍വ് ചെയ്ത ഇടങ്ങള്‍, ഒരു പിരീഡ് ക്ലാസ്സ്‌ ഇല്ലെങ്കില്‍ ലൈബ്രറിയില്‍ പോയിരിക്കണം, ക്ലാസ്സ്‌ കഴിഞ്ഞാല്‍ നാലുമണിക്ക് തന്നെ ഹോസ്റ്റലില്‍ എത്തണം തുടങ്ങിയ നിയമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ എവിടെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന “കുറ്റത്തിന്” ആരും ആരെയും ചോദ്യം ചെയ്തിരുന്നില്ല. അന്ന് ക്ലാസ്സില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് ഇരിക്കാമായിരുന്നു. ഇന്നത്തെ സ്ഥിതി അറിയില്ല. ഞങ്ങള്‍ ധാരാളമായി ശരീരംകൊണ്ട് ആശയവിനിമയം നടത്തിയിരുന്നു. ഇഷ്ടസുഹൃത്തിന്റെ കൈ പിടിച്ചും, തോളില്‍ കയ്യിട്ടും, സ്നേഹം വരുമ്പോള്‍ കവിളില്‍ തലോടിയും, ദേഷ്യം വരുമ്പോ കുനിച്ചു നിര്‍ത്തി ഇടിച്ചും ഒക്കെയാണ് ഞങ്ങളും പഠിച്ചത്. പക്ഷെ അത്  സഹപാഠികളെ “തൊട്ടുരുമ്മി” സുഖം അനുഭവിക്കലാണ് എന്ന് ഇന്നീ നിമിഷം വരെ തോന്നിയിട്ടില്ല. ഇനി അങ്ങനെ ശാരീരികമായി ആകര്‍ഷണം തോന്നുന്നുവെങ്കില്‍ അതാസ്വദിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യം അല്ലെ? അതില്‍ ഒരു കോളേജ് അധ്യാപകര്‍ക്കും അധികൃതര്‍ക്കും എന്ത് കാര്യം?

ഇന്ത്യയില്‍ പതിനെട്ടു വയസ്സില്‍ നമുക്ക് നമ്മുടെ  പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പരമോന്നാതാധികാരം ലഭിക്കും. പക്ഷെ ഒരു ക്ലാസ് മുറിയില്‍ ആരുടെ കൂടെ ഇരിക്കണം എന്നത് തീരുമാനിക്കുന്നതുപോലും മറ്റൊരു അധികാര വര്‍ഗമാണ്. എന്തൊരു വിരോധാഭാസമാണിത്.

കേരളത്തില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ് എന്ന് നാം എപ്പോഴും പറയും, ചര്‍ച്ച ചെയ്യും. കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത് എന്നും നാം പറയാറുണ്ട്‌. ഒന്നിച്ചിരുന്നാല്‍ ഗര്‍ഭം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന സ്കൂള്‍ കോളേജ് ഇടങ്ങളില്‍ എങ്ങനെയാണ് ആണ്‍/പെണ്‍ശരീരങ്ങളെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും “ബോധവത്കരണം” നടത്താനുള്ള അവസരം ഉണ്ടാവുക?

നമ്മളൊക്കെ എട്ട് ഒമ്പത് ക്ലാസുകളില്‍ എത്തുമ്പോള്‍ തന്നെ ആണ്‍കുട്ടികള്‍ ഒരു സംഘം, പെണ്‍കുട്ടികള്‍ മറ്റൊരു സംഘം എന്ന നിലയില്‍ എത്തിയിരിക്കും. ഒരു തരം ശത്രുതാമനോഭാവമാണ് ഇരുകൂട്ടരിലും കാണുക. കൌമാരകാലം തുടങ്ങുമ്പോള്‍ തന്നെ നാം പെണ്‍കുട്ടികളോട് പറഞ്ഞു തുടങ്ങും.”ആണ്‍ വര്‍ഗം എന്നാല്‍ അകന്നു നില്‍ക്കേണ്ടവര്‍ ആണ്, അവര്‍ ഇപ്പോഴും എങ്ങനെ ഒരു പെണ്‍ ശരീരത്തെ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍ ഉഴറി ജീവിക്കുന്നവരാണ്” എന്നൊക്കെ. ഇത്  നിരന്തരം കേള്‍ക്കേണ്ടി വരുന്ന ഒരു പെണ്‍ ശരീരത്തിന് എങ്ങനെയാണ് ഒരു ആണ്‍കുട്ടിയുമായി ആരോഗ്യകരമായ ബന്ധം ഉണ്ടാക്കാന്‍ സാധിക്കുക? തിരിച്ചും ആണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.

കോ-എഡ്യൂക്കേഷന്‍ അഥവാ ആണ്‍-പെണ്‍ ഇടകലര്‍ന്നുള്ള വിദ്യാഭ്യാസത്തിനു ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. എതിര്‍ ലിംഗത്തെ കാണാതെ കൂട്ടിലടച്ചപോലെ വളരുന്ന ആണും പെണ്ണും എങ്ങനെയാണ് മനോഹരമായ സൗഹൃദങ്ങളെ സ്വീകരിക്കുക? ഇതേ വിദ്യാഭ്യാസത്തിലൂടെ പുറത്തുവരുന്ന ഓരോരുത്തരും മറ്റുള്ളവരുടെ സൗഹൃദങ്ങളെ എങ്ങനെയാകും വിലയിരുത്തുക?

ഇനി സ്കൂളുകള്‍ക്ക് പുറത്തുള്ള ഒരുമിച്ചിരിക്കലുകളെ കുറിച്ച് ചിന്തിച്ചാല്‍- അത്തരമൊരു ഇടം എവിടെയാണ് ഉള്ളത്? ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒന്നുണ്ട്. ഒരു ബസില്‍/ട്രെയിനില്‍ അടുത്തടുത്തിരിക്കുന്ന രണ്ടു വ്യക്തികളെ ശ്രദ്ധിച്ചാല്‍, അവര്‍ എതിര്‍ലിംഗത്തില്‍ ഉള്ളവരാണെങ്കില്‍ കൈകള്‍ പരസ്പരം തൊടാതെ കൃത്യമായ ഒരകലം പാലിക്കുന്നത് കാണാം. എന്നാല്‍ ഇത് ഒരേ ലിംഗത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ അകലം അത്രത്തോളം കൃത്യമായി സൂക്ഷിക്കാറില്ല താനും. പലപ്പോഴും അടുത്തിരിക്കുന്നത് ഒരു സ്ത്രീ ആണെങ്കില്‍ അവരുടെ കൈയ്യോ കാലോ നമ്മുടെ ശരീരത്തില്‍ വിശ്രമിക്കുന്നത്  ഞാന്‍ ശ്രദ്ധിക്കുകപോലുമില്ല. എന്നാല്‍ ഒരു പുരുഷനുമായി സീറ്റില്‍ ഇരുന്നാല്‍ മനപ്പൂര്‍വമല്ലാത്ത ഒരു സ്പര്‍ശം പോലും നമ്മെ ഇത്രമേല്‍ അസ്വസ്ഥരാക്കുന്നതെന്തിനു? നമ്മുടെ ശരീരം എതിര്‍ലിംഗത്തില്‍ നിന്നുള്ള സമ്പര്‍ക്കങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടെണ്ടതാണ് എന്ന് കേട്ട് കേട്ട് തഴമ്പിച്ച തലച്ചോറിന്‍റെ അപകട നിര്‍ദേശങ്ങള്‍ ആണിവ.

ഒരു സിനിമാ തീയറ്ററില്‍-പ്രത്യേകിച്ച് കേരളത്തില്‍-അപരിചിതനായ ഒരു വ്യക്തിയുടെ അടുത്ത സീറ്റില്‍ ഇരിക്കാന്‍ പോലും നാം മടിക്കുന്നു. പാര്‍ക്കിലോ ഹോട്ടലിലോ പരിചയമില്ലാത്ത ആളുകള്‍ക്കൊപ്പം ഇരിക്കാന്‍ പോലും നാം തയ്യാറല്ല. മലബാറില്‍ വന്നതിനുശേഷമാണ് വിവാഹപന്തലില്‍ കയറുന്നിടം മുതല്‍ ആണ്‍-പെണ്‍ വേര്‍തിരിവുള്ള വാതിലുകളെ ഞാന്‍ പരിചയിച്ചു തുടങ്ങിയത്. ഭക്ഷണം കഴിക്കുമ്പോള്‍ പോലും പരസ്പരം ഒന്ന് കണ്ടാല്‍ ഭൂലോകം ഇടിയുമെന്നു കരുതുന്നവര്‍ ആണ്, അപരിചിതനായ ഒരു വ്യക്തിക്കൊപ്പം ഒരു സുപ്രഭാതം മുതല്‍ ഒന്നിച്ചു ജീവിച്ചുകൊള്ളാനും ശരീരം പങ്കിടാനും സ്ത്രീ പുരുഷന്മാരോട്  കല്‍പ്പിക്കുന്നതും.

കുട്ടികള്‍ ചെറുപ്പം മുതല്‍ ഒരുമിച്ചു കളിച്ചും പഠിച്ചും വളരുന്ന ഒരു സമൂഹത്തില്‍ ശരീരങ്ങളെ കുറിച്ചുള്ള സംശയങ്ങളും ആധികളും ഉണ്ടാകാനുള്ള സാധ്യതകള്‍ തുലോം കുറവായിരിക്കും. ബസ്സിനുള്ളില്‍ കയറിയാലുള്ള അതിക്രമങ്ങള്‍ക്കും, ഇരുട്ടത്ത്‌ ഒറ്റയ്ക്ക് കിട്ടിയാല്‍ കടന്നുപിടിക്കുന്ന തരത്തിലുള്ള സ്വാഭാവങ്ങള്‍ക്കും കാരണം, ആണും പെണ്ണും തമ്മില്‍ കുട്ടിക്കാലം മുതല്‍ വളര്‍ന്നു വരുന്ന അനാരോഗ്യകരമായ വിടവുകള്‍ തന്നെയാണ്.

എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ആണ് ഞാന്‍ ആദ്യമായി ടോട്ടോച്ചാന്‍ എന്ന പുസ്തകം വായിക്കുന്നത്. അതില്‍ കൊബയാഷി മാസ്റ്ററുടെ വിദ്യാലയത്തിലെ നീന്തല്‍ കുളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചായിരുന്നു നീന്തല്‍ പരിശീലനം. സ്വന്തം ശരീരത്തിന്‍റെ സൌന്ദര്യം തിരിച്ചറിയുന്നതിനൊപ്പം മറ്റേ വ്യക്തിയുടെ ശരീരവും അതിന്‍റെ വ്യത്യസ്തതകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും മനസിലാക്കാന്‍ വേണ്ടിയായിരുന്നു ഈ നീന്തല്‍ ക്ലാസ്സുകള്‍. ടോട്ടോച്ചാന്‍ പഠിച്ച സ്കൂളില്‍ ഒരിക്കലെങ്കിലും പഠിക്കണം എന്ന് ആ പുസ്തകം വായിക്കുമ്പോള്‍ നമ്മളെല്ലാം മനസ്സില്‍ ആഗ്രഹിച്ചിരിക്കില്ലേ? എന്നായിരിക്കും നമ്മുടെ വിദ്യാലയങ്ങളില്‍, പൊതുഇടങ്ങളില്‍ സ്വതന്ത്രമായി ഇത്തരം കാര്യങ്ങളെ പ്രകടിപ്പിക്കാനും അതിനെ സ്വീകരിക്കാനും പക്വത നമുക്കുണ്ടാകുക?

ഒരുമിച്ചിരിക്കരുത് എന്ന് പറയുമ്പോള്‍ തെരുവില്‍ കൈ കോര്‍ത്ത്‌ പിടിക്കുകയും, കൈ പിടിക്കരുത് എന്ന് പറയുമ്പോള്‍ തെരുവില്‍ ചുംബിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഓരോ കലാലയങ്ങളും മാറ്റത്തിന്റെ, ഉണര്‍വിന്റെ ചിന്തയുടെ ഇടങ്ങള്‍ ആകുകയാണ് വേണ്ടത്. ബോധവും അറിവും നിര്‍മിക്കുന്ന പ്രക്രിയയില്‍ ആണും പെണ്ണും പരസ്പരബഹുമാനമുള്ള വ്യക്തികള്‍ ആയാണ് സമൂഹത്തിലേക്കു വരേണ്ടത്. അല്ലാതെ “വല്ലാതെ നെഗളിക്കല്ലേ ഞാന്‍ അറിഞ്ഞൊന്ന് പെരുമാറിയാല്‍ ഇനി പത്തുമാസം കഴിഞ്ഞേ നീ ഫ്രീ ആകൂ” എന്ന നായക സംഭാഷണത്തിനു കൈ അടിക്കുന്ന, എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാന്‍ ഒരു പെണ്ണിനെ ആഗ്രഹിക്കുന്ന, ഭര്‍ത്താവിനാണ് എന്‍റെ മേലുള്ള അധികാരം മുഴുവന്‍ എന്നതില്‍ അഭിമാനിക്കുന്ന ഒരു കൂട്ടം മനുഷ്യരെ അല്ല നാം സമൂഹത്തിലേക്ക് കൊടുക്കേണ്ടത്. പകരം ഓരോ ശരീരത്തിനെയും സ്നേഹിക്കാന്‍ കഴിയുന്ന, അതിന്‍റെ ആവിശ്യങ്ങളും പരിമിതികളും സഹാനുഭൂതിയോടെ മനസിലാക്കാന്‍ സാധിക്കുന്ന ഒരു പുതു സമൂഹമാണ്‌ നമുക്ക് ആവശ്യം. അതിനുള്ള ഒരു ചവിട്ടുപടിയായി വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു, പരസ്പരം സ്നേഹിച്ചും, പ്രണയിച്ചും, സൌഹൃദങ്ങളുടെ സുഗന്ധമുള്ള ക്യാമ്പസുകളും വിദ്യാലയങ്ങളും പിറവിയെടുക്കട്ടെ!!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍