UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

പാരമ്പര്യം വിട്ടു കുതറുന്ന പെണ്ണുടലിന്റെ അതിരുകള്‍

പാരമ്പര്യം എന്നു വിളിക്കുന്ന വഴക്കങ്ങള്‍ ശരീരത്തെ കെട്ടിയിടുന്ന കാഴ്ചകളുടെ സമാഹാരമാണ് സാമൂഹിക ചരിത്രത്തിന്റെ നല്ലൊരു പങ്കും. സാമൂഹിക പാരമ്പര്യങ്ങളും സ്ത്രീകളം തമ്മിലുള്ള ബന്ധം സ്ത്രീവാദത്തിന്റെ പ്രധാന അന്വേഷണമേഖലയാണ്. വിശേഷിച്ചും പോസ്റ്റ്‌ കോളനീയ സ്ത്രീവാദത്തില്‍. പാരമ്പര്യങ്ങളുടെ പ്രധാന വാഹകരായി സ്ത്രീശരീരത്തെയാണ് മിക്ക സമൂഹങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. കടുംബം, മതം, മറ്റ് സാമൂഹിക വഴക്കങ്ങള്‍ എന്നിവയുടെയല്ലാം ‘മാനം’ സ്ഥിതിചെയ്യുന്നത് ആ സമൂഹത്തിലെ സ്ത്രീകള്‍ ഇവയെ കൈകാര്യം ചെയ്യുന്നതുപോലെയായിരിക്കും. ഇതില്‍ വിച്ഛേദനം വരുമ്പോഴാണ്, സ്ത്രീകള്‍ പാരമ്പര്യത്തെ അനുസരിക്കാതിരിക്കുകയോ നിഷേധിക്കുകയോ വിട്ടുപോവുകയോ ചെയ്യുമ്പോഴായിരിക്കും കടുത്ത അക്രമണത്തിനു വിധേയമാവുക. കുടുംബത്തിന്റെ മാനം എന്നത് പെണ്ണുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നത് കടുംബപാരമ്പര്യത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യത്തിന്റെ വാഹകര്‍ പെണ്ണായിരിക്കുമ്പോള്‍ അത് നിര്‍വചിക്കാനോ നിയന്ത്രിക്കാനോ സ്ത്രീക്കവകാശമില്ലെന്നത് ശ്രദ്ധിക്കണം. മറിച്ച് കേവലമായി അത് പേറുന്നവര്‍ മാത്രമാണ്. അതായത് പുരുഷന്‍ നിര്‍വചിച്ചിരിക്കുന്ന സ്ഥായിയായ ചില പാരമ്പര്യങ്ങളും വഴക്കങ്ങളും അനുസരിച്ച് ജീവിക്കുന്നവള്‍ മാത്രമാണ് സ്ത്രീ. അതിലൂടെ വീടുവിട്ടുപോകാനോ സ്വാതന്ത്ര്യത്തോടെ ജീവിക്കാനോ സ്ത്രീക്കു കഴിയാതെ വരുന്നു. കെട്ടിച്ചമയ്ക്കപ്പെടുന്ന പാരമ്പര്യമെന്നത് പെണ്ണിന്റെ ശരീരത്തെ അടക്കാനും നിയന്ത്രിക്കാനുമുള്ള പുരുഷാധികാരമാണെന്നു സാരം. പാരമ്പര്യത്തിന്റെ ലംഘനം ഘോരപാപമാകുന്നത് പുരുഷനെ ലംഘിക്കുന്നതിലൂടെയാണ്.

ചരിത്രാതീതകാലം മുതലേ ഉള്ള, മാറ്റമില്ലാത്ത, പരിവര്‍ത്തനത്തിനു വിധേയമാകാത്ത സാമൂഹിക ഏകകമാണ് പാരമ്പര്യമെന്നും ദൈവികമായ ഇതിലൂടെയാണ് സാമൂഹിക ജീവിതം മുന്നോട്ടുപോകുന്നതെന്നും പഠിപ്പിക്കപ്പെടുന്നു. ഇതില്‍ സ്ത്രീകള്‍ക്ക് അമ്മ, ഭാര്യ, വീട്ടമ്മ, തൊഴിലാളി എന്നിങ്ങനെ ചില പാരമ്പര്യമാതൃകകളെ നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്. ഈ മാതൃകകള്‍ക്കപ്പുറം പോകുന്ന ഒന്ന് അനുവദിക്കപ്പെടുന്നില്ല. പാരമ്പര്യം ഇതെല്ലാം നിര്‍വചിക്കുന്നത് സ്ത്രീയുടെ ലൈംഗികത കേന്ദ്രീകരിച്ചാണ്. പാരമ്പര്യം പെണ്ണിന്റെ ലൈംഗികതയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീയുടെ ശരീരത്തെ പുരുഷാധിപത്യത്തിനു വിധേയമാക്കുന്ന സങ്കീര്‍ണമായ പ്രക്രിയയാണ് ഭാരതീയ, കേരളീയ പാരമ്പര്യത്തിന്റെ ഒരു ധാര. എന്നാല്‍ കോളനീകരണം പോലുള്ള പ്രക്രിയകള്‍ ഈ പാരമ്പര്യത്തെ ചോദ്യം ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസം പോലുള്ള ആധുനിക ഘടകങ്ങള്‍ സ്ത്രീയെ നിര്‍വചിക്കുന്ന പാരമ്പര്യത്തെ വെല്ലുവിളിക്കാന്‍ സ്ത്രീകളെ സജ്ജരാക്കിയതായി കാണാം. വീടിന് അകത്തിരിക്കാനും വീടിന്റെ വിളക്കായി എരിയാനും നിര്‍വചിക്കപ്പെട്ടവര്‍ ‘പുറ’ത്തിന്റെ പലതരം ‘സാധ്യത’കളിലേക്കു വന്നു. അകം പുറം എന്ന വിഭജനം ഉള്ളപ്പോള്‍തന്നെ പുറത്തിന്റെ പലതരം സാധ്യതകള്‍ സ്ത്രീ ശരീരത്തെ പാരമ്പര്യത്തിന്റെ കെട്ടുകളില്‍ നിന്ന് മോചിപ്പിച്ചു. വൈദേശിക സംസ്‌കാരത്തിന്റെ കടന്നുവരവ് നമ്മുടെ തദ്ദേശീയ സംസ്‌കാരം ചൂണ്ടിക്കാട്ടി ചെറുക്കപ്പെട്ടതിന്റെ ഒരു കാരണം ഇതാണ്. ആഗോളീകരണ പശ്ചാത്തലം സ്ത്രീകളുടെ പുറത്തേക്കുപോകലിനെയും കുടുംബ – തൊഴില്‍ ജീവിതത്തെയും ആഴത്തില്‍ പ്രശ്‌നവത്കരിക്കുന്ന ഘട്ടമാണ് ഇന്ന്. ഇറങ്ങിപ്പോക്കുകളും യാത്രകളും സ്ത്രീയെ പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് പുറത്താക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു. ആഗോളീകരണത്തിലൂടെ ഇരച്ചുകയറുന്ന പാശ്ചാത്യസംസ്‌കാരം പാരമ്പര്യത്തെ വല്ലാതെ പ്രശ്‌നവത്കരിക്കുന്നു. യാത്രയും പ്രവാസജീവിതവുമാണ് ഇതിലെ മുഖ്യഘടകം.

1
വിജെ ജെയിംസിന്റെ വാഷിംഗ്ടണ്‍ ഡി.സി എന്ന കഥ, പാരമ്പര്യത്തില്‍ നിന്നു കുതറാന്‍ ശ്രമിക്കുന്ന ചില പെണ്ണുങ്ങളുടെ തലതെറിച്ച കഥ പറയുന്നു. ലീല ഇന്റര്‍നാഷണലില്‍ പഠിച്ച വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥി ഒത്തുചേരലിന് വൈഷ്ണവി എന്ന വിഷി, ടെല്‍മ, ഇന്ദുലേഖ, സുനന്ദ എന്നിവര്‍ ഒത്തുചേരുന്നതാണ് കഥ. അമേരിക്കയില്‍ താമസിക്കുന്ന വൈഷ്ണവിയെ കേന്ദ്രീകരിക്കുന്ന കഥ അവളുടെ അമേരിക്കയില്‍ നിന്നുള്ള വരവും പിന്നീടുള്ള കൂട്ടുചേരലും ഇളക്കിമറിച്ചു ജീവിച്ച ഭൂതകാലവും തിരുവനന്തപുരത്തെത്തിയ ശേഷമുള്ള ഒരു പകലിലെ ജീവിതവും വിവരിക്കുന്നു. അവരുടെ പഠനകാലം അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയായിരുന്നു. കലാലയ വിലക്കും ഹോസ്റ്റല്‍ നിയമങ്ങളും കാറ്റില്‍പറത്തി താന്തോന്നികളായിട്ടുള്ള ജീവിതം. അവരുടെ വട്ടീസ് ഗ്യാംഗിലെ നെടുംതൂണുകളായ അവര്‍ അവരുടെ കലാലയ ജീവിതത്തിന്റെ പ്രായത്തിലേക്കു മടങ്ങാന്‍ ശ്രമിക്കുകയും ഗതകാല ഓര്‍മകളെ അയവിറക്കിക്കൊണ്ട് ഒരു രാത്രിയിലെ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. വിമാനം ഒരു ടൈംമെഷീനാണെന്നും അതിപ്പോള്‍ ഭൂതകാലത്തിലേക്കു കുതിച്ചുപായുകയാണെന്നും സങ്കല്‍പ്പിക്കാന്‍ വിഷിയെ പ്രേരിപ്പിച്ചത് തലേന്ന് എച്ച് ബി ഒ ചാനലില്‍ പ്രക്ഷേപണം ചെയ്ത ടൈംമെഷീന്‍ എന്ന സിനിമയുടെ ഹാങ്ഓവറായിരുന്നു. സമയയന്ത്രത്തിലേറി പിന്നിലേക്കു പോകുന്ന പക്ഷം യൗവനം ബാക്കിവച്ച തൃഷ്ണകളെ പരിചരിക്കുകയും അന്നു ചെയ്ത പിഴ തിരുത്തി മടങ്ങുകയുമാവാം… ടൈംമെഷീന്‍ എന്ന ആശയത്തോടെയാണ് കഥ തുടങ്ങുന്നത്. സമയത്തെ എങ്ങോട്ടും നീക്കാവുന്ന സമയയന്ത്രം കാലത്തെ മറികടക്കുന്ന ഒരു സൂചകമാണ്. യൗവനം കടന്നുപോയവര്‍ക്കു കാലത്തെ തിരിച്ചുപിടിക്കുന്നതിനുള്ള ഓര്‍മയാണിത്. നാല്പതുകളിലേക്കു കടന്ന, മുത്തശികളായവരാണ് ഇവിടെ കൂടിയിരിക്കുന്നത്. അവരുടെ നേതാവായ വിഷിക്ക് ഇപ്പോഴും തന്റെ യൗവനത്തെയാണ് ഇഷ്ടം. അതിനാല്‍ ഒരുദിവസം തന്റെ യൗവനത്തിലേക്കു മടങ്ങാനായി അമേരിക്കയില്‍ ഫാമിലിയെയും കളഞ്ഞിട്ടാണ് വന്നിരിക്കുന്നത്.

ആണുങ്ങളുടെയത്രയും സ്വാതന്ത്ര്യം എന്നതായിരുന്നു വിഷിയുടെ മുദ്രാവാക്യം. ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂട്ടത്തില്‍ പഴമയിലേക്കു മടങ്ങവേ അവരാദ്യം തിരയുന്നത് തങ്ങളുടെ മെയില്‍ബോക്‌സാണ്. വാര്‍ഡനുമായുള്ള ഒളിപ്പോര്, പാരകളും മറുപാരകളും, റാഗിങ്ങില്‍ പീഡനമേറ്റത്, പിറ്റേ വര്‍ഷം പലിശയുള്‍പ്പടെ പീഡിപ്പിച്ചത്, ഹോസ്റ്റലില്‍ നിന്നുള്ള വന്‍മതില്‍ച്ചാട്ടം തുടങ്ങി പഴയതും പുതിയതുമായി വിശേഷങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു. ഈ വിവരണത്തില്‍ നിന്നു വായിക്കാം അവരുടെ വിദ്യാര്‍ഥിജീവിതത്തിന്റെ ചരിത്രം. ഈ ജീവിതത്തിന്റെ ഓര്‍മകളില്‍ ആ രാത്രി ആഘോഷിക്കുവാന്‍ അവര്‍ കോവളം ബീച്ചിലേക്കു പോകുന്നു. മിയാമി ബീച്ചിലൂടെ നടക്കുന്നപോലെ ബ്രായും പാന്റീസും ധരിച്ച് നടക്കണമെന്ന് വിഷി പറയുമ്പോള്‍ ഇന്ദുലേഖ നാണത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. നാണം ഒരു ശീലമാണെടീ… ഓര്‍ക്കുന്നുണ്ടോ പണ്ടു നമ്മളീ ബീച്ചില്‍ ചുറ്റിയടിക്കുമ്പോള്‍ ജട്ടി ധരിച്ച സായിപ്പന്മാരെ ഒളിഞ്ഞുനോക്കി രസിച്ചിരുന്നത്. നമുക്കെന്നാണോ ഇതുപോലൈാരു സ്വാതന്ത്ര്യമാഘോഷിക്കുവാനാവുകയെന്നു പറഞ്ഞത് ഇന്ദുവായിരുന്നു. ഇന്ദു എന്ന ഇന്ദുലേഖയിപ്പോള്‍ മുഴുസാരി ചുറ്റിയ ഒരു പോത്തീസ് മാനിക്വിന്‍ മാത്രം. വിഷി തിരിച്ചടിച്ചു. അങ്ങനെ അവരാ ബിച്ചില്‍ മിയാമി ബീച്ച് സൃഷ്ടിക്കുന്നു. ആണുങ്ങള്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ബാര്‍ സൃഷ്ടിച്ച് ആഘോഷിച്ചപോലെ. അങ്ങനെ അവര്‍ നാലുപേരും പതുക്കെപതുക്കെ തങ്ങളുടെ വേഷവിധാനത്തില്‍ നിന്നും ശരീരത്തെ മോചിപ്പിച്ച് അര്‍ദ്ധനഗ്‌നകളായി കടലില്‍ തിമിര്‍ത്തു. കടല്‍ജലത്തില്‍ ദേഹം നനയാന്‍ യോഗമില്ലാത്ത പാവം വീട്ടമമ്മാര്‍ക്ക് ഞാനിത് സമര്‍പ്പിക്കുന്നു എന്ന റീമയുടെ വാക്കുകള്‍ അര്‍ഥവത്താണ്.

പിറ്റേന്ന് കൂട്ടം വിട്ട് തിരുവനന്തപുരം നഗരത്തിലെ പകലാസ്വദിക്കാന്‍ വിഷി ഇറങ്ങി. നഗരത്തിരക്കാസ്വദിച്ചുകൊണ്ടുള്ള യാത്ര എത്തിച്ചേര്‍ന്നത് തമിഴ് നടന്‍ വിജയിന്റെ പടമോടുന്ന തിരക്കുപിടിച്ച കൊട്ടകയിലാണ്. എണ്‍പതുരൂപ വിലയുള്ള ടിക്കറ്റ് കരിഞ്ചന്തയില്‍ നിന്ന് നാനൂറുരൂപയ്ക്കു വാങ്ങി ആള്‍ത്തിരക്കിലൂടെ അവള്‍ തിയേറ്ററിനുള്ളിലെത്തുന്നു. അവിടെ അവളുടെ അടുത്തിരുന്നത് എട്ടുവയസ്സുള്ളൊരു ശിങ്കാരിപ്പെണ്ണ് അര്‍ക്കശി. സഹോദരന്മാരുടെ ഒപ്പം വിജയിന്റെ കടുത്തഫാനായ അവള്‍ തിയേറ്ററിലെ ആവേശത്തില്‍ വല്ലാതെ ഇളകിമറിഞ്ഞിരുന്നു. സിനിമ തുടങ്ങിയതോടെ ഭ്രാന്തെടുത്ത അവള്‍ വിജയ് സാര്‍ എന്നൊക്കെ വിളിച്ച് സ്‌ക്രീനിനുനേരെ ഓടുന്നതും നൃത്തം ചെയ്യുന്നതും സ്വാതന്ത്ര്യവാദിയായ വിഷിക്കു അദ്ഭുതത്തോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇളകിമറിയുന്ന മായികലോകമായ സിനിമയ്‌ക്കൊപ്പം ഇളകിമറിയുകയാണ് അര്‍ക്കശിയും കൂട്ടരും; ആ ലോകത്തെ അത്ഭുതത്തോടെയാണവള്‍ കണ്ടുനില്‍ക്കുന്നത്. സിനിമ ആരാധകര്‍ കാണുകയല്ലെന്നും മറിച്ച് ആഘോഷിക്കുകയാണെന്നും സിനിമാടിക്കറ്റിന്റെ വില ഈ ആഘോഷത്തിനുള്ളതാണെന്നും വിഷി തിരിച്ചറിയുന്നു. ആ ആവേശത്തില്‍ വിഷിയും പഴയകാലത്തേതുപോലെ നാവിനടിയില്‍ വിരലുചേര്‍ത്ത് വിസിലടിച്ചു കൂട്ടം ചേരുന്നു. പലജാതി ആണ്‍ഗന്ധവും ശരീരവും ഇടകലരുന്ന അവിടെയിരുന്ന അമേരിക്കയിലെ സമ്പന്നജീവിതത്തിനുടമയായ വിഷി പുതിയൊരു ആഘോഷ ജീവിതം കണ്ടു. ഒരു തട്ടുപൊളിപടം പോലയുള്ള ആ ആഘോഷത്തിന് വിരാമമിട്ടുകൊണ്ട് അര്‍ക്കശിയെ എല്ലാ സിനിമയും വന്നു കാണമമെന്ന് അനുഗ്രഹിച്ച് പണവും നല്കി അവള്‍ യാത്രയാകുന്നു. തിയേറ്ററിനു പുറത്തിറങ്ങിയ വിഷി തമ്പാന്നൂരിലേക്കു പോയപ്പോഴാണ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ആണുങ്ങളുടെ മൂത്രപ്പുര കാണുന്നതും ഇരുപത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഓര്‍മ തികട്ടിയെത്തുകയും ചെയ്തത്. പെണ്‍മൂത്രപ്പുരയിലേക്കുള്ള ആണിന്റെ ഒളിഞ്ഞുനോട്ടംപോലെ ആണ്‍ മൂത്രപ്പുരയിലേക്ക് കയറുവാന്‍ അവള്‍ക്കു തോന്നി. അവള്‍ മൂത്രപ്പുരയിലേക്കു കയറുകയും ചെയ്തു. തങ്ങളുടെ ഇടത്തിലേക്കു കയറിവരുന്ന പെണ്ണിനെ കണ്ട് ഒറ്റക്കൊമ്പന്മാരായ ആണുങ്ങള്‍ പാതിവഴിയില്‍ മൂത്രം നിലച്ച് നിന്നുപോകുന്നു. ഒരുപെണ്ണുടലും കയറാത്ത കൊടുമുടി താണ്ടിയ തോന്നലുമായി അവള്‍ എയര്‍പോര്‍ട്ടിലേക്കു യാത്രയാകുന്നു.

2.
മൂന്നുഭാഗങ്ങളുള്ള കഥയാണിത്. ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷം കൂടിച്ചേരുന്ന അതിസമ്പന്നകളായ കൂട്ടികാരികളുടെ ബീച്ചിലെ ആഘോഷം, ആണ്‍തിരക്കുള്ള തിയേറ്ററിലിരുന്നുള്ള വിഷിയുടെയും അര്‍ക്കശിയുടെയും ആഘോഷത്തോടെയുള്ള സിനിമ കാണല്‍, പഴയൊരു വാശിക്ക് പരിഹാരമെന്നപോലെ ആണിന്റെ മൂത്രപ്പുരയിലേക്കുള്ള കയറല്‍. ഈ മൂന്നനുഭവങ്ങളും വിഷിയുടെ അനുഭവമെന്ന നിലയിലാണ് ആഖ്യാനിക്കുന്നതെങ്കിലും അര്‍ക്കശിയെന്ന തമിഴ് ബാലികയുടെ കഥയായി രണ്ടാംഭാഗത്തെ മാറ്റുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒറ്റയടിക്കു പറഞ്ഞാല്‍ പെണ്ണിന്റെ ജീവിതാസ്വാദനത്തിന്റെ, സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റെ ഒരാഖ്യാനമാണിതെന്നു കാണാം. വിഷി അമേരിക്കയിലെ ഒരതിസമ്പന്നയാണ്. പഠിച്ചകാലത്തെല്ലാം ആ സമ്പന്നതയുടെ ആഘോഷവും സ്വാതന്ത്ര്യവും അറിഞ്ഞവളാണ്. അത് കിട്ടാത്തപ്പോഴെല്ലാം അതിനായി പോരടിച്ചവളുമാണ്. അവളുടെ ജീവിതത്തിനും നൂറായിരം വേലിക്കെട്ടുകളുണ്ടായിരുന്നു. അവളൊരു പെണ്ണാണെന്നും നമ്മുടെ സാമൂഹികതയിലെ ലിംഗപരമായ വേര്‍തിരിവിലുടയേ അവളുടെ ജീവിതം എന്തെങ്കിലുമായിത്തീരുന്നുള്ളൂവെന്നും അവളെ പഠിപ്പിക്കുന്നു. സ്‌കൂളിലും കലാലയത്തിലും ഹോസ്റ്റലിലും അവളുടെ ശരീരം നിര്‍വചിക്കപ്പെട്ടത് പെണ്ണെന്ന അതിര്‍വരമ്പിലാണ്. ഇവിടെയാണ് ആണിന്റെ സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നതും അതുപോലെയാകാന്‍ അവള്‍ വെമ്പല്‍കൊള്ളുന്നതും.

നമ്മുടെ സാമൂഹ്യക്രമത്തില്‍ ജാതിയും വര്‍ഗവും മതവും കൂടിച്ചരുന്ന സങ്കീര്‍ണതകളിലാണ് പെണ്ണെന്ന സ്വത്വവും രൂപപ്പെടുന്നത്. അതിനാല്‍ ഏകശിലാത്മകമായ ഒന്നല്ല സ്ത്രീ സ്വത്വം. ചരിത്രപരമായി കേരളത്തില്‍ ജാതിയാല്‍ നിര്‍ണയിക്കപ്പെട്ട കീഴാളമേലാള സ്ത്രീത്വങ്ങള്‍ വ്യത്യസ്തമായ സ്ത്രീസ്വത്വാവിഷ്‌കാരങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ ആധുനികത ജാതിയുടെ പുറം മോടികളെ മായ്ച്ചുകളയുമ്പോള്‍തന്നെ സൂക്ഷ്മമായി, തറവാടിത്തം, കുലീനത തുടങ്ങിയവയാല്‍ കീഴാളസ്ത്രീയെ വേറിട്ട് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നതും കാണാം. എന്നാല്‍ പൊതുപുരുഷസമൂഹത്തിനു മുന്നില്‍ സ്ത്രീ മുലയും യോനിയുമുള്ള ശരീരം മാത്രമാണ്. സമ്പന്ന സ്ത്രീയും ഇത്തരത്തിലൊന്നാണ് പൊതുസമൂഹ കാഴ്ചയ്ക്കു മുന്നില്‍. ഈ വേറിടല്‍ പ്രസക്തമാക്കുന്ന നിലയിലാണ് വിഷിയും അര്‍ക്കശിയും കഥയില്‍ കടന്നുവരുന്നത്. രണ്ട് വ്യത്യസ്ത ലോകങ്ങള്‍ പങ്കിടുന്നവരാണ് അവര്‍. പൊതുവിടത്തില്‍ നിരന്തരം ഇടപെടുകയും പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങളോടു പടവെട്ടുകയും ചെയ്യുന്നവരാണ് ഏറിയകൂറും കീഴാള/തൊഴിലാളി സ്ത്രീത്വങ്ങള്‍. ആ നിലയില്‍ പൊതുവിടത്ത് അധികം ഇടപെടുന്നവരല്ല സമ്പന്നരായ സ്ത്രീകള്‍. സ്ത്രീയെന്ന നിലയിലുള്ള തങ്ങളുടെ പാവനതകളെക്കുറിച്ച് വല്ലാത്ത ഉത്കണ്ഠകള്‍ വച്ചു പുലര്‍ത്തുന്നവരാണ് അവര്‍. പാരമ്പര്യം ഇവിടെയാണ് നിര്‍ണായകമാകുന്നത്. എന്നാല്‍ പരുക്കന്‍ ജീവിതത്തെ നേരിടുന്നതും ജീവിതത്തെ ആഘോഷിക്കുയെന്ന മട്ടില്‍ കാണുന്നതും രണ്ടു വ്യത്യസ്ത തലമാണെന്ന് ഈ കഥപറയുന്നു. ജീവിതത്തിലെ ആഘോഷമാണ് കഥയുടെ വിഷയം. സാധാരണ മലയാള കഥാഭാവനകള്‍ പീഡനാത്മകമായ പെണ്‍ജീവിതമാണല്ലോ ആവിഷ്‌കരിക്കുക. അര്‍മാദിക്കുന്ന പെണ്ണുടലുകളുടെ കഥകള്‍ വിരളമാണ്. ഇക്കഥയുടെ വഴിമാറിനടപ്പ് ഇവിടെയാണ്. ആണിനെ പോലെ സ്ത്രീക്കും സ്വാതന്ത്ര്യം വേണെമെന്നും ആ സ്വാതന്ത്ര്യത്തിലൂടെ പുരുഷന്‍ അനുഭവിക്കുന്ന ആഹ്ലാദങ്ങള്‍ അനുഭവിക്കണമെന്നും പറയുന്നതും അതിനായി ശ്രമിക്കുന്നതുമാണ് വിഷിയുടെ ജീവിതം. ഉടലിന്റെ മേലുള്ള പിതൃകോയ്മയുടെ എഴുത്തുകളെ മായിച്ചുകളയാനുള്ള ശ്രമം. മിയാമി ബീച്ചിലും മറ്റും ജീവിതം അത്തരത്തില്‍ ആഘോഷിക്കുന്ന വിഷി ശരീരത്തിന്റെ മേലുള്ള പുരുഷാധിപത്യ കെട്ടുകളെ അല്പമെങ്കിലും സ്വതന്ത്രമാക്കുകയാണെന്നു കാണാം. കുറച്ചുനേരമെങ്കിലും എല്ലാത്തരം ഭാരങ്ങളില്‍ നിന്നും സ്വതന്ത്രമായി ഉല്ലസിക്കുക. ഇങ്ങനെയുള്ള ഉല്ലാസങ്ങളില്‍പോലും താനൊരു സ്ത്രീയാണെന്നോര്‍ക്കണം എന്ന ചിന്ത വരുന്നതാണ് നിലവിലെ സ്ത്രീയവസ്ഥയുടെ ദയനീയത. സമ്പന്നരാണെങ്കിലും ബീച്ചിലെത്തുന്ന ഇന്ദുലേഖ അടക്കമുള്ളവരുടെ പ്രതികരണം അയ്യോ നാണമാവില്ലേ ഇതാണ് വ്യക്തമാക്കുന്നത്. പുരുഷന്‍ സൃഷ്ടിച്ച നാണം പോലുള്ള വ്യവഹാരങ്ങളില്‍ നിന്നു അല്പനേരത്തേക്കുപോലും മുക്തമാകാന്‍ സ്ത്രീക്കു സാധ്യമാകുന്നില്ല. ഇതാണ് പാരമ്പര്യത്തിന്റെ ശക്തി. ‘കടല്‍ ജലത്തില്‍ ദേഹം നനയാന്‍ യോഗമില്ലാത്ത’ സ്ത്രീകളെന്ന റീമയുടെ പ്രയോഗം അന്വര്‍ഥമാകുന്നത് ഇവിടെയാണ്. പാരമ്പര്യം സ്ത്രീയെ കെട്ടിയിട്ടതിന്റെ അടയാളങ്ങളാണവ. അല്പം പോലും സ്വാതന്ത്ര്യമോ ആസ്വാദനമോ പ്രകടിപ്പിക്കാന്‍ പാരമ്പര്യത്തിന്റെ പെണ്‍നിയമങ്ങള്‍ അനുവദിക്കുന്നില്ല. വിഷിക്ക് ഇതൊക്കെ മറികടക്കാന്‍ കഴിയുന്നതും, മദ്യപിക്കാനും അര്‍ധനഗ്‌നയായി കടലില്‍ കുളിക്കാനും കേരളീയ പാരമ്പര്യത്തില്‍ നിന്നു പുറത്തുകടന്ന പ്രവാസ ജീവിതത്തിന്റെ സാധ്യതകളിലാണ്. 

ചുറ്റുമുള്ള പ്രകൃതിയെയും സമൂഹത്തെയും നോക്കിക്കണ്ട് ആസ്വദിക്കാന്‍ ലിംഗപരമായ വിവേചനങ്ങള്‍ സ്ത്രീകള അനുവദിക്കുന്നില്ല. അത്തരം ആസ്വാദനങ്ങള്‍ പാടില്ലെന്ന മട്ടില്‍ അഥവ അതൊക്കെ ആണുങ്ങളുടെ മേഖലയാണെന്ന മട്ടില്‍ മാറ്റിയിരിക്കുകയാണ്. ഇത്തരം ഉറച്ചുപോയ ധാരണകള്‍ക്കുമേലാണ് അതിനെ ചെറുതായെങ്കിലും ഇളക്കി പ്രതിഷ്ഠിക്കുന്ന ഇടപെടല്‍ ഉണ്ടാവേണ്ടത്. അവിടെയാണ് ഇത്തരം ഭാവനകളുടെ പ്രസക്തി. ജീവിതം ഇങ്ങനെ അലഞ്ഞും യാത്രചെയ്തും പ്രകൃതിയെ അറിഞ്ഞും ആസ്വദിച്ചും കഴിയുന്നതാണെന്നും അതിന് ലിംഗവ്യത്യാസമില്ലെന്നും. ഇത്തരം വിവേചനങ്ങളെ ചോദ്യം ചെയ്യുന്ന പലതരം പ്രക്രിയകളിലൂടെ വികസിക്കുന്നതാണ് ഇത്തരം ഇടങ്ങളിലെ മറ്റുപലതരം വിവേചനങ്ങളും. ഉല്ലാസങ്ങളും ആസ്വാദനങ്ങളും ആഘോഷങ്ങളും ആണിനു മാത്രമാവുകയും പെണ്ണെന്ന ജീവിക്ക് അതൊക്കെ വേറിട്ട് ചില അവളുടേതായ ശബ്ദമധികമില്ലാത്ത, ഉച്ചയില്ലാത്ത, ലഹരിയും ആര്‍പ്പുവിളികളുമില്ലാത്ത, നൃത്തവും ചലനങ്ങളുമില്ലാത്ത മറ്റൊന്നായിരിക്കുകയും ചെയ്യുന്നതിലെ കോയ്മകള്‍ ഉടയ്ക്കപ്പെടണം. വേറിട്ട ഇടങ്ങളിലെ വേറിട്ടു നിന്നുള്ള ആഘോഷമല്ല, ഒന്നിച്ചു നിന്ന് ആടുകയും പാടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആഘോഷമായി വികസിച്ചുവരേണ്ടത്. ഈ ആഘോഷ നൈതികതയാണ് ജീവിതത്തിലെ അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെയും വിവേചനങ്ങളെയും ഇല്ലാതാക്കുന്നതിലും ഇടപെടേണ്ടത്. പുരുഷന് നിത്യജീവിത പ്രവര്‍ത്തനങ്ങളും ഇത്തരം ആഘോഷങ്ങളും ആസ്വദിക്കലുകളും പരസ്പരം ബന്ധപ്പെട്ടതാണ്. ജോലി കഴിഞ്ഞ് സിനിമപോലെയുള്ള വിനോദങ്ങളും കൂട്ടുചേര്‍ന്നുള്ള മദ്യപാനവും മറ്റ് വിനോദ പരിപാടികളും. അവന്റെ ജീവിതത്തില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്ന സ്വാതന്ത്ര്യമാണ് ആഘോഷങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നത്. ഇതുപോലെ നിത്യജീവിതത്തില്‍ സ്വാതന്ത്ര്യമനുഭവിക്കുകയും ആ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമായി ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഉണ്ടാകേണ്ടത്. ഉന്മത്തതയും ഉത്സവാന്തരീക്ഷവമൊക്കെ ശരീരത്തിന്റെ അനന്തമായ സാധ്യതകളാണ് തുറന്നുവിടുന്നത്. കഥയുടെ ശ്രദ്ധ ഇവിടെയാണുതാനും.

ഇങ്ങനെ ചിന്തിക്കുന്നവരാണ് പ്രശ്‌നക്കാരി എന്നറിയപ്പെടുക. സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരും അതിനായി പോരാടുന്നവരും. പ്രശ്‌നക്കാരി ആ ലേബലിന് കടിച്ചു തിന്നാന്‍ തോന്നുന്നൊരു വശ്യതയുണ്ട്. മുടിമുറിച്ച് ദാ ബോബ് ചെയ്ത് കണ്ടില്ലേ…ജീന്‍സും ടീഷര്‍ട്ടുമാണെനിക്കു കംഫര്‍ട്ടബിള്‍. നാട്ടില്‍ ചെയ്യാനാഗ്രഹിച്ച പല ഭ്രാന്തും അമേരിക്കേല്‍ എഫര്‍ട്ട്‌ലെസായി ചെയ്യാമെങ്കിലും വിലക്കു ലംഘിക്കുന്നതിന്റെ ത്രില്ലനുഭവപ്പെട്ടിട്ടില്ല…..എന്നു വിഷി പറയുന്നിടത്ത് കാര്യങ്ങള്‍ വ്യക്തം. പെണ്ണുടലിന്റെ വിലക്കുകള്‍ ദേശനിര്‍മിതികളാണ്. ദേശങ്ങള്‍ മറികടക്കുന്നതോടെ അത് ഇല്ലാതാകുന്നു. സ്വാതന്ത്ര്യം ചിലയിടത്ത് പോരാടി നേടിയെടുക്കേണ്ടതാണ്. വിശേഷിച്ച് കേരളം പോലുള്ളിടത്ത്. ചിലയിടത്ത് അത് സ്വാഭാവികമാണ്. ആണ്‍കോയ്മ അധികാരത്തിലൂടെ പെണ്ണുടലിനെ അടിച്ചമര്‍ത്തിയിട്ട് ഇതൊക്കെ പ്രകൃതിനിയമമാണ് എന്നു പറയുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇവിടെയാണ് ഇത്തരം പ്രകൃതിനിയമങ്ങളെ ലംഘിക്കുന്നതിനായി പോരാട്ടങ്ങള്‍ വേണ്ടിവരുന്നത്. ഉടലുകള്‍ക്ക് ചലനത്തക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്. 

ചലനം ഒരു രാഷ്ട്രീയമായി കഥയില്‍ വരുന്നത് അത് പെണ്ണുടലിനെ സംബന്ധിച്ച് അടിസ്ഥാനപ്രശ്‌നമായതിനാലാണ്. ചലിക്കാനാഗ്രഹിക്കുന്ന ഉടലുകളുടെ കഥയാണിതെന്നും പറയാം. അകത്തിന്റെ ആളായിട്ടാണ് സ്ത്രീയെ എല്ലാ സമൂഹങ്ങളും രൂപപ്പെടുത്തിയിരുന്നതെന്നു ചരിത്രപരമായി കാണാം. എന്തോ ഒന്നിന്റെ വീടിന്റെ അകത്തിരിക്കുന്ന ആളിന് ചലനമല്ല ആവശ്യം, അധികം ചലിക്കാത്ത ശരീര ഘടനയാണ്. വിധേയത്വവും അനുസരണവും പ്രകടിപ്പിക്കാനുള്ള അടക്കവും ഒതുക്കവുമാണ് വേണ്ടത്. കേരളത്തിന്റെ സാമൂഹികതയില്‍ ജാതി ശരീരത്തിന്റെ ചലനത്തെ സവിശേഷമായി മെരുക്കുന്നതായിരുന്നു. ഓരോരുത്തര്‍ക്കും നിശ്ചിത ഇടങ്ങളും തീണ്ടാപ്പാടകലങ്ങളും നല്‍കിയ ജാതിയുടെ യുക്തിയെ പൊളിച്ചുകളഞ്ഞാണ് നവോത്ഥാനം സാധ്യമാകുന്നത്. ശരീരത്തെ കെട്ടിയിടുന്ന ജാതി പാരമ്പര്യത്തെ പൊട്ടിക്കുന്നത് ആധുനികതയും നവോത്ഥാനവുമാണ്. ജാതിയുടെ പാരമ്പര്യയുക്തികള്‍ പൊട്ടിക്കപ്പെട്ടപ്പോഴും ലിംഗത്തിന്റെ അതിരുകള്‍ സവിശേഷമായി നിര്‍മിക്കപ്പെട്ടുകയായിരുന്നു… ആണും പെണ്ണുമെന്ന വ്യത്യസ്തതയായി സമൂഹ്യവേര്‍തിരിവിന്റെ മാനദണ്ഡം. ഈ വേര്‍തിരിവിലാണ് ചലനം അരുതായ്മയായി കടന്നുവരുന്നത്. ഓടിച്ചാടി നടക്കാനോ കാലകത്തി ഇരിക്കാനോ വയ്യാത്തവളായി പെണ്ണ് മാറ്റപ്പെടുന്നു. ഇവിടെയാണ് ചലിക്കുക ഒരു രാഷ്ട്രീയമായി മാറുന്നത്….വയറു ചാടിയ പുരുഷന്മാരെ ലീല ഇന്റര്‍നാഷണലില്‍ തുള്ളിച്ച ലഹരി വിഷിയിലേക്കും പ്രസരിച്ചു. കെട്ടിക്കിടക്കുന്ന മലിനതകള്‍ ചോര്‍ത്തിക്കളയുന്ന പ്രതിഭാസമാണ് ചലനം. അതിന്റെ ഭ്രമിപ്പിക്കുന്ന വശ്യതയില്‍ പെട്ട് കോളേജ് ഹോസ്റ്റലിലെ കറണ്ടുപോകുന്ന രാത്രിവേളകളില്‍ പരീക്ഷിച്ച വിസിലടിയുടെ ഓര്‍മ പരിശോധിക്കാനായി തള്ളവിരലും ചൂണ്ടുവരലും ചേര്‍ന്ന വളയം വിഷി നാവിനടിയില്‍ പിടിപ്പിച്ചു. നാല്പത്തെട്ടു വയസ്സുള്ള ഒരമേരിക്കന്‍ ലേഡി എക്‌സിക്യൂട്ടീവിനും സുന്ദരമായി വിസിലടിക്കാനാവുമെന്ന അറിവിനു തന്നെയുണ്ടായിരുന്നു ആവേശം… പെണ്ണുടലിലെ കോശമോരോന്നും ഒന്നിച്ചിളകുന്ന മുഹൂര്‍ത്തത്തില്‍ പ്രപഞ്ചമാകെ കുലുങ്ങുമെന്ന് പറഞ്ഞതാരെന്ന് ഓര്‍ത്തെടുക്കാന്‍ നോക്കി. ചലിക്കാനനുവാദമില്ലാത്തവര്‍ ചലിക്കുന്ന പ്രവര്‍ത്തനമാണ് നിലവിലുള്ള ഉടലിനെ പൊളിച്ചെറിയുന്ന രാഷ്ട്രീയം. ഇതിലേക്കാണ് ഒരോ പെണ്ണുടലും ഉണരേണ്ടത്.

3
ഉടലിന്റെ അതിരുകളെ ഉല്ലംഘിക്കുവാന്‍ ശരീരങ്ങളെ വിളിക്കുന്ന ഇടമാണ് ബീച്ചും സിനിമാ കൊട്ടകയും. ഇതുരണ്ടും ആധുനികതയുടെ നിര്‍മിതികളാണ്. ബീച്ച് ഇപ്പോഴും വിദേശ സംസ്‌കാരത്തിന്റെ, മിക്കപ്പോഴും വിദേശികളുടെ ‘വൃത്തികേടു’കളുടെ ഇടമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ടൂറിസത്തെയും ടൂറിസ്റ്റുകളെയും നമ്മുടെ ‘പാവന’മായ സംസ്‌കാരത്തെ നിശിപ്പിക്കുന്ന പദ്ധതിയായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നതും. ലൈംഗികതയുടെയും അര്‍ദ്ധനഗ്നതയുടെയും ഇടമായിട്ടണതിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോവളം ബീച്ചിനെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം ഇതാണുല്പാദിപ്പക്കുന്നത്. യഥാര്‍ഥ ലോകത്തിനുപകരം അയഥാര്‍ഥത്തിന്റെയും മായികതയുടെയും ഉത്സവാന്തരീക്ഷത്തിന്റെയും കാഴ്ചയാണ് ഈ ലോകങ്ങള്‍. ഇവിടെയാണ് ശരീരഭീതിയില്ലാതെ തുണിയുരിഞ്ഞ് ആഘോഷത്തില്‍ വിഷിയും കൂട്ടരും ഏര്‍പ്പെടുന്നത്. വസ്ത്രം എന്നത് പാരമ്പര്യത്തിന്റെ ശക്തമായ ബിംബങ്ങള്‍ നിറഞ്ഞ അടയാളമാണ്. അതുരിഞ്ഞുകളയുക എന്നതില്‍തന്നെ പാരമ്പര്യത്തോടുള്ള ശക്തമായ നിഷേധം ഉള്ളടങ്ങിയിരിക്കുന്നു. പാരമ്പര്യത്തെ നിഷേധിക്കുന്ന വസ്ത്രം ധരിക്കുന്ന ബീച്ച് തദ്ദേശീയതയില്‍ നിന്നു വേറിട്ട ഇടമായി മാറ്റപ്പെടുന്നു. അതിനാല്‍ തദ്ദേശീയര്‍ക്ക് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കാന്‍ പ്രയാസമുള്ള ഇടമാണിത്. സിനിമാകൊട്ടകയും ഒരു പരിധിവരെ ഇത്തരത്തിലുള്ള ഒന്നാണ്. സിനിമയെ ഇന്നും നമ്മുടെ പൊതുബോധം കാണുന്നത് ലൈംഗികതയൊക്കെ കാണിച്ച് ‘വഴിതെറ്റിക്കുന്ന’ കലാരൂപമെന്ന നിലയിലാണ്. കഥയില്‍ ആര്‍പ്പുവിളികളും ആഘോഷവുമൊക്കെ കൂടിച്ചരുന്ന ഒരു മായികലോകമായിട്ടാണ് കൊട്ടകയെ വിവരിക്കുന്നതെന്നു ശ്രദ്ധിക്കണം. ഈ ലോകവും ആണിന്റെ ഗന്ധം നിറ!ഞ്ഞ ഒന്നാണ്. അവിടെയാണ് ഈ പെണ്ണുങ്ങള്‍ ഇടിച്ചു കയറി നൃത്തം ചെയ്യുന്നത്. ആ ലോകത്ത് അര്‍മാദിക്കുന്ന അര്‍ക്കശി കുട്ടിയാണ്. അവള്‍ മുതിരുന്നതോടെ ആ ലോകവും അന്യമാകും അഥവ അവളും അടങ്ങിയൊതുങ്ങി ഇരിക്കേണ്ടിവരും. ചുരുക്കത്തില്‍ ബീച്ചില്‍ പോവുകയും സിനിമ ആര്‍ത്തു തിമിര്‍ത്തു കാണുകയും ചെയ്യുന്ന കാഴ്ചകളിലൂടെ സ്ത്രീയെ വരച്ചിട്ടതിന്റെ രാഷ്ട്രീയം നമ്മുടെ പാരമ്പര്യം സ്ത്രീ ശരീരത്തെ കെട്ടിയിട്ടതിന്റെ അധികാരത്തെ വിവരിക്കുകയാണ്. 

ആണിന്റെ കൊമ്പെന്ന പ്രയോഗം ഇവിടെയാണ് പ്രസക്തമാകുന്നത്. ഈ നാട്ടില്‍ മാത്രം ആണുങ്ങക്കെന്താ കൊമ്പുണ്ടോ? ഉണ്ടല്ലോ ഒറ്റക്കൊമ്പ് ശേഖര്‍ ഒരിക്കല്‍ കൂടി ഉല്ലാസ് മാത്യുവിന്റെ വായ പൊത്തി. ആണിന്റെ ജീവിതാഹ്ലാദങ്ങളുടെ അടയാളമാണ് അവനുള്ളതെന്നു പറയുന്ന ഒരു കൊമ്പ് അടയാളപ്പെടുത്തുന്നത്. ആനയുടെ കൊമ്പ് പോലെ എടുപ്പിന്റെയും ആക്രമണത്തിന്റെയും അടയാളമാണത്. ഈ കൊമ്പുമായാണ് കഥയില്‍ ഉല്ലാസ് മാത്യു വിഷിയുമായി ഉടക്കുന്നത്. ഈ കൊമ്പിനോടുള്ള പ്രതിഷേധവുമായാണ് വിഷി തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു വാദിച്ചതും. ഈ ഒറ്റക്കൊമ്പ് ആണിന്റെ ലിംഗമാണ്. പുരുഷ സ്വാതന്ത്ര്യത്തെയും അധികാരത്തെയും സാധ്യമാക്കുന്ന ഈ കോമ്പുകൊണ്ടാണ് ഉല്ലാസ് മാത്യു പെണ്ണുങ്ങളുടെ ടോയ്‌ലറ്റിലേക്ക് ഒളിഞ്ഞുനോക്കിയത്, അകം എങ്ങനിരിക്കുമെന്നറിയാന്‍. ഇതിനോടുള്ള ചരിത്രപരമായ നിഷേധബോധത്താലാണ് വിഷി ആണുങ്ങളുടെ ടോയ്‌ലറ്റിലേക്ക് കയറുന്നത്. ഒരു പെണ്ണുടലും ചവുട്ടിക്കയറിയിട്ടാല്ലാത്ത കൊടുമുടിപോലെ അന്തസുകെട്ടൊരു രസം വിഷിക്കു തോന്നി. നിരന്നുനില്‍ക്കുന്ന ഒറ്റക്കൊമ്പന്മാരും അമോണിയ മണക്കുന്ന അന്തരീക്ഷവും. ഇത്രേയുള്ളൂ എല്ലാം. അവള്‍ പുറത്തേക്കിറങ്ങി. പാരമ്പര്യത്തിന്റെ കൊമ്പുകളോടിണഞ്ഞ ശരീരമായിട്ടാണവള്‍ തിരിച്ചു പറക്കുന്നത്. തോന്നുന്നതു ചെയ്യാനും ആഹ്ലാദിക്കുവാനും അര്‍മാദിക്കുവാനും ലിംഗഭേദമില്ലാതെ ശരീരങ്ങള്‍ക്കു സാധിക്കേണ്ടതുണ്ടെന്ന രാഷ്ട്രീയം ഒറ്റക്കൊമ്പുകളുടെയും കൊമ്പന്‍മീശകളുടെയും ലോകബോധത്തെ നിരാകരിക്കുന്ന നൈതികതയാണ്. ഈ നൈതികതയിലാണ് പെണ്ണാഹ്ലാദങ്ങള്‍ പൂത്തുലയുക. ബീച്ചുകളും കൊട്ടകകളും തെരുവോരങ്ങളും വീടുകളും സ്‌ത്രൈണശരീരത്തിന്റെ ചലനങ്ങള്‍കൊണ്ടും വികാരങ്ങള്‍കൊണ്ടും അര്‍മാദിക്കുക. അത്തരം ഭാവനകളാണ് പീഡനങ്ങളെക്കുറിച്ച് നെടുവീര്‍പ്പിടുന്ന കാഴ്ചകളെ തേച്ചുമായ്ച്ചുകളയുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍