UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നിച്ചിരുന്നിട്ടും പഠിച്ചിട്ടുമൊക്കെ ഇവിടെ എന്ത് ലിംഗസമത്വം ഉണ്ടായെന്നാണ്?

Avatar

സനിത മനോഹര്‍

ആണിനും പെണ്ണിനും ഇടയില്‍ ഉണ്ടായേക്കാവുന്ന ഒരേയൊരു സംഗതി ലൈംഗീകത മാത്രമാണെന്ന പൊതുധാരണയെ ശക്തമായി എതിര്‍ക്കുന്നതുപോലെതന്നെ ആണും പെണ്ണും അടുത്തിരുന്നാല്‍ ലിംഗസമത്വം കൈവരും എന്ന് പറയുന്ന ധാരണയേയും ഏഴു വര്‍ഷം ആണ്‍കുട്ടികള്‍ക്കൊപ്പം പഠിച്ച പെണ്‍കുട്ടി എന്ന രീതിയില്‍ എതിര്‍ക്കുന്നു. ശരീരശാസ്ത്രപരമായും ജൈവശാസ്ത്രപരമായും മന:ശാസ്ത്രപരമായും ജന്മനാ തന്നെ ആണും പെണ്ണും വ്യത്യസ്ഥരാണ്. ആ വ്യത്യാസം പെണ്ണിനെ താഴ്ത്തിക്കെട്ടാനും ആണിനെ ഉയര്‍ത്തിക്കാട്ടാനും നമ്മുടെ സമൂഹം ഉപയോഗിച്ചിട്ടുണ്ട്. ലിംഗസമത്വം എന്നത് പെണ്ണ് ആണാവലാണെന്നും കരുതുന്നില്ല. അതുകൊണ്ടുതന്നെ ആണാവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന, റോഡില്‍ മൂത്രമൊഴിക്കുന്ന ആണുങ്ങളുടെ ബോറന്‍ ഏര്‍പ്പാടാണ് സ്വാതന്ത്ര്യം എന്ന് കരുതുന്ന അറുബോറന്‍ ഫെമിനിസ്റ്റുകളോട് അന്നും ഇന്നും പുച്ഛം മാത്രമെയുള്ളൂ.

 

ചെറുപ്പം മുതലേ മറ്റൊരു വീട്ടില്‍ പോവേണ്ടവളാണെന്നും പറഞ്ഞ് പേടിപ്പെടുത്തുന്ന, ആണിനെപ്പോലെ പെണ്ണിനും സ്വന്തമായി വ്യക്തിത്വം ഉണ്ടെന്ന് കരുതാത്ത, പെണ്ണിനെ രണ്ടാം തരക്കാരിയായി കാണുന്ന കുടുംബ ചുറ്റുപാടാണ് എനിക്കും ഉണ്ടായിരുന്നത്. അങ്ങനെ ജീവിക്കാനിവില്ലെന്ന് തീരുമാനിച്ചപ്പോള്‍ ആദ്യം ചെയ്തത് എന്നെ ആറു മണിക്കും ഏട്ടനെ എഴുമണിക്കും വിളിക്കുന്ന അമ്മയുടെ രീതിയെ ചോദ്യം ചെയ്യുകയാണ്. പിന്നീട് അങ്ങോട്ട് എനിക്കും ഏട്ടനും രണ്ട് രീതി എന്ന നിലപാട് അച്ഛനോ അമ്മയോ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിയാണ്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറഞ്ഞ് വിലക്കുകള്‍ക്കുള്ളില്‍ തളച്ചിടാതെ എട്ടന് കൊടുത്ത എല്ലാ സ്വാതന്ത്ര്യവും എനിക്കും നല്‍കി അച്ഛന്‍. സ്വതവേ ഗൗരവക്കാരനും നിര്‍ബന്ധബുദ്ധിക്കാരനുമായ അച്ഛന്റെ കാല്പനിക സ്‌നേഹം അറിഞ്ഞിട്ടില്ലെങ്കിലും അച്ഛന്‍ എന്നോട് കാണിച്ച ഏറ്റവും വലിയ സ്‌നേഹമായിരുന്നു സ്വന്തമായി വ്യക്തിത്വവും ചിന്താശേഷിയുമുള്ള ഒരു പെണ്‍കുട്ടിയായി വളരാനുള്ള എന്റെ തീരുമാനത്തിന് ഒപ്പം നിന്നത്. ഇത് ഇവിടെ സൂചിപ്പിച്ചത് ലിംഗസമത്വം ആദ്യം വരേണ്ടത് വീട്ടില്‍ നിന്നാണ് എന്നു പറയാനാണ്. മകളോട് മുറ്റമടിക്കാനും മകനോട് കിടന്നുറങ്ങാനും പറയുന്ന അമ്മമാരില്‍ നിന്നു തുടങ്ങണം സമത്വത്തിലേയ്ക്കുള്ള മാറ്റം. വീട്ടുകാര്‍ക്കില്ലാത്ത സമത്വചിന്ത നാട്ടുകാര്‍ക്ക് വേണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം.

പിന്നത്തെ മാറ്റം വരേണ്ടത് സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ആണെങ്കിലും അത്തരം ഒരു മാറ്റത്തിന് നമ്മുടെ സ്‌കൂളുകളോ കോളേജുകളോ വേദിയാവുന്നുണ്ടെന്നു തോന്നുന്നില്ല. എന്റെ സ്കൂള്‍ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്കൊപ്പം മാത്രമായിരുന്നു. അതുകൊണ്ട് അവിടെ ലിംഗസമത്വത്തിന് പ്രസക്തിയില്ല. തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസം ഏഴു വര്‍ഷവും ആണ്‍കുട്ടികള്‍ക്ക് ഒപ്പമായിരുന്നു. അതില്‍ ബിരുദപഠനം ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട ഫാറൂക്ക് കോളേജിലും. ക്ലാസ് നടക്കുന്ന സമയത്ത് ആരും അധികം ഒരുമിച്ചിരിക്കാറില്ലെങ്കിലും ഒരുമിച്ചിരിക്കുന്നതിനോ നടക്കുന്നതിനോ ഒരു വിലക്കും എവിടെയും ഉണ്ടായിരുന്നില്ല. പക്വതയില്ലായ്മ വഴിതെറ്റലിന് കാരണമായേക്കാം എന്നതുകൊണ്ട് കോളേജുകളില്‍ ചില നിയന്ത്രണങ്ങള്‍ വെയ്ക്കാറുണ്ട്. അത് എത്ര പുരോഗമനം പറയുന്ന മാതാപിതാക്കളും ആഗ്രഹിക്കുന്നുമുണ്ട്. എന്റെ അറിവില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ കോളേജുകളിലും അത്തരം നിയന്ത്രണങ്ങളുണ്ട്. അവിടെയാണ് ലിംഗസമത്വം വേണ്ടത്. നിയന്ത്രണങ്ങള്‍ ആണിനും പെണ്ണിനും തുല്യമായിരിക്കണം. മറ്റ് കോളേജില്‍ എന്ന പോലെ ഫാറൂക്ക് കോളേജിലും ഒരുമിച്ചിരുന്നു കഥകള്‍ പറഞ്ഞിട്ടുണ്ട്, ഒരേ പാത്രത്തില്‍ കയ്യിട്ട് വാരി കഴിച്ചിട്ടുണ്ട്. ആരും വടിയുമായി ഞങ്ങള്‍ക്ക് നേരെ വന്നിട്ടില്ല. എന്നുകരുതി എല്ലാ കുട്ടികളുടെയും അനുഭവം അതായിരിക്കണമെന്നുമില്ല. ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാല്‍ സംശയത്തിന്റെ കണ്ണോടെ മാത്രം നോക്കുകയും അവരുടെ ആത്മവിശ്വാസം കെടുത്തിക്കളയുന്ന രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്ന ചില അധ്യാപകര്‍ എല്ലാ കോളേജിലുമെന്നപോലെ അവിടെയും ഉണ്ടായിരുന്നു.

 

 

 

ഒന്നിച്ചു പഠിച്ചതുകൊണ്ട് ആണ്‍ സൗഹൃദങ്ങള്‍ ഉണ്ടായി എന്നല്ലാതെ ലിംഗസമത്വമൊന്നും ഒരു കോളേജിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരുമിച്ചിരുന്ന് കഥ പറഞ്ഞിട്ടും ഭക്ഷണം കഴിച്ചിട്ടും പെണ്ണ് തനിക്കൊപ്പം തന്നെ നില്‍ക്കേണ്ടവളാണെന്ന ചിന്താഗതിയുള്ള വളരെ ചുരുക്കം ആണ്‍കുട്ടികളയേ കാമ്പസ്സുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. പുരുഷ മേധാവിത്വചിന്തകളാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. അതിന് വലിയ തെളിവാണ് കോളേജ് തെരഞ്ഞെടുപ്പ്. ഔദാര്യം പോലെ നല്‍കിയ വൈസ് ചെയര്‍മാന്‍ സ്ഥാനമല്ലാതെ മറ്റൊന്നും പെണ്‍കുട്ടികള്‍ക്ക് നല്‍കാറില്ല എന്നുള്ളത്. അക്കാര്യത്തില്‍ പുരോഗമനത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന എസ് എഫ് ഐ യുടെ നിലപാടും അങ്ങനെയായിരുന്നു. പതിനെട്ട് വര്‍ഷം കഴിഞ്ഞു ഞാന്‍ കോളേജ് വിട്ടിട്ട്. ഞാന്‍ കണ്ട അന്തരീക്ഷം തന്നെയാണ് കാമ്പസ്സുകളില്‍ ഇപ്പോഴും എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതിയെ കുറിച്ചല്ലേ ഓര്‍മ്മപ്പെടുത്തുന്നത്? ഒപ്പം പഠിക്കുന്നവര്‍ പരസ്പരം അറിയുന്നവരാണ് എന്നൊക്കെ കരുതി പ്രണയിക്കുകയും ചതിയില്‍ പെടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ അന്നും ഇന്നും നമ്മുടെ കാമ്പസ്സുകളില്‍ ഉണ്ട്. കൊത്തിവലിക്കാന്‍ നടക്കുന്ന കഴുകന്‍ കണ്ണുകള്‍ എവിടെയുമെന്നപോലെ കോളേജില്‍ സഹപാഠികളുടെ രൂപത്തിലും ഉണ്ടെന്ന് പറയുമ്പോള്‍ ആരെയാണ് പെണ്‍കുട്ടികള്‍ വിശ്വസിക്കേണ്ടത്. എന്ന് കരുതി പേടിച്ച് വഴി മാറി നടക്കാനല്ല മാതാപിതാക്കളും അധ്യാപകരും പറയേണ്ടത് . ഇടപെടലുകളില്‍ ശ്രദ്ധയും കരുതലും തന്റേടവും വേണമെന്ന് പറഞ്ഞു കൊടുക്കുകയാണ് ചെയ്യേണ്ടത്.

 

ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏത് രൂപത്തിലുള്ള സ്ത്രീ ശരീരങ്ങളും കണ്‍മുന്നില്‍ത്തന്നെ ഉണ്ടായിട്ടും ഷാളൊന്ന് നീങ്ങിയാല്‍ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്ന സഹപാഠികള്‍ ഇപ്പോഴും ഉണ്ടെങ്കില്‍ കണ്ണ് കുത്തിപ്പൊട്ടിക്കാനുള്ള ആര്‍ജ്ജവമാണ് പെണ്‍കുട്ടികള്‍ കാണിക്കേണ്ടത്. രക്ഷകരാകേണ്ട അധ്യാപകരിലും ഉണ്ട് കഴുകന്‍ കണ്ണുകള്‍. പക്വതയില്ലായ്മകൊണ്ട് കുട്ടികള്‍ കാണിക്കുന്ന കുസൃതികള്‍ തിരുത്തേണ്ട അധ്യാപകര്‍ ചെയ്യുന്ന ചൂഷണത്തിന് ആരു സംരക്ഷണം നല്‍കും. ഇന്റെണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്ന അധ്യാപകരും ഗവേഷണ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും തൊഴിലിടങ്ങളില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന മേലുദ്യോഗസ്ഥരും നമുക്ക് മനസ്സിലാക്കിത്തരുന്നത് ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന പദവിയുമൊന്നും പെണ്ണിനെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ആണ്‍ബോധത്തെ പിന്തിരിപ്പിക്കുന്നില്ല എന്നല്ലേ. മാറേണ്ടത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ്. ജോലിക്കുവേണ്ടി എന്നതിലുപരി മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനാവുന്ന രീതിയിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായം മാറട്ടെ. പുരുഷ കേന്ദ്രീകൃത പൊതുബോധത്തിനു കീഴില്‍ കാലങ്ങളായി സ്ത്രീകള്‍ അനുഭവിച്ചു വരുന്ന അസഹിഷ്ണുതയുണ്ടല്ലോ, അതിനോളം വരില്ല ഈ രാജ്യത്തെ ഒരസഹിഷ്ണുതയും. ചുറ്റുപാടുമുള്ള ചൂഷണങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള ആത്മവിശ്വാസം പെണ്‍കുട്ടികളില്‍ ഉണ്ടാക്കാനും സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പുരുഷബോധത്തെ മാറ്റാനും തനിയ്‌ക്കൊപ്പം തന്നെ നില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന ബോധം ഉണ്ടാക്കാനും ഉതകുന്ന പഠന സമ്പ്രദായം കാമ്പസ്സുകളില്‍ വരുത്തേണ്ടതിന് പകരം മതിലുകള്‍ കെട്ടി വേര്‍തിരിച്ച് നൂറ്റാണ്ടുകള്‍ക്കു പിന്നോട്ടു നടത്തിക്കുകയാണോ വേണ്ടത്? സ്വതവേ ഇരുട്ടിലായ പെണ്‍കുട്ടികളെ കൂരിരുട്ടിലേയ്ക്ക് തള്ളി വിടാതെ വെട്ടത്തിന്റെ ഒരു മെഴുകുതിരി നാളമെങ്കിലും കത്തിച്ചു നല്‍കുന്ന ഇടങ്ങളാവട്ടെ കാമ്പസ്സുകള്‍.

 

(ഒമാനില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് സനിത)

 

അഴിമുഖം പ്രസിദ്ധീകരിച്ച സനിതയുടെ മറ്റ് ലേഖനങ്ങള്‍ 
ഇന്ത്യ അവന്‍റെ രാജ്യമാണ്; അവളുടെയല്ലെന്ന് പറയുമ്പോള്‍
പ്രവാസ ലോകത്തെ പെണ്ണുങ്ങള്‍; അവര്‍ക്കും ചിലത് പറയാനുണ്ട്
ഒറ്റപ്പെടുക എന്ന വലിയ നിസഹായത; കണ്ടില്ലെന്നു നടിക്കുന്ന നമ്മളും
ആര്‍ത്തവവും ലെഗ്ഗിന്‍സും മാത്രമല്ല പ്രശ്നം; സീമാസിലെ സ്ത്രീകളെ കാണാതെ പോയവരോട്

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍