UPDATES

ഓഫ് ബീറ്റ്

പ്ലീസ്, ഇങ്ങനെ ശാക്തീകരിച്ച് ഞങ്ങളെ രക്ഷിക്കരുത്

Avatar

Ashok K N

അശ്വതി പി. അശ്വിന്‍

ഡിസംബര്‍ നമുക്ക് എപ്പോഴൊക്കെയോ ഓര്‍മകളുടെ, അനുഭവങ്ങളുടെ അയവിറക്കലുകള്‍ കൂടിയാണല്ലോ. ഓര്‍ക്കാന്‍ ഒരുപാടുണ്ട്, ചിരിയുടെ, ചിന്തയുടെ, വേദനയുടെ, വെറുപ്പിന്റെ, പ്രേമത്തിന്റെ, കാമത്തിന്റെ നിമിഷങ്ങള്‍, ദിവസങ്ങള്‍. പക്ഷെ ഞാനിവിടെ പങ്കുവക്കുന്നത് പിന്നിട്ട വര്‍ഷത്തില്‍ എനിക്കുണ്ടായ ചില അന്ധാളിപ്പുകളെ കുറിച്ചാണ്. തെളിച്ച്പറഞ്ഞാല്‍ ഈ കഴിയാറായ വര്‍ഷം ഞാന്‍ പങ്കെടുത്ത (പങ്കെടുക്കേണ്ടി വന്ന) ചില ‘അവബോധ ക്ലാസ്സു’കളില്‍ നിന്നുണ്ടായ അന്ധാളിപ്പുകളെ കുറിച്ച്!

അറിവും അവബോധവും വേണ്ടതു തന്നെ. അത് ഒരുതരം പരുവപെടുത്തലാണ്. അതു പലരീതികളില്‍ ആകാം. പക്ഷെ എവിടെ തല്‍ക്കാലം ‘അവബോധ ക്ലാസ്സ്’ എന്നതിലേക്ക് ഞാന്‍ വിഷയം ചുരുക്കുകയാണ്.

സദ്യയിലെ സാമ്പാര്‍ പോലെ ഇന്ന് നമ്മുടെ, വിദ്യാലയങ്ങളില്‍, സര്‍ക്കാര്‍, മത, മതേതര സ്ഥാപനങ്ങളില്‍, പാര്‍ട്ടി ഓഫീസുകളില്‍, അയല്‍കൂട്ടങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു അവബോധ ക്ലാസുകള്‍. അവബോധം സ്പൂണില്‍ വിളമ്പുകയും അതു വാങ്ങി വിഴുങ്ങി വിസര്‍ജിക്കുകയും ചെയ്തിട്ടു കാര്യമില്ലെന്നും ആക്ടിവിസം ആണ് വേണ്ടതെന്നും ഉള്ള ആക്ഷേപത്തെ പൂര്‍ണമായി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. Naila Kabeer പറയുന്നത് പോലെ പ്രവൃത്തികള്‍ ഉണ്ടാകുന്നത് ചിന്തകളില്‍ നിന്നാണ്, തിരിച്ചും. ശരിയായ ചിന്തകള്‍ പിറക്കാന്‍, പങ്കുവയ്ക്കാന്‍, പ്രാവര്‍ത്തികമാക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ പറയണം, വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം. ഒരുപക്ഷെ ഇത്തരം ക്ലാസ്സുകളുടെ ധര്‍മവും അതുതന്നെയാകണം.

 

 

എന്നാല്‍ പലപ്പോഴും ഈ ക്ലാസുകള്‍ കൊടുക്കുന്നവര്‍ക്ക് പ്രസ്തുത വിഷയത്തില്‍ വല്യ ബോധം വേണമെന്ന് നിര്‍ബന്ധം ഇല്ലാത്തത് പോലെയാണ്. അതുകൊണ്ടാണല്ലോ കല്യാണവും, കുടുംബവും കുടുംബജീവിതവും (ലൈംഗിക ജീവിതം എന്ന് മാറി വായിക്കാതിരിക്കുക) ഒന്നും ഇല്ലാത്ത പള്ളിയിലെ അച്ചന്‍ ‘പ്രീ മാരിറ്റല്‍ കൌണ്‍സിലിംഗ് ‘ കൊടുക്കുന്നത്. ഓരോ സംഘടനക്കും ഉള്ള രാഷ്ട്രീയമാണ് പലപ്പോഴും അവബോധമായി അവതരിപ്പിക്കപെടുന്നത്. ആയതിനാല്‍ തന്നെ നാം ഒരേ വിഷയത്തില്‍ പല രീതിയില്‍ പല രാഷ്ടീയങ്ങളാല്‍ അവബോധപെട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും വേണം. ഇവിടെയാണ് ആര്, എന്ത്, എവിടെ, ആരോട്, എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ വളരെ പ്രസക്തമാകുന്നത്.

 

കഴിഞ്ഞ വര്‍ഷം ഞാന്‍ പങ്കെടുത്ത പല അവബോധ ക്ലാസുകളുടെയും പശ്ചാത്തലം നിര്‍ഭയയും TCS-ലെ പെണ്‍കുട്ടിയും ഉത്തരാഖണ്ഡിലെ സഹോദരിമാരും EFLU-വിലെ വിദ്യാര്‍ഥിനിയും ഒക്കെ ആയിരുന്നു. ഇതില്‍ രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളുടെ സംഘാടനത്തില്‍ നടത്തപ്പെട്ട ‘സ്ത്രീശാക്തീകരണ അവബോധ അസംബന്ധ’ങ്ങളെ കുറിച്ചും തുടര്‍ന്നുള്ള അന്ധാളിപ്പിനെയും കുറിച്ചും പറഞ്ഞു കൊള്ളട്ടെ.

പരിപാടിയില്‍ ഒരെണ്ണം നടക്കുന്നത് ഇന്ത്യയിലെ എണ്ണം പറഞ്ഞ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍. മറ്റൊന്ന് മധ്യ കേരളത്തിലെ ഒരു ജില്ലയുടെ ഒരു സോണിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ കൂട്ടായ്മയുടെ സംഘാടനത്തിലും (സംഗതി നിസാരമല്ല. കമ്മീഷണര്‍ ക്ഷണി ക്കപെട്ട വേദിയാണ് )

 

വിഷയം ഒന്നുതന്നെ; ‘സ്ത്രീശാക്തീകരണം’. അന്ധാളിപ്പിന്റെ കാരണവും ഒന്ന് തന്നെ. ബോധമില്ലാത്ത രണ്ടു Resourse persons. അവര്‍ അധ്യാപകരും സ്ത്രീകളും ആയിരുന്നു!

 

രണ്ടു കൂട്ടര്‍ക്കും വേണ്ടത് തുല്യതയും ശാക്തീകരണവും ഒക്കെത്തന്നെയാണ്.  പക്ഷെ അതെങ്ങനെ വേണം എന്നതാണു പ്രശ്‌നം. അവിടെയാണ് അതിന്റെ ഒരിത്!

 

 

ഇനിയും ഉണ്ട് സമാനതകള്‍. രണ്ടുപേരും വളരെ അപകടകരമായ രണ്ടു കാര്യങ്ങള്‍ ചെയ്യുന്നു. ഒരാള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇപ്പോഴും പഠിപ്പിക്കുന്നു. ഒരോവര്‍ഷവും നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി പ്രൊഫഷണലാക്കി പുറത്തു വിടുന്നു. മറ്റെയാള്‍ മധ്യകേരളത്തിലെ വളരെ പ്രശസ്തമായ ഒരു വനിതാ കോളേജില്‍ നിന്നും പ്രധാനാധ്യാപികയായി റിട്ടയര്‍ ചെയ്യുകയും എപ്പോള്‍ കേരളത്തിന്റെ വിവിധ തുറകളില്‍ സ്ത്രീശാക്തീകരണ പരിപാടികളില്‍ വിജയകരമായി (പരിക്കുകളില്ലാതെ തന്നെ!) പങ്കെടുത്തു വരികയും ചെയ്യുന്നു.

ഒന്നുകൂടി പറയട്ടെ, ഇതില്‍ ഒരാള്‍ക്ക് അടിസ്ഥാനപരമായി ഫെമിനിസ്റ്റ് ചിന്താധാരകളെ കുറിച്ചോ സ്ത്രീ, പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണതകളെ കുറിച്ചോ ആഴത്തില്‍ പഠിച്ചോ പഠിപ്പിച്ചോ ഉള്ള പരിചയം ഇല്ല. എന്നാല്‍ നമ്മുടെ റിട്ടയേര്‍ഡ് ടീച്ചര്‍ അടിസ്ഥാനപരമായി പഠിച്ചതും പഠിപ്പിച്ചതും ഗണിതശാസ്ത്രമാണെങ്കിലും കുറെയേറെ ബിരുദങ്ങള്‍ ഉണ്ട്. എന്തിനധികം പറയുന്നു, വിമണ്‍ സ്റ്റഡീസില്‍ ആണ് പി.എച്ച്.ഡി (അതിന്റെ ആഴവും അടിത്തറയും ഒന്നും ചോദിക്കരുത് ).

വിദ്യാഭ്യാസ സ്ഥാപനത്തിലെ അവബോധാഭാസം : അന്ധാളിപ്പ് നമ്പര്‍ – 1

കലാലയം ഒരു ജനാധിപത്യ വേദിയായതുകൊണ്ടുതന്നെ (ഇപ്പോഴും? എപ്പോഴും? ) ഒരേ വിഷയത്തില്‍ വ്യത്യസ്ത സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ അവബോധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇവിടെ സംഗതി സംഘടിപ്പിച്ചത് ഒരു വിദ്യാര്‍ഥി സംഘടന (ആര്‍ഷ ഭാരത സംസ്‌കാരവുമായി അഭേദ്യബന്ധമുണ്ടെന്നു അവകാശപെടുന്ന) ആയതിലോ അവര്‍ സ്ത്രീശാക്തീകരണം എന്ന വിഷയം തെരഞ്ഞെടുതതിലോ മുഖ്യ അവബോധക (അത് മറ്റൊരു സംഘടനയുടെ ആര്‍ഷഭരതവുമയി ബന്ധപെട്ടത് തന്നെ) സ്ത്രീയുടെ അപാരമായ ശക്തികളെ കുറിച്ച് (പ്രസവിക്കാനും ക്ഷമിക്കാനും സഹിക്കാനും സ്‌നേഹിക്കാനും പുരുഷനെ നിയന്തിക്കാനും ഉള്ള) പറഞ്ഞതിലോ എനിക്ക് വലിയ അമ്പരപ്പ് തോന്നിയില്ല. പറഞ്ഞത് സ്ത്രീശാക്തീകരണം അല്ലെന്നും ‘ആര്‍ഷഭാരത സ്ത്രീവല്‍ക്കരണം’ ആണെന്നും, അതാണ് അവരുടെയും ഇതു സംഘടിപ്പിച്ചവരുടെയും പണിയെന്നും മനസിലാക്കാന്‍ വലിയ ബോധമൊന്നും വേണ്ടല്ലോ.

 

പക്ഷെ പരിപാടിയിലെ ഹൈലൈറ്റ് അഥവാ അന്ധാളിപ്പിന്റെ ഉറവിടം മറ്റൊന്നാണ്. അത് ആമുഖമായി പറഞ്ഞ നമ്മുടെ അധ്യാപികയുടെ ‘ശാക്തീകരണ വെളിപാടുകള്‍’ ആണ്. ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്തു കണ്ടുപിടിച്ച ‘ശാക്തീകരണ നിര്‍വചന’ങ്ങളില്‍ ഏറ്റവും ആപ്റ്റ് ആയത്  ‘ശരിയായ തീരുമാനം ശരിയായ സമയത്ത് എടുക്കാനുള്ള എബിലിറ്റി’ ആണെന്നാണ് ടീച്ചറുടെ പക്ഷം. നമ്മുടെ കുട്ടികള്‍ക്ക് (പെണ്‍) ഇന്നു വിദ്യാഭ്യാസം ഉണ്ട്, തൊഴിലുണ്ട്. പിന്നെയും എന്തുകൊണ്ട് അവര്‍ ദുര്‍ബലരാകുന്നു അഥവാ Empowered ആകുന്നില്ല? എന്തുകൊണ്ട് നിരന്തരം പീഡിപ്പിക്കപ്പെടുന്നു? പ്രസ്തുത പരിപാടിക്ക് രണ്ടു ദിവസം മുന്‍പ് നടന്ന TCS ഉദ്യോഗാര്‍ഥിയുടെ സംഭവം കോട്ട് ചെയ്തു ടീച്ചര്‍ പറഞ്ഞു. “We should be empowered to take discussion to work. But what is more important is to take the right decision – whether to work at night or not?”! അങ്ങനെ എങ്കില്‍ നിര്‍ഭയ രാത്രിയില്‍ സിനിമ കാണാന്‍ പോയത് (ആണ്‍ സുഹൃത്തിന്റെ കൂടെ പോയതും) തീര്‍ച്ചയായും right decesion right time-ല്‍ എടുക്കാന്‍ പറ്റാത്തത് കൊണ്ടാണ്. മറിച്ച് Empowered ആയിരുന്നെങ്കിലോ? രാവിലെ മാത്രം സിനിമ കാണാന്‍ പോകുമായിരുന്നു! പീഡനത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപെടുമായിരുന്നു! കുറ്റം അവളെ ക്രൂരമായി റേപ് ചെയ്തവരുടെയല്ല, സ്ത്രീയെ കച്ചവടവല്‍കരിക്കുന്ന വിപണിയുടെയല്ല, കുടുംബങ്ങളിലെ, സമൂഹത്തിലെ പുരുഷാധിപത്യ മൂല്യങ്ങളുടെയും ശീലങ്ങളുടെയും അല്ല, സ്ത്രീ ശരീരങ്ങളില്‍ വികസന പരീക്ഷണം നടത്തുന്ന സ്റ്റേറ്റിന്‍റെയും അല്ല. അതായത്, പ്രശ്‌നം ശാക്തീകരണം ഇല്ലായ്മയാണ്; അത് മാത്രമാണ്!

 

 

ഓര്‍ക്കുക, ഈ അദ്ധ്യാപിക പഠിപ്പിക്കുന്നത്, പരിശീലിപ്പിക്കുന്നത് നൂറോളം മിടുക്കന്മരെയും മിടുക്കികളേയുമാണ്. നാളെയുടെ ശില്പികളെയാണ്. അവര്‍ പ്രതിനിധീകരിക്കുന്നത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെയാണ്. അറിവിന്റെ നിറകുടമാകേണ്ട അധ്യാപകരെയുമാണ്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ അമ്പരക്കാതിരിക്കും?

 

അന്ധാളിപ്പ് നമ്പര്‍ -2 : അഥവാ ഒരു അന്ധാളിപ്പ് പരമ്പര
പശ്ചാത്തലം ലോക വനിതാ ദിനമാണ്. പരിപാടിയുടെ സംഘാടകര്‍ ഒക്കെ നമ്മുടെ ചേച്ചിമാര്‍ ആണ്. കുടുംബശ്രീയിലും റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ പരിപാടികളിലും ഒക്കെ പങ്കെടുത്തു കുറച്ചൊക്കെ ശാക്തീകരണം വന്നവരാണ്. അതു കുറച്ചുകൂടി ശക്തിപ്പെടാനുണ്ട്. അതുകൊണ്ടുതന്നെ സദസ്സില്‍ നിറയെ ശാക്തീകരിക്കപ്പെടാനുള്ള ചേച്ചിമാരും (ഞാനുള്‍പ്പെടെ) വേദിയില്‍ ഇതിനകം തന്നെ ശാക്തീകരിക്കപെട്ട പുരുഷന്മാരും കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവിടെ ‘സ്ത്രീ’ കുടുംബത്തിലെ സ്ത്രീ ആയിരുന്നു. (അമ്മ, അമ്മമ, അമ്മായിഅമ്മ, മകള്‍, ഭാര്യ, അനിയത്തി…)

 

ടീച്ചര്‍ (മുഖ്യ ‘അവബോധക’ ) തുടക്കത്തിലെ തന്നെ ഇതിലും വലിയ ഓഫര്‍ കിട്ടിയിട്ടും അതൊക്കെ വേണ്ടാന്നു വച്ചു ചേച്ചിമാരുടെ അടുത്തെത്തിയത് എന്തിനാണെന്നു വിശദീകരിച്ചു. കാരണം കുടുംബങ്ങളുടെ കൂട്ടായ്മ അല്ലേ? മാറ്റം തുടങ്ങേണ്ടത് അവിടുന്നു തന്നെയാണ്. ടീച്ചര്‍ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഉറങ്ങാന്‍ തുടങ്ങിയവരെ ഉണര്‍ത്തി. ജെന്‍ഡര്‍ റിലേഷനുകളെ കുറിച്ചു പറയാന്‍ തുടങ്ങി. നമ്മുടെ അമ്മമാര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങിക്കൊടുക്കുന്നതിനെ ടീച്ചര്‍ ചോദ്യം ചെയ്തു. (കുറ്റമായി തന്നെ!). ഞാന്‍ ശരിക്കും impressed ആയി. ഇതൊന്നും പോരാത്തതിന് SIMONE DE BEAUVOIR-യുടെ ‘Second Sex’ എല്ലാ ചേച്ചിമാരും (അമ്മ, അമ്മമ്മ, അമ്മായി, മകള്‍, ഭാര്യ…) തീര്‍ച്ചയായും വായിക്കണമെന്നും.

 

പിന്നെ പെട്ടെന്നാണ് കഥ സീരിയസ് ആയത്. ടീച്ചര്‍ നേരെ വിഷയത്തിലേക്ക് വന്നു. പെണ്‍കുട്ടികളുടെ ശാക്തീകരണം. അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം. അവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കണം. പിന്നെ ഒരു പ്രശ്‌നം, ചില സാഹചര്യങ്ങളില്‍ തൊഴില്‍ വേണ്ടെന്നു വയ്ക്കണം. കാരണം ടീച്ചറുടെ മകള്‍ അങ്ങനെ വേണ്ട എന്ന് വച്ചതാണ്. ടീച്ചര്‍ കുട്ടിക്ക് ശാക്തീകരണം കൊടുത്തു വളര്‍ത്തിയതാണ്. നല്ല വിദ്യാഭ്യാസം കൊടുത്തു. തരക്കേടില്ലാത്ത ഒരു ജോലിയും കിട്ടി. പക്ഷെ കല്യാണം കഴിച്ചത് (കഴിപ്പിച്ചു) കൊടുത്തത് പുറത്തു സാമാന്യം നല്ല ശമ്പളത്തില്‍ ജോലിചെയ്യുന്ന ഒരു പുരുഷ കേസരിക്കാണ്. കല്യാണം കഴിഞ്ഞവര്‍ ഒരുമിച്ചാണല്ലോ ജീവിക്കേണ്ടത് (അല്ലേ?എന്നെ നോക്കണ്ട!). ടീച്ചറുടെ ഭാഷയില്‍ അതങ്ങനെ തന്നെയാണ്. അപ്പൊ പിന്നെ ഒരാള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വരും. ഒടുവില്‍ വീണ്ടും ടീച്ചറിന്റെ ശാക്തീകരണ ക്ലാസ്സ്. മകള്‍ ജോലി ഉപേക്ഷിച്ചു ഭര്‍ത്താവിന്റെ കൂടെ പോയി. എന്താ, ഇതാണോ ശാക്തീകരണം എന്നാണോ? ഇതും ആണഡേയ്. കാരണം ടീച്ചര്‍ പറയുന്നത് ആര്‍ക്കാണോ കൂടുതല്‍ ശമ്പളം കിട്ടുന്നത് അവര് ജോലിയില്‍ തുടരണം. അത് ആണെങ്കില്‍ ആണ്, പെണ്ണാണെങ്കില്‍ പെണ്ണ്! (ക്ഷമിക്കുക; അവര്‍ അടിസ്ഥാനപരമായി പഠിച്ചതും പഠിപ്പിച്ചതും ഇപ്പോള്‍ പാടിക്കൊണ്ടിരിക്കുന്നതും കണക്ക് ആണ്! മറന്നോ, ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലല്ലേ? (കടപ്പാട്- തിലകന്‍: ചിത്രം- സ്ഫടികം). എന്ത് ജെന്‍ഡര്‍? എന്ത് SIMONE DE BEAUVOIR? എന്ത് Second Sex? ഓള്‍ ആര്‍ മാത്തമാറ്റിക്‌സ്!

 

അതുകൊണ്ടൊന്നും ആയില്ല. പിന്നെ നമ്മള്‍ ജീവിതത്തില്‍ പ്രയോഗിക്കേണ്ട (ശാക്തീകരണത്തിന്റെ ഭാഗമായി) ചില important tatics; പച്ചക്ക് പറഞ്ഞാല്‍ ചില കാമവെറിയന്‍മാരുടെ കടി തടയിടാനുള്ള സൂത്രങ്ങള്‍! ടീച്ചര്‍ പരീക്ഷിച്ചു വിജയിച്ചതാണ്. കഥ കുറച്ചു പഴക്കം ചെന്നതാണ്. ടീച്ചര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന സമയം. കൊറേ ലേഡി ടീച്ചേഴ്സ് ഉണ്ട്. പക്ഷേ പ്രസ്തുത ഡിപ്പാര്‍ട്ട്മെന്റില്‍ ഒരൊറ്റ ടോയ്ലറ്റ് മാത്രമേ ഉള്ളു. (ഗവന്മേന്റ്‌റ് കോളേജ് ആണ്. infrastructure constraints ഒക്കെ കാണും). ആകെയുള്ള ഒന്നാണെങ്കില്‍ ഏതോ ഒരു മാഷിന്റെ മുറിയിലും. അയാളാണ് കഥയിലെ വില്ലന്‍. അയാള്‍ക്ക് ‘അസുഖം’ നോട്ടമായും ചേഷ്ടയായും അശ്ലീല ചുവയുള്ള പാട്ടായും ഒക്കെ പുറത്തു വരുമത്രേ. അതില്‍ സഹികെട്ട ചിലര്‍ മൂത്രമൊഴിക്കാതെയും മുഖം കഴുകാതെയും ഇരുന്നു. ചിലര്‍ പരസ്പരം പരാതി പറഞ്ഞു . മറ്റു ചിലര്‍ ധീരമായി പ്രിന്‍സിപ്പാലിനോട് (അതായത് നമ്മുടെ ടീച്ചര്‍) പറഞ്ഞു. എന്തായാലും ടീച്ചര്‍ ഒരു ട്രിക്ക് പ്രയോഗിച്ചു. ടീച്ചര്‍ ഒരു ദിവസം സാറിനോട് പറഞ്ഞുവത്രെ; ‘സര്‍, എല്ലാവരും സാറിനെ കുറിച്ച് വളരെ മോശം അഭിപ്രായമാണ് പറയുന്നത്. പക്ഷേ ഞാന്‍ അതു വിശ്വസിച്ചിട്ടില്ല. എന്നോടു സര്‍ നന്നായിട്ടെ പെരുമാറിയിട്ടുള്ളൂ. തുടര്‍ന്നും അത് തന്നെ പ്രതീക്ഷിക്കുന്നു. അതിനുശേഷവും ടീച്ചര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. സാറിന് ഇമേജ് കീപ് ചെയ്യണ്ടേ? പക്ഷെ അയാള്‍ മോശമാണ് എന്ന് പറഞ്ഞവര്‍ക്കൊക്കെ പിന്നെയും ചില ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായി പോലും! അപ്പോള്‍ കവി എന്താണ് ഉദ്ദേശിച്ചത് എന്നാണോ? സിമ്പിള്‍! നിങ്ങളെ ചൂഴ്ന്നു നോക്കുന്ന കണ്ണുകളെ, നിങ്ങളുടെ മുലകളിലേക്ക് നീങ്ങുന്ന കൈകളെ, അസഭ്യം പാടുന്ന ചുണ്ടുകളെ നോക്കി പറയുക- അതൊന്നും അങ്ങനെയല്ല എന്ന് എനിക്കറിയാം എന്ന്; എന്നോട് നിങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും നിങ്ങള്‍ വളരെ നല്ലവനാണെന്നും!

 

 

പിന്നെയങ്ങോട്ട് അവബോധം അസംബന്ധ പ്രവാഹമായി. സ്ത്രീകള്‍ രാത്രി തിരിച്ചു പിടിക്കുകയല്ല വേണ്ടതെന്നും ആണുങ്ങളെ കൂടി നമ്മള്‍ രാത്രിയില്‍ നിന്നും തിരിച്ചു വിളിക്കണമെന്നും പറഞ്ഞു. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും ശാസിക്കുകയും ശിക്ഷിക്കുകയും വേണം. ഇതാണ് മോനേ തുല്യത! (ഇവിടെ മോന്‍ gender neutral ആണ്). പിന്നെ നിയമങ്ങള്‍ (protective) പെണ്ണുങ്ങള്‍ വെറുതെ ദുരുപയോഗം ചെയ്യരുതെന്ന അപേക്ഷയും, നമ്മുടെ സ്വന്തം കുടുംബത്തില്‍ പിറന്ന ആണുങ്ങള്‍ക്ക് വേണ്ടി!

ഒന്നു കൂവാന്‍ പോലും കഴിയാതെ സദസ്സു വിട്ടോടിയ എന്റെ അന്ധാളിപ്പ് ഇപ്പോഴും ഈ വര്‍ഷാവസാനവും തീരുന്നില്ല. ഒരുപക്ഷെ കേരളം മുഴുവന്‍ ‘അവബോധ ക്ലാസ്’ കൊടുത്തുകൊണ്ട് അക്ഷീണം പ്രവര്‍ത്തിക്കുന്ന ടീച്ചറെ (ടീച്ചര്‍മാരെ) നിങ്ങള്‍ പുതുവര്‍ഷത്തില്‍ കണ്ടുമുട്ടും വരെ ഈ അന്ധാളിപ്പ്, ഇനിയും ബോധം മങ്ങിയിട്ടില്ലാത്ത വായനക്കാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.

(ഐ.ഐ.റ്റി മദ്രാസില്‍ ഗവേഷക വിദ്യാര്‍ഥിയാണ് അശ്വതി)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍