UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇംഗ്ലീഷ് മീഡിയം നിങ്ങളെ എവിടേം എത്തിക്കില്ല; നന്നാക്കേണ്ടത് പൊതുവിദ്യാഭ്യാസമാണ്

Avatar

കെ കെ സുരേന്ദ്രന്‍

”ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ സംസ്‌കാരം നിര്‍മ്മിക്കലാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം” എന്ന് ജെറോം എസ് ബ്രൂണര്‍ പറയുന്നുണ്ട് (Actual Minds, Possible worlds P.127) അങ്ങനെയെങ്കില്‍ സ്‌കൂളുകള്‍ ഭാവിയുടെ സംസ്‌കാരം നിര്‍മ്മിച്ചെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് നിസംശയം പറയാം. ഭാരതത്തിന്റെ പൊതുവായ പ്രശ്‌നം എന്നത് ഈ സംസ്‌ക്കാര നിര്‍മ്മിതി ജാതികളായി തിരിഞ്ഞ് ജാതികളിലൂടെ നിര്‍വഹിക്കപ്പെടുന്നു എന്നതാണ്. വിദ്യാഭ്യാസമുള്ള ഇടങ്ങളില്‍, അതല്ലെങ്കില്‍ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായ സ്ഥലങ്ങളില്‍ ജാതിവ്യത്യാസത്തിന്റെയും പിന്നാക്കാവസ്ഥയുടെയും അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ കുറഞ്ഞത്, സംസ്‌കാര നിര്‍മിതി, ജാതിയില്‍ നിന്നും ജാതിസ്ഥാപനങ്ങളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് മാറിയതുകൊണ്ടാണ്. അങ്ങനെ വിവിധ ജാതി, മതസ്ഥരായ മനുഷ്യകുഞ്ഞുങ്ങള്‍ ഒന്നിച്ചു പുലരുകയും വളരുകയും ചെയ്തത് ജാതിവിരുദ്ധവും മതേതരവുമായ ഒരു സംസ്‌കാരത്തിന്റെ ഉദയം സൃഷ്ടിക്കുകയായിരുന്നു. എം ടി വാസുദേവന്‍നായരെ പോലുള്ള വലിയ എഴുത്തുകാര്‍വരെ പൊതുവിദ്യാലയങ്ങളിലെ പഠനം പരസ്പരം മനസ്സിലാക്കാനും സ്‌നേഹിക്കാനുമൊക്കെ തങ്ങളെ പ്രാപ്തരാക്കിയത് അനുസ്മരിച്ചിട്ടുണ്ട്. ഇത്തരം പഠനം കേരളത്തില്‍ സാധ്യമായത് നമ്മുടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിലൂടെയായിരുന്നു.

ഇടക്കാലത്ത് ഈ വിദ്യാലയങ്ങള്‍ അക്കാദമികമായ വന്‍ തകര്‍ച്ച നേരിടുകയുണ്ടായി. പാഠ്യപദ്ധതിയും പഠനരീതിയും പരീക്ഷകളുമൊക്കെ പഴഞ്ചനും വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നതുമായി മാറി. ഡിപിഇപിയിലൂടെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതുവരെ  ഈ രീതി അവിതര്‍ക്കിതമായി അടിച്ചേല്‍പ്പിക്കപ്പെട്ടുപോന്നു. സമാന്തരമായി മധ്യവര്‍ഗത്തിനും ഉപരിവര്‍ഗത്തിനുമായി അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പലതരത്തിലും തലത്തിലും അരങ്ങുവാണു. അഷ്ടിക്കുവകയില്ലാത്തവര്‍പോലും കുട്ടിയെ ആംഗലേയ പള്ളിക്കുടത്തിലയയ്ക്കാന്‍ തത്രപ്പെട്ടു. മലവാരത്തും കടലോരത്തും ഒക്കെയുള്ള പൊതുവിദ്യാലയങ്ങളങ്ങനെ ആദിവാസിക്കും മുക്കുവനും മറ്റു ദരിദ്ര, പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള പ്രത്യേക പ്രദേശങ്ങളായിമാറി. അവിടങ്ങളില്‍ എന്തുനടന്നാലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത സ്ഥിതിവന്നുചേര്‍ന്നു. വിദ്യാഭ്യാസത്തിനുവേണ്ടി കേരളസര്‍ക്കാര്‍ മുടക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഇത്തരം സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളത്തിനാണെന്നതാണ് മറ്റൊരു വസ്തുത. ഈ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഭൂരിപക്ഷവും തങ്ങളുടെ മക്കളെ അവര്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലയക്കാറില്ല. പഠനം എന്താണെന്നും പഠിപ്പിക്കുന്നതെങ്ങനെയെന്നും നമ്മുടെ അധ്യാപകര്‍ക്ക് അറിയില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് മേല്‍പ്പറഞ്ഞ വസ്തുത. 

പൊതുവിദ്യാഭ്യാസങ്ങളെ ശാക്തീകരിക്കുകയും കേരളത്തിലെ മുഴുവന്‍ കുട്ടികളും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുകയുംചെയ്യുന്ന ഒരുകാലം വരണം. എങ്കില്‍ മാത്രമെ മുന്‍പറഞ്ഞ ജാതിരഹിത മതേതരസംസ്‌കാരം നമുക്കാര്‍ജിക്കാന്‍ കഴിയൂ. വരേണ്യമെന്നും വിധേയമെന്നുമുള്ള വേര്‍തിരിവുകളില്‍ നിന്ന് മുക്തമാകാനും വിദ്യാഭ്യാസത്തെ ഈ സംസ്‌കാര നിര്‍മ്മാണ പ്രക്രിയ സങ്കലിതവും ജനാധിപത്യപരവുമാകണം. ഒരു ജനാധിപത്യരാജ്യം അതിന്റെ വിദ്യാഭ്യാസത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ രൊക്കം പൈസയുടെ ലാഭനഷ്ടക്കണക്കുകള്‍ നോക്കാന്‍ പാടില്ല. ഗുണനിലവാരമുള്ളത് എന്ന് തെറ്റിദ്ധരിച്ച് വലിയ വിലകൊടുത്ത് വാങ്ങുന്നതല്ല ഉത്തമവിദ്യാഭ്യാസമെന്ന തിരിച്ചറിവ് നമ്മുടെ വരേണ്യ മധ്യവര്‍ഗത്തിന് ഉണ്ടായാല്‍ മാത്രമേ കേരളം വിദ്യാഭ്യാസപരമായി ഉന്നതിനേടൂ. 

ബോധനമാധ്യമത്തെ സംബന്ധിച്ച് അജ്ഞതയും അന്ധവിശ്വാസവും ഇന്ന് ഇന്ത്യയൊന്നാകെ ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്ന് പിടിച്ചിരിക്കയാണ്. മാതൃഭാഷയില്‍ വിദ്യാഭ്യാസം തുടങ്ങണമെന്ന് ശഠിച്ച മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂര്‍ബയുടെ പേരില്‍ പോലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തനങ്ങളെ നിര്‍വചിക്കുമ്പോള്‍ ഒരു നല്ല പ്രവര്‍ത്തനം എന്നാല്‍ ഏറ്റവുമധികം ചിന്താശേഷികളെ ഉപയോഗിക്കുന്നതും ഉണര്‍ത്തുന്നതുമായിരിക്കണം എന്നു പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ചിന്തയും ഭാഷയും തമ്മിലുള്ള ബന്ധംകൂടി ഇത്തരുണത്തില്‍ ചിന്തനീയമാണ്. ഏതൊരു കുട്ടിയും ചിന്താപ്രക്രിയയില്‍ ഏര്‍പ്പെടുന്നത് മാതൃഭാഷയിലൂടെ തന്നെയാണ്. അറിവ് നിര്‍മ്മിച്ചെടുക്കുന്നതിന് ചിന്തയും മാതൃഭാഷയുമാണ് ഏറ്റവുമധികം ആവശ്യമായിവരുന്നത്. അങ്ങനെവരുമ്പോള്‍ “മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യന്നു പെറ്റമ്മ തന്‍ഭാഷ താന്‍” എന്ന വള്ളത്തോള്‍ വാക്യം ഒരു സിദ്ധാന്തം തന്നെയാണെന്നുതന്നെപറയാം; അറിവു നിര്‍മ്മാണത്തെക്കുറിച്ചുള്ള സിദ്ധാന്തം. അപ്പോള്‍ ഏതുനാട്ടിലേയും കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ തുടങ്ങുക എന്നതുതന്നെയാണ് ശാസ്ത്രീയം. അപ്പോള്‍ ഇംഗ്ലീഷ് മീഡിയം എന്ന ആശയംതന്നെ തെറ്റും അന്ധവിശ്വാസവുമാണെന്ന് പറയാന്‍ ആരും മടിക്കേണ്ടതില്ല. പ്രവാസവും കൊളോണിയല്‍ ദാസ്യവുമൊക്കെ ചേര്‍ന്ന ഒരു മാസ് ഹിസ്റ്റീരിയ എന്നല്ലാതെ ഇതിനെ വിളിക്കാന്‍ വാക്കില്ല എന്നതാണ് സത്യം.

ഇക്കാര്യത്തില്‍ യശഃശരീരനായ ഡോ. യു ആര്‍ അനന്തമൂര്‍ത്തി കേരളസര്‍ക്കാരിന് സമര്‍പ്പിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ ശ്രദ്ധേയമാണ്. ”പത്താംക്ലാസ്‌വരെയുള്ള ബോധനമാധ്യമം മലയാളം തന്നെയായിരിക്കണം. ഇംഗ്ലീഷ് പഠനം നവീന ആശയ വിനിമയമാര്‍ഗങ്ങള്‍ അവലംബിച്ച് ഒന്നാംക്ലാസ് മുതല്‍ ആരംഭിക്കണം. പത്താംക്ലാസ് ആകുമ്പോഴേക്കും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള കഴിവ് എല്ലാ കുട്ടികളിലും ഉണ്ടാകണം. ഉന്നതന്മാരുടെ മാത്രം ഭാഷയാണെന്നുള്ള ഇംഗ്ലീഷിന്റെ സ്ഥാനം ലഘൂകരിച്ച് പ്രായോഗികതലത്തിലുള്ള ഒരു സാധാരണഭാഷയായി ഇംഗ്ലീഷിനെ പരിഗണിക്കണം. പഠനം ബോധനതന്ത്രങ്ങളില്‍ വരുത്തുന്ന കാതലായ പരിഷ്‌കാരങ്ങളോടൊപ്പം ഇംഗ്ലീഷ് പഠനം ഏര്‍പ്പെടുത്തലും കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുനര്‍ജന്മം ഉണ്ടാകുമെന്നും സമൂഹത്തിന്റെ ഉയര്‍ന്നതലത്തിലും ആകര്‍ഷകമാകുമെന്നും കമ്മീഷന്‍ വിശ്വസിക്കുന്നു”. (അനന്തമൂര്‍ത്തികമ്മിഷന്‍ റിപ്പോര്‍ട്ട്). കപട ജനകീയതയും വരേണ്യവത്ക്കരണവും ഒഴിവാക്കിക്കൊണ്ട് കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തല്‍ എന്ന പേരില്‍ പത്തുകൊല്ലം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച രേഖയിലെ വാക്കുകളാണിത്. ഇതൊക്കെ ഫയലില്‍ സ്വീകരിച്ച് സൂക്ഷിച്ച് വെച്ചിട്ടാണ് പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കുന്നതെങ്ങനെയെന്ന് നമ്മുടെ വിദ്യാഭ്യാസമേഖലയിലെ ഭരണാധികാരികളും ഉദ്യോഗസ്ഥമേധാവികളുമൊക്കെ പൊട്ടന്‍കളിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ ധാരണകളും തിരിച്ചറിവും പൊതുസമൂഹം നേടാത്തിടത്തോളം നമ്മുടെ പൊതുവിദ്യാഭ്യാസം ഇങ്ങനെതന്നെ തുടരാനാണിട.

(വയനാട് ഡയറ്റിലെ അധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍